കേരളത്തിലെ തീവണ്ടി യാത്രികര്‍ അസാധാരണമായ ദുരിതമാണ് നേരിടുന്നത്. സാധാരണക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന തീവണ്ടികളില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടുന്നു. നിരവധി യാത്രക്കാരും വരുമാനവുമുള്ള മേഖല എന്ന നിലയില്‍ കേരളത്തിന് റെയില്‍വേ രംഗത്ത് കൂടുതല്‍ സൗകര്യങ്ങളും പരിഗണനയും ഉണ്ടാവണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അവയൊന്നും അധികൃതര്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല ദുരിതത്തിന് ആക്കം കൂട്ടുന്ന പുതിയ തീരുമാനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്യുന്നു. അതിന്റെ ഭാഗമായിരുന്നു സെപ്റ്റംബറില്‍ പ്രധാനപ്പെട്ട അര ഡസനോളം തീവണ്ടികളിലെ കോച്ചുകളുടെ എണ്ണം കുറച്ച നടപടി. മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന മലബാര്‍, മാവേലി എക്സ്പ്രസുകളിലെ രണ്ടു വീതം കോച്ചുകളാണ് കുറച്ചത്. ഇതിന് പുറമേ ചെന്നൈ-മംഗളൂരു റൂട്ടില്‍ ഓടുന്ന തീവണ്ടിയുടെ കോച്ചുകളിലും കുറവ് വരുത്തി. കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നുനില്‍ക്കേയാണ് അവ നിര്‍ത്തലാക്കി, പകരം ഉയര്‍ന്ന ക്ലാസിലുള്ള കോച്ചുകളാക്കി മാറ്റിയത്. രണ്ട് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍ത്തലാക്കുക വഴി 150 ഓളം പേര്‍ക്ക് കിടന്നും ഇരുന്നും യാത്ര ചെയ്യുന്നതിനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടത്. വടക്കന്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ചികിത്സാ സംവിധാനങ്ങളെയും സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ ഭരണ കേന്ദ്രങ്ങളെയും ആശ്രയിക്കുന്ന, സാധാരണക്കാര്‍ ഉപയോഗിക്കുന്ന മലബാര്‍, മാവേലി എക്സ്പ്രസുകളിലെ കോച്ചുകളുടെ എണ്ണം കുറച്ചതിന്റെ ഫലമായി ദുരിതമനുഭവിക്കുന്നവരില്‍ കൂടുതലും രോഗികളും അവരെ അനുഗമിക്കുന്നവരുമാണ്. ഏര്‍പ്പെടുത്തിയ അധിക കോച്ചുകളാകട്ടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ളതല്ലതാനും.
ഇതിന്റെകൂടെയാണ് വന്ദേഭാരത് തീവണ്ടികള്‍ അനുവദിച്ചതിന്റെ പേരില്‍ യാത്രക്കാര്‍ നേരിടേണ്ടിവന്നിരിക്കുന്ന ദുരിതങ്ങള്‍. തിരുവനന്തപുരം — കാസര്‍കോട് റൂട്ടില്‍ വന്ദേഭാരത് തീവണ്ടികള്‍ ഓടിത്തുടങ്ങിയതോടെ പകല്‍ സമയത്തുള്ള മറ്റ് തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയും പിടിച്ചിട്ടും യാത്രക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അതിവേഗ — ആഡംബര തീവണ്ടികള്‍ സമയക്രമം പാലിച്ച് ഓടിക്കുന്നതിന് മറ്റ് തീവണ്ടികളോട് കാട്ടുന്ന ഈ സമീപനം സാധാരണക്കാരായ യാത്രക്കാരെയാണ് കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത്. പകല്‍ സമയത്ത് ഏറ്റവും തിരക്ക് അനുഭവപ്പെടാറുള്ള പരശുറാം എക്സ്പ്രസില്‍ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ എണ്ണം കുറയ്ക്കുന്നതിനാണ് തീരുമാനിച്ചത്. കോടതി ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റിയെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന പരശുറാമിന്റെ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്തുന്നതിനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. രണ്ടോ മൂന്നോ തീവണ്ടികളില്‍ പോകേണ്ട യാത്രക്കാരാണ് ഈ ഒരു തീവണ്ടിയില്‍ മാത്രം സഞ്ചരിക്കേണ്ടിവരുന്നത്. അമിതമായ തിരക്കുകാരണം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുഴഞ്ഞുവീഴുന്ന അവസ്ഥയുണ്ടായെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തില്‍ യാത്രയ്ക്കിടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് മതിയായ പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ പോലുമില്ലാതെയാണ് തീവണ്ടികള്‍ ഓടുന്നത് എന്ന ഗുരുതരമായ മനുഷ്യാവകാശ പ്രശ്നവും ഉയര്‍ന്നുവന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലിനും പഠനത്തിനും അഭിമുഖത്തിനുമൊക്കെയായി പോകുന്ന യാത്രക്കാര്‍ക്ക് നിശ്ചിത സമയത്ത് എത്താനാവാതെ പോകുന്നതും വലിയ പ്രശ്നമാണ്. ഇന്നലെയാണ് എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ സുപ്രധാനമായൊരു ഉത്തരവുണ്ടായത്. തീവണ്ടി 13 മണിക്കൂര്‍ വൈകിയതുമൂലം യാത്ര മുടങ്ങിയ വ്യക്തിക്ക് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഒട്ടനവധി യാത്രക്കാര്‍ ഇത്തരം ദുരിതം നേരിടുന്നുണ്ട്. എന്നാല്‍ പരാതിക്കും മറ്റും പോകുന്നില്ലെന്നുമാത്രം.
ഇതിന് പുറമേയാണ് പാതകളുടെ നവീകരണവും അറ്റകുറ്റപ്പണികളും പറഞ്ഞ് തീവണ്ടികള്‍ റദ്ദാക്കുന്നതും വൈകിപ്പിക്കുന്നതും. ഏഴ് മാസം മുമ്പ് പാത നവീകരണത്തിന്റെ പേരില്‍ തിരുവനന്തപുരത്തുനിന്നുള്ള തീവണ്ടി തൃശൂരില്‍ നിന്നും പുറപ്പെടുമെന്നും ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരേണ്ട തീവണ്ടി എറണാകുളത്ത് യാത്ര അവസാനിപ്പിക്കുമെന്നുമുള്ള വിചിത്രമായ തീരുമാനവും റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായി. ഇപ്പോഴാകട്ടെ നവീകരണത്തിന്റെ പേരില്‍ മിക്കവാറും എല്ലാ തീവണ്ടികളും വൈകിയാണ് ഓടുന്നത്. കേരളത്തില്‍ ശരാശരി അഞ്ച് ലക്ഷത്തിലധികം പേര്‍ പ്രതിദിനം യാത്രയ്ക്ക് ആശ്രയിക്കുന്നത് തീവണ്ടികളെയാണ്. ഇത്രയധികം പേര്‍ യാത്ര ചെയ്യുന്ന മറ്റൊരു സംസ്ഥാനവുമുണ്ടാകില്ല. അഞ്ച് കോടിയോളം രൂപ കേരളത്തില്‍ നിന്ന് യാത്രാ നിരക്കായിമാത്രം ലഭിക്കുന്നു. എന്നാല്‍ പുതിയ തീവണ്ടികള്‍ അനുവദിക്കുക, കോച്ചുകള്‍ വര്‍ധിപ്പിക്കുക, യഥാസമയം അറ്റകുറ്റപ്പണികളും നവീകരണവും നടത്തുക തുടങ്ങി എല്ലാ കാര്യത്തിലും കേരളത്തോട് കടുത്ത അവഗണനയാണ് റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിവേഗ തീവണ്ടികളുടെ പേരില്‍ നിലവിലുള്ളവയിലെ യാത്രക്കാര്‍ക്കുണ്ടാക്കുന്ന ദുരിതങ്ങളും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ വെട്ടിക്കുറച്ചതും അതിന്റെ അവസാനത്തെ ഉദാഹരണമാണ്. യാത്രാദുരിതം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നത് സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.