22 December 2024, Sunday
KSFE Galaxy Chits Banner 2

മോഡി ഭരണത്തിന്റെ ഇരുണ്ടദിനങ്ങള്‍

സത്യന്‍ മൊകേരി
വിശകലനം
October 18, 2023 4:45 am

രേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാമൂഴം പൂര്‍ത്തിയാകാന്‍ ഇനി അധിക ദിവസങ്ങളില്ല. 2014ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിധരിപ്പിച്ച് അധികാരത്തില്‍ വന്നപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിനാണ് ശ്രമിച്ചത്. 140കോടിയിലധികം ജനങ്ങളുള്ള രാജ്യത്തെ സാധാരണമനുഷ്യരെ പൂര്‍ണമായും വിസ്മരിച്ചുകൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചത്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ അടിസ്ഥാന നയത്തില്‍പ്പെട്ടതാണ് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷ്യസുരക്ഷ, ആരോഗ്യം, പാര്‍പ്പിട സൗകര്യം, അഭിപ്രായ സ്വാതന്ത്ര്യം, ലിംഗസമത്വം, വിദ്യാഭ്യാസ സൗകര്യം തുടങ്ങിയവ ഉറപ്പുവരുത്തുക എന്നത്.
അധികാരത്തിലെത്തിയ ശേഷം ആഗോള മൂലധനശക്തികളുടെ പറുദീസയാക്കി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണ് നരേന്ദ്രമോഡി നടത്തിയത്. മൂലധന ശക്തികളുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവര്‍ക്കുവേണ്ടി രാജ്യത്തിന്റെ സമ്പത്ത് വില്പന നടത്തുകയും ചെയ്യുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്.
സമീപ ദിവസങ്ങളില്‍ പുറത്തുവന്ന ലോക പട്ടിണി സൂചിക സംബന്ധിച്ച റിപ്പോര്‍ട്ട് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. ഇന്നത്തെ ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രമാണ് റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്നത്. ആഗോള പട്ടിണി സൂചികയില്‍ രാജ്യം 111-ാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടു. 2014ല്‍ 125 രാജ്യങ്ങളില്‍ 55-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2019ല്‍ 117 രാജ്യങ്ങളില്‍ 102 ആയി, 2022ല്‍ 125 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്തും 2023ല്‍ 111-ാം സ്ഥാനത്തുമായി പിന്തള്ളപ്പെടുകയായിരുന്നു. 125 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഒരേ മാനദണ്ഡമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടിനെ തള്ളുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. പക്ഷേ, ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പട്ടികയില്‍ 40-ാം സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന മോഡി ഭരണകൂടത്തിന്റെ വാദങ്ങളെ പഠനത്തിന് നേതൃത്വം നല്‍കിയ ആഗോള ഗവേഷണ സ്ഥാപനം തള്ളിക്കളഞ്ഞു. ഒരു രാജ്യത്തിന് മാത്രമായി മാനദണ്ഡങ്ങളില്‍ മാറ്റം അനുവദിക്കാന്‍ കഴിയില്ല എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബറൂണ്ടി, സൊമാലിയ, സൗത്ത് സുഡാന്‍, കോംഗോ, ഗിനിയാ, മഡഗാസ്കര്‍, ചാഡ്, ലിയോണ്‍, ലെെബീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് പിറകില്‍ സ്ഥാനംപിടിച്ചത്. ലോകത്ത് പട്ടിണിമൂലം ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ജി20 രാജ്യങ്ങളുടെ നേതൃപദവി അലങ്കരിക്കാന്‍ കഴിഞ്ഞ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നാമതായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകരാജ്യങ്ങളോട് നിരന്തരം പറയുന്നുണ്ട്. ജി20 രാജ്യസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയത് അതിവേഗത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയായി ഇന്ത്യ മാറിയെന്നാണ്. രാജ്യത്തുണ്ടാകുന്ന സമ്പത്ത് ഉപയോഗിച്ച്, പട്ടിണിമൂലം ദുരിതമനുഭവിക്കുന്നവരെ മനുഷ്യരായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്തുനടപടികള്‍ സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്.


ഇതുകൂടി വായിക്കൂ:  മോഡി ഉറങ്ങാറില്ല; ഉറുമ്പുകളും!


