24 December 2024, Tuesday
KSFE Galaxy Chits Banner 2

എയർ ട്രാഫിക് കൺട്രോൾ @ 101

രാജേഷ് രാജേന്ദ്രൻ
October 15, 2023 9:18 am

ക്ടോബർ 20, ലോക എയർ ട്രാഫിക് കൺട്രോൾ ദിനം അഥവാ എടിസി ഡേ. ഖരാവസ്ഥയിലുള്ള ഒരു മാധ്യമത്തിലൂടെ വാഹനമോടിക്കാൻ പ്രയാസപ്പെടുമ്പോൾ വാതകാവസ്ഥയിലുള്ള ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ നിയന്ത്രിക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് എടുത്തു പറയേണ്ടതില്ല. വാഹനങ്ങൾ നിയന്ത്രിച്ച് ഓടിക്കുന്നതിന് പ്രത്യേക നിർദേശങ്ങൾ ഒന്നും വേണ്ട, എന്നാൽ വായുവിലൂടെ പറന്നുയരുന്ന വിമാനത്തിന് കൃത്യമായ മാർഗനിർദേശം അനിവാര്യമാണ്. ഇങ്ങനെ വ്യോമ പാതയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളെ നിയന്ത്രിച്ച് അപകടങ്ങൾ കൂടാതെ പറന്നുയരാനും സുരക്ഷിതമായി ഇറങ്ങുന്നതിനും നിര്‍മ്മിക്കപ്പെട്ട ഒന്നാണ് എയർ ട്രാഫിക് കൺട്രോൾ സിസ്റ്റം. ലോകത്തെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ നയന വിശ്രമം കൂടാതെ എയർ ട്രാഫിക് നിയന്ത്രിക്കുന്ന ഒരു വിഭാഗമാണ് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ. ഈ സംവിധാനത്തിന് 101 വയസ് തികയുന്നു. വായുവിലേക്ക് ഉയർന്ന് പൊങ്ങുന്ന വിമാനം ഏത് ദിശയിൽ എത്ര ഉയരത്തിൽ ഏത് ആങ്കിളിൽ സഞ്ചരിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് എയർ ട്രാഫിക് കൺട്രോളാണ്. 

യാത്രക്കാരായ നമ്മൾ ഓരോരുത്തരും യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമ്പോൾ എയർ ട്രാഫിക്കിനെയോ കൺട്രോളേഴ്സിനെക്കുറിച്ചോ അതിലുടനീളം നടന്നുവരുന്ന പ്രവൃത്തികളെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടോ. ചിന്തിച്ചിട്ടുണ്ടെങ്കിലും അതിനൊരുത്തരം കിട്ടിയിട്ടുണ്ടോ. വിമാനത്താവളങ്ങളിൽ ഉയരമുള്ള കണ്ണാടികൊണ്ട് നിർമ്മിച്ച ടവറും അതിനുമുകളിലായി എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഉപകരണവും കണ്ട് നമ്മുടെ ചോദ്യത്തിന് ഉത്തരമായി സ്വയം ആശ്വസിച്ച് നമ്മൾ യാത്രകളിൽ വ്യാപൃതരാകും. ഒരു വിമാനയാത്രയ്ക്ക് പൈലറ്റിനെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണ് എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുള്ളത്. കണ്ണിൽ എണ്ണയൊഴിച്ചെന്നൊക്കെയുള്ള പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാകുന്നത് എയർ ട്രാഫിക് കൺട്രോളിലാണ്. കാരണം, പിഴവുകൾക്ക് ചോദ്യവുമില്ല ഉത്തരവുമുണ്ടാകില്ല. 2,500 അടിക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വിമാനത്തിന് പിഴവുകൾ വന്നാൽ അതിന്റെ അവസാനമാണ്. 

