19 May 2024, Sunday

Related news

May 19, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024

ദേശീയ വിഭവ വിതരണവും ജനപ്രാതിനിധ്യവും ചര്‍ച്ചയാവണം

Janayugom Webdesk
October 21, 2023 5:00 am

കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും രാജ്യത്തിന്റെ സന്തുലിതവും നീതിപൂർവവുമായ ഫെഡറൽ സംവിധാനം സംബന്ധിച്ചും നിർണായകമായ ചർച്ചകൾ ദേശീയ രാഷ്ട്രീയജീവിതത്തിൽ സജീവമാകുകയാണ്. അവ കേന്ദ്രനികുതിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് വിഭജിച്ചുനൽകേണ്ട വിഹിതത്തെപ്പറ്റിയും ലോക്‌സഭാ നിയോജകമണ്ഡലങ്ങളുടെ പുനർനിർണയത്തെപ്പറ്റിയുമുള്ള ചർച്ചകളാണ്. കേന്ദ്രനികുതിയിനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതത്തിന്റെ കാര്യത്തിൽ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്ന വിമർശനം ശക്തമാണ്. കേന്ദ്രസർക്കാർ 16-ാം ധനകാര്യ കമ്മിഷൻ രൂപീകരിക്കാനും അതിന്റെ അനുശാസനം സംബന്ധിച്ചുമുള്ള ചർച്ചകൾ ആരംഭിച്ചതായുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യ നിയന്ത്രിക്കുന്നതിലും ജനജീവിതത്തെ ബാധിക്കുന്ന സാമ്പത്തികവളർച്ച കൈവരിക്കുന്നതിലും അതിന്റെ വിതരണത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഗണ്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതരീതിയിലാണ് നികുതിവരുമാനത്തിൽ നിന്നുള്ള വിഹിതം നിശ്ചയിക്കുന്നതെങ്കിൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കേരളം ഇക്കാര്യത്തിൽ നേരിടുന്ന നീതിരഹിതമായ സ്ഥിതിവിശേഷം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 10-ാം ധനകാര്യ കമ്മിഷൻ കേരളത്തിന് അനുവദിച്ചിരുന്ന വിഹിതം 3.8 ശതമാനമായിരുന്നു. ഇപ്പോൾ അത് 1.9ശതമാനമായി കുറഞ്ഞു. ഇതുമൂലം സംസ്ഥാനത്തിന് പതിനായിരക്കണക്കിന് കോടി രൂപയുടെ വരുമാനനഷ്ടമാണ് സംഭവിച്ചത്. ജനസംഖ്യാ നിയന്ത്രണത്തിലും ദാരിദ്ര്യനിർമ്മാർജനത്തിലും കേരളം കൈവരിച്ചനേട്ടം സംസ്ഥാനത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഈ അനീതി തുടരാൻ അനുവദിച്ചുകൂടാ. ജനസംഖ്യാ നിയന്ത്രണം, ദാരിദ്ര്യനിർമ്മാർജനം എന്നിവയിൽ ദേശീയലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കാകട്ടെ ഉർവശീശാപം ഉപകാരമായി മാറുന്ന വിരോധാഭാസത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; ചന്ദ്രയാനില്‍ മോഡിയുടെ ബിംബവല്‍ക്കരണം അല്പത്തം


