9 January 2025, Thursday
KSFE Galaxy Chits Banner 2

വ ധശിക്ഷ: ഇന്ത്യക്കാരെ തിരിച്ചെത്തിക്കല്‍ വെല്ലുവിളി

യെസ്‌കെ
October 30, 2023 4:29 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘കരുത്തുറ്റ വിദേശനയം’ കാനഡയോട് ഏറ്റുമുട്ടുകയും അന്നാട്ടിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കീഴടങ്ങാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്തുവെന്ന് കേന്ദ്രഭരണകൂടവും അതിന്റെ സ്തുതിപാഠകരും വിലയിരുത്തുന്നു. ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു മുമ്പിലുള്ളത്. 2022 ഓഗസ്റ്റ് 30നാണ് മുൻ നാവിക ഉദ്യോഗസ്ഥരായ എട്ടുപേരെ ദോഹയിൽവച്ച് ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പ്രതിരോധ സേവനങ്ങൾ നൽകുന്ന ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആന്റ് കൺസൾട്ടൻസി സർവീസസിന് വേണ്ടി ജോലി ചെയ്തിരുന്നവരാണ് എട്ടുപേരും. ഒമാനി സ്വദേശിയായ സ്ഥാപനമുടമയെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും നവംബറിൽ വിട്ടയച്ചു. ഖത്തർ ജയിലിൽ കഴിയുന്ന മലയാളി അടക്കമുള്ള എട്ട് ഇന്ത്യക്കാരെ മോചിപ്പിക്കുക എന്നുള്ളത് വെല്ലുവിളി നിറഞ്ഞ വിഷയമാണ്. മുൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി കേസിൽ വധശിക്ഷ വിധിച്ചത് രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച കാര്യമാണ്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഖത്തർ അമീറുമായി സംസാരിക്കാൻ ആലോചിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

എങ്കിലും എന്താണ് സംഭവിക്കുകയെന്നത് ആശങ്ക നിറഞ്ഞതാണ്. മറ്റൊരുരാജ്യത്ത് വിചാരണ നേരിടുന്ന തടവുകാരനെ മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാരിന് സാധിക്കില്ല. ഖത്തറിനും ആ രാജ്യത്തിന്റെ നിയമമുണ്ട്. ഇന്ത്യൻ സർക്കാരിന് അന്താരാഷ്ട്ര നിയമങ്ങളും ഖത്തർ നിയമങ്ങളും പിന്തുടരാനേ സാധിക്കുകയുള്ളൂ. കുറ്റവാളികളെ കെെമാറ്റം ചെയ്യുന്നതിന് ഇന്ത്യയും ഖത്തറും തമ്മിൽ ധാരണയുണ്ട്. അവരുടെ കുടുംബാംഗങ്ങളുള്ള സ്ഥലത്ത് ശിക്ഷ അനുഭവിക്കാൻ നിയമം അനുവദിക്കുന്നു. പക്ഷേ വധശിക്ഷ പ്രഖ്യാപിച്ച സാഹചര്യത്തിൽ എന്താകും അന്നാട്ടിലെ ഭരണകൂടനിലപാട് എന്ന് പ്രവചിക്കാനാകില്ല. എങ്കിലും പ്രതീക്ഷ പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് പറയാറായിട്ടില്ല. നാവികോദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ഖത്തർ ഭരണാധികാരിക്ക് ദയാഹർജി സമർപ്പിക്കാവുന്നതാണ്. ദേശീയ ദിനമായ ഡിസംബർ 18, റംസാൻ, ഈദ് ദിവസങ്ങളിൽ കുറ്റവാളികൾക്ക് മാപ്പ് നൽകാൻ ഖത്തറിലെ നിയമം അനുവദിക്കുന്നു. എന്നാൽ കേസ് ചാരവൃത്തിയായതിനാൽ എത്രത്തോളം സാധ്യതയുണ്ടെന്ന് പറയാനാകില്ല.വധശിക്ഷ നേരിടുന്നവരെ സഹായിക്കുന്നതിനായി ഇന്ത്യ നിയമപരവും നയതന്ത്രപരവുമായ വഴികൾ ആരായുകയാണെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിനായി ദോഹയിലെ ഇന്ത്യൻ എംബസി ഖത്തറിലെ പ്രമുഖ നിയമ വിദഗ്ധരുടെ സഹായം തേടുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അന്നാട്ടിലെ ഉന്നത കോടതിയിൽ അനുഭവപരിചയമുള്ള മുൻ സർക്കാർ അഭിഭാഷകനെ സമീപിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ അഭിഭാഷകരിൽ നിന്ന് വധശിക്ഷ സംബന്ധിച്ച മാർഗനിർദേശവും എംബസി തേടുന്നുണ്ട്. എന്നാല്‍ വിചാരണയെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭ്യമല്ലാത്തതും സുതാര്യതയില്ലായ്മയും നിയമപരമായി ആശങ്കയുണ്ടാക്കുന്നുവെന്ന് എംബസിവൃത്തങ്ങള്‍ പറയുന്നു. എന്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നോ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഏതെന്നോ ഖത്തർ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയതാണ് കാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രമാണുള്ളത്.

