8 November 2025, Saturday

Related news

February 17, 2025
February 6, 2025
February 2, 2025
November 23, 2024
July 22, 2024
June 26, 2024
June 23, 2024
June 10, 2024
June 4, 2024
June 4, 2024

കിഡ്നിക്കും ഒരു ആചാരവെടി!

ദേവിക
വാതിൽപ്പഴുതിലൂടെ
September 25, 2023 4:30 am

തമിഴ്‌നാട്ടില്‍ ഇനി അവയവദാനവും ഒരു ആചാരമാകും. അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നടപടി മുക്തകണ്ഠം പ്രശംസ നേടിയിരിക്കുന്നു. മരണശേഷം അവയവദാനം നടത്തുന്ന ബന്ധുക്കള്‍‌ക്ക് ഇനി മരണം രാജകീയമായി ആഘോഷിക്കാം. അവയവദാതാവിന്റെ സംസ്കാരം പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും. മൃതദേഹം ചിതയിലേക്കോ ഖബറിടത്തിലേക്കോ എടുക്കുന്നതിന് മുമ്പ് 21 ആചാരവെടികള്‍ മുഴങ്ങും. ശോകനാദത്തില്‍ ബാന്റ് വാദ്യം. ഇനി തമിഴകത്ത് അവയവദാതാക്കളുടെ എണ്ണം പെരുകും. അവയവസ്വീകര്‍ത്താവിനെ കിട്ടാതെ കിഡ്നിയും ഹൃദയവും കണ്ണുമെല്ലാം കെട്ടിക്കിടക്കുന്ന അവസ്ഥവരും. കാരണം ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്നവരടക്കമുള്ള കൊടുംകുറ്റവാളികള്‍ തങ്ങളുടെ അന്ത്യാഭിലാഷമായി വില്‍പ്പത്രത്തില്‍ എഴുതിവയ്ക്കുന്നത് അവയവദാനമായിരിക്കും. അരുംകൊല നടത്തിയവനും ബാങ്ക് കൊള്ളയടിച്ചവനും ലെെംഗികക്കുറ്റവാളികള്‍ക്കും സംസ്ഥാന ബഹുമതിയോടെയുള്ള ശവസംസ്കാരം. എത്ര മനോഹരമായ ഭരണപരിഷ്കാരം. ഇത് നമ്മുടെ കുഞ്ഞു കേരളത്തിലും നടപ്പാക്കിയാലെന്താണെന്ന് മുഖ്യമന്ത്രി ആലോചിക്കണം. കിഡ്നിക്ക് ഒരു വെടി, ഹൃദയത്തിന് രണ്ട് വെടി, കണ്ണിന് മൂന്ന് വെടി എന്നിങ്ങനെ ആചാരവെടികള്‍ക്ക് ഗ്രേഡിങ് കൂടിയുണ്ടായാല്‍ ശബരിമലയിലെപ്പോലെ വെടിവഴിപാട് നടത്തുന്ന പണിയേ സര്‍ക്കാരിന് വേണ്ടൂ. ദേവസ്വംമന്ത്രി രാധാകൃഷ്ണന് പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍ അനുഭവിക്കേണ്ടിവന്ന അയിത്തത്തെക്കുറിച്ച് കേട്ടപ്പോള്‍ ആലുവാ ഐരാണിക്കുളം ശിവക്ഷേത്രത്തില്‍ പാര്‍വതീദേവി തൃപ്പൂത്തായ ഉത്സവനാളിലുണ്ടായ ഒരനുഭവമാണ് ഓര്‍മ്മ വന്നത്.

