28 December 2025, Sunday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

ജോലി സമയം നീട്ടുന്നത് ആര്‍ക്കുവേണ്ടി?

Janayugom Webdesk
November 12, 2023 5:00 am

ആഗോളതലത്തിലുള്ള കണക്കുകളും പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിലെ യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എന്‍ ആര്‍ നാരായണമൂര്‍ത്തി പറയുന്നു. വലിയൊരു യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇന്ത്യയിലെ ജോലിസമയം ആഗോളതലത്തിൽ ഏറ്റവും ദൈർഘ്യമേറിയതാണ്. ഉല്പാദനോപാധികളുടെ പശ്ചാത്തലം തന്നെ മാറിക്കൊണ്ടിരിക്കുമ്പോഴാണ് തൊഴില്‍രംഗത്ത് നിർബന്ധിതമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിർദേശം വന്നത്. ഭീമാകാരമായ യന്ത്രങ്ങളിൽ നിന്നും മനുഷ്യരെ അകറ്റി, അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ജോലി പൂർത്തിയാക്കുന്ന ഒരു യുഗത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിപ്ലവം (എസ്‌ടിആർ) തൊഴിലിലെ വര്‍ധിച്ച ഉല്പാദനക്ഷമത സാധ്യമാക്കി. അതിനർത്ഥം നിശ്ചിതസമയത്തില്‍ കൂടുതൽ ഉല്പാദനക്ഷമതയെന്നാണ്. അതായത്, ജോലി സമയം കുറച്ചുകൊണ്ട് ഉല്പാദനനിരക്ക് കൂട്ടാം. എന്നാൽ ഇവിടെ കാതലായൊരു വെെരുധ്യമുണ്ട്. അടിസ്ഥാനസൗകര്യങ്ങളിലെ മാറ്റമാണിത്. പുതിയ രൂപത്തിലാണെങ്കിലും ഉല്പാദന ഉപകരണങ്ങളിലാണ് മാറ്റം വരുന്നത്. ഉല്പാദന സമയം കുറവായിരിക്കും, പക്ഷേ ജോലിക്ഷമത കഠിനമാകും. ധനകാര്യ സ്ഥാപനങ്ങളും ബഹുരാഷ്ട്ര കുത്തകകളും ലോക സമ്പദ്‌വ്യവസ്ഥയുടെമേൽ കൂടുതൽ ശക്തിചെലുത്തുന്ന കാലമാണ്. തൊഴിൽ വ്യവസ്ഥകൾ നിശ്ചയിക്കുകയെന്നത് അവർക്കിപ്പോള്‍ കൂടുതല്‍ എളുപ്പമാണ്.

നിലവിലുള്ള തൊഴിലാളി, യന്ത്ര, വ്യാവസായിക സംവിധാനം തകർക്കാനവർക്ക് കഴിയും. ജോലി സമയം വർധിപ്പിക്കണമെന്ന് നിർബന്ധിതരാക്കാനും കഴിയുന്നു. കുറഞ്ഞ വേതനം നൽകാനും തൊഴിലാളികളെ പുറത്താക്കാനും അതവരെ സഹായിക്കും. ചെറിയ വേതനത്തിൽ കുറച്ചു തൊഴിലാളികളെ നിയമിച്ച് കൂടുതൽ ഉല്പാദനം നടത്തുക എന്നതാണ് തൊഴില്‍സമയം നീട്ടാനുള്ള നിര്‍ദേശത്തിന്റെ ഉദ്ദേശ്യം. തൊഴിലില്ലായ്മയുടെ വർധനവായിരിക്കും ഫലം. അതോടൊപ്പം വാങ്ങൽ ശേഷിയിലും ഇടിവുണ്ടാകും വിപണിയിൽ നിറയുന്ന ചരക്കുകൾ എടുക്കാന്‍ ആളുകളുണ്ടാകില്ല. ഉല്പന്നങ്ങള്‍ വൻതോതില്‍ കുമിഞ്ഞുകൂടുകയും ചീഞ്ഞുനാറി പാഴാകുകയും ചെയ്യുമ്പോൾ, അധികാരത്തിലും ചുറ്റുമുള്ള ചുരുക്കം ചിലരൊഴികെയുള്ള ബഹുജനങ്ങൾ പട്ടിണി കിടക്കുകയും കഷ്ടപ്പെടുകയും ചെയ്യും. ബ്രിട്ടീഷ് ഭരണം വഴി ആവിശക്തിയും ശാസ്ത്രവും ഹിന്ദുസ്ഥാന്റെ മുകള്‍ത്തട്ട് മുഴുവന്‍ പിഴുതെടുത്തു നിരപ്പാക്കി എന്ന കാൾ മാർക്സിന്റെ വാക്കുകള്‍ ഓർമ്മിക്കേണ്ടതാണ്. അത് സാമ്രാജ്യത്വമായിരുന്നു, ഇപ്പോഴും അങ്ങനെതന്നെയാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) 2023ലെ ജോലി സമയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് കാണിക്കുന്നത് രാജ്യത്തെ തൊഴിലാളികൾ ഇപ്പോള്‍ത്തന്നെ മറ്റ് രാജ്യങ്ങളിലേതിനെക്കാള്‍ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ ആഴ്ചയിൽ 47.7 മണിക്കൂറാണ് ജോലി ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ: 70 മണിക്കൂര്‍ തൊഴില്‍: ഒടുങ്ങാത്ത ലാഭാര്‍ത്തി


