9 January 2025, Thursday
KSFE Galaxy Chits Banner 2

മൂര്‍ച്ചയുള്ള ഇരുതല വാള്‍

ഗീതാ നസീര്‍
October 5, 2023 4:30 am

മതങ്ങളും നവോത്ഥാന ചിന്തകളുമൊക്കെ മനുഷ്യകുലത്തെ നവീകരിക്കാനും മാനവികതയിലൂന്നിയ സമൂഹം സൃഷ്ടിക്കാന്‍ ആവശ്യമായ ദര്‍ശനങ്ങളും നിര്‍ദേശങ്ങളും നല്‍കാനുമാണ് എന്നും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇവയൊക്കെ വ്യാഖ്യാനിക്കാനും നിയന്ത്രിക്കാനും മതപ്രചാരകരും പുരോഹിതന്മാരും തയ്യാറായതോടെ ധാരാളം വൈരുധ്യങ്ങളും മൂല്യശോഷണവും സംഭവിക്കാന്‍ തുടങ്ങി. മതത്തിലും നവോത്ഥാന ചിന്തകളിലും വ്യാപൃതരായ മനുഷ്യര്‍ യഥാര്‍ത്ഥ ദര്‍ശനബോധത്തില്‍ നിന്നും അകന്ന് പലതരത്തിലുള്ള സംഘര്‍ഷങ്ങളിലും തര്‍ക്കവിതര്‍ക്കങ്ങളിലും ഏര്‍പ്പെട്ടു. നാളിതുവരെയുള്ള വിശ്വാസ ചരിത്രത്തിന്റെ അകവും പുറവും പരിശോധിച്ചാല്‍ നമുക്കീ യാഥാര്‍ത്ഥ്യം ബോധ്യമാകും. മതങ്ങളുടെ പേരില്‍ നടന്ന രക്തച്ചൊരിച്ചിലും യുദ്ധങ്ങളും എണ്ണിയാലൊടുങ്ങാത്തത്ര മനുഷ്യരെ കൊന്നൊടുക്കി. അതുകൊണ്ടുതന്നെ മതങ്ങളിലും നവോത്ഥാന ചിന്തകളിലും വരുന്ന നവീനവല്‍ക്കരണവും തിരുത്തലുകളും പ്രതീക്ഷയോടെയാണ് ആധുനിക സമൂഹം കാണുന്നത്. കേരളത്തിലെ നവോത്ഥാന ചിന്തകരില്‍ അഗ്രഗണ്യനായ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും ഇത്തരത്തില്‍ ചില അപചയങ്ങള്‍ ഉണ്ടായി. ഗുരുവിന്റെ ദര്‍ശനങ്ങളെ ആഴത്തില്‍ മനസിലാക്കാതെയും പഠിക്കാതെയും മുന്നേറിയതിന്റെ തിക്തഫലങ്ങള്‍ ഇപ്പോള്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ദേശീയതലത്തില്‍ സനാതന വര്‍ണാശ്രമ ധര്‍മ്മങ്ങള്‍ നടപ്പിലാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശക്തമായ തന്ത്രങ്ങള്‍ മെനയുമ്പോള്‍ അതിലെ അപകടം ആദ്യം തിരിച്ചറിയേണ്ടവര്‍ ശ്രീനാരായണ ധര്‍മ്മ പരിപാലകരും പിന്നാക്കക്കാരും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗവുമാണ്. കേരളത്തില്‍ ഈ ദിശയിലേക്ക് പ്രതീക്ഷ നല്‍കുന്ന ചില ശ്രമങ്ങള്‍ നടന്നുവരികയാണ്. സെപ്റ്റംബര്‍ 27ന് വൈക്കത്ത് നടന്ന സനാതന വര്‍ണാശ്രമ ധര്‍മ്മത്തിനെതിരെ ശ്രീനാരായണ മാനവധര്‍മ്മമെന്ന കൂട്ടായ്മ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് അവര്‍ തിരഞ്ഞെടുത്ത ദിവസം വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയാണ്, അതും ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈക്കത്ത് വന്ന സെപ്റ്റംബര്‍ 27. ആദ്യമായി ഗുരു നേരിട്ടെത്തുന്നത് 1924നാണ്. 2024 ആകുമ്പോള്‍ നൂറു വര്‍ഷം പൂര്‍ത്തിയാകും.

