കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുകയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയെ പട്ടിണിക്കിടുകയും ചെയ്യുക എന്ന നയം പിന്തുടരുന്ന സര്‍ക്കാരാണിപ്പോള്‍ രാജ്യം ഭരിക്കുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ മോഡിഭരണകൂടത്തില്‍ നിന്ന് പുറത്തുവരുന്നതെല്ലാം ജനവിരുദ്ധ വാര്‍ത്തകളാണ്. ഏറ്റവുമൊടു വില്‍ കഴിഞ്ഞദിവസം വെളിച്ചത്തുവന്നതും സമാനമായൊരു വാര്‍ത്തയാണ്. അതിദരിദ്രര്‍ക്ക് നേരിയ ആശ്വാസമായി നാമമാത്രമായെങ്കിലും നിലനില്‍ക്കുന്ന ഭക്ഷ്യ‑പാചക വാതക സബ്സിഡി ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നു എന്നതാണത്. ദേശീയ ഭക്ഷ്യസുരക്ഷ, എൽപിജി സബ്‌സിഡി എന്നിവയുടെ ഫലപ്രാപ്തി വിലയിരുത്താന്‍ കഴിയുന്ന ഒരു ഏകോപന ഏജൻസിക്കായി നിതി ആയോഗ് താല്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. പാഴ്ച്ചെലവ് തടയുക, അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക, ആനുകൂല്യങ്ങൾ യഥാര്‍ത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുക എന്നിവയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മേഖലയിലെ സബ്സിഡികള്‍ ഇല്ലാതാക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. 2013 ല്‍ ആരംഭിച്ച ദേശീയ ഭക്ഷ്യ ഭദ്രതാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, മാതൃ-ശിശു സംരക്ഷണ പദ്ധതി (അങ്കണവാടി ഉള്‍പ്പെടെ), സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി എന്നിവയ്ക്കുള്ള സബ്സിഡി തുക ഉയരുന്നത് രാജ്യത്തിന് വന്‍ ബാധ്യത സൃഷ്ടിക്കുന്നതായി ഡെവലപ്മെന്റ് മോണിറ്ററിങ് ആന്റ് ഇവാല്വേഷന്‍ ഓഫിസ് (ഡിഎംഇഒ) റിപ്പോര്‍ട്ട് ചെയ്തിരുന്നു. സബ്സിഡിയിനത്തില്‍ പ്രതിവര്‍ഷം നാല് ലക്ഷം കോടി രൂപ ആവശ്യമായി വരുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഭക്ഷ്യ സബ്സിഡി എടുത്തുകളയുന്നത് ആഗോള പട്ടിണി സൂചികയില്‍ ഇപ്പോള്‍ത്തന്നെ ഒന്നാംനിരയിലുള്ള രാജ്യത്തിന്റെ ദുരവസ്ഥ കൂടുതല്‍ ദയനീയമാക്കും. അഞ്ച് വയസില്‍ താഴെയുള്ള 35.5 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണ് എന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ കണക്ക്. 10–14 വയസുള്ള കൗമാരക്കാരിൽ നാലിലൊന്ന് പേർക്കും പ്രായത്തിനനുസരിച്ച് ഭാരമില്ലെന്നും സ്ത്രീകളില്‍ പകുതിയോളം പേര്‍ വിളര്‍ച്ചയുള്ളവരാണെന്നും സര്‍വേ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരക്കാര്‍ക്കായുള്ളതാണ് മാതൃ-ശിശു സംരക്ഷണ പദ്ധതി. ചെലവ് ചുരുക്കാനെന്ന പേരില്‍ നിതി ആയോഗിനെ മറയാക്കി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇപ്പോഴത്തെ നീക്കം ഭാവിയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും തടയിട്ടേക്കും. ദേശീയ കുടുംബാരോഗ്യ സർവേ മാനദണ്ഡങ്ങളിൽനിന്ന് ‘വിളർച്ച’ ഒഴിവാക്കിയത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടായിരിക്കണം. പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമം മോഡി സര്‍ക്കാര്‍ നേരത്തേ ആരംഭിച്ചിരുന്നു. 