22 December 2025, Monday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

തീക്കൊള്ളികൊണ്ട് കേന്ദ്രം തല ചൊറിയുന്നു

Janayugom Webdesk
October 4, 2023 5:00 am

കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടുന്നതിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും മുന്നേറ്റങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിലും മുന്നിലുള്ള ദേശീയ മാധ്യമങ്ങളില്‍ ഒന്നാണ് ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍. പ്രസ്തുത മാധ്യമത്തിന്റെ മേധാവി പ്രബീര്‍ പുര്‍കയാസ്ത, അമിത് ചക്രവര്‍ത്തി എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യുഎപിഎ) ത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും പരിശോധന നടത്തി. ന്യൂസ് ക്ലിക്കിനെതിരെ പ്രസിദ്ധീകരിക്കപ്പെട്ട വ്യാജവാര്‍ത്തയുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധനയും പിടിച്ചെടുക്കലുകളും നടത്തുന്നുവെന്ന വാര്‍ത്തയുമായാണ് ഇന്നലെ പുലര്‍ന്നത്. ചൈനയില്‍ നിന്ന് ധനസഹായം ലഭിക്കുന്നുവെന്നായിരുന്നു ആരോപണം. മാധ്യമവുമായി നേരിട്ട് ബന്ധപ്പെട്ടവരെ മാത്രമല്ല, അതില്‍ ലേഖനങ്ങള്‍ നല്‍കുന്നവര്‍, വിവരങ്ങള്‍ കൈമാറുന്നവര്‍, എന്തിന് പ്രസ്താവനകള്‍ പ്രസിദ്ധീകരണത്തിന് നല്‍കുന്നവരെ പോലും പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയമാക്കി.


ഇതുകൂടി വായിക്കൂ: കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്നുണ്ടോ?


ഡല്‍ഹിക്കു പുറമേ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലുള്ള ന്യൂസ് ക്ലിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. യുഎപിഎ ചുമത്തിയതിനര്‍ത്ഥം ചിലരെയെങ്കിലും അനിശ്ചിത കാലത്തേക്ക് തടവറയിലാക്കുകയാണ് ഡല്‍ഹി പൊലീസ് ലക്ഷ്യംവച്ചതെന്നാണ്. അമിത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ദേശദ്രോഹ നിയമം, യുഎപിഎ ഉള്‍പ്പെടെ ചുമത്തി ഇതിനകംതന്നെ നിരവധി മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥി, പൗരാവകാശ പ്രവര്‍ത്തകരെയും ജയിലിലാക്കിയ അനുഭവം നമ്മുടെ മുന്നിലുള്ളതാണ്. മഹാരാഷ്ട്രയില്‍ ഭീമ കൊറേഗാവ് കേസില്‍ ഒരു ഡസനിലധികം പേര്‍ ഇതേകുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ന്യൂസ് ക്ലിക്ക് മാത്രമല്ല, സമാന നിലപാട് പുലര്‍ത്തുന്ന മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളും വേട്ടയ്ക്കിരയാകുന്നവരുമാണ്. 2021 ഫെബ്രുവരിയില്‍ ന്യൂസ് ക്ലിക്ക് ഉടമ പ്രബീര്‍ പുര്‍കയാസ്ത ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി, കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ സാമ്പത്തിക സഹായം എന്നിവയായിരുന്നു അന്നത്തെ പരിശോധനയ്ക്ക് കാരണമായി പറഞ്ഞിരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ അഡാനിയുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ബിബിസിയുടെ ഓഫിസ് റെയ്ഡ് നടത്തുകയും കേസെടുക്കുകയും ചെയ്ത സംഭവവുമുണ്ടായി. 2020ലെ ഡല്‍ഹി കലാപസമയത്ത് രണ്ട് മലയാളം ദൃശ്യമാധ്യമങ്ങള്‍ നിരോധിച്ചു. അതിലൊന്നിന്റെ പ്രക്ഷേപണം മാസങ്ങളോളം തടഞ്ഞു. ദ വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമവും നിരന്തര പരിശോധനകളും ചോദ്യം ചെയ്യലുകളും നേരിട്ടുകൊണ്ടിരിക്കുന്നു.
വന്‍കിട മാധ്യമങ്ങളില്‍ പലതും ഗോദി മീഡിയകളായി മാറിയപ്പോള്‍ വെല്ലുവിളികളെ അതിജീവിച്ച് തങ്ങളുടെ മാധ്യമധര്‍മ്മം നിര്‍വഹിച്ചുപോരുകയാണ് ന്യൂസ് ക്ലിക്ക്. വലിയ പ്രതീക്ഷയോടെ ജനങ്ങള്‍ കണ്ടിരുന്ന എന്‍ഡിടിവി പോലുള്ള മാധ്യമങ്ങളെ വളഞ്ഞ വഴിയിലൂടെ അഡാനിയുടെ കാര്‍മ്മികത്വത്തില്‍ ഗോദി മീഡിയയുടെ പക്ഷത്തെത്തിക്കുവാന്‍ സാധിച്ചുവെങ്കിലും ന്യൂസ് ക്ലിക്ക് പോലുള്ള മാധ്യമങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതീക്ഷയായി അവശേഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം സമാനമായ മാധ്യമങ്ങള്‍ വലിയ വെല്ലുവിളികളും പ്രതിസന്ധികളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: കേന്ദ്ര ഏജൻസികൾ അഥവാ കൂട്ടിലടച്ച തത്തകൾ


പ്രതികാര വാഞ്ഛയോടെ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്‍ഐഎ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് വിവിധ രൂപത്തിലും രീതികളിലുമുള്ള വേട്ടയാടലുകള്‍ക്കാണ് അത്തരം സ്ഥാപനങ്ങള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. അഭിപ്രായം തുറന്നുപറയുന്നവരെ മുഴുവന്‍ തടവിലാക്കുകയും കേസെടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്ന രീതി തുടരുന്നത് ആഗോളതലത്തില്‍തന്നെ രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ലോകത്താകെയുള്ള രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും താഴെയുള്ള ഇരുപതിലാണുള്ളത്. ജി20 ഉച്ചകോടിക്കെത്തിയ യുഎസ് പ്രസിഡന്റിനു പോലും മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് അവസരം നിഷേധിക്കപ്പെട്ടു. മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതായി യുഎസ് പ്രസിഡന്റിന് വിയറ്റ്നാമില്‍ ചെന്ന് വെളിപ്പെടുത്തേണ്ട സ്ഥിതിയുമുണ്ടായി. ഈയൊരു സാഹചര്യമുള്ളപ്പോഴാണ് ന്യൂസ് ക്ലിക്ക് പോലുള്ള മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്കുനേരെയുള്ള ഇത്തരം ഹീനമായ നടപടി ജനാധിപത്യത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുന്നതാണ്. തീക്കൊളളികൊണ്ട് തല ചൊറിയുകയാണ് കേന്ദ്രമെന്നതില്‍ തര്‍ക്കമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.