ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലം കുറ്റക്കാരൻ. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ 16 കുറ്റങ്ങളും തെളിഞ്ഞു. കേസിലെ ശിക്ഷാവിധി ഒമ്പതിന് പുറപ്പെടുവിക്കും. പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. അതിവേഗ വിചാരണ പൂർത്തിയാക്കി എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്.
പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. സമാനതയില്ലാത്ത ക്രൂരതയെന്നും പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.
ജൂലൈ 28 നാണ് ആലുവ മാർക്കറ്റിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ചുവയസുകാരിയായ മകളെയാണ് പ്രതി അസ്‌ഫാക്ക് ആലം ജ്യൂസ് വാങ്ങി നൽകി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറഞ്ഞതെന്ന പ്രത്യേകത ഈ കേസിനുണ്ട്. കേസുമായി ബന്ധപ്പെട്ട് 42 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പോക്സോ കേസുകളിൽ 100 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുന്ന അപൂർവം കേസുകളിൽ ഒന്ന് കൂടിയാണിത്.
കൊലക്കുറ്റം, ബലാത്സംഗം ഉൾപ്പെടെ 16 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കുട്ടികൾക്കെതിരായ ബലാത്സംഗം, 12 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ബലാത്സംഗം, ആവർത്തിച്ചുള്ള ബലാത്സംഗം തുടങ്ങിയവയാണ് കുറ്റങ്ങള്‍. 645 പേജുള്ള കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചു കേൾപ്പിക്കുന്നതുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസിൽ ഒക്ടോബർ നാലിന് വിചാരണ തുടങ്ങിയിരുന്നു. 15 പ്രവൃത്തി ദിനങ്ങളിൽ സാക്ഷി വിസ്താരവും വാദവും ഉൾപ്പെടെയുള്ള വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
പ്രതി ജയിലിൽ കഴിഞ്ഞ 100 ദിവസവും യാതൊരു കുറ്റബോധവും ഉണ്ടായിട്ടില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇത് തെളിയിക്കുന്ന ജയിൽ റിപ്പോർട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
കുട്ടിയെ ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോടതി സമർപ്പിച്ചു. 10 തൊണ്ടി മുതലുകൾ, 95 രേഖകൾ, 45 സാക്ഷികൾ, 16 സാഹചര്യത്തെളിവുകൾ, ഡിഎൻഎ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ. സിസിടിവി ദൃശ്യങ്ങൾ എന്നിവയാണ് അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയത്. ആലുവ ഈസ്റ്റ് സിഐ എം എം മഞ്ജുദാസായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ജി മോഹൻരാജാണ് പ്രോസിക്യൂട്ടർ.
English Summary:Aluva murder of five-year-old girl: Punishment to be pronounced on Thursday
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.