ദേവി തൃപ്പൂത്തായി എന്നാല്‍ ഋതുമതിയായി എന്നുതന്നെ. അങ്ങനെയാണല്ലോ ഋതുകാലത്തിന്റെയും വര്‍ഗീകരണം. ദേവിക്ക് തൃപ്പൂത്ത്, നമ്പൂതിരിപ്പെണ്ണിന് ഋതുമതിത്വം. നായര്‍ മങ്കയാണെങ്കില്‍ തീണ്ടാരി, ദളിതപ്പെണ്ണിനെങ്കില്‍ മാസക്കുളി. തൃപ്പൂത്താറാട്ടും പൂജയും കാണാന്‍ ദേവികയോടൊപ്പം കുസൃതിയായ പിതാശ്രീയുമുണ്ട്. ശ്രീപാര്‍വതീ ദേവിയുടെ തൃപ്പൂത്തു പൂജ കഴിഞ്ഞ് പൂജാരിയായ നമ്പൂതിരി കളഭവും കുങ്കുമവും പൂവും ഭക്തരുടെ കെെകളിലേക്ക് എറിഞ്ഞുകൊടുക്കുന്നു. ഭക്തരെ തൊട്ടാല്‍ നമ്പൂതിരിക്ക് അയിത്തമല്ലേ. ഭക്തര്‍ പകരം ദക്ഷിണയായി നോട്ടുകള്‍ തിരുമേനിയുടെ കെെകളിലേക്കും ഭക്ത്യാദരപൂര്‍വം എറിഞ്ഞുകൊടുക്കുന്നു. പിതാശ്രീയുടെ ഊഴം വന്നു. അദ്ദേഹം ഒരഞ്ഞൂറുരൂപാ നോട്ട് പൂജാരിയുടെ കയ്യില്‍ കൊടുക്കാതെ നിലത്തേക്ക് എറിഞ്ഞുകൊടുക്കുന്നു. തിരുമേനി നോട്ടെടുക്കാന്‍ കുനിയുമ്പോള്‍ പിതാവ് വിലക്കുന്നു; അരുത് തിരുമേനീ അരുത്. അത് അയിത്തമുള്ള നോട്ടാ. മാംസക്കച്ചവടക്കാരനില്‍ നിന്ന് ബാക്കി കിട്ടിയ രൂപയാ. അപ്പോള്‍ തിരുമേനി ജാള്യതയോടെ മൊഴിഞ്ഞു: ‘സാരമില്ല അതിങ്ങുതാ’. പിതാശ്രീ വിട്ടില്ല. ‘തിരുമേനിയെ അശുദ്ധനാക്കാന്‍ ഞാനില്ല, പാര്‍വതീദേവി കോപംകൊണ്ട് എന്റെ കുലം മുടിഞ്ഞുപോകില്ലേ!’. പരിഹാസം കേട്ട് പ്രസാദവിതരണം നിര്‍ത്തി ശ്രീലകത്തേക്ക് തിരിഞ്ഞുനടക്കുന്ന തിരുമേനിയുടെ ആ പോക്ക് മനസിലിന്നും ഒരു ഓര്‍മ്മച്ചിത്രം. ഭദ്രദീപം കൊളുത്താനുള്ള നിലവിളക്ക് അയിത്തജാതിക്കാരനായ മന്ത്രി രാധാകൃഷ്ണന്റെ കയ്യില്‍ കൊടുക്കാതെ നിലത്തുവച്ച തന്ത്രി പറഞ്ഞ ന്യായീകരണം പൂജ കഴിയുന്നതുവരെ ഭക്തരെ ആരെയും തൊടില്ലെന്നാണ്. പക്ഷെ പൂജ കഴിഞ്ഞ് പ്രസാദം നല്‍കുമ്പോഴും ഭക്തര്‍ക്ക് പ്രസാദം കയ്യിലെറിഞ്ഞു കൊടുക്കുന്നതോ. ദേവസ്വം മന്ത്രിക്ക് അയിത്തം കല്പിച്ച ദിനം ഓര്‍ക്കുക- ജനുവരി 26. മതേതര ജനാധിപത്യ ഭരണഘടന നിലവില്‍ വന്ന ദിനം. മറ്റൊരു ചടങ്ങില്‍ മന്ത്രി തന്നെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞപ്പോഴാണ് ജനം ഈ അയിത്താചരണത്തെക്കുറിച്ചറിയുന്നത്.


