9 January 2025, Thursday
KSFE Galaxy Chits Banner 2

ഇന്റര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങ്

Janayugom Webdesk
December 8, 2023 5:00 am

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നവംബർ 10ന് വിജ്ഞാപനം ചെയ്ത പ്രക്ഷേപണസേവന (നിയന്ത്രണ) ബിൽ 2023ന്മേൽ പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള സമയം ഇന്ന് അവസാനിക്കