26 June 2024, Wednesday
KSFE Galaxy Chits

ആദ്യ തോട്ടിത്തൊഴിലാളി യൂണിയന്‍ ഉണ്ടായത് കോഴിക്കോട്

കെ ജി പങ്കജാക്ഷന്‍ 
October 19, 2023 4:45 am

ആരാധ്യനായ തൊഴിലാളി നേതാവ് എം എം ലോറൻസിനെക്കുറിച്ച് മാതൃഭൂമി വാരികയില്‍ (ഒക്ടോബർ 22–28, പുസ്തകം 101 ലക്കം 32) കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ തോട്ടി എന്ന കവിത വായിച്ചു. ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയലായ വാക്ക് ‘IN’ എന്ന പംക്തിയിലും ഇന്ത്യയില്‍ ആദ്യമായി തോട്ടിത്തൊഴിലാളികള്‍ക്ക് സംഘടനയുണ്ടാക്കിയ എം എം ലോറന്‍സ് തൊണ്ണൂറാം വയസില്‍ എന്ന് പറയുന്നുണ്ട്. ചുള്ളിക്കാടിന്റെ കവിത അതിമനോഹരമാണ്. എം എം ലോറന്‍സ് എന്ന തൊഴിലാളി നേതാവിനെക്കുറിച്ചും അദ്ദേഹം തോട്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിനെക്കുറിച്ചുമൊക്കെ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. മറവിയുടെ തിരശീലക്കുള്ളിൽ തമസ്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടുവരുന്നത് ശ്ലാഘനീയമാണ്. എന്നാൽ അതില്‍ ചരിത്രപരമായ വലിയ പിശക് കടന്നുകൂടിയിട്ടുണ്ട്. ഇത്തരം വന്‍ അബദ്ധങ്ങള്‍ തിരുത്തപ്പെടേണ്ടതാണ്.
ഇന്ത്യയിൽ ആദ്യമായി തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചത് കോഴിക്കോട് കോര്‍പ റേഷന്റെ ആദ്യമേയറും തൊഴിലാളി പ്രസ്ഥാനത്തിന്റെ അനശ്വരനായ നേതാവുമായിരുന്ന സഖാവ് എച്ച് മഞ്ചുനാഥറാവു ആയിരുന്നു. ഇത് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്താകമാനമുള്ള തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട വസ്തുതയാണ്. കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംഘടനാ രംഗത്ത് വന്നത്. സഖാവ് പി കൃഷ്ണപിള്ളയുടെ നിർദേശമനുസരിച്ചാണ് 1943ല്‍ മഞ്ചുനാഥറാവു തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ രൂപീകരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ടി കെ കരുണന്‍ എന്ന അനിഷേധ്യനേതാവും ഉണ്ടായിരുന്നു. അന്ന് സമൂഹം അറപ്പോടെയും വെറുപ്പോടെയും നോക്കിക്കണ്ട മനുഷ്യരുടെ ജീവിതത്തിലാണ് മഞ്ചുനാഥറാവുവും ടി കെ കരുണനും ഇടപെട്ടത്. അതിന്റെ പേരിൽ ഇവർക്ക് ഒട്ടേറെ പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവരിരുവരും കോഴിക്കോട്ടെ തോട്ടിത്തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്‍ ശക്തിപ്പെടുത്തിയപ്പോള്‍ എം എം ലോറന്‍സ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് വെറും 10 വയസാണ് പ്രായം.