 


ഇതുകൂടി വായിക്കൂ; ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്; ഭരണഘടനയ്ക്കെതിരെയുള്ള ഭരണകൂട ആക്രമണം


ഈ നൂറു വര്‍ഷ യാത്രയില്‍ ഗുരുവിനും ദര്‍ശനങ്ങള്‍ക്കുമേറ്റ ക്ഷതങ്ങള്‍ നിരവധിയാണ്. വൈദിക മതാചരണങ്ങള്‍ മറ്റുപല മതങ്ങളിലും ചെലുത്തിയ സ്വാധീനം സവര്‍ണബോധത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും വലിയ പ്രചരണം നല്‍കിയിട്ടുണ്ട്. ബുദ്ധമതത്തിലും ജൈനമതത്തിലുമൊക്കെ ഇത് പ്രകടമാണ്. ഇന്ത്യയുടെ 4000 വര്‍ഷത്തെ സാംസ്കാരിക ചരിത്രത്തില്‍ ഇതൊരിക്കലും ഒരു ഏകമത രാഷ്ട്രമായിരുന്നില്ല. സംസ്കൃത ഭാഷക്കാരായ ആര്യന്മാര്‍ വരുമ്പോള്‍ മുണ്ട ഭാഷയും ദ്രാവിഡ ഭാഷയും സംസാരിക്കുന്ന ജനതയാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം മതബോധം വ്യത്യസ്തമായിരുന്നു. മോഹന്‍ജോദാരോവിലെയും ഹാരപ്പയിലെയും ജനങ്ങളുടെ വിശ്വാസം മറ്റൊന്നായിരുന്നു. അതുകഴിഞ്ഞ് വൈദിക ബ്രാഹ്മണരുടെ ആധിപത്യം വന്നപ്പോള്‍ അതിനോട് യോജിക്കാത്തവരായി ശ്രമണര്‍ എന്ന വ്യത്യസ്ത മതബോധമുള്ളവര്‍ മറ്റൊരു ഭാഗത്തുണ്ടായി. ബുദ്ധജൈന ചിന്തകര്‍, അവര്‍ക്കും മുമ്പേ ഉണ്ടായിരുന്ന ആജീവകര്‍ (ഇവര്‍ അശോക വനത്തെ പൂജിക്കുന്നവരും ഊരുചുറ്റുന്നവരും വേദത്തെ എതിര്‍ക്കുന്നവരുമാണ്) തുടങ്ങിയവരെയാണ് ശ്രമണര്‍ എന്ന് സാമാന്യമായി പറയുന്നത്. മൂന്നാമതായി സാംഖ്യധര്‍മ്മത്തിലും വൈശേഷിക ധര്‍മ്മത്തിലും ന്യായധര്‍മ്മത്തിലും പഞ്ചരാത്ര ധര്‍മ്മത്തിലും വിശ്വസിക്കുന്ന ജനതയുണ്ടായി. ഇതെല്ലാം അഭാരതീയ ചിന്തകളാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞത് ശങ്കരാചാര്യര്‍ ആണ്. ആയിരം വര്‍ഷം നിലനിന്ന ലിഛാവി പോലുള്ള ഗോത്ര സംസ്കാരത്തെപ്പോലും തകര്‍ത്തുകൊണ്ടാണ് ചാതുര്‍വര്‍ണ്യ സിദ്ധാന്തം ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്നത്. എഡി പത്താം നൂറ്റാണ്ടുവരെ നിലനിന്ന ശ്രമണ – ബ്രാഹ്മണ തര്‍ക്കം ഇന്ത്യാചരിത്രത്തിലെ സുപ്രധാന പ്രശ്നമായിരുന്നു. ഇതിനിടയില്‍ സെമിറ്റിക്ക് മതങ്ങളായ ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യയിലേക്ക് വന്നു. 16-ാം നൂറ്റാണ്ടില്‍ സിഖുമതവും ഉടലെടുത്തു. ഇതേ സമയത്തുതന്നെ കബീര്‍ പന്ഥികള്‍ തുടങ്ങി പതിനാറോളം സമ്പ്രദായക്കാരും ഉണ്ടായി. ചുരുക്കത്തില്‍ ദര്‍ശനങ്ങളുടെ മലവെള്ളപ്പാച്ചിലിലാണ് ഇന്ത്യ 4000 വര്‍ഷത്തെ അതിന്റെ സാംസ്കാരിക യാത്ര പൂര്‍ത്തിയാക്കിയത്.


