23 December 2024, Monday
KSFE Galaxy Chits Banner 2

രോഗി, രോഗം, ചികിത്സ

പി എ വാസുദേവൻ 
കാഴ്ച
September 30, 2023 4:12 am

ഈയിടെ ഒരു ചെറിയ ആരോഗ്യപ്രശ്നവുമായി പ്രശസ്തനായൊരു ഡോക്ടറുടെ അടുത്ത് പോകേണ്ടിവന്നു. രോഗപ്രശ്നം മാത്രമല്ല, അല്പം പൊതുകാര്യങ്ങളും പറയാനുള്ള ബന്ധം അദ്ദേഹവുമായുണ്ട്. ഒരു ചെറിയ സംഭാഷണം നടന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധേയമായി. അദ്ദേഹം പറഞ്ഞത് അവരുടെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട ചിലതായിരുന്നു. ചെറിയ ഡോക്ടര്‍മാര്‍ക്ക് രക്ഷയില്ല. ചെറിയ ആശുപത്രികള്‍ ഇല്ലാതാവുന്നു. പാരാമെഡിക്കല്‍ മേഖലയിലും വമ്പന്മാര്‍ കടന്നുവന്ന്, ചെറിയ ഒറ്റപ്പെട്ട യൂണിറ്റുകള്‍ ഇല്ലാതാവുന്നു. ബോര്‍ഡ് വച്ച് പ്രാക്ടീസ് നടത്തുന്നവര്‍ക്കുപോലും നില്ക്കക്കള്ളിയില്ലാതായതോടെ ചെറിയ രോഗങ്ങള്‍ക്ക്, ചെറിയ ചെലവില്‍ ചികിത്സ നേടാനുള്ള വഴി അടഞ്ഞതുകാരണം താഴ്ന്നവരുമാനക്കാരും സാധാരണക്കാരുമാണ് ബുദ്ധിമുട്ടുന്നത്.
അദ്ദേഹം താനുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് പറഞ്ഞതെങ്കിലും അതേക്കുറിച്ച് അടുത്ത കാലത്തായി വന്ന ചില പഠനങ്ങളിലേക്ക് ഞാനും അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു. കോര്‍പറേറ്റൈസേഷന്‍ മറ്റെല്ലാ രംഗത്തുമെന്നപോലെ ആരോഗ്യരംഗത്തും പിടിമുറുക്കിയിരിക്കുന്നു. നമ്മുടെയൊക്കെ അനുഭവമായ ഇക്കാര്യം വളരെ ആഴത്തിലുള്ള ഒരു കടന്നുകയറ്റവും പൊതുആരോഗ്യത്തെ താറുമാറാക്കുന്ന ഒരു സംഭവവുമാണ്. വൈകാതെ ചികിത്സ അതീവ ചെലവേറിയതും ഭൂരിവിഭാഗത്തിനും ചെന്നെത്താന്‍ പറ്റാത്തതുമാവും. ദൂരെയല്ലാത്തൊരു ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ഒരനുഭവമാണിത്. പൊതുആരോഗ്യം, ക്ഷേമം, തൊഴില്‍ എന്നീ മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്രവണതയ്ക്ക് സാധിക്കും. ആരും അധികം ശ്രദ്ധിക്കാതെ പോവുന്ന ഒരു മേഖലയാണിത്.
വലിയ ആശുപത്രി ശൃംഖലകള്‍, പാന്‍ ഇന്ത്യന്‍ ആന്റ് ട്രാന്‍സ് നാഷണല്‍ ഹോസ്പിറ്റല്‍ കമ്പനികള്‍ എന്നിവ ഏതാണ്ട് വന്നുകഴിഞ്ഞു. ഒരുവക ടൗണുകളിലും അവയുടെ ശാഖകള്‍ തുറന്നു. അത്യാവശ്യം കണ്‍സള്‍ട്ടേഷന്‍, ചില്ലറ ചികിത്സ എന്നിവ കഴിഞ്ഞാല്‍ രോഗികളെ പ്രധാന ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യും. എല്ലാത്തിനും സ്പെഷ്യലിസ്റ്റുകള്‍ അവിടെ ഉണ്ടാവും. ക്ലിനിക്കല്‍ പരിശോധനകളും ബ്രാഞ്ചുകളില്‍ നടക്കും. മേന്മയുള്ള ചികിത്സയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രധാന ആശുപത്രിയിലെ ചികിത്സ ഭൂരിഭാഗത്തിനും താങ്ങാനാവില്ല. അല്ലെങ്കില്‍ വന്‍ തുകയ്ക്ക് ഇന്‍ഷുര്‍ ചെയ്തവരാവണം. ഇന്‍ഷുറന്‍സ് ബെനിഫിറ്റുണ്ടെങ്കില്‍ എല്ലാത്തിനും ചാര്‍ജ് കൂടും. പലതരം ടെസ്റ്റുകളും ഉണ്ടാവും. ഇതാണ് അനുഭവസ്ഥര്‍ പറയുന്നത്. ഒരു സാധാരണ പട്ടണത്തില്‍പ്പോലും സൂപ്പര്‍ സ്പെഷ്യാലിറ്റി എന്ന ബോര്‍ഡ് വച്ച് നാലോ അഞ്ചോ ആശുപത്രികള്‍ കാണും. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം കൂടിയതുകൊണ്ട് അവരെ കിട്ടാനും പ്രയാസമുണ്ടാവില്ല. ഫലത്തില്‍ ചെറിയ ക്ലിനിക്കുകള്‍, ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യുന്നവര്‍ എന്നിവയ്ക്കൊന്നും ആയുസില്ല. വിലകൂടിയ സാമഗ്രികള്‍ വാങ്ങിവച്ച് പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക സാധ്യതയും അവര്‍ക്കില്ലാതാവുന്നു.

