27 April 2024, Saturday

Related news

April 1, 2024
March 19, 2024
February 26, 2024
February 26, 2024
February 25, 2024
February 25, 2024
February 24, 2024
February 24, 2024
February 24, 2024
February 23, 2024

കർഷകത്തൊഴിലാളികളുടെ സാമൂഹ്യപദവി ഉയർത്തണം

Janayugom Webdesk
പി കെ കൃഷ്ണന്‍
September 28, 2023 4:45 am

രാജ്യത്താകെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ സങ്കീർണമായിരിക്കുന്ന സന്ദർഭമാണിത്. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി കേന്ദ്രഭരണം കയ്യാളുന്ന ബിജെപി, ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കാനും ഭരണഘടനയെ വെല്ലുവിളിക്കാനും ശ്രമിച്ചുവരുന്നു. അധ്വാനിക്കുന്നവരും സമ്പത്ത് ഉല്പാദിപ്പിക്കുന്നവരുമായ തൊഴിലാളികളുടെയും കൃഷിക്കാരുടെയും താല്പര്യങ്ങളെക്കാൾ ധനമൂലധനശക്തികളുടെ താല്പര്യങ്ങൾക്കാണവർ പരിഗണന നല്‍കുന്നത്. സർവനാശത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഈ വിനാശകരമായ ഭരണത്തിനെതിരായി വലിയ പ്രതിഷേധങ്ങൾ രാജ്യത്താകെ ഉയർന്നുവരികയാണ്. ഈ പ്രതിഷേധത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലയിലുള്ളവരും അണിനിരക്കുന്നുണ്ട്. ബിജെപിയെ പുറത്താക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ ദേശവ്യാപകമായി ഒരു കൂട്ടായ്മ കെട്ടിപ്പടുക്കുവാൻ ജനാധിപത്യ‑മതനിരപേക്ഷ പാർട്ടികളും ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളും യോജിച്ചു മുന്നോട്ടുവരുന്ന സന്ദർഭമാണിത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കേന്ദ്രസർക്കാരിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ബദൽനയം രൂപപ്പെടുത്തി ജനകീയപ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ചേരുന്ന കർഷകത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാനസമ്മേളനം ഈ രാഷ്ട്രീയസംഭവഗതികളെക്കുറിച്ചും കർഷകത്തൊഴിലാളിസമൂഹം പൊതുവിൽ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന വേദിയാകും.

ദീർഘകാലമായി സാമൂഹ്യമായി അവഗണിക്കപ്പെട്ടവരും അവശതയനുഭവിക്കുന്നവരുമാണ് കർഷകത്തൊഴിലാളികൾ. അവരുടെ സാമൂഹ്യപദവി ഉയർത്തി സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ പരിഗണന ലഭിക്കാൻ അവർക്ക് അവസരം ഒരുക്കാനാണ് കർഷകത്തൊഴിലാളി പ്രസ്ഥാനം എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ച സംഘടനയാണ് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ. ഈ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി ഭൂപരിഷ്കരണം, സംവരണം, ഭവനനിർമ്മാണം, പെൻഷൻ, ക്ഷേമപദ്ധതികൾ, മിനിമം കൂലി, റേഷനിങ്, സൗജന്യവിദ്യാഭ്യാസവും ചികിത്സയും, തൊഴിൽദാനപദ്ധതികള്‍ ഉൾപ്പെടെ ഒട്ടേറെ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ ഭരണകൂടം നിർബന്ധിതമായി. തൽഫലമായി കർഷകത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യപദവി ഒരു പരിധിവരെ ഉയരാനും ഇടയായി. എന്നാൽ നിരവധി സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ ബാക്കിനിൽക്കുകയാണ്. കർഷകത്തൊഴിലാളികളുടെ സാമൂഹ്യപദവി ഉയർത്താൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതികളുടെ നടത്തിപ്പിന് വേണ്ടത്ര വേഗതയില്ലെന്നു മാത്രമല്ല അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിച്ചേരുന്നുമില്ല. അതിനാൽ ആ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും ഈ സമ്മേളനത്തിലുയർന്നുവരും. ഭൂപരിഷ്കരണനടപടികളുടെ ഫലമായി കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്ക് ചെറു തുണ്ടുഭൂമിയിൽ അവകാശം ലഭിച്ചു. കൈവശക്കാർക്കും പാട്ടക്കാർക്കും വാരക്കാർക്കും അവർ കൈവശം വച്ചിരുന്ന ഭൂമിയത്രയും സ്വന്തമായി. എന്നാല്‍ നിയമപരിഷ്കരണം വഴി കർഷകത്തൊഴിലാളികൾക്ക് അർഹതപ്പെട്ട അളവിൽ ഭൂമി ലഭ്യമായിട്ടില്ല എന്ന പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ചത് മിച്ചഭൂമി വിതരണം ചെയ്യുമ്പോൾ 50 ശതമാനം പട്ടികവിഭാഗങ്ങൾക്കായി നീക്കിവയ്ക്കുമെന്നായിരുന്നു. പക്ഷേ മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും പല സാങ്കേതികകാരണങ്ങളാൽ ഫലപ്രദമായി നടന്നില്ല. ഭൂരഹിതർക്ക് ഭൂമിയും വീടും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ലക്ഷം വീടു പദ്ധതികൾക്ക് രൂപം നൽകിയത്. പിന്നീട് പല പേരുകളിലായി ഭവനനിർമ്മാണ പദ്ധതികൾ രൂപപ്പെടുകയും നടപ്പിലാക്കുകയും ചെയ്തുവെങ്കിലും ഭൂരഹിത‑ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് പൂര്‍ണമായി പരിഹാരം കാണാൻ കഴിഞ്ഞില്ല. നിലവിൽ ആറ് ലക്ഷത്തിൽപ്പരം കുടുംബങ്ങൾ ഭവനരഹിതരും ഭൂരഹിതരും ആയി കേരളത്തിൽ അവശേഷിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: കാബ്കോ യാഥാര്‍ത്ഥ്യമാകുമ്പോള്‍


