5 May 2024, Sunday

Related news

May 3, 2024
May 3, 2024
April 30, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024
April 15, 2024
April 14, 2024

മോഡി ഉറങ്ങാറില്ല; ഉറുമ്പുകളും!

ദേവിക
വാതിൽപ്പഴുതിലൂടെ
October 16, 2023 4:30 am

എന്തു വിഷയത്തിലുമാകാമല്ലോ ഗവേഷണം. ഈയടുത്തകാലത്ത് ഒരു ഗവേഷണ പ്രബന്ധം പുറത്തുവന്നു. ഉറുമ്പുകള്‍ ഉറങ്ങാറില്ല, ശ്വസിക്കാറുമില്ല. അവയുടെ ശരീരത്തിലെ സുഷിരങ്ങളിലൂടെ പ്രാണവായു ഉള്ളിലേക്ക് കടന്നാണ് പ്രാണന്‍ നിലനിര്‍ത്തുന്നത്. ഉറങ്ങുന്നതിനുപകരം ഒരു മിനിറ്റു നീളുന്ന വിശ്രമം. ഒരു ദിവസം മൊത്തം 250 തവണ വിശ്രമം! ഈ ഗവേഷണം ഓര്‍മ്മ വന്നത് നമ്മുടെ പ്രധാനമന്ത്രിയുടെ ദിനചര്യയെക്കുറിച്ച് വിവരാവകാശ നിയമമനുസരിച്ച് ലഭിച്ച മറുപടികള്‍ കേട്ടപ്പോഴാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രധാനമന്ത്രി ഉറങ്ങാറില്ല, അവധിയെടുക്കാറില്ല. 24 മണിക്കൂറും ജനസേവനമാണത്രേ! ഈ ബഡായികളൊക്കെ സഹിക്കാം. പക്ഷേ അദ്ദേഹം കവിതയെഴുതുകയാണെന്ന് കൂടി പറഞ്ഞാലോ. മോഡിയെഴുതിയ ‘ഗര്‍ബോ’ എന്ന കവിതയെ ആസ്പദമാക്കി ഒരു നവരാത്രി നൃത്തത്തിന്റെ ആല്‍ബം പുറത്തിറങ്ങിയിരിക്കുന്നു. ധ്വനി ഭാനുശാലിയുടെ നേതൃത്വത്തില്‍ ഒരുപറ്റം നര്‍ത്തകിമാര്‍ തകര്‍ത്താടുന്ന ആല്‍ബം. ഗാനരചയിതാവ് നരേന്ദ്രമോഡിയെന്ന് എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. ഭരണവും ഗാനരചനയും നൃത്തസംവിധാനവും ഒക്കെയായിക്കഴിയുന്ന മോഡിക്ക് ഉറങ്ങാനെവിടെ നേരം, അഡാനിയുടെ കള്ളക്കണക്കെഴുത്തിന്റെ ധൃതിയില്‍. തീര്‍ന്നില്ല മോഡി മഹാകവിയുടെ ഒരു ഭീഷണി കൂടിയുണ്ട്; ‘കുറേക്കാലമായി ഞാന്‍ എഴുത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ഗാനം സഹസ്രകോടികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച സ്ഥിതിക്ക് ഞാന്‍ ഇനിയൊരു കവിതകൂടി നിങ്ങള്‍ക്കായി എഴുതുന്നുണ്ട്’. ഇതു കേട്ട് ഇന്ത്യ ഞെട്ടിവിറയ്ക്കുന്നു. ഒരു കവിത കേട്ട് ജനം മോഹാലസ്യപ്പെടുന്നു. ഇനി മറ്റൊന്നു കൂടി താങ്ങാന്‍ നമുക്കു കഴിവുണ്ടോ! കവിതയെഴുതിയത് മോഡിയാണോ എന്ന കാര്യത്തിലും സംശയം ബാക്കി നില്‍ക്കുന്നു.