ശാസ്ത്ര സാങ്കേതികവിദ്യകളുടെ ബാല്യത്തിൽ പറന്നുയരാനും ഇറങ്ങുന്നതിനും മാത്രമാണ് മറ്റുള്ളവരുടെ സഹായം തേടിയിരുന്നത്. പച്ചക്കൊടി ഉയർത്തി വിമാനത്തിന്റെ എൻജിൻ‍ സ്റ്റാർട്ടാക്കണം. കൊടി വീശിയാൽ റൺവേയിലൂടെ നീങ്ങി പറന്നുയരാം. അതുപോലെ ഇറങ്ങുമ്പോഴും പച്ചക്കൊടിയാകും കാണിക്കുന്നത്. ചുവപ്പ് കൊടി വീശിക്കാണിച്ചാൽ വിമാനം ഇറക്കരുതെന്നുമായിരുന്നു അന്നത്തെ വ്യവസ്ഥ. കൊടിമാറി പച്ചയും ചുവപ്പും ലൈറ്റുകൾ തെളിഞ്ഞ് മെച്ചപ്പെട്ടപ്പോഴും യാത്രയിലുടനീളം പുറപ്പെടുന്ന സ്ഥലത്തുനിന്നുള്ള നിർദേശങ്ങൾ സ്വീകരിക്കാനും എത്തുന്ന സ്ഥലത്തെ സുരക്ഷിത ലാന്റിങ്ങിനുമൊക്കെയായി യാത്രയിലുടനീളം ഒരു കൺട്രോളിങ് സിസ്റ്റം അനിവാര്യമായ സാഹചര്യത്തിലാണ് വിപുലമായ ഒരു എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തെക്കുറിച്ചുള്ള പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശബ്ദം നൽകാൻ ഒരു മൈക്കും അത് കേൾക്കാൻ സ്പീക്കറുമുണ്ടെങ്കിൽ പൈലറ്റിനും എയർ ട്രാഫിക് കൺട്രോൾ റൂമിലുള്ള വ്യക്തിക്കും ഇത് സാധ്യമാക്കാവുന്നതാണ്. ചില തരംഗങ്ങൾ സൃഷ്ടിച്ച് ഇത് സാധ്യമാക്കിയെങ്കിലും താരതമ്യേന തരംഗദൈർഘ്യം കൂടിയ റേഡിയോ തരംഗങ്ങൾ ഈ പരീക്ഷണത്തിന് ഉത്തരമായി. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചുള്ള എയർ ട്രാഫിക് കൺട്രോളിങ് വിജയക്കൊടി പാറിച്ചു. ഈ പരീക്ഷണ വിജയം എയർ ട്രാഫിക് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഒരു വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരത്തിൽ പല ദിശയിൽ‍ ചെറുതും വലുതുമായ വിമാനങ്ങൾക്ക് അപകടഭീഷണി ഉണ്ടാകാതെ വട്ടമിട്ടു പറക്കാം. റൺവേയുടെ ഒഴിവനുസരിച്ച് പറന്നിറങ്ങാം. റൺവേ വിട്ട് പറന്നുയർന്ന വിമാനം സ്റ്റേബിളായാൽ അടുത്ത വിമാനത്തിനിറങ്ങണം. പല റൺവേകളിലൂടെ ഒരേ സമയം പറന്നുയരാനും പറന്നിറങ്ങാനും സാധിക്കുന്നതിന് പിന്നിൽ പൈലറ്റിന്റെ മാത്രം കഴിവാണെന്ന് ധരിക്കാതിരിക്കാൻ പറയട്ടെ. പിഴവുകൾ ഉണ്ടാകാതെ കിറുകൃത്യമായി എയർ ട്രാഫിക് കൺട്രോളിൽ നിന്നും പൈലറ്റിനു കിട്ടുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വിമാനവും കൃത്യമായി പറന്നിറങ്ങുന്നതും ഉയരുന്നതും. 