 


ഇതുകൂടി വായിക്കൂ; കിഡ്നിക്കും ഒരു ആചാരവെടി!


ഫലത്തില്‍ ആരോഗ്യ വ്യവസായവും അത് കേന്ദ്രീകരിച്ചുള്ള ഒരു സാമ്പത്തിക ശാഖയും വികസിച്ചുവരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രി സ്ഥാപകനായ പ്രതാപ് റെഡ്ഡി, 1980ല്‍ തന്നെ ആരോഗ്യ വ്യവസായം, ആരോഗ്യ ടൂറിസം, എന്നിവയെക്കുറിച്ച് സൂചന തന്നിരുന്നു. വാണിജ്യവല്‍ക്കൃത സ്വകാര്യ ആശുപത്രി വ്യവസ്ഥയുടെ സംരംഭം അവിടെയായിരുന്നു. ഘടനാപരമായും സ്വഭാവപരമായും ആശുപത്രി വ്യവസായം പിന്നീടങ്ങോട്ട് വലിയ പരിണാമം നേരിടുകയുണ്ടായി. അതിലെമാറ്റത്തിന്റെ വികസിത ദിശയാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇനിയുള്ള മാറ്റങ്ങള്‍ ഇതിലും വേഗത്തിലും തീവ്രവുമാവും.
1980 മുതലാണ് ലോകബാങ്ക്, ആരോഗ്യ രക്ഷാ നവീകരണ വ്യവസ്ഥയുടെ ഭാഗമായി ഈ രംഗത്ത് ഇടപെടാന്‍ തുടങ്ങിയത്. പൊതുമേഖലയില്‍ നിന്ന് ആരോഗ്യരംഗത്തെ മാറ്റി കോര്‍പറേറ്റൈസ് ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ചികിത്സ സ്വകാര്യവല്‍ക്കരിക്കല്‍ മാത്രമല്ല, ആരോഗ്യപഠനം, ഗവേഷണം, സര്‍വകലാശാല എന്നിവയിലേക്കും മരുന്ന് വ്യവസായം എന്നിവയിലേക്കും കോര്‍പറേറ്റ് കടന്നുവരല്‍ എന്ന ലക്ഷ്യം കൂടി ഇതിലുണ്ട്. മെഡിക്കല്‍ പഠനം കോര്‍പറേറ്റ് അധീനമായിക്കൊണ്ടിരിക്കുന്നത് അങ്ങനെയാണ്. സമഗ്രമായ ഒരുതരം കയ്യടക്കലാണിത്. കച്ചവടതന്ത്രം എന്നതിലുപരി ആരോഗ്യരംഗത്തെ ഘടനയും സംസ്കാരവും കയ്യടക്കാനുള്ള നീക്കങ്ങള്‍ ഒട്ടേറെ മുന്നേറിക്കഴിഞ്ഞതായി പഠനങ്ങള്‍ പറയുന്നു. ചാരിറ്റബിള്‍ എന്ന മറവില്‍ തുടങ്ങുന്ന വലിയ ആശുപത്രികള്‍, സര്‍വകലാശാലകള്‍ എന്നിവ പോലും സര്‍ക്കാര്‍ ആനുകൂല്യം പറ്റിയിട്ടും പിന്നാക്ക ജനതയ്ക്ക് ഒരു സേവനവും ഒരുക്കുന്നില്ലെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുപണം ചെലവഴിച്ചും പൊതുജനത്തിനു ഗുണം ഉറപ്പുവരുത്താനാവുന്നില്ലെന്നത് വലിയൊരു കോര്‍പറേറ്റ് തന്ത്രത്തിന്റെ ഭാഗമാണ്.
1990കളിലാണ് ഈ പ്രവണത ശക്തമായത്. ഇന്ത്യയില്‍ നിയോ ലിബറലിസം ശക്തമാവുന്ന കാലമായിരുന്നു അത്. എന്‍ആര്‍ഐകളുമായി ചേര്‍ന്ന് ഇവിടത്തെ പ്രശസ്ത ഡോക്ടര്‍മാര്‍ ആരോഗ്യവാണിജ്യരംഗത്ത് വന്‍ നിക്ഷേപമിറക്കിയതോടെയാണ് പൊതുആരോഗ്യരംഗം സ്വകാര്യ കമ്പനികളുടെ അധീനതയിലാവുന്നത്. ഇന്ത്യയെ ലോകോത്തര ആരോഗ്യ താവളമാക്കുക എന്നതായിരുന്നു വാദം. ഭൂമി വന്‍ കമ്പനികള്‍ക്ക് സഹായവിലയ്ക്ക് കൊടുത്തു. മെഡിക്കല്‍ ടൂറിസം സര്‍ക്കാര്‍ മുന്‍കൈ എടുത്തുനടത്തി.