മുമ്പൊരു രാഷ്ട്രീയ നേതാവുണ്ടായിരുന്നു. അദ്ദേഹം എഴുതിയ കിത്താബുകള്‍ക്കെല്ലാം അവാര്‍ഡുകളുടെ പ്രവാഹം. അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ഒരാള്‍ ഇതിനിടെ കര്‍ത്താവില്‍ നിദ്രപ്രാപിക്കുന്നു. അതോടെ നേതാവിന്റെ സാഹിത്യ സൃഷ്ടികളും അകാലചരമമടയുന്നു. ഇതുതന്നെയായിരുന്നു കഥാപ്രസംഗ ചക്രവര്‍ത്തിയായിരുന്ന വി സാംബശിവന്റെ കഥയും. അദ്ദേഹത്തിന്റെ കഥ പറച്ചിലിനെ സംഗീത സാന്ദ്രമാക്കുന്നത് ഒപ്പമുള്ള ഗാനങ്ങളായിരുന്നു; ‘പുഷ്പിത ജീവിതവാടിയാലൊരപ്സരസുന്ദരിയാണനീസ്യ; ഭ്രാന്താണു സ്നേഹിതാ സ്വബോധം കെടാതുള്ള ഭ്രാന്താണ് സ്നേഹിതാ പ്രേമം’ എന്നീ വരികള്‍ നാവേല്‍പ്പാട്ടുകളായിട്ടും അതെഴുതിയ കവി താനാണെന്ന് സാംബശിവന്‍ അവകാശപ്പെട്ടിട്ടില്ല. ആ മഹാകവിയാരെന്നറിയാനുള്ള ആസ്വാദകരുടെ മോഹം സാംബശിവനൊപ്പം മണ്ണടിയുകയും ചെയ്തു. മോഡിയുടെ കവിതയുടെ യഥാര്‍ത്ഥ രചയിതാവാരാണെന്ന് വിവരാവകാശ നിയമം വഴി ചോദിച്ചാലും എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ മറുപടി പറയും, അതു ഞമ്മളാണ്! ജനീഷ് എന്ന മുപ്പത്തൊമ്പതുകാരന്‍ ഈയിടെ ഇടുക്കി അടിമാലി ജങ്ഷനില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പുരനിറഞ്ഞ് കഴുക്കോലും തകര്‍ത്ത് തല പുറത്തായിട്ടും കല്യാണം കഴിക്കാന്‍ ഒരു പെണ്ണിനെ കിട്ടാത്തതുകൊണ്ടായിരുന്നത്രേ ആത്മാഹൂതി. യുപിയിലെ ഭൈര്‍വി ബാബ ശിവക്ഷേത്രത്തിലെ നിത്യാരാധകനായിരുന്നു ഛോട്ടു എന്ന 27കാരന്‍. 15 വയസു മുതല്‍ നല്ലൊരു പെണ്ണിനെ കല്യാണം ചെയ്തുകിട്ടാന്‍ ശിവലിംഗത്തെ കുമ്പിട്ട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ഒരൊറ്റ പെണ്ണും തിരിഞ്ഞു നോക്കിയില്ല. മഹാദേവനാണെങ്കില്‍ കനിയുന്നുമില്ല. ഗത്യന്തരമില്ലാഞ്ഞ് ഛോട്ടു ഒരു ബഡാ കൃത്യമങ്ങു ചെയ്തു. എന്നോടു കനിവില്ലാത്ത താനിനി ഇവിടെ ഇരിക്കേണ്ട എന്നു പറഞ്ഞ് വിഗ്രഹവും ഇളക്കിയെടുത്തു മുങ്ങി! ഇന്ത്യയുടെ അറ്റോര്‍ണി ജനറലും മണിക്കൂറിന് ദശലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകനുമായ ഹരീഷ് സാല്‍വേ അറുപത്തെട്ടാം വയസില്‍ മൂന്നാമത്തെ കല്യാണം ലണ്ടനില്‍ വച്ചു കഴിച്ചുവെന്ന വാര്‍ത്ത കേട്ടാവും ജനീഷും ഛോട്ടുവും ഈ കൃത്യങ്ങള്‍ നടത്തിയത്! എന്നാല്‍ ഇതു പിടക്കോഴി കൂവുന്ന നൂറ്റാണ്ടാണെന്ന വാര്‍ത്തകള്‍ മാത്രം ഇവര്‍ വായിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരു പാകിസ്ഥാന്‍ പയ്യനൊപ്പം ഇന്ത്യന്‍ സുന്ദരി ഒളിച്ചോടി. രണ്ടു മക്കളെ ഉപേക്ഷിച്ചായിരുന്നു പാകിസ്ഥാനിലേക്കുള്ള പലായനം.


