23 December 2024, Monday
KSFE Galaxy Chits Banner 2

പ്രഭാപൂര്‍ണമായ സ്മരണകള്‍

പി എ വാസുദേവൻ
കാഴ്ച
October 14, 2023 4:30 am

ചില വേര്‍പാടുകള്‍ ഭാഷയിലെ സാധാരണ പ്രയോഗങ്ങള്‍കൊണ്ട് പറഞ്ഞുതീര്‍ക്കാനാവുന്നതല്ല. മനസോളം പോവാന്‍ വാക്കിനാവില്ലല്ലോ. ഭാഷ അപൂര്‍ണമാവുമെന്ന് കവി തന്നെ പറഞ്ഞിട്ടുണ്ട്. ജി പ്രഭാകരന്റെ മരണം എനിക്കങ്ങനെയൊരു സങ്കടമാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രഭാകരന്‍ എനിക്ക് പത്രലേഖകനോ, പരിസ്ഥിതിപ്രവര്‍ത്തകനോ, പത്രപ്രവര്‍ത്തക സംഘടനയുടെ ദേശീയ നേതാവോ മാത്രമായിരുന്നില്ല; അടുത്ത കൂട്ടുകാരനായിരുന്നു. വ്യക്തി-കുടുംബപ്രശ്നങ്ങള്‍ പരസ്പരം പങ്കുവച്ചവരായിരുന്നു. അങ്ങനെ മൂന്ന് പത്താണ്ടുകള്‍ കഴിഞ്ഞുപോയി.
കഴിഞ്ഞ ഏഴാം തീയതി ശനിയാഴ്ചയും രാവിലെ പ്രഭാകരനെ കണ്ടിരുന്നു. വെെകുന്നേരം കെജെയുവിന്റെ യോഗത്തിനായി അമൃതയില്‍ തിരുവനന്തപുരത്ത് പോകുന്നതായും പറഞ്ഞു. കുറെനേരം സംസാരിച്ചത് യു വിക്രമന്റെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചായിരുന്നു. അവിടെ പോയിവന്നതിന്റെ ക്ഷീണമുണ്ടായിരുന്നു. അതവസാനത്തെ കണ്ടുമുട്ടലായിരുന്നു. അന്ന് രാത്രി ഒലവക്കോട്ട് തീവണ്ടി കയറാന്‍ പോകുംവഴി അദ്ദേഹത്തിന്റെ സ്കൂട്ടറില്‍ ഒരു ലോറിയിടിച്ച് ആ ജീവിതം അവസാനിച്ചു. ഏതാണ്ട് മുപ്പതാണ്ട് പഴക്കമുള്ള ബന്ധമാണ് ഞങ്ങളുടേത്. ഹിന്ദു പത്രത്തിന്റെ ലേഖകനായി പാലക്കാട് വരുന്നതിനു മുമ്പ്, വീട് കണ്ടെത്താനാവുമോ എന്നന്വേഷിച്ച് വിളിച്ചിരുന്നു. അദ്ദേഹവും കുടുംബവും ഇവിടെ എത്തിയതുമുതല്‍ ഞങ്ങള്‍ ഗാഢമായ ബന്ധം പുലര്‍ത്തി. സൗമ്യനായ പ്രഭാകരന്‍ നിലപാടുകളില്‍ കാര്‍ക്കശ്യമുള്ളവനായിരുന്നു. ദി ഹിന്ദു പത്രത്തില്‍ അദ്ദേഹത്തിന്റെ ബെെലെെനില്‍ വന്ന ലേഖനങ്ങള്‍ അതിന് തെളിവാണ്. കാര്‍ഷിക‑ആദിവാസി‍ മേഖലകളിലായിരുന്നു മുഖ്യതാല്പര്യം. ന്യൂസിന്റെ കണിശതയില്‍ വിട്ടുവീഴ്ചയില്ലാതെ, സ്വന്തം ‘വ്യൂസ്’ അവതരിപ്പിച്ചുകൊണ്ടാണദ്ദേഹം എഴുതിയിരുന്നത്. ഒരുതരം പക്ഷപാതിത്വമോ, സ്വകാര്യ താല്പര്യമോ ഇല്ലാതിരുന്നതുകാരണം പലരും അദ്ദേഹത്തിനെതിരായിരുന്നു. അതൊക്കെ തൊഴിലിന്റെ ഭാഗമായി കണ്ടാണദ്ദേഹം എഴുതിയത്. അട്ടപ്പാടിയിലെ ആദിവാസി ദുരവസ്ഥയെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങളെഴുതിയപ്പോള്‍ അധികാരികളും സ്ഥാപിത താല്പര്യക്കാരും വിരുദ്ധ ചേരിയിലായി. ചില ഘട്ടങ്ങളില്‍ വന്‍ സംഖ്യകളുമായി പലരും വന്നു. പക്ഷെ അതൊന്നും അദ്ദേഹത്തെ സ്വാധീനിച്ചില്ല. പ്രധാന കാരണം ആദ്യകാല സഹവാസം കമ്മ്യൂണിസ്റ്റാചാര്യനായിരുന്ന ഭൂപേശ് ഗുപ്തയോടൊപ്പമായിരുന്നുവെന്നതാണ്.