 


ഇതുകൂടി വായിക്കൂ; വിദ്യതേടി പുറം രാജ്യങ്ങളിലേക്ക്


ഖത്തറിലെ എമിരി നേവൽ ഫോഴ്സിൽ ഇറ്റാലിയൻ യു212 അന്തർവാഹിനികളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചിരുന്നവരാണ് എട്ട് പേരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിൽ ഇവരുടെ അറസ്റ്റിന് പിന്നാലെ ദഹ്റ ഗ്ലോബലിന്റെ വെബ്സൈറ്റ് നീക്കം ചെയ്തിരുന്നു. ഖത്തറിന്റെ നാവിക സേനയ്ക്ക് പരിശീലനം, ലോജിസ്റ്റിക്സ്, മെയിന്റനൻസ് സേവനങ്ങൾ നൽകുന്ന സ്ഥാപനമെന്ന് വെബ്സൈറ്റിൽ അവകാശപ്പെട്ടിരുന്നു. പുതിയ വെബ്സൈറ്റില്‍ ഖത്തർ എമിരി നേവൽ ഫോഴ്സുമായുള്ള ബന്ധം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തത്.
ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ്മ, കമാന്‍ഡർമാരായ പുർണേന്ദു തിവാരി, സുഗുണാകർ പാകാല, സഞ്ജീവ് ഗുപ്ത, അമിത് നാഗ്പാൽ, സെയിലർ രാഗേഷ് എന്നിവരാണ് ജയിലിലുള്ളത്. എട്ടുപേരും 20 വർഷത്തോളം ഇന്ത്യൻ നാവിക സേനയുടെ ഭാഗമായിരുന്നവരാണ്. ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അറസ്റ്റ് നടന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇന്ത്യൻ എംബസി വിവരമറിയുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബർ ഒന്നിന് ഇന്ത്യയുടെ ഖത്തർ സ്ഥാനപതി അറസ്റ്റിലായവരെ സന്ദർശിച്ചിരുന്നു. വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സർക്കാർ വൃത്തങ്ങള്‍ ഇപ്പോഴും അവകാശപ്പെടുന്നു.


ഇതുകൂടി വായിക്കൂ; അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ കൊല്ലരുത്


കഴിഞ്ഞ നവംബറിൽ ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖര്‍ ദോഹ സന്ദർശിച്ചിരുന്നു. അന്ന് ഈ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷകൾ ഉയർന്നുവെങ്കിലും വിഷയം ചർച്ച ചെയ്തില്ലെന്ന സൂചനയാണ് പുറത്തുവന്നത്.  മുന്‍ നാവികോദ്യോഗസ്ഥരെ അറസ്റ്റുചെയ്തത് ഗൗരവമുള്ള വിഷയമാണെന്ന് ഡിസംബറിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പാർലമെന്റില്‍ വ്യക്തമാക്കി. വധശിക്ഷയിൽ നടുക്കം രേഖപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രാലയവും പ്രസ്താവനയിറക്കി. വിധിയിലെ വിശദാംശങ്ങൾക്കായി കാക്കുകയാണെന്നും നാവികോദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും നിയമവിദഗ്ധരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കേ കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം ഇവരുടെ മോചനം വെല്ലുവിളി നിറഞ്ഞതു തന്നെയാണ്. പൊതുവേ ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്രബന്ധം സൗഹാർദപരമാണ്. 2008ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ ഖത്തർ സന്ദർശനം ചരിത്രപ്രധാനമായിരുന്നു. ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരിയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡി അധികാരമേറ്റെടുത്തശേഷം 2015ൽ ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യയിലുമെത്തി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നിരവധിവട്ടം ഖത്തർ സന്ദർശിച്ചിട്ടുണ്ട്. പ്രതിരോധമേഖലയിലെ സഹകരണവും വ്യാപാരവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാനകണ്ണികൾ. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യയിൽ നിന്നാണ്.
അതേസമയം ബിജെപി വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിക്കെതിരെ ഒരു ടിവി പരിപാടിയിൽ നടത്തിയ പരാമര്‍ശം ഇരുരാജ്യങ്ങൾക്കുമിടയിൽ അലോസരമായിത്തീര്‍ന്നിരുന്നു. നൂപുറിന്റെ പരാമര്‍ശത്തിനെതിരെ ആദ്യം പ്രതികരിച്ച രാജ്യമാണ് ഖത്തർ. ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്ന് പോലും അവര്‍ ആവശ്യപ്പെട്ടിരുന്നു. എങ്കിലും രണ്ടുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മില്‍ ശക്തമായ ബന്ധമുള്ളതിനാൽ നയതന്ത്ര മാർഗങ്ങളിലൂടെ സജീവമായി ഇടപെടലിന് സാധ്യതയുണ്ട്.
ഇന്ത്യക്കും ഖത്തറിനുമിടയില്‍ സാമ്പത്തിക ബന്ധവും ശക്തമാണ്. ഖത്തറിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി സുപ്രധാനമാണ്. വിവിധ ഇന്ത്യൻ കമ്പനികളിൽ ഖത്തർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഭാരതി എയർടെല്ലിന്റെ എയർടെൽ ആഫ്രിക്ക, ബൈജുസ്, അഡാനി ട്രാൻസ്മിഷൻ ലിമിറ്റഡ്, അഡാനി ഗ്രീൻ എനർജി, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ലിമിറ്റഡ് (ആർആർവിഎൽ), സ്വിഗ്ഗി, ഡെയ്‌ലിഹണ്ട്, അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഇതിലുൾപ്പെടുന്നു. ഇസ്രയേലിന് വേണ്ടിയുള്ള ചാരപ്രവർത്തനം പല അറേബ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായതിനാല്‍ ന്യൂഡല്‍ഹി കടുത്ത നയതന്ത്ര വെല്ലുവിളി നേരിടുന്നുവെന്ന് പറയാതെ വയ്യ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇന്ത്യൻ നിലപാടും വെല്ലുവിളിയെ കൂടുതല്‍ കഠിനമാക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.