28 September 2024, Saturday
KSFE Galaxy Chits Banner 2

അക്ഷയപാത്രം കൈയിലേന്തിയ ജ്ഞാനി

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2023 10:18 pm

1964 മാര്‍ച്ചിലെടുത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയിലുണ്ട് എം എസ് സ്വാമിനാഥനെന്ന വ്യക്തിയുടെ ജീവിതം മുഴുവൻ. ഡല്‍ഹിക്കടുത്ത് വടക്കേ ഇന്ത്യയുടെ കോണില്‍ ഒരു പാടത്ത് ഒരു കൂട്ടം ചെറുപ്പക്കാരുമായി ഒരു വിദേശി ആശയവിനിമയം നടത്തുകയാണ്. അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയില്‍ നെന്മണി പോലെ എന്തോ ഒന്ന് ഉണ്ട്. വിദേശിയെ നോക്കി നില്‍ക്കുകയാണ് കണ്ണടധാരിയായ ഒരു ഇന്ത്യൻ ചെറുപ്പക്കാരൻ. അതാണ് മാങ്കൊമ്പ് സാംബശിവൻ സ്വാമിനാഥന്‍ എന്ന എം എസ് സ്വാമിനാഥൻ. വിദേശി നോര്‍മൻ ബോര്‍ലോഗും. അന്നത്തെ ആ കൂടികാഴ്ച പിന്നീട് ചരിത്രമായി.

ഇന്ത്യക്കാരെ പട്ടിണിയുടെ പടുകുഴിയില്‍ നിന്ന് പിടിച്ചുകയറ്റിയ വ്യക്തി എന്ന നിലയിലാണ് എം എസ് സ്വാമിനാഥൻ അറിയപ്പെടുക എന്ന് കാര്‍ഷിക‑സാമ്പത്തിക വിദഗ്ധനായ ദേവീന്ദര്‍ ശര്‍മ്മ പറയുന്നു. ശര്‍മ്മയുടെ ഈ വാക്കുകളെക്കാള്‍ കൂടുതലായി മറ്റൊന്നും തന്നെ വേണ്ട സ്വാമിനാഥനെ പരിചയപ്പെടുത്താൻ. അറുപതുകളിൽ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു തന്നെ 45 കോടി വരുന്ന ജനങ്ങളിൽ മൂന്നുകോടി പേര്‍ കൊടുംപട്ടിണിയിലായിരുന്നു. ഒരു നേരത്തെ ആഹാരത്തിനായി വിദേശ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇരന്നു നിന്നിരുന്ന ഇന്ത്യക്ക് ഒരു ക്ഷാമമോ വിദേശത്ത് നിന്നുള്ള ഇറക്കുമതിയോ ഇല്ലാതായാല്‍ നിലനില്‍ക്കാനാകില്ല എന്ന അവസ്ഥയായിരുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളും ഭക്ഷ്യ ക്ഷാമത്തിന്റെ പിടിയിലായിരുന്നു. പല ഹോട്ടലുകളും ഞായറാഴ്ചകളില്‍ വൈകുന്നേരം ഭക്ഷണം വിളമ്പിയിരുന്നില്ല. ജനസംഖ്യാ വര്‍ധന കൂടിയായപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയായി. പെരുകുന്ന ജനങ്ങളെ തീറ്റിപ്പോറ്റാൻ കഴിയാത്തതുകൊണ്ട് ഇന്ത്യ വലിയ പട്ടിണിമരണത്തിനു സാക്ഷ്യം വഹിക്കുമെന്നും പ്രവചനമുണ്ടായി. ഊ സാഹചര്യത്തിലാണ് സ്വാമിനാഥൻ എന്ന യുവ ശാസ്ത്രജ്ഞൻ രംഗപ്രവേശനം ചെയ്യുന്നത്. ഹരിത വിപ്ലവം എന്ന സ്വാമിനാഥൻ കര്‍ഷകരുമായി പങ്കുവച്ചതോടെ ഇന്ത്യയില്‍ നിന്ന് പട്ടിണി അകന്നു.

ഡല്‍ഹിയിലെ ജോണ്ടിയിലാണ് ഹരിതവിപ്ലവം ആരംഭിക്കുന്നത്. പഞ്ചാബിലേയും ഹരിയാനയിലേയും പടിഞ്ഞാറൻ ഉത്തര്‍ പ്രദേശിലേയും കര്‍ഷകരായിരുന്നു ഹരിതവിപ്ലവത്തിന്റെ പടയാളികള്‍. ഭക്ഷ്യധാന്യങ്ങള്‍ക്കായി സഹായ ഹസ്തങ്ങള്‍ തേടിയ ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ചു. തുടര്‍ന്ന് നെല്ലിന്റെയും ഗോതമ്പിന്റെയും കയറ്റുമതി രാഷ്ട്രമായി ഇന്ത്യ മാറി. ഇപ്പോൾ വര്‍ഷം 112 ദശലക്ഷം ടൺ ഗോതമ്പും 128 ദശലക്ഷം ടൺ അറിയും ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഗോതമ്പ് കയറ്റുമതി 44 ലക്ഷം മെട്രിക് ടൺ, അരിയുടെ കയറ്റുമതി 22 ദശലക്ഷം മെട്രിക് ടൺ.

Eng­lish Sum­ma­ry: MS Swami­nathan, Father Of Indi­a’s Green Revolution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.