ഇതുകൂടി വായിക്കൂ: കർഷകത്തൊഴിലാളികളുടെ സാമൂഹ്യപദവി ഉയർത്തണം


കർണാടകയിൽ നിന്നും കോഴിക്കോട്ട് സ്വർണക്കച്ചവടത്തിന് വന്ന കുടുംബത്തിലെ പിൻതലമുറക്കാരൻ ആയിരുന്നു മഞ്ചുനാഥറാവു. ഹരിനായിക്കിന്റെയും പാർവതി ഭായിയുടെയും മകൻ. 1931 ബിഎ ഓണേഴ്സ് പാസായി എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുമ്പോൾത്തന്നെ ദേശീയ പ്രസ്ഥാനത്തിലും കോൺഗ്രസിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. 1931ൽ വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട്ടെത്തിയ അദ്ദേഹം കോൺഗ്രസിൽ ചേരുകയും മദ്യഷാപ്പ് പിക്കറ്റിങ്, വിദേശവസ്ത്ര ബഹിഷ്കരണം, തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള പ്രക്ഷോഭം, ഉപ്പുസത്യഗ്രഹം, കെ കേളപ്പജിയോടൊപ്പം ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ സജീവമാകുകയായിരുന്നു. 1932ൽ നിരോധിക്കപ്പെട്ട കോൺഗ്രസിന്റെ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായി 20 ദിവസം ജയിലിലടയ്ക്കപ്പെട്ടു. ജയില്‍മോചിതനായ മഞ്ചുനാഥറാവു പൊലീസ് മർദനത്തിന് വിധേയരാകുന്ന വളണ്ടിയർമാർക്ക് ചികിത്സയ്ക്കായി കോഴിക്കോട്ട് ഒരു ജനകീയ ആശുപത്രിയും വാർത്താവിനിമയത്തിനായി ഒരു സമാന്തര പോസ്റ്റൽ സർവീസും ആരംഭിക്കുന്നതിനായുള്ള പ്രവർത്തനം തുടങ്ങി. ഇതിന്റെ പേരിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ഒമ്പത് മാസത്തെ തടവിനും നൂറ് രൂപ പിഴയും ശിക്ഷിച്ചു.
1934 മുതൽ 36 വരെ അദ്ദേഹം എഐസിസി അംഗമായി പ്രവർത്തിച്ചു. കോഴിക്കോട് ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മലബാർ ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, കേരളാ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എന്നീ പദവികളിൽ സേവനം നടത്തി. സഖാക്കൾ പി കൃഷ്ണപിള്ള, കെ പി ഗോപാലൻ, എകെജി, ഇഎംഎസ് എന്നിവരോടൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുകയും അവിടെനിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും നേതാവുമാവുകയും ചെയ്തു.
കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രത്ത് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരണ യോഗത്തിൽ സഖാവ് പങ്കെടുത്തു. സമൂഹത്തിലെ ഏറ്റവും ദുരിതം അനുഭവിച്ചിരുന്ന മുനിസിപ്പൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് പി കൃഷ്ണപിള്ളയുടെ നിർദേശ പ്രകാരം ടി കെ കരുണേട്ടനോടൊപ്പം സജീവമായി രംഗത്തുവന്നു. 1946ല്‍ കോഴിക്കോട്ട് നടന്ന മുൻസിപ്പൽ തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയത് മഞ്ചുനാഥറാവു ആയിരുന്നു. ഭീകരമായ പൊലീസ് മർദനത്തിനുശേഷം സെക്രട്ടറി ടി കെ കരുണനെ അറസ്റ്റ് ചെയ്ത്, വെല്ലൂർ സെൻട്രൽ ജയിലിൽ അടച്ചു. മഞ്ചുനാഥ റാവു ദീർഘകാലം കോഴിക്കോട്ടെ മുനിസിപ്പൽ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായും എഐടിയുസി കോഴിക്കോട് ജില്ലാ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.


