1 January 2026, Thursday

Related news

November 24, 2025
July 10, 2025
July 8, 2025
April 24, 2025
April 8, 2025
March 5, 2025
November 15, 2023
August 27, 2023
July 25, 2023
March 26, 2023

വധശിക്ഷ വര്‍ധിക്കും ; തൂക്കുമരത്തിന് അര്‍ഹമായ കുറ്റകൃത്യങ്ങള്‍ 11ല്‍ നിന്ന് 15 ആയി

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2023 10:50 pm

വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 11ല്‍ നിന്ന് 15 ആയി വര്‍ധിപ്പിച്ച് ഭാരതീയ ന്യായ സംഹിതാ ബില്‍. പാര്‍ലമെന്റ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായി പരാമര്‍ശിക്കുന്നത്. വധശിക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ബില്‍ പരിശോധിച്ച് കേന്ദ്ര സ്റ്റാൻഡിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കമ്മിറ്റി സമീപിച്ച വിദഗ്ധ സംഘം വധശിക്ഷ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തിയതായും പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ് എംപിമാരായ പി ചിദംബരം, ദിഗ്‌വിജയ് സിങ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറക് ഒ’ബ്രിയാൻ എന്നിവര്‍ ബില്ലിലെ മാറ്റത്തെ എതിര്‍ത്തു. ആള്‍ക്കൂട്ട കൊലപാതകം, ആസൂത്രിത കുറ്റകൃത്യം, തീവ്രവാദം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു നേരെയുള്ള ബലാത്സംഗം എന്നിവയ്ക്കാണ് വധശിക്ഷ നല്‍കാൻ പുതിയ ബില്ലില്‍ അനുശാസിക്കുന്നത് എന്നും ബില്‍ കോളനിമനോഭാവത്തിന് എതിരാണ് എന്നും പറയുമ്പോഴും കോളനിമനോഭാവമുള്ള നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്നും ദിഗ്‌വിജയ് സിങ് വിയോജനക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ ആറു വര്‍ഷത്തില്‍ സുപ്രീം കോടതി ആറു പേര്‍ക്കാണ് വധശിക്ഷ നല്‍കിയതെന്നും ശിക്ഷ വിധിക്കുന്നത് തന്നെ ഉത്കണ്ഠയും മാനസിക ആഘാതവും ഉണ്ടാക്കും എന്നിരിക്കെ ശിക്ഷ കാത്തുകിടക്കുന്ന കാലാവധി അതിലും ദുഷ്കരമാകുമെന്ന് ചിദംബരം പറഞ്ഞു. രാജ്യത്ത് വധശിക്ഷ കാത്തിരിക്കുന്ന 74.1 ശതമാനം പേര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്ന് ഡെറിക് ഒ’ബ്രിയാൻ വിയോജനക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

വധശിക്ഷ നിലനിര്‍ത്തണമെങ്കില്‍ ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ സിദ്ധാന്തം കൂടുതല്‍ വിശദമാക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിക്ക് തെറ്റുപറ്റാം എന്നതിനാലും നിഷ്‌കളങ്കരായ വ്യക്തികള്‍ ശിക്ഷിക്കപ്പെടാം എന്നതിനാലും ആണ് വധശിക്ഷ എതിര്‍ക്കപ്പെടുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2022ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 539 തടവുകാരാണ് വധശിക്ഷ കാത്ത് കഴിയുന്നത്. 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ‍ഡല്‍ഹി നിയമ സര്‍വകലാശാലയുടെ പ്രോജക്ട് 39എ ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അമിത് ഷാ ആണ് ഐപിസിക്ക് പകരമായി ഭാരതീയ ന്യായ സംഹിതാ ബില്‍ കൊണ്ടുവന്നത്.

Eng­lish Summary:The new Crim­i­nal Law Bill increas­es the num­ber of offens­es pun­ish­able by death from 11 to 15
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.