കഥകളില്‍ ഡയലറ്റിക്സ് ധാരാളം. മഹാഭാരതം നിറയെ ഡയലറ്റിക്സ് ആണ്. കുരുവംശവും യദുവംശവും ഒരേ വേരിൽ നിന്ന് മുള പൊട്ടി രണ്ട് ശാഖകളായി പിരിഞ്ഞ സഹോദരവംശങ്ങളാണ്. മഹാഭാരത യുദ്ധം അവശേഷിപ്പിച്ചത് ഒമ്പതുപേർ ബാക്കിയായ വംശഹത്യ. ഇതുതന്നെ അവരുടെ സഹോദരവംശമായ യദുക്കളിലും സംഭവിച്ചു. എന്നിട്ടും ഓരോരുത്തരും അതിഭയാനകമായ യുദ്ധത്തിൽ ഏർപ്പെട്ടു. കരുക്ഷേത്രയുദ്ധത്തിൽ പരസ്പരം പോരടിച്ച് നശിച്ച് 36 കൊല്ലത്തിനു ശേഷമാണ് യദുവംശത്തിലെ കുലപ്പോര്. യുദ്ധം ജയിച്ചതിനു ശേഷം, രാജ്യം ത്യജിച്ച് പാണ്ഡവരും പത്നിയും മഹാപ്രസ്ഥാനത്തിന് ഇറങ്ങുന്നു. എന്തൊരു വൈരുദ്ധ്യം! ഭൂമിക്കും രാജാവകാശത്തിനും വേണ്ടിയായിരുന്നല്ലൊ കുരുക്ഷേത്രയുദ്ധം. യദുവംശത്തിൽ നടന്ന യുദ്ധം, ഒരു ഭൗതികാവശ്യവും ലക്ഷ്യമിടാത്ത തികച്ചും അസംബന്ധമായ വംശഹത്യയും. മഹാഭാരത യുദ്ധത്തിലെ വീരശൂര പരാക്രമിയായ, അജയ്യനായ അർജുനനെയല്ല മൗസലപർവത്തിൽ നാം കാണുന്നത്, നാണക്കേടിലും അഭിമാനനഷ്ടത്തിലും ആഴ്ന്ന് തളർന്നു പോയ അർജുനനെയാണ്. വില്ലുകൊണ്ട് സ്ത്രീയെ നേടിയ വീരപുരുഷന് ഇവിടെ ഒരു സ്ത്രീയെയും രക്ഷിക്കാനായില്ല. അവിടെയും ഡയലറ്റിക്സ് തന്നെ. വിജയിക്കുന്നവന്റെ പരാജയബോധം ധർമ്മപുത്രനെ ബാധിക്കുന്നതു കാണാം. എന്നാൽ വിജയിക്കുന്നവന്റെ ഭൗതികമായ പരാജയം ആദ്യം വില്ലാളിവീരനായ അർജുനനെയാണ് കീഴ്പ്പെടുത്തിയത്. എന്തൊരു വൈരുധ്യം. വീരന്മാരായ പലരും പിന്നീട് നിഷ്ഫലതാബോധത്തിന്റെ പ്രതീകങ്ങളാകുന്നത് കാണാം. സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും വ്യക്തിജീവിതത്തിലും ഇത്തരം വൈരുധ്യങ്ങൾ കാണാം.
ഒരു ഭാഗത്ത് ബഹു ഭൂരിഭാഗം ആൾക്കാരും നിലവിലുള്ള വ്യവസ്ഥിതിയോടൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അധികാരികളെയും രാജാക്കന്മാരെയും സന്തോഷിപ്പിച്ച്, അവരെ പ്രീതിപ്പെടുത്തിയാൽ മതി എന്നവർക്കറിയാം. ഭൂരിഭാഗം പേരും പ്രദർശനാത്മകതയിൽ അചഞ്ചലമായി വിശ്വസിക്കുന്ന കാലം. രാജാക്കന്മാരുടെ മുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് സ്വയം പ്രദർശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സ്വജനപക്ഷപാതവും സ്തുതിഗീതം ചൊല്ലലും ധാരാളം കാണാം. മനുഷ്യരുടെ സർഗാത്മകതയ്ക്കല്ല പ്രാമുഖ്യം, കപടതയ്ക്കാണ്. ഇതൊക്കെ വർത്തമാനകാലത്തും കാണാം. കാപട്യത്തിലൂടെ പ്രീതി പിടിച്ചു പറ്റുന്നവരുടെ എണ്ണം വർധിക്കുന്നു. ദുരിമാനവും അതിമോഹവുമാണ് യുധിഷ്ഠിരനെ ചൂതുകളിക്ക് പ്രേരിപ്പിച്ചത്. ഫലമോ എല്ലാം നഷ്ടപ്പെട്ടു. സ്വയം പണയപ്പെടുത്തിയവർ ഭാര്യയെയും പണയപ്പെടുത്തി. അതെന്തു ധർമ്മം എന്ന പാഞ്ചാലിയുടെ ചോദ്യത്തിന് ഇന്നും