ലോക്‌സഭാ മണ്ഡല പുനർനിർണയത്തിലും ജനപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവാതിരിക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടലും സമ്മർദവും കൂടിയേതീരൂ. 2026ൽ മണ്ഡലപുനർനിർണയം നടക്കേണ്ടതുണ്ട്. ഭരണഘടനയുടെ 81-ാം അനുച്ഛേദമനുസരിച്ച് ഓരോ നിയോജകമണ്ഡലവും ജനസംഖ്യാനുസൃതമായാണ് പുനർനിർണയിക്കപ്പെടുക. ഇവിടെയും മേൽവിവരിച്ച ജനസംഖ്യയിലെ അസന്തുലിതത്വം കേരളത്തിനും തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കും വിനയാകും. 2021ൽ നടക്കേണ്ടിയിരുന്ന ദശവത്സര കാനേഷുമാരി കണക്കെടുപ്പുകൂടാതെയാണ് ഇപ്പോൾ മണ്ഡല പുനർനിർണയമെങ്കിൽ ജനസംഖ്യ സംബന്ധിച്ച വ്യക്തമായ കണക്കുകളുടെ അഭാവത്തിലായിരിക്കും അത് നടക്കുക. കാനേഷുമാരി കണക്കെടുപ്പ് നടന്നാൽത്തന്നെ ജനസംഖ്യാനിയന്ത്രണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനങ്ങൾക്ക് ആനുപാതികമല്ലാത്ത പ്രാതിനിധ്യം ലഭിക്കുന്നതിനും ദേശീയലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനങ്ങളുടെ ജനപ്രാതിനിധ്യ സന്തുലിതാവസ്ഥ തകർക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിലേക്കുമായിരിക്കും നയിക്കുക. ഉദാഹരണത്തിന് ഇപ്പോൾ 80 ലോക്‌സഭാ സീറ്റുകൾ മാത്രമുള്ള ഉത്തർപ്രദേശിന്റെ പ്രാതിനിധ്യം 143 ആയി ഉയരുകയും കേരളത്തിന്റെ സീറ്റുകളുടെ എണ്ണം കുറഞ്ഞില്ലെങ്കിൽത്തന്നെ 20 ആയി തുടരുകയുമായിരിക്കും ഫലം. അത് ജനപ്രാതിനിധ്യത്തിൽ കടുത്ത അസന്തുലിതത്വമായിരിക്കും സൃഷ്ടിക്കുക. ഇത് ദേശീയതലത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തമെന്ന ആശയത്തെത്തന്നെ അപ്രസക്തമാക്കും. രാഷ്ട്രജീവിതത്തിന്റെ മറ്റെല്ലാ രംഗങ്ങളിലും അത് നിഷേധാത്മക പ്രതികരണം സൃഷ്ടിക്കുമെന്നുള്ളതിന്റെ സൂചനകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസമടക്കം വിവിധ രംഗങ്ങളിൽ പ്രവേശനം ജനസംഖ്യാനുപാതികമാക്കാൻ ഇപ്പോൾത്തന്നെ നീക്കം ശക്തമാണ്. സംസ്ഥാനങ്ങളിലെ ജനങ്ങളുടെ, നീതിരഹിതമായ അവസരനിഷേധമായി വേണം ഇത്തരം നീക്കങ്ങളെ കാണാൻ.


ഇതുകൂടി വായിക്കൂ; മോഡി ഭരണത്തിന്റെ ഇരുണ്ടദിനങ്ങള്‍


ദേശീയ സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിപൂർവമായ വിതരണം, രാഷ്ട്രജീവിതത്തിൽ ഫെഡറൽ മൂല്യങ്ങൾക്ക് അനുസൃതമായ പങ്കാളിത്തവും ജനപ്രാതിനിധ്യവും എന്നിവ സജീവ ചർച്ചാവിഷയങ്ങളായി മാറുകയാണ്. രാജ്യത്തിന്റെ സന്തുലിതമായ വളർച്ചയ്ക്കും വികാസത്തിനും ജനതയുടെയും രാഷ്ട്രത്തിന്റെയും ആരോഗ്യകരമായ നിലനില്പിനും ദേശീയഐക്യം നിലനിർത്തിക്കൊണ്ടുള്ള ജനപ്രാതിനിധ്യവും തുല്യതയുടെ അടിസ്ഥാനത്തിലുള്ള പങ്കാളിത്തവും അനിവാര്യമാണ്. ഭരണകക്ഷിയുടെ നിക്ഷിപ്ത താല്പര്യങ്ങൾക്കപ്പുറം ജനാധിപത്യപരവും സുതാര്യവുമായ ചർച്ചകൾ ഈ അടിസ്ഥാന പ്രശ്നങ്ങളിൽ വളർന്നുവരേണ്ടതുണ്ട്. തിടുക്കത്തിലുള്ളതും ഏകപക്ഷീയവുമായ നിലപാടുകളും തീരുമാനങ്ങളും ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും. പ്രതിപക്ഷപാർട്ടികളും വിശിഷ്യ ഇന്ത്യ സഖ്യമടക്കമുള്ള രാഷ്ട്രീയ കൂട്ടായ്മകളും അവരുടെ പ്രവർത്തനത്തിന്റെ കേന്ദ്രസ്ഥാനത്ത് ഈ മൗലിക പ്രശ്നങ്ങളെ പ്രതിഷ്ഠിക്കുമെന്നുവേണം പ്രതീക്ഷിക്കാൻ. ഇന്ത്യൻ യൂണിയൻ എന്നത് സംസ്ഥാനങ്ങളുടെ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ദേശീയ ഐക്യപ്പെടലാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നിർണായക പ്രാധാന്യമുള്ള ഈ ചർച്ച പുരോഗമിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.