ഇതുകൂടി വായിക്കൂ: തൊഴിലാളി പ്രക്ഷോഭം


1937ൽ കോൺഗ്രസ് ടിക്കറ്റിൽ കോഴിക്കോട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. 1957ൽ കോഴിക്കോട് നിയോജക മണ്ഡലത്തിൽ നിന്നും പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ടു. 1962ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ചു. എതിർസ്ഥാനാർത്ഥി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ സി എച്ച് മുഹമ്മദ് കോയ ആയിരുന്നു. 763 വോട്ടുകൾക്ക് സഖാവ് പരാജയപ്പെട്ടു. 1962ൽ കോഴിക്കോട് മുനിസിപ്പാലിറ്റി കോർപറേഷനായി ഉയർത്തപ്പെട്ടപ്പോൾ പാർട്ടി ടിക്കറ്റിൽ പതിനഞ്ചാം ഡിവിഷനിൽ മത്സരിക്കാൻ നിയോഗിക്കപ്പെട്ട സഖാവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ തന്നെ കോഴിക്കോട് കോർപറേഷന്റെ പ്രഥമ മേയറായി 1962 നവംബർ 21ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് പൂജപ്പുര ജയിലിലടച്ചു.
1963 ഫെബ്രുവരി 28ന് സഖാവ് ജയിൽ മോചിതനായി. വീണ്ടും മേയർ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 1963 നവംബർ ആറ് വരെ തൽസ്ഥാനത്ത് തുടർന്നു. സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് 1972 ഓഗസ്റ്റ് പതിനഞ്ചിന് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് താമ്രപത്രം നൽകി ആദരിച്ചു. പാർട്ടിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് സിപിഐയിൽ ഉറച്ചുനിന്ന് പാർട്ടിയും ബഹുജന സംഘടനകളും ശക്തിപ്പെടുത്താൻ അക്ഷീണം പ്രവർത്തിച്ചു. ജീവിതാവസാനം വരെയും സഖാവ് സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായിരുന്നു. ഒക്ടോബർ 29ന് അദ്ദേഹത്തിന്റെ നാല്പതാം ചരമവാർഷികദിനമാണ്.


ഇതുകൂടി വായിക്കൂ: കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്ത പ്രക്ഷോഭം


കൊച്ചി മുനിസിപ്പാലിറ്റിയിൽ 1950ലാണ് തോട്ടിത്തൊഴിലാളികൾക്ക് സംഘടനയുണ്ടാകുന്നത്. ജോർജ് ചടയംമുറി, കെ എ രാജൻ, എം എം ലോറൻസ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി അമരാവതി മാർക്കറ്റിന് സമീപം തീട്ടപ്പറമ്പ് എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലത്താണ് ആദ്യ യോഗം ചേർന്നതും കെ എ രാജൻ പ്രസിഡന്റ്, റോക്സ് ഫെർണാണ്ടസ് സെക്രട്ടറി, എം എം ലോറൻസും ടി എം അബുവും സഹഭാരവാഹികളുമായി യൂണിയൻ രൂപീകരിച്ചതും. 1950ൽ തിരു-കൊച്ചി സംസ്ഥാനത്തെ 510-ാം നമ്പർ യൂണിയൻ ആണ് ഇത്. യൂണിയന്റെ രജിസ്റ്റർ നമ്പർ 5/195/1950 ആണ്. 1985 മുതൽ 2014 വരെ എം എം ലോറൻസ് മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. എഐടിയുസി, സിഐടിയു, യുടിയുസി എന്നീ സംഘടനകളായിരുന്നു ഫെഡറേഷനിൽ ഉണ്ടായിരുന്നത്.
2014ൽ ഒരു വിഭാഗം പിളർന്ന് സിഐടിയു സംഘടന രൂപീകരിച്ചപ്പോൾ അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു, അഥവാ അദ്ദേഹത്തെ ഒഴിവാക്കി. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക കമ്മ്യൂണിസ്റ്റാണ് സഖാവ് എം എം ലോറൻസ്. അദ്ദേഹത്തെ ഇകഴ്ത്തി കാണിക്കാനോ കവി പറഞ്ഞതുപോലെ ഇരുമ്പാണിയിൽ കിടത്താനോ അല്ല ഈ കുറിപ്പ്. മറിച്ച് ചില തെറ്റുകൾ ചൂണ്ടിക്കാട്ടാനും ചരിത്രപരമായ പിശകുകള്‍ തിരുത്താനും മാത്രമാണ്.


(കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപറേഷൻ
വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി)
പ്രസിഡന്റാണ് ലേഖകന്‍)

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.