രാജ്യത്തെ തൊഴിൽ നിയമങ്ങൾ 48 മണിക്കൂർ പ്രവൃത്തിയാണ് അനുവദിക്കുന്നതെങ്കിലും ആഴ്ചയിലെ എല്ലാ ദിവസവും ശരാശരി ഇന്ത്യക്കാരൻ ജോലി ചെയ്യുന്നു. 1921ൽ ഇന്ത്യ ആദ്യമായി നടത്തിയ സമയ ഉപയോഗ സർവേയെ അടിസ്ഥാനമാക്കിയാണ് ഡാറ്റ തയ്യാറാക്കിയത്. ഒരു രാജ്യത്തും ദേശീയ നിയമപ്രകാരം ആഴ്ചയിൽ 70 മണിക്കൂർ ജോലി നിർബന്ധമാക്കിയിട്ടില്ലെന്ന് ഐഎല്‍ഒ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, വികസിത രാജ്യങ്ങൾ ഐഎല്‍ഒയുടെ ഏറ്റവും പുതിയ കൺവെൻഷനിലേക്ക് നീങ്ങുകയും 48 മണിക്കൂർ ജോലി എന്നത് 40 മണിക്കൂറായി നിശ്ചയിക്കാനിരിക്കുകയുമാണ്. പൊതു-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ ജോലി സമയം പകൽ എട്ട് മണിക്കൂറായും ആഴ്ചയില്‍ 48 ആയും പരിമിതപ്പെടുത്തിയ 1921 ജൂലൈ 14ലെ ഐഎൽഒ കൺവെൻഷൻ നയം അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ ഉല്പാദന വളർച്ച ഗണ്യമായി കുറഞ്ഞു. സ്വയംതൊഴിൽ മേഖലയില്‍ വർധനയുണ്ടായിട്ടും ഉല്പാദനക്ഷമതയിൽ കാര്യമായ വർധനയുണ്ടായില്ല. ലാൻസെറ്റ് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു വ്യക്തിക്ക് ഏറ്റവും ഉയർന്ന ഉല്പാദനക്ഷമതയിൽ എത്ര വർഷം പ്രവർത്തിക്കാനാകുമെന്ന് സൂചിപ്പിക്കുന്ന ‘മാനുഷിക മൂലധനം’ രാജ്യത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്.

195 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 158-ാം സ്ഥാനത്താണ്. ഒന്നാം റാങ്കിലുള്ള ഫിൻലൻഡിന്റെ നാലിലൊന്നാണ് ഇന്ത്യയുടെ തൊഴില്‍ക്ഷമത. ഫിന്‍ലന്‍ഡില്‍ 28 വർഷം കാര്യക്ഷമതയോടെ ജോലിചെയ്യുമ്പോള്‍ ഇന്ത്യയിലിത് ഏഴ് വർഷം മാത്രമാണ്. ഒരു രാജ്യത്തെ സാമ്പത്തിക ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിന് ഭൗതിക സൗകര്യങ്ങളോടൊപ്പം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഗവേഷണം ചൂണ്ടിക്കാട്ടി. ഒരാഴ്ചയിൽ എത്രമണിക്കൂറുകളാണ് ജോലി ചെയ്യേണ്ടതെന്ന് ചർച്ചചെയ്യുമ്പോൾ, തൊഴിലാളികളുടെ യാഥാർത്ഥ്യവും ഉല്പാദനക്ഷമതയെക്കുറിച്ചുള്ള പഠനങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിഹാരം കൂടുതൽ നേരം പ്രവർത്തിക്കുക എന്നതാണാേ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പരിശോധിക്കേണ്ട മറ്റൊരു യാഥാർത്ഥ്യം ലഭ്യമായ ജോലികളുടെ ഗുണനിലവാരമാണ്. അടുത്തിടെ, ആനുകാലിക തൊഴില്‍ശക്തി സർവേ (പിഎല്‍എഫ്എസ്) രാജ്യത്ത് സ്വയംതൊഴിൽ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി. അതേസമയംതന്നെ കഴിഞ്ഞ ആറ് വർഷമായി സ്ഥിരവേതനമുള്ള തൊഴിൽ കുറയുന്നുവെന്നും. രാജ്യത്തെ തൊഴിലാളികളിൽ വലിയൊരു പങ്കും അനൗപചാരിക മേഖലയിലാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ആഴ്ചയിൽ എത്ര മണിക്കൂർ ജോലി ചെയ്തുവെന്ന് കൃത്യമായി കണക്കാക്കുന്നതും ബുദ്ധിമുട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.