ഇതുകൂടി വായിക്കൂ; ഭരണഘടനയോടുള്ള വെല്ലുവിളികൾ


 

ഇന്നിപ്പോള്‍ ഇതിനിടയില്‍ ഒരു ചിന്താധാരയായി വന്ന ബ്രാഹ്മണ മതബോധം ഹിന്ദു ധര്‍മ്മമായി ചിത്രീകരിച്ചുകൊണ്ട് ഹിന്ദുത്വ എന്ന ഒരു പ്രയോഗവും മുന്നോട്ടുവച്ച് ഈ ചിന്താധാരയ്ക്ക് പുറത്തുള്ള നിരവധി മതദര്‍ശനബോധങ്ങളെ നിഷ്പ്രഭമാക്കി അടിച്ചമര്‍ത്താനുള്ള നീക്കമാണ് ആര്‍എസ്എസും അതിന്റെ രാഷ്ട്രീയ അധികാരമുഖമായ ബിജെപിയും ശ്രമിക്കുന്നത്. ഹിന്ദുത്വം എന്ന പുതിയ മുദ്രാവാക്യം ആദ്യം ഉയര്‍ത്തുന്നത് ആര്‍എസ്എസ് നേതാവ് ഹെഡ്ഗെവാര്‍ ആണ്. ആ മുദ്രാവാക്യത്തിന് അടിസ്ഥാനശില പാകിയത് ചാതുര്‍വര്‍ണ്യം ഊട്ടിയുറപ്പിക്കുന്ന സനാതന വര്‍ണാശ്രമ ധര്‍മ്മമാണ്. ഈ ധര്‍മ്മസ്മൃതിയനുസരിച്ച് മനുഷ്യരെ പ്രധാനമായും നാലായി തരം തിരിച്ചിട്ടുണ്ട്. ആദ്യത്തെ വിഭാഗമായ ബ്രാഹ്മണര്‍ക്ക് അര്‍ഹിതമാകുന്ന ഒന്നുംതന്നെ ബാക്കി മൂന്ന് വിഭാഗക്കാര്‍ ചെയ്യാന്‍ പാടുള്ളതല്ല. ദൈവത്തിനും മനുഷ്യനുമിടയിലെ ഇടനിലക്കാരായ ഈ വര്‍ഗം മറ്റ് മൂന്നു വിഭാഗക്കാരായ ക്ഷത്രിയരുടെയും വൈശ്യരുടെയും ശൂദ്രരുടെയും അധ്വാനവും പണവും കൊണ്ട് സുഖജീവിതം നയിക്കും. അവരെ ചോദ്യം ചെയ്യുന്നതും അവര്‍ക്ക് മാത്രം ഉരുവിടാനുള്ള മന്ത്രങ്ങളും ശ്ലോകങ്ങളും ഇവരില്‍ പലര്‍ക്കും നിഷേധിക്കുകയും അത് ധിക്കരിച്ചാല്‍ പൂര്‍വജന്മപാപങ്ങള്‍ വേട്ടയാടുന്ന ഈ ജന്മങ്ങള്‍ നരകത്തില്‍ പതിക്കും എന്ന ഭീഷണികൂടി ഉയര്‍ത്തിക്കൊണ്ടുമാണ് ഈ സനാതന വര്‍ണാശ്രമ ധര്‍മ്മക്കാര്‍ ഇന്ത്യയെ വീണ്ടും വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. കേവലം 12 ശതമാനം വരുന്ന ഈ സവര്‍ണര്‍ 50 ശതമാനത്തില്‍ കൂടുതല്‍ വരുന്ന അധഃസ്ഥിതരെയും 23 ശതമാനത്തോളം വരുന്ന അഹിന്ദുക്കളെയും അടക്കി ഭരിക്കാനും അവരുടെ വിശ്വാസപ്രമാണങ്ങളെ തകര്‍ക്കാനും ശ്രമിക്കുന്ന രാഷ്ട്രീയ അധികാര നാടകങ്ങളാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യനീതിയും സാമ്പത്തിക സമത്വവും ആഗ്രഹിക്കുന്ന ഈ ഭൂരിപക്ഷ ജനത ഉണരുക മാത്രമാണ് ഇതിനൊരു പരിഹാരം. ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ ഹിന്ദുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ ന്യൂനപക്ഷ ചിന്താധാരയ്ക്കെതിരെ ശക്തമായ പ്രതിരോധം അവരുടെ ഇടയില്‍ നിന്നുതന്നെ ഉണ്ടായിട്ടുള്ളതായി കാണാം.