മറുപടിയില്ല. ഇന്നും ദുരഭിമാനവും ഞാനെന്ന ഭാവവും അതിമോഹവും അഹങ്കാരവും സ്വാർത്ഥതയും രാജ്യം ഭരിക്കുന്നു. സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനം സത്യസന്ധവും സുതാര്യവുമാവുമ്പോൾ അത് കൂടുതൽ സംഘർഷഭരിതമാവും. ആൾക്കൂട്ട അഭിരുചികൾക്കപ്പുറം ഏതൊരാളും സംസാരിക്കുമ്പോഴും എഴുതുമ്പോഴും അയാൾക്ക് അധിക്ഷേപങ്ങളുടെ കൂരമ്പുകൾ കൊള്ളേണ്ടിവരും. വിദുരരുടെ സത്യസന്ധമായ ഉപദേശങ്ങളെ ദുര്യോധനൻ ഭർത്സിച്ചു. തങ്ങൾ നേടിയ അനന്തമായ വിദ്യകൾ പ്രകടിപ്പിക്കാൻ ഏവരും ഒത്തുകൂടിയതിനിടെ, അനിതരസാധാരണമായ സർഗാത്മകതയുടെ പ്രതീകമായ കർണൻ കയറി വന്നപ്പോൾ അദ്ദേഹത്തെ ഗുരുക്കന്മാർ അവഹേളിച്ചു. ഇന്നും രാഷ്ട്രീയ സാമൂഹ്യ മത പ്രസ്ഥാനങ്ങളാലും സർഗാത്മകത സ്വീകാര്യമല്ല. സുതാര്യതയും സത്യസന്ധതയും തള്ളിക്കളയപ്പെടുന്നു.
എവിടെയും പ്രദർശനാത്മകതയും സ്തോത്രം ചൊല്ലുന്നവരും നിറഞ്ഞാടുന്നു. ഇന്ന് മാർക്സിനെയോ ഗാന്ധിയെയോ അംബേദ്കറെയോ ശ്രീനാരായണനെയോ കുറിച്ച് എഴുതിയാലോ പ്രസംഗിച്ചാലോ വായിക്കാനും കേൾക്കാനും കുറച്ചുപേരെ ഉണ്ടാവുകയുള്ളു. എന്നാൽ സമകാലീന ജാതി മതനേതാക്കളുടെ ചെയ്തികളെക്കുറിച്ചോ, അഴിമതി ജീവിതമാക്കിയവരെ കുറിച്ചോ, ആൾ ദൈവങ്ങളെക്കുറിച്ചോ, മാഫിയ സംഘങ്ങളെ കുറിച്ചോ, ഏകാധിപത്യത്തെ കുറിച്ചോ വിമർശിച്ച് പ്രസംഗിച്ചാൽ, എഴുതിയാൽ വിവരമറിയും. വിമർശിച്ച പ്രസിദ്ധീകരണങ്ങൾ ഇല്ലായ്മ ചെയ്യപ്പെടും. മേൽപ്പറഞ്ഞവരെ അനുമോദിച്ച് പ്രസംഗിച്ചാൽ, എഴുതിയാൽ, അവർക്ക് പാരിതോഷികങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും. ദുശാസനനും കൂട്ടർക്കും വിലമതിക്കാനാകാത്ത പാരിതോഷികങ്ങളും അധികാരങ്ങളും ലഭിച്ചല്ലോ. എവിടെ ജനിച്ചു എന്നല്ല, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനമെന്ന ജനാധിപത്യ തത്വത്തെ എന്നോ തള്ളിക്കളഞ്ഞ ജനതയാണ് ഇന്നുള്ളത്. കുരുവംശം എപ്പോഴും അഹങ്കരിച്ചത് അവരുടെ കുലമഹിമയിലാണ്. ആ അഹങ്കാരമാണ് എല്ലാ ബീഭത്സ പ്രവൃത്തിക്കും അവരെ പ്രേരിപ്പിച്ചത്. ഫാസിസത്തിൽ നിന്നും അത്തരക്കാരെ രക്ഷിച്ചെടുക്കുക പ്രയാസമുള്ള കാര്യമാണ്. ഇന്ന് ചോദ്യം ചോദിക്കുന്നവർ അന്യം നിന്ന് പോകുന്നു. നമ്മുടെ അധികാരികള്‍ ഇപ്പോഴും കാരണവന്മാരോ രാഷ്ട്രീയ സാമൂഹ്യ നായകന്മാരോ ആണ്. അവരിൽ ഭൂരിഭാഗവും സാമ്പ്രദായിക മാർഗങ്ങളിലൂടെ സഞ്ചരിച്ചവരും സഞ്ചരിക്കുന്നവരും ആയിരുന്നു. ചോദ്യം ചോദിച്ച മഹാത്മാ ഫൂലെ, അബേദ്കർ, ശ്രീനാരായണ ഗുരു, മഹാത്മാ ഗാന്ധി, അയ്യന്‍കാളി, സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, പി കൃഷ്ണപിള്ള, കെ ദാമോദരൻ എന്നിവരുടെ പാതകൾ സ്വീകരിക്കുന്നവർ വിരളമാണ്.