ഇതുകൂടി വായിക്കൂ: സ്ത്രീകളുടെ പൊതുവിടങ്ങളും അവാര്‍ഡ് ശില്പവും


സംഭവം നടക്കുമ്പോള്‍ മന്ത്രിയോടൊപ്പം ഒരു ജനപ്രതിനിധി ഉണ്ടായിരുന്നല്ലൊ. അങ്ങേര്‍ക്ക് അന്നുതന്നെ ഇതു വിളിച്ചുപറയാമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ വരട്ടെ, മന്ത്രി ദളിതനല്ലേ‍. പൊതുമണ്ഡലത്തില്‍ ഈ അയിത്താചരണത്തിനെതിരെ കാര്യമായ പ്രതിഷേധ ശബ്ദമുയരാത്തത് നമ്മെ നൊമ്പരപ്പെടുത്തുന്നു. അയിത്താചരണം നടത്തിയ തന്ത്രിയെ പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും ശക്തിയായി അഭിപ്രായപ്പെട്ടത് ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും മാത്രമായിരുന്നു. നവോത്ഥാനസംഘം പ്രസിഡന്റ് വെള്ളാപ്പള്ളിയുടെ പ്രതിഷേധംപോലും ഒരൊഴുക്കന്‍ മട്ടില്‍. തന്ത്രിയെ പുറത്താക്കണമെന്ന അഭിപ്രായം പൊതുവെ ഉയര്‍ന്നെങ്കിലും അയിത്തം കൊടികുത്തിവാണ അമ്പലത്തിന്റെ നിയന്ത്രണമുള്ള മലബാര്‍ ദേവസ്വത്തിന്റെ പ്രസിഡന്റ് എം ആര്‍ മുരളി ഇന്നലെ പ്രഖ്യാപിച്ചത് പ്രതിയായ തന്ത്രിക്കെതിരെ നടപടിയില്ലെന്ന്. മന്ത്രി രാധാകൃഷ്ണനും പറയുന്നു ആ സംഭവം ഒരടഞ്ഞ അധ്യായമായിക്കാണാന്‍. ആ വാക്കുകളില്‍ ഒരു ദളിതന്റെ നിരാശയുണ്ടോ!. വനിതാസംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കിക്കഴിഞ്ഞു. ഇനി നമ്മുടെ ലോക്‌സഭയും നിയമസഭകളും ‘നാനാവര്‍ണമനോഹരമായൊരു രാഗമാലിക’പോലെ കളര്‍ഫുള്‍ ആകും. കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് പോയവരില്‍ ഇപ്പോള്‍ ഒരു പെണ്‍തരിയേയുള്ളു. അതിനി ആറാകും. നിയമസഭയിലെ 140 അംഗങ്ങളില്‍ 46 പേരും ഇനി മങ്കമാര്‍. വര്‍ണശബളമാകാന്‍ പോകുന്ന നിയമസഭ പണ്ടൊക്കെ ഇങ്ങനെയായിരുന്നോ. റോസമ്മാ പുന്നൂസും ലീലാദാമോദര മേനോനും കെ ആര്‍ ഗൗരി അമ്മയും കുസുമം ജോസഫും മറ്റുമടങ്ങുന്ന വനിതാ അംഗങ്ങള്‍‍ തൂവെള്ള സാരി ധരിച്ചാണ് സഭയിലെത്തുക. പേരിന് നേര്‍ത്ത വര്‍ണമുള്ള ബോര്‍ഡറും. പുരുഷ മെമ്പര്‍മാരാണെങ്കില്‍ പട്ടം താണുപിള്ളയുടെ ശുഭ്രവേഷത്തില്‍ വെളുത്ത ഒരു മേലങ്കി. ടിവിയുടെയും എമ്മെന്റെയും പ്രസിദ്ധമായ ജൂബകള്‍. വല്ലപ്പോഴും ഇളംനീല ഷര്‍ട്ട് ധരിച്ചുവരുന്ന ഇഎംഎസ് ആകെ വെണ്മയുടെ സഭ. ഇപ്പോള്‍ 60 കഴിഞ്ഞ പുരുഷന്മാരും വര്‍ണപ്പൊലിമയുള്ള കുപ്പായമണിഞ്ഞ് എത്തുന്നു. ചുരിദാര്‍ അണിഞ്ഞെത്തുന്ന ചില വനിതാ അംഗങ്ങള്‍ കൂടിയായപ്പോള്‍ സഭയ്ക്കാകെ പുതിയ മുഖം. ദേഷ്യം വരുമ്പോള്‍ തോളിലെ മേല്‍മുണ്ടെടുത്ത് അന്തരീക്ഷത്തില്‍ വീശി കത്തിപ്പടരുന്ന പട്ടം താണുപിള്ളയെപ്പോലെ ഒരാളും സഭയിലില്ലാതെ പോയിരിക്കുന്നു. വനിതകളുടെ എണ്ണം കൂടുന്നതോടെ അടുക്കളയിലെയും അരങ്ങത്തെയും വേദനകള്‍ ഇനി സഭയെ സാന്ദ്രമാക്കും. ഭാവിതലമുറയുടെ ആകുലതകളെക്കുറിച്ച് പുരുഷന്മാരെക്കാള്‍ വികാരവായ്പോടെ സംസാരിക്കുന്നത് വനിതാ മെമ്പര്‍മാരായിരിക്കും. ഗുണപരമായി അടുത്ത നിയമസഭ മുതല്‍ ചരിത്രപരമായ മുന്നേറ്റം കുറിക്കുമെന്നും ഉറപ്പ്.

Kerala State - Students Savings Scheme

TOP NEWS

November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.