വിമാനത്താവളത്തിന്റെ ഹൃദയമാണ് എയർ ട്രാഫിക് കൺട്രോളിങ് സിസ്റ്റം. കാരണം വിശ്രമമില്ലാത്ത ഒന്നാണിത്. ഏതൊരു ഉപകരണത്തിനും വിശ്രമമുള്ളപ്പോൾ എയർ ട്രാഫിക്കിന് മാത്രം വിശ്രമമില്ല. കാരണം ഇവിടുന്ന് പറന്നുയരുന്ന വിമാനങ്ങളും ഇറങ്ങുന്നതും മാത്രമല്ല എയർ ട്രാഫിക് കൺട്രോൾ റൂം നിയന്ത്രിക്കുന്നത്. നമ്മുടെ പരിധി പ്രദേശത്തെ വായുപാത തിരഞ്ഞെടുക്കുന്ന മറ്റ് രാജ്യങ്ങളിലെ വിമാനങ്ങൾക്കും നമ്മുടെ സഹായം വേണ്ടിവരും. എന്നാൽ ട്രാഫിക് കൺട്രോളിന്റെ പരിധിയിൽ കടന്നുകയറുന്ന ഓരോ വിമാനങ്ങളുമായി സദാ ആശയവിനിമയം ആവശ്യമാണ്. വിമാനത്താവളങ്ങളിൽ ചുവപ്പ് നിറത്തിലുള്ള കൺട്രോൾറൂമിന് മുകളിലായി എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് ഭാഗങ്ങളുള്ള റ‍‍ഡാർ സംവിധാനമുണ്ടാകും. മുകളിലെ ചെറിയ ഭാഗം റേഡിയോ തരംഗങ്ങൾ (പ്രൈമറി റ‍ഡാർ) വിട്ട് നമ്മുടെ പരിധിയിൽ വരുന്ന വിമാനത്തെ തിരിച്ചറിയുമ്പോൾ അല്പം വലിപ്പമുള്ള രണ്ടാമത്തെ ഭാഗം (സെക്കൻഡറി റഡാർ) 1030 മെഗാ ഹെഡിൽ ഒരു സന്ദേശം പുറപ്പെടുവിക്കും. ഈ സന്ദേശം എയർക്രാഫ്റ്റിൽ സജ്ജീകരിച്ചിരിക്കുന്ന യൂണിക്ക് ഐഡന്റിറ്റി 1090 മെഗാ ഹെഡിൽ തിരിച്ചയയ്ക്കുന്നു. ഇതിൽ‍ വിമാനത്തിന്റെ എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയൊട്ടുള്ള വ്യോമപാതയിൽ ഏതൊരു എയർ ക്രാഫ്റ്റിന്റെ കടന്നു വരവും അപ്പോൾത്തന്നെ റഡാറിലൂടെ മനസിലാക്കി എയർ ട്രാഫിക് കൺട്രോളിലൂടെ വിമാനവുമായുള്ള ആശയവിനിമയം നടക്കും. എത്ര ഉയരത്തിലാണ് പറക്കേണ്ടത് ഏത് ദിശയിലുള്ള വ്യോമപാതയാണ് തിരഞ്ഞെടുക്കേണ്ടത് എന്നുള്ള നിർദേശങ്ങൾ നല്കും. മറുപടിയും ഉദ്ദേശലക്ഷ്യവും കൃത്യതയുള്ളതെന്ന് ബോധ്യപ്പെട്ടാൽ സുഖമായ യാത്രയ്ക്കുള്ള നിർദേശങ്ങൾ നല്കിക്കൊണ്ടിരിക്കും. എതിർദിശയിൽ മറ്റേതെങ്കിലും വിമാനമുണ്ടെങ്കിൽ രണ്ടു വിമാനങ്ങളുടെയും ഉയരങ്ങൾ ക്രമീകരിക്കാനുള്ള നിർദേശം നല്‍കും. എന്നാൽ തൃപ്തികരമാകാത്ത മറുപടിയല്ലെങ്കിൽ രാജ്യാന്തര എയർ ട്രാഫിക് കൺട്രോൾ നിയമപ്രകാരം ആ വിമാനത്തിനെതിരെ നടപടിക്ക് ശുപാർശ ചെയ്യും. 

വിമാനങ്ങൾ പറന്നിറങ്ങുന്നതും പറന്നുയരുന്നതും മനസിനും കണ്ണിനും കുളിർമ ഉണർത്തുന്ന കാഴ്ചയാണ്. ഈ കുളിർമ നമുക്ക് പകർന്നുതരുന്നത്‍ എയർ ട്രാഫിക് കൺട്രോൾ അഥവാ എടിസിയുടെ സംഭാവനയാണെന്നത് ആകാശത്തിലൂടെ പറന്നുപോകുന്ന ഓരോ വിമാനങ്ങൾ കാണുമ്പോഴും ഓർക്കുക. ഈ വിമാനം പറന്നുയരാൻ എൻജിൻ സ്റ്റാർട്ടപ്പ് എന്ന നിർദേശം നല്കിയത് 101 വർഷം മുമ്പ് രൂപംകൊണ്ട എയർ ട്രാഫിക് കൺട്രോളിന്റെ വ്യവസ്ഥയിൽ നിന്നാണ്. 

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.