ഭൂരഹിത‑ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഭവനനിർമ്മാണത്തിന് ആവശ്യമായത്ര ഭൂമിയും ഫണ്ടും ലഭ്യമാക്കണം. ഭൂമി കണ്ടെത്താൻ നിലവിലെ നിയമത്തിലെ കൈവശഭൂമിയുടെ പരിധി കുറയ്ക്കണം. അതോടൊപ്പം പ്രഖ്യാപിക്കപ്പെട്ട മിച്ചഭൂമി പൂർണമായി ഏറ്റെടുക്കണം. അറിഞ്ഞോ അറിയാതെയോ മിച്ചഭൂമി വിലകൊടുത്ത് വാങ്ങിയവരിൽനിന്ന് ഒരേക്കറിന് മേലുള്ള ഭൂമി തിരിച്ചെടുക്കണം. എസ്റ്റേറ്റുകളുടെ കൈവശമുള്ളതും തരിശായിക്കിടക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കണം. നിർഭാഗ്യവശാൽ ഈ രണ്ടു കാര്യങ്ങളിലും കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട ഭൂരഹിത‑ഭവനരഹിതരുടെ താല്പര്യങ്ങൾക്ക് മുൻഗണന ലഭിക്കുന്നില്ല.
ലക്ഷക്കണക്കിന് ഭൂരഹിതരാണ് തോട്ടംമേഖലയിൽ പണിചെയ്യുന്നത്. അവര്‍ക്ക് അർഹതപ്പെട്ട ഭൂമി ലഭ്യമാകാതെ തോട്ടമുടമകളിൽത്തന്നെ നിക്ഷിപ്തമാകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. തോട്ടങ്ങളുടെ അഞ്ച് ശതമാനം പ്രദേശം തോട്ടേതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ അനുമതി നൽകിയത് വിവേകരഹിതമായ നടപടിയാണ്. 1970 ജനുവരി ഒന്നു മുതൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാലമായിരിക്കുന്നു എന്നാണ് കർഷകത്തൊഴിലാളി ഫെഡറേഷന്റെ അഭിപ്രായം.
കർഷകത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി 1974ലെ കർഷകത്തൊഴിലാളി നിയമത്തിന്റെ ചുവടുപിടിച്ചു നടപ്പിലാക്കിയ കേരള കർഷകത്തൊഴിലാളി ക്ഷേമപദ്ധതി ഇന്നത്തെ രീതിയില്‍ തുടരുന്നതിൽ കാര്യമില്ല. പദ്ധതി തൊഴിലാളികളെ ആകർഷിക്കുന്നതാകണം. പദ്ധതിവഴി മെച്ചപ്പെട്ട ആനുകൂല്യം പ്രഖ്യാപിച്ചു നടപ്പിലാക്കണം. 1991 ൽ മുതൽ നടപ്പിലാക്കിവരുന്ന കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 60 വയസായതിനെ തുടർന്ന് വിരമിച്ച മൂന്ന് ലക്ഷത്തിൽപ്പരം തൊഴിലാളികൾ കഴിഞ്ഞ എട്ട് വർഷക്കാലമായി ആനുകൂല്യത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന സ്ഥിതി അപമാനകരമാണ്. പരിഹരിക്കപ്പെടേണ്ട ഒരു പ്രധാനകാര്യമാണിത്.
1980ലെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ കർഷകത്തൊഴിലാളി പെൻഷൻ കുടിശിക വരാതെ ലഭ്യമാക്കാൻ സർക്കാർ എടുക്കുന്ന തീരുമാനങ്ങള്‍ സ്വാഗതാർഹമാണ്. സർക്കാരിന്റെ കാലാവധിക്കു മുമ്പ് പെൻഷൻ 2,500 രൂപയാക്കുമെന്ന് 2016ലെ തെരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനം പാലിക്കണം. സമ്പത്തുല്പാദനമേഖലയിൽ പണിയെടുത്ത കർഷകത്തൊഴിലാളികൾക്ക് ഉപാധിരഹിതമായി പെൻഷൻ ലഭ്യമാക്കണം. പെൻഷൻ‌, തൊഴിലാളികളുടെ അവകാശമാണ് സർക്കാരിന്റെ ഔദാര്യമല്ല എന്ന നിലപാടാണ് കർഷകത്തൊഴിലാളി ഫെഡറേഷനുള്ളത്. അതിനാൽ ഉപാധിരഹിതമായി പെൻഷൻ നിശ്ചയിക്കുകയും 3,000 രൂപയായി ഉയർത്തുകയും ചെയ്യണം.

