1. കേന്ദ്രസർക്കാർ അക്രമികൾക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് നമ്മുടെ രാജ്യത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന് നേതൃത്വം കൊടുക്കുന്നത് ആർഎസ്എസ് ആണ്. നാസി രീതിയിൽ നിന്നെടുത്തിട്ടുള്ള നിലയ്ക്കാണ് ആർഎസ്എസ് അവരുടെ ആഭ്യന്തര ശത്രുക്കളെ നേരിടുന്നത്. ഇന്നത്തെ ലോകത്ത് ആർഎസ്എസിനെ അംഗീകരിക്കാൻ കഴിയുന്നവർക്ക് മാത്രമാണ് സയണിസ്റ്റുകളെ അംഗീകരിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
2. പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ആളൊഴിഞ്ഞ പ്രദേശത്തെ തോടരികില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ അസം സ്വദേശി മുക്ഷിദുൽ ഇസ്ലാം (31), ഭാര്യ മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയെ ഒഴിവാക്കുന്നതിനായി രണ്ടുപേരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
3. കളമശേരി സ്ഫോടന കേസിൽ നിർണായകമായ റിമോട്ട് കൺട്രോളറുകൾ പൊലീസ് കണ്ടെത്തി. പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി കീഴടങ്ങാൻ എത്തിയ ഇരുചക്രവാഹനത്തിൽ നിന്ന് തെളിവുകൾ കണ്ടെത്തിയത്. സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ട് കൺട്രോളറുകൾ.
4. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നാണ് സൂചന. ഇതില്‍ കോഡിന്റെ കരട് അവതരിപ്പിക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിയമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന ദേശായ് അധ്യക്ഷയായ കമ്മിറ്റിയാണ് കരട് തയ്യാറാക്കിയത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള രണ്ട് ലക്ഷത്തോളം ആളുകളുമായി ആശയവിനിമയം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കമ്മിറ്റി അവകാശപ്പെടുന്നു.
5. ഹരിയാനയിലെ യമുനാ നഗറിൽ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സംഭവത്തിൽ കോൺഗ്രസ് നേതാക്കളുടെ മക്കളടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യവിൽപ്പനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസിന്റെ നടപടി. സംഭവത്തില്‍ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലയില്‍ അനധികൃതമായി നിര്‍മ്മിച്ച വിഷമദ്യം കഴിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് അതിഥിത്തൊഴിലാളികള്‍ കഴിഞ്ഞദിവസം അംബാലയില്‍ മരിച്ചിരുന്നു.
6. തമിഴ്‌നാട്ടിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർ പേർ മരിച്ചു. തിരുപ്പത്തൂരിൽ നടന്ന സംഭവത്തിൽ 60 പേർക്ക് പരുക്കേറ്റു. ദീപാവലി അവധിക്ക് നാട്ടിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തിരുപ്പത്തൂർ വാണിയമ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
7. പെണ്‍സുഹൃത്തിനെ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കത്തികൊണ്ട് 111 തവണ കുത്തി കൊലപ്പെടുത്തിയ യുവാവിനെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മാപ്പ് നല്‍കി വിട്ടയച്ചു. പെൺസുഹൃത്തായിരുന്ന വെറ പെഖ്തെലേവയെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വ്ലാദിസ്‍ലാവ് കന്യൂസിന്റെ ശിക്ഷയാണ് ഇളവ് ചെയ്തത്. മൂന്നര മണിക്കൂറോളമാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് കേബിൾ വയറുകൊണ്ട് കഴുത്തുമുറക്കി ശ്വാസം മുട്ടിച്ചുകൊന്നു.
8. ക്രിപ്റ്റോ കറൻസികളുടെ വിനിമയം, തട്ടിപ്പ് എന്നിവ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാൻ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നിയമനിര്‍മ്മാണം സംബന്ധിച്ചുള്ളതാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
9. തുടര്‍ച്ചയായ ഭൂചനത്തെ തുടര്‍ന്ന് ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 14 മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴെണ്ണവും ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. റെയ്‌ക്‌ജാനസിലെ അഗ്നിപര്‍വതം സജീവമായതായും ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
10. ക്യാനഡയിൽ ഗൂണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സിഖ് യുവാവും പതിനൊന്നു വയസുള്ള മകനും കൊല്ലപ്പെട്ടു. ഹർപ്രീത് ഉപ്പൽ എന്ന നാൽപ്പത്തൊന്നുകാരനും മകനുമാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ഗ്യാസ് സ്റ്റേഷന്‍റെ പുറത്ത് കാറിനുള്ളിലിരിക്കെ വെടിയേറ്റു മരിച്ചത്. മകന്‍റെ സുഹൃത്തായ കുട്ടിയും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു. ആ കുട്ടിയെ ആക്രമിച്ചില്ല. പടിഞ്ഞാറൻ ക്യാനഡയിലെ ആൽബർട്ടയുടെ തലസ്ഥാനമായ എഡ്മണ്ടനിലാണു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.