2020ൽ കോവിഡ് ആരംഭിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പില്ലാതെ പാചകവാതക ആനുകൂല്യം പിൻവലിച്ചത്. 2021ൽ പ്രധാനമന്ത്രി ഉജ്വല്‍ യോജന ഉപഭോക്താക്കൾക്ക് മൂന്ന് സിലിണ്ടർ സൗജന്യമായി നൽകി. പിന്നീട് സിലിണ്ടറിന് 200 രൂപ സബ്സിഡി എന്ന നിലയിലേക്ക് സര്‍ക്കാര്‍ പിന്‍മാറി. ഇക്കഴിഞ്ഞ രക്ഷാബന്ധൻ ദിനത്തിൽ ‘സഹോദരികൾക്ക് ആശ്വാസമേകാ‘നെന്ന പേരില്‍ പാചകവാതകത്തിന് 200 രൂപ സബ്സിഡി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. നടപ്പുവർഷം എണ്ണക്കമ്പനികളുടെ ലാഭം ഒരു ലക്ഷം കോടിയാകുമെന്നും വര്‍ധിപ്പിച്ച ഇന്ധന നികുതിയിലൂടെ കേന്ദ്രവരുമാനം 3.39 ലക്ഷം കോടിയാകുമെന്നുമുള്ള കണക്കുകള്‍ക്കിടെയാണ് 7680 കോടി മാത്രം അധികച്ചെലവ് വരുന്ന സബ്സിഡി പ്രഖ്യാപിച്ച് കയ്യടി നേടാന്‍ ശ്രമിച്ചത്.
മോഡി സർക്കാർ അധികാരമേറ്റതുമുതൽ ഗ്രാമീണ മേഖലയുടെ ആശ്വാസമായിരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ ശ്രമം തുടങ്ങി. ഇക്കഴിഞ്ഞ ബജറ്റിൽ പോലും പദ്ധതിയുടെ നീക്കിയിരിപ്പിൽനിന്ന് 29,400 കോടി വെട്ടിക്കുറച്ചു. 2023–24 സാമ്പത്തിക വർഷം പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപ മാത്രമാണ്. അതേസമയം കോർപറേറ്റുകൾക്ക് 2020–21ൽ മാത്രം കേന്ദ്ര ഖജനാവില്‍ നിന്ന് ഒരു ലക്ഷം കോടിയുടെ ഇളവുകളാണ് നല്‍കിയത്. രാജ്യസഭയിൽ ധനമന്ത്രാലയം തന്നെ വെളിപ്പെടുത്തിയ കണക്കാണിത്. 2023 മാർച്ച് 31 വരെയുള്ള അഞ്ച് വർഷങ്ങളിൽ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 10.5 ലക്ഷം കോടിയാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ഇങ്ങനെ കോര്‍പറേറ്റുകളെ വീണ്ടുംവീണ്ടും പ്രീണിപ്പിക്കുന്ന ഭരണകൂടമാണ് പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷ്യസബ്സിഡി പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ രാജ്യത്തിന് ബാധ്യതയാകുമെന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. രാജ്യത്തിന്റെ വികസനമെന്നത് കോർപറേറ്റ് വികസനമാണെന്നാണ് പ്രധാനമന്ത്രിയുടെ നയം. അംബാനിക്കും, അഡാനിക്കും വേണ്ടി നടപ്പിലാക്കുന്ന നയങ്ങൾ രാജ്യത്ത് വൻതോതിലുള്ള അസമത്വം സൃഷ്ടിക്കുന്നു. ഈ അസമത്വം ജനങ്ങളറിയാതിരിക്കാന്‍ കണക്കുകൾ പോലും യഥാസമയം പ്രസിദ്ധീകരിക്കാതെ മുന്നോട്ടുപോകുന്നു. സെന്‍സസ് പോലും വെെകിക്കുന്നത് കാപട്യം മറയ്ക്കാനാണ്. ഒരു ഭരണകൂടം എങ്ങനെ ആയിരിക്കരുത് എന്നാണ് മോഡി സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.