ഇതുകൂടി വായിക്കൂ; മിന്നുന്നതെല്ലാം പൊന്നല്ല


 

2003-04 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് വ്യാവസായിക പദവിയും സൗകര്യങ്ങളും നല്‍കി. ഒരു ദശകത്തിനുള്ളില്‍ സ്വകാര്യ ആശുപത്രി വ്യവസായം 150 ശതമാനം വര്‍ധിച്ചു. അപ്പോളോയും സിഐഎയും ചേര്‍ന്ന് വന്‍ സംരംഭങ്ങള്‍ സ്ഥാപിച്ചു. സംഘടിത ഹെല്‍ത്ത് കെയര്‍ സെക്ടര്‍ ആയിരുന്നു അതിന്റെ ഫലം. മെക്കന്‍സി കമ്പനി ഇത്തരം സംരംഭങ്ങളുടെ വാണിജ്യ സാധ്യതകളെക്കുറിച്ച് പഠനങ്ങള്‍ തയ്യാറാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സംരംഭങ്ങളെ വന്‍ നിക്ഷേപങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കി സഹായിച്ചു. ഈ 2022ല്‍ ഇന്ത്യന്‍ ആരോഗ്യ മേഖല ഏതാണ്ട് 37,200 കോടി‍ ഡോളറിലേക്ക് വളരുമെന്നാണ് കണക്കുകള്‍ പറഞ്ഞത്. ഊഹിക്കാനാവാത്ത ആരോഗ്യ സംരംഭക കേന്ദ്രീകരണമാണിത്.  പൊതുആരോഗ്യം എന്ന ലക്ഷ്യത്തില്‍ നിന്ന് ആശുപത്രികള്‍ ആരോഗ്യവ്യവസായത്തിലെത്തി. ചെറിയ ഡോക്ടര്‍മാര്‍ക്കും ലബോറട്ടറികള്‍ക്കും നിലനില്പില്ലാതായി. മള്‍ട്ടി സ്പെഷ്യാലിറ്റികള്‍, ക്ലിനിക്കല്‍ ലബോറട്ടറികള്‍ വ്യാപകമാക്കി. പരിശോധനയും ചികിത്സയുമെല്ലാം ഒരിടത്തായതോടെ രോഗികള്‍ക്കും സൗകര്യം കൂടി. പണം കണ്ടെത്തണമെന്നുമാത്രം. ചികിത്സയുടെ ധാര്‍മ്മികത എന്നൊന്നില്ലാതായി. ആരോഗ്യമേഖലയ്ക്ക് അനുബന്ധമായി ഒരുപാട് വ്യവസായ സാധ്യതകളും തൊഴിലും ഉണ്ടായി. ഇതൊക്കെയും തെറ്റാണെന്നല്ല. പക്ഷെ, ഇതിന്റെയൊക്കെ ചെലവുകള്‍ ഒന്നായി ഉരുണ്ടുകൂടുന്നത് രോഗികളുടെ മേലാണ്. പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ ചുരുങ്ങുകയും സ്വകാര്യ മേഖല വര്‍ധിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജുകളിലെവരെ ചികിത്സ പര്യാപ്തമല്ലെന്ന പ്രചാരണങ്ങളും നടക്കുന്നു. ആശുപത്രികള്‍ പരസ്യങ്ങള്‍ നടത്താന്‍ തുടങ്ങി. ആശുപത്രി മാനേജ്മെന്റ് കോഴ്സുകള്‍ തന്നെ മറ്റൊരു വ്യവസായമായി. ആശുപത്രികളില്‍ ഓരോ ഫ്ലോറിലും മാനേജര്‍മാരായി. 1980 അവസാനത്തോടെയാണ് ഇങ്ങനെയൊരു വന്‍ മേഖല രൂപംപ്രാപിച്ചത്.
പൊതുമേഖല കൂടുതല്‍ നിക്ഷേപം നടത്തി, ആരോഗ്യ കേന്ദ്രങ്ങളെ സര്‍ക്കാര്‍ പരിപാലിക്കുക മാത്രമേ പരിഹാരമുള്ളു. വരുമാനം കുറഞ്ഞവര്‍ക്കും രോഗം വരാമല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.