ഇതുകൂടി വായിക്കൂ: ഇല്ലാതാകുന്ന വിവരാവകാശം


കൊച്ചിയില്‍ 39 കാരിയായ രണ്ടു മക്കളുടെ അമ്മ 22 കാരനായ പൂജാരി പയ്യനൊപ്പം നാടുവിട്ടു. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിനെക്കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച തൊടുപുഴക്കാരി പിടിയില്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യഭാഗം പിടിച്ചു ഞെരിക്കുകയും ചവിട്ടി മൈതാനമാക്കുകയും ചെയ്ത വനിതാപഞ്ചായത്തു മെമ്പര്‍ അറസ്റ്റില്‍. ഇങ്ങനെയുള്ള പെണ്ണുങ്ങളെ കെട്ടുന്നതിനെക്കാള്‍ ഭേദം ആത്മഹത്യതന്നെയല്ലേ. ഈയിടെ ആരാണ്ട് ഒരു നല്ല ഭര്‍ത്താവിന്റെ ലക്ഷണങ്ങളെക്കുറിച്ച് പറയുന്നത് കേട്ടു. രാവിലെ അഞ്ച് മണിക്ക് എണീറ്റ് ഭാര്യക്ക് കാപ്പിയിട്ടുകൊണ്ടുവരും, എട്ടു മണിക്ക് വിളിച്ചുണര്‍ത്തും. ഇതിനിടെ മുറ്റമടി, വീടുവൃത്തിയാക്കല്‍, പ്രാതല്‍, ഉച്ചഭക്ഷണ പാചകമെല്ലാം നടത്തും. മദ്യപിക്കില്ല, കൂട്ടുകാരില്ല. ഭാര്യക്കിഷ്ടമില്ലാത്തതിനാല്‍ മൊബൈല്‍ നോക്കില്ല, ടിവി കാണില്ല. ഭാര്യ കഴിച്ചു കഴിഞ്ഞിട്ടേ ആഹാരം കഴിക്കൂ. പുറത്തെങ്ങാനും പോയാല്‍ അര മണിക്കൂറിനകം വീടണയും. അതിനും ഭാര്യാമണി വഴക്കുപറഞ്ഞാല്‍ തലകുനിച്ചു കുറ്റഭാരത്തോടെ നോക്കി നില്‍ക്കും. ഭാര്യക്ക് അത്താഴം വിളമ്പിക്കൊടുത്തശേഷം ആഹാരം കഴിച്ചിട്ട് ഒമ്പതിന് ഉറങ്ങും. ഭാര്യയുടെ എച്ചില്‍പ്പാത്രത്തിലായിരിക്കും ഭര്‍ത്താവിന്റെയും ഭക്ഷണം. രണ്ടു തവണ പാത്രം കഴുകി ജലം പാഴാക്കരുതെന്ന കല്പന പ്രകാരമാണ് എച്ചില്‍ പാത്രത്തിലെ ഭക്ഷണം. പക്ഷേ ഈ നല്ല ഭര്‍ത്താക്കന്മാരെല്ലാം ഭാര്യമാരെ കൊന്ന കുറ്റത്തിന് ഇപ്പോള്‍ ജയിലുകളിലാണ്! എന്തിനും വേണ്ടേ ഒരതിര്! നവോത്ഥാനമതിലുകള്‍ തീര്‍ത്ത് ഊറ്റം കൊണ്ട നമ്മള്‍ പഴയ അയിത്തകാലത്തേക്ക് തിരിച്ചു നടക്കുകയാണോ? കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഒരു പരസ്യം കണ്ടു. പാചകക്കാരനെ ആവശ്യമുണ്ട്. യോഗ്യത മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ഹിന്ദു ബ്രാഹ്മണനായിരിക്കണം അബ്രാഹ്മണരും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല! ഓരോ മാസവും ഗുരുവായൂരിലെ കാണിക്കയെണ്ണി തിട്ടപ്പെടുത്താറുണ്ട്. കോടിക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വര്‍ണവുമാണ് ലഭിക്കുന്നത്. ഈ കാണിക്കയിലൊന്നും ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ എഴുതി വച്ചിട്ടില്ല. മിക്കവാറും ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമായിരിക്കും ബ്രാഹ്മണാള്‍ വക. ഗുരുവായൂരപ്പനായ സാക്ഷാല്‍ ശ്രീകൃഷ്ണനാകട്ടെ ദളിതും. യാദവകുലനാഥനായ ദളിത്. എന്നിട്ടും ദളിതന് പാചകക്കാരനാകാന്‍ പോലും അയിത്തം. ദളിതനായ ശ്രീകൃഷ്ണനെ പൂണൂലണിയിക്കുന്ന ബ്രാഹ്മണ്യവെറി. കലിയുഗവരദനായ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ ശാന്തിക്കാരനും തന്ത്രിയുമെല്ലാം മലയാളബ്രാഹ്മണരായിരിക്കണമെന്ന് മറ്റൊരു ചട്ടം. എന്നിട്ട് അബ്രാഹ്മണരെ പൂജാതന്ത്രങ്ങള്‍ പഠിപ്പിച്ച് പൂജാരിമാരാക്കുമെന്ന പ്രഖ്യാപനവും. അയിത്തവും നമുക്ക് ഒരാചാരമാവുകയാണോ, തീവ്രഹിന്ദുത്വം പോലെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.