ഇവിടെ സമരം എന്നത് അനിവാര്യമാണ്, പ്രത്യേകിച്ചും ഫാസിസം കൊടികുത്തി വാഴുമ്പോൾ. വൈക്കം സത്യഗ്രഹവും, ഗുരുവായൂർ സത്യഗ്രഹവും, പുന്നപ്ര വയലാറും, കയ്യൂരും കരിവെള്ളൂരും ഉണ്ടായിട്ടുണ്ട്. ജാതിമത പരിഗണനകൾ കൂടാതെ ഏവരും ഐക്യപ്പെട്ടു അവയിൽ. എന്നാൽ അത് അവിടെത്തുടങ്ങി അവിടെത്തീരുന്നു. അർഹിക്കുന്നത്ര തുടർച്ചകൾ ഉണ്ടായില്ല. ഇന്ന് ട്രേഡ് യൂണിയനുകൾ സാമ്പത്തിക നയങ്ങൾക്കെതിരെ സംയുക്തമായി സമരം ചെയ്യും. പക്ഷെ വംശഹത്യക്കെതിരെ, ആളുകളെ ചുട്ടു കൊല്ലുന്നതിനെതിരെ, സാമൂഹ്യ അസമത്വത്തിനെതിരെ ട്രേഡ് യൂണിയനുകൾക്ക് ഒരുമിക്കാൻ സാധ്യമല്ല. സാംസ്കാരിക മണ്ഡലത്തിലും അവർ യോജിക്കുന്നില്ല. അതിന് ദൈനംദിന ജീവിതത്തിൽ സമരം ആവശ്യമാണ്. ഫാസിസം രാഷ്ട്രീയമായി നേടിയ വിജയം തീർച്ചയായും ജനാധിപത്യത്തിന് വെല്ലുവിളിയാണ്. പക്ഷെ അതിനെക്കാൾ വലിയ വെല്ലുവിളി അതിന്റെ സാംസ്കാരിക മേൽക്കോയ്മയാണ്. സ്വതന്ത്ര ചിന്ത, വിമർശന ബോധം, യുക്തിചിന്ത, ധൈഷണികത, ഗഹനമായ വയന, സുതാര്യത, സംവാദം, അർത്ഥവത്തായ സംഭാഷണം ഇവയൊക്കെ പരമാവധി പരിഹസിക്കപ്പെടുന്നു. അവയൊന്നും നിലനിൽക്കരുത് എന്ന് ഫാസിസ്റ്റുകൾ ശഠിക്കുന്നു. ഫാസിസം സാമ്പത്തിക പശ്ചാത്തലത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനമല്ല. അത് ഏറ്റവും ആഴത്തിൽ നമ്മുടെ സാമാന്യബോധത്തെയാണ് ബാധിക്കുന്നത്. അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുന്നവർക്ക് നേരെ പരിഹാസങ്ങളും കൂവലുകളും ആക്ഷേപങ്ങളും അകമ്പടിയായി ഉണ്ടാകും.