അനിയന്ത്രിതമായ യന്ത്രവൽക്കരണവും വ്യാപകമായ തരിശിടലും ഭൂമി തരംമാറ്റലുമെല്ലാം കർഷകത്തൊഴിലാളികളുടെ തൊഴിലവസരം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യന്ത്രവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. തരിശുനില കൃഷി സർക്കാരിന്റെ ഒരു പദ്ധതിയാണ്. അതുവഴി വ്യാപകമായി തരിശുനിലങ്ങൾ കൃഷി ചെയ്യാൻ പദ്ധതിയുമുണ്ട്. ഒരു പ്രത്യേക ഏജൻസിയുടെ ചുമതലയിൽ നടക്കുന്ന ഈ പദ്ധതിയില്‍ കാര്യമായ തൊഴിലവസരം ലഭ്യമല്ല. കൃഷിക്കാർക്ക് കൃഷിപ്പണി അറിയാവുന്ന കർഷകത്തൊഴിലാളികളെ ലഭ്യമാക്കണം. അതിനായി ജോലിചെയ്യാൻ തയ്യാറുള്ള തൊഴിലാളികളെ ഉൾപ്പെടുത്തി ‘കാർഷിക കർമ്മസേന’യ്ക്ക് രൂപം നൽകണം. പുതിയ കാർഷിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കണം. പ്രത്യേക യൂണിഫോമും ഐഡന്റിറ്റി കാർഡും മെച്ചപ്പെട്ട കൂലിയും ഉറപ്പാക്കണം.
പല കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും തൊഴിലവസരം ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി രൂപപ്പെട്ടത്. നിലവിലെ കേന്ദ്രസർക്കാർ, പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ആ നിലപാട് തിരുത്താൻ വലിയ സമ്മർദം ആവശ്യമാണ്. കേരളത്തിൽ നഗരവൽക്കരണം ശക്തിപ്രാപിച്ചുവരികയാണ്. നഗരാതിർത്തിയിലെ തൊഴിലാളികൾക്കു കൂടി തൊഴിലുറപ്പുപദ്ധതിയുടെ ആനുകൂല്യവും അവസരവും ലഭ്യമാക്കാൻ കേരള സർക്കാർ നിയമനടപടി സ്വീകരിച്ചത് അഭിനന്ദനീയമാണ്. പദ്ധതി ശക്തിപ്പെടുത്താനും പ്രഖ്യാപിതദിവസങ്ങളിൽ തൊഴിൽ ലഭ്യമാക്കാനും കാർഷികമേഖലയിലേക്ക് കൂടി പദ്ധതി നടപ്പിലാക്കാനും തീരുമാനിക്കണം. അത് കൃഷിക്കാർക്ക് സഹായകമാകുകയും കർഷകത്തൊഴിലാളികൾക്ക് തൊഴിലവസരത്തിന് വഴിയൊരുക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനും സൗജന്യമാക്കാനും കേരളസർക്കാർ തീരുമാനിച്ചത് കർഷകത്തൊഴിലാളികൾക്ക് അനുഗ്രഹമാണ്. പക്ഷേ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചിട്ടും വേണ്ടത്ര തൊഴിലവസരം ലഭ്യമാകാത്തതും സംവരണം പ്രഖ്യാപിതലക്ഷ്യത്തിൽ എത്താത്തതും പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സഹായകരമല്ല. സംവരണം, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണം. കർഷകത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാനസമ്മേളനം മേൽചൂണ്ടിക്കാട്ടിയ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുന്ന വേദിയായിമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.