ഇന്ന് ശ്രീനാരായണ ചിന്തകളെ പുനരുജ്ജീവിപ്പിച്ച് സനാതന വര്‍ണാശ്രമ ധര്‍മ്മം നടത്തിയ നരഹത്യകളുടെയും അടിച്ചമര്‍ത്തലിന്റെയും ഭീകരത അവരെ ബോധ്യപ്പെടുത്താന്‍ അവരുടെ ഇടയില്‍ നിന്നുതന്നെ ഹിന്ദുധര്‍മ്മ പരിഷ്കരണവാദം ഉയര്‍ന്നുവരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഗുരുവിന്റെ മാനവധര്‍മ്മം മുന്നോട്ടുവയ്ക്കുന്ന പ്രതിജ്ഞ ഇതാണ്; ‘ത്യാജ്യഗ്രാഹ്യ വിവേചനത്തോടുകൂടി എല്ലാ മതഗ്രന്ഥങ്ങളെയും പഠിക്കുന്ന എല്ലാ മതങ്ങളുടെയും സാരം ചേര്‍ക്കുന്ന, കരുണ, അനുകമ്പ, അഹിംസ, സത്യം, സമത്വം, സ്നേഹം, സ്വാഭിമാനം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ സദാചാര മൂല്യങ്ങളില്‍ അധിഷ്ഠിതമായ, വര്‍ണാശ്രമ ധര്‍മ്മമില്ലാത്ത, ജാതി-മത‑ലിംഗ ഭേദമില്ലാത്ത, മനുഷ്യരെ എല്ലാവരെയും ഒരുപോലെ കാണുന്ന, അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരനും സുഖത്തിനായി വരേണമെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസത്തില്‍ നിന്നും, പൗരോഹിത്യമേധാവിത്വത്തില്‍ നിന്നും വിമുക്തമായ മേല്‍-കീഴ് നിലയില്ലാത്ത, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വിശ്വാസത്തിലധിഷ്ഠിതമായ സ്വതന്ത്രമായി, ഓരോ വ്യക്തിയുടെ അറിവിലും യുക്തിയിലും ബുദ്ധിയിലും മനഃസാക്ഷിയിലും മാത്രം നിലകൊള്ളുന്ന എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന മതമാണ് ശ്രീനാരായണ മാനവധര്‍മ്മം’ — നാഷണല്‍ ലോ സ്കൂളിന്റെ മുന്‍ ഡയറക്ടറും സുപ്രീം കോടതിയുടെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ മുന്‍ ഡയറക്ടറും സാമൂഹ്യനീതിയുടെ രീതി ശാസ്ത്രത്തിനുവേണ്ടി സുപ്രീം കോടതിയില്‍ നിലപാടെടുക്കുന്ന നിയമജ്ഞനുമായ ഡോ. മോഹന്‍ ഗോപാല്‍, യുവതലമുറയിലെ ചിന്തകനായ അമല്‍ സി രാജന്‍ അടക്കമുള്ള ഭരണഘടനാ വിദഗ്ധരുടെയും ശ്രീനാരായണ ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുന്ന പ്രമുഖരുടെയും നേതൃത്വത്തിലാണ് ഈ കൂട്ടായ്മ കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്.
വര്‍ഗീയ ഫാസിസത്തെ ഫലപ്രദമായി നേരിടുന്ന എല്ലാ വേദികളും ഇന്ന് സുപ്രധാനമാണ്. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കപ്പെടാതിരിക്കണമെങ്കില്‍ ഇത്തരം പൊതുവേദികള്‍ കൂടി ശക്തിപ്പെടേണ്ടതുണ്ട്. ഒപ്പം ചങ്ങാത്ത മുതലാളിത്തമെന്നും മുതലാളിത്തമെന്നുമൊക്കെ പറയുന്ന സമ്പന്നര്‍ക്കായുള്ള സാമ്പത്തിക നയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാക്കണം. മൂര്‍ച്ചയുള്ള ഇരുതല വാള് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയ്ക്ക് വേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.