പക്ഷെ ചോദ്യം ചെയ്യുന്നവർ ഓർക്കേണ്ട കാര്യം അവനവൻ സ്വയം പുനർനിർവചിക്കുകയാണ് എന്നാണ്. സോക്രട്ടീസ് അതാണ് ചെയ്തത്. ദ്രൗപദിയും ഗാന്ധാരിയും ചോദിച്ച ചോദ്യങ്ങൾ എത്ര അർത്ഥഗംഭീരം. സ്വയം പുനർനിർവചിച്ചില്ലെങ്കിൽ തനിക്കു വേണ്ടി മറ്റുള്ളവർ ഉണ്ടാക്കുന്ന വിചിത്ര കല്പനകളിൽപ്പെട്ട് അയാൾ ചവിട്ടിമെതിക്കപ്പെടുകയും ജീവനോടെ ചവച്ചുവിഴുങ്ങപ്പെടുകയും ചെയ്യും. ഓരോ അവരോഹണവും ആരോഹണങ്ങളാക്കി മാറ്റണം. സ്വാതന്ത്ര്യം എന്തെന്ന് പ്രഖ്യാപിക്കുന്നതിനെക്കാൾ പ്രധാനമാണ് അതെന്തെന്ന് തിരിച്ചറിയുക എന്നത്. അത് അനുഭവിച്ചറിയണം. അപ്പോൾ ചോദ്യം ചെയ്യാനുള്ള ശക്തി സ്വയം ആർജിക്കും. ജീവിതത്തിന്റെ ഡയലിറ്റിക്സ് നമ്മോടു പറയുന്നത് നല്ല ഇന്നലെകളിൽ നിന്നല്ല, ചീത്തയായ ഇന്നിന്റെ നടുവിൽ നിന്നാണ് നമുക്ക് ആരംഭിക്കാനുള്ളത് എന്നതാണ്. ഇന്നത്തെക്കാലത്തു നിന്നുകൊണ്ടു തന്നെ എങ്ങനെ മനുഷ്യജീവിതത്തിന്റെ സാധ്യതകൾ വികസിപ്പിക്കാൻ കഴിയും എന്നാണ് നാം അന്വേഷിക്കേണ്ടത്. അത് നിരന്തരമായ ഒരു സമരത്തിന്റെ വിഷയമാണ്. സമരം എന്നത് ഇന്നത്തെക്കാൾ മെച്ചപ്പെട്ട ഒരു അവസ്ഥ സാധ്യമാക്കാനുള്ള സാഹസിക ശ്രമമാണ്.
അത് സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും നാടുവാഴിത്തത്തിനും മതമൗലികവാദത്തിനും ജാതി സങ്കുചിതത്തിനും പുരുഷ മേധാവിത്തത്തിനും പാരിസ്ഥിതിക തകർച്ചക്കും ഒക്കെ എതിരെയുള്ള സമരമാണ്. ഇവിടെ തൊഴിലില്ലായ്മയുണ്ട്, പട്ടിണിയുണ്ട്, കോർപറേറ്റുകളുടെ സർവാധിപത്യം ഉണ്ട്. ഇതിനെല്ലാം എതിരായി ഉയർന്നുവരേണ്ടത് ഇന്ത്യൻ ജനതയാണ്. കോർപറേറ്റുകളുടെ അക്രമത്തിലൂടെ അരക്ഷിതരാക്കപ്പെടുന്നവരെ ഉണർത്തണം. ഈ പ്രശ്നത്തെ സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യണം. എന്നിട്ട് നാം എപ്പോഴും മർദിക്കപ്പെടുന്നവന്റെ കൂടെ നിൽക്കണം. അഭിപ്രായങ്ങൾ പറയുമ്പോൾ സ്വന്തം ശക്തിയും അധികാരവും എന്തെന്ന് ഒരാൾ തിരിച്ചറിയും. സ്വന്തം ഉൾക്കാഴ്ചകളെ ഒരാൾ അനുകൂലിക്കുമ്പോൾ സമൂഹത്തെ പേടിയില്ലാതാകുന്നു. ഭയം കാരണം ശബ്ദമുയർത്താൻ കഴിയാത്ത, സംസാരിക്കാൻ കഴിയാത്തവർക്കു വേണ്ടിയാണ് വ്യത്യസ്ത ശബ്ദങ്ങൾ ഉണ്ടാകുന്നത്. സ്വന്തം വ്യക്തിത്വത്തെക്കാൾ ഭയത്തെ ആദരിക്കണമെന്ന വികല പാഠം ഫാസിസ്റ്റുകൾ നമ്മെ പഠിപ്പിക്കുന്നു. ഭയം കൊണ്ട് ദുര്യോധനന് സ്ഥലജലവിഭ്രാന്തി പിടിപെട്ടത് ഓർക്കുക. നിശബ്ദത നമ്മെ രക്ഷിക്കും എന്ന വിഡ്ഢി വിശ്വാസത്തെ പ്രചരിപ്പിക്കുന്ന ശക്തികളെ തകർത്തു കളയുക എന്നതാണ് കാലഘട്ടത്തിന്റെ ഏറ്റവും പ്രമുഖ കടമ. ഫാസിസത്തിനെതിരെ നിശ്ചലതയെ ഭഞ്ജിച്ചു കൊണ്ട്, ജീവന്മരണ പോരാട്ടമാണെന്നു മനസിലാക്കി എല്ലാവരേയും ചേർത്തുപിടിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുക. ലോകത്തിന്റെ കേന്ദ്രബിന്ദു താനാണെന്ന ധാരണ അവസാനിപ്പിക്കുക. അത് ജീവിതം നമുക്ക് കാണിച്ചുതരുന്ന ഡയലറ്റിക്സാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.