 


ഇതുകൂടി വായിക്കൂ; യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര തൊഴില്‍മേള


ഭൂപേശിനെക്കുറിച്ച് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ആരെയും എതിര്‍ക്കാനും ആരെയും സ്നേഹിക്കാനും അറിയുമായിരുന്ന ഭൂപേശ് ഗുപ്ത. ഉറച്ച നിലപാടും മസൃണമായ മനസുമുണ്ടായിരുന്ന അദ്ദേഹം, പ്രഭാകരനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അധികാരത്തിന്റെയും പണത്തിന്റെയും പ്രലോഭനങ്ങള്‍ക്ക് അതിനെ ഭേദിക്കാനാവില്ല. ഡല്‍ഹിയില്‍ ‘ന്യൂ ഏജ്’ മുതല്‍ പലതിന്റെയും ചുമതലയില്‍ അദ്ദേഹമുണ്ടായിരുന്നു. അവിടെ നിന്നദ്ദേഹം വലിയൊരു സൗഹൃദവലയം സൃഷ്ടിക്കുകയും ചെയ്തു. എന്‍ ഇ ബാലറാം, അച്യുതമേനോന്‍, എംഎന്‍, ടിവി, എല്ലാത്തിലും മീതെ സി കെ ചന്ദ്രപ്പന്‍ എന്നിവരെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടാവും. നാം ഇടപെടുന്നവരാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഒരു പത്രലേഖകനും ശൂന്യതയുടെ സൃഷ്ടിയല്ല. പാലക്കാട് വന്നതുമുതല്‍ അദ്ദേഹം എത്ര തവണ അട്ടപ്പാടിയില്‍ പോയി താമസിച്ചെന്നു പറയാനാവില്ല. ഓരോ തവണ തിരിച്ചുവരുമ്പോഴും പുതിയ വസ്തുതകളും കാഴ്ചപ്പാടുമായാണ് തിരിച്ചുവരിക. ആ മേഖലയെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുമുണ്ട്. അതിന്റെയൊക്കെ ഫലങ്ങള്‍ ഭരണരംഗത്തുനിന്നുണ്ടായതും പത്രപ്രവര്‍ത്തനവും ഭരണവും തമ്മിലുള്ള സാധ്യതകള്‍ വ്യക്തമാക്കുന്നു. പല മേഖലകളിലും അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന പ്രേരണകള്‍ ചെന്നെത്തി. ആദിവാിസ മേഖല പോലെ, കൃഷി, കുടിവെള്ളം, മലിനീകരണം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ തല്പരനായിരുന്നു. പ്രശ്നത്തിന്റെ ഉത്ഭവസ്ഥാനങ്ങളിലെത്തി പഠിച്ചെഴുതുക എന്ന സ്വഭാവവുമുണ്ടായിരുന്നു. പറമ്പിക്കുളം അളിയാര്‍ ജല പ്രശ്നമുണ്ടായപ്പോള്‍ അന്ന് ചിറ്റൂര്‍ എംഎല്‍എ ആയിരുന്ന ഇന്നത്തെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയോടൊപ്പം അദ്ദേഹം പലതവണ അവിടെ പോയിരുന്നു.

 


ഇതുകൂടി വായിക്കൂ; ജനങ്ങളെ പരിഹസിക്കുന്ന കോര്‍പറേറ്റ് സര്‍ക്കാര്‍


 

പ്ലാച്ചിമട കുടിവെള്ള പ്രശ്നമുണ്ടായപ്പോഴും പ്രഭാകരന്‍ അവിടെ നിരന്തര സന്ദര്‍ശനം നടത്തി. പ്ലാച്ചിമട സമരത്തില്‍ ഞാനും പങ്കാളിയായിരുന്നു. കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ ആരെയും സമീപിക്കാന്‍ പ്രഭാകരന് മടിയില്ലായിരുന്നു. അറിവിന് കേന്ദ്രീകൃത സ്വഭാവമില്ലെന്ന അറിവ്, വലിയൊരറിവാണല്ലോ. ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവരുമായദ്ദേഹം നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. അതില്‍ രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും എഴുത്തുകാരും പണ്ഡിതന്‍മാരും എല്ലാം പെടും. സംഭാഷണമാണ് വാര്‍ത്തകളുടെ ആരംഭം എന്നദ്ദേഹത്തിനറിയാം. സിപിഐയുമായി പ്രഭാകരന് പ്രത്യേക ബന്ധങ്ങളുണ്ടായിരുന്നെങ്കിലും അത് മറ്റ് പാര്‍ട്ടിക്കാരുമായി ബന്ധം പുലര്‍ത്തുന്നതിന് തടസമായിരുന്നില്ല. പത്രപ്രവര്‍ത്തനത്തിന്റെ പ്രത്യേകത തന്നെ അതിന്റെ പരപ്പാണല്ലോ. അവനവന്റെ അറിവിന്റെ അതിരുകള്‍ വ്യാപകമാക്കാന്‍ സംവാദം വേണമെന്നത് അറിയാമായിരുന്നു പ്രഭാകരന്. ഇങ്ങനെയൊക്കെ ആര്‍ജിച്ച അറിവുകളും കാഴ്ചപ്പാടുകളും ചേര്‍ത്ത് അദ്ദേഹം ചില ഗ്രന്ഥങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പെരുമാറ്റത്തിലെ സൗമ്യതയും സംവാദത്തിലെ തെളിമയും നിലപാടുകളിലെ കൃത്യതയുമായിരുന്നു. എനിക്ക് പ്രഭാകരന്‍ പ്രിങ്കരനായിരുന്നു. അതുകൊണ്ടുതന്നെ ആ വേര്‍പിരിയല്‍ എന്നെ വല്ലാതാക്കി. പ്രഭാകരനോട് ഒരൊറ്റ പിണക്കമേയുള്ളു, എന്തിനാണ് ഇത്രനേരത്തെ; പറയാതെ പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.