ലോകത്തെ തൂക്കക്കുറവുള്ള കുട്ടികളില്‍ 18.7 ശതമാനം ഇന്ത്യയിലാണെന്ന് കുട്ടികളുടെ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിനു പകരം അങ്കണവാടികള്‍ക്കും കുട്ടികളെ സംരക്ഷിക്കുന്നതിനുമുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദളിത്, ആദിവാസി, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത്. ഇന്ത്യയിലെ 35 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ പോഷകാഹാരം ലഭിക്കാതെ ദുരിതത്തിലാണ്. എഴുന്നേറ്റ് നടക്കാനുള്ള ആരോഗ്യമില്ലാത്തവരായി അവര്‍ മാറുന്നു. 15 വയസിനും 24 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല എന്ന റിപ്പോര്‍ട്ട് രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായതില്‍ക്കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നവരാണ് ഇന്ത്യയിലെ കര്‍ഷകര്‍. നാമമാത്ര, ചെറുകിട കര്‍ഷകരാണ് അവരില്‍ മഹാഭൂരിപക്ഷം. ലോകഭക്ഷ്യാവശ്യത്തിന്റെ 30 ശതമാനത്തില്‍ അധികം അവരുല്പാദിപ്പിക്കുന്നു. രാജ്യത്തെ ഗോഡൗണുകള്‍ നിറഞ്ഞുകവിയുന്നു. ഓരോ വര്‍ഷവും ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗശൂന്യമായി കടലില്‍ ഒഴുക്കുന്നു. ഇന്ധന നിര്‍മ്മാണത്തിനായി(എതലിന്‍) അവ ഉപയോഗിക്കുന്നു. വിദേശ നാണ്യശേഖരം വര്‍ധിപ്പിക്കുന്നതിനായി കയറ്റുമതി ചെയ്യുന്നു.
ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടും എന്തുകൊണ്ടാണ് പോഷകാഹാരക്കുറവ് കാരണം ഇവിടെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. ഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനായി അവരുടെ കയ്യില്‍ പണം എത്തിക്കുന്നതിനും അതിലൂടെ ക്രയശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള തീരുമാനമായാണ്, ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. വനാവകാശ നിയമം, വനത്തില്‍ ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പ്രത്യേക പദ്ധതികള്‍ എന്നിവയെല്ലാം ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള പദ്ധതികളായിരുന്നു. നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതുമുതല്‍ പദ്ധതിക്കുള്ള പണം വെട്ടിക്കുറയ്ക്കുകയും വനസംരക്ഷണ നിയമത്തില്‍ കോര്‍പറേറ്റുകള്‍ക്ക് സഹായകരമാകുന്ന ഭേദഗതികള്‍ വരുത്തുകയുമാണ് ചെയ്തത്.


ഇതുകൂടി വായിക്കൂ:  സത്യസന്ധരായ ഉദ്യോഗസ്ഥരും മോഡി ഭരണത്തില്‍ ഇരകള്‍


ആരോഗ്യമേഖലയില്‍ 161 രാജ്യങ്ങളില്‍ ഇന്ത്യ 123-ാം സ്ഥാനത്താണ്. ഈ മേഖലയില്‍ രാജ്യം വിനിയോഗിക്കുന്നത് ആകെ ചെലവിന്റെ 3.46 ശതമാനം മാത്രമാണ്. അത് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ചികിത്സ അപ്രാപ്യമാക്കുന്നു. റഷ്യയും ചൈനയും 10 ശതമാനവും നേപ്പാള്‍ എട്ട് ശതമാനവും ചെലവഴിക്കുമ്പോഴാണ് ഇന്ത്യ കുറഞ്ഞ തുക മാത്രം ആരോഗ്യമേഖലയില്‍ ചെലവിടുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ സ്ത്രീകളുടെ ദുരിതം വര്‍ധിക്കുകയാണ്. ലിംഗസമത്വം റിപ്പോര്‍ട്ട് പ്രകാരം 2022 മുതല്‍ 146 രാജ്യങ്ങളില്‍ ഇന്ത്യ 127-ാം സ്ഥാനത്താണുള്ളത്. 2014ല്‍ 142 രാജ്യങ്ങളില്‍ 114, 2019ല്‍ 153 രാജ്യങ്ങളില്‍ 112 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ സ്ഥാനം. മാനവ വികസന സൂചികയും ഓരോ വര്‍ഷവും കുറഞ്ഞുവരുന്നതായി വിവിധ പഠന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. 192 രാജ്യങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 132 ആണ്.
ജനങ്ങളുടെ അറിയാനുള്ള അവകാശവും തടസപ്പെടുത്തുകയാണ്. ജനങ്ങളുടെ സമരങ്ങളും ജനകീയ വിഷയങ്ങളും പുറംലോകം അറിയാന്‍ പാടില്ല. മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ്. ന്യൂസ് ക്ലിക്ക്, മീഡിയ വണ്‍ തുടങ്ങിയവയുടെ അനുഭവം അതാണ് വ്യക്തമാക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍പ്പെടുത്തി ഇരുമ്പഴിക്കുള്ളില്‍ അടയ്ക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ 2014ല്‍ 140-ാം സ്ഥാനത്തായിരുന്ന രാജ്യം 2023ല്‍ 161-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഭരണകൂട ഭീകരതയിലൂടെ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായും ഇല്ലാതാകുകയാണ്.
കംപ്ട്രോളര്‍ ജനറലിന്റെ ഓഡിറ്റിലൂടെയാണ് രാജ്യത്തെ വരവ്ചെലവ് കണക്കുകള്‍ പുറത്തുവരുന്നത്. പാര്‍ലമെന്റിന്റെ മുമ്പില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നത് വ്യവസ്ഥയാണ്. ഓഡിറ്റ് റിപ്പോര്‍ട്ടുകളും സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നു. എക്സ്പ്രസ് വേ നിര്‍മ്മാണം, ആയുഷ്‌മാന്‍ പദ്ധതി, ടോള്‍, ഉഡാന്‍ പദ്ധതി എന്നിവയിലെല്ലാം ഉണ്ടായ ലക്ഷക്കണക്കിന് കോടിയുടെ തിരിമറികള്‍ സിഎജി‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഓഡിറ്റിനെ കുറിച്ച് ആക്ഷേപം ഉന്നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന നിര്‍ദേശവും ഇതിനകം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയോടും ജനങ്ങളോടുമുള്ള ബാധ്യത സത്യസന്ധമായി നിര്‍വഹിച്ച സിഎജി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രധാന ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തിയതും സ്ഥലംമാറ്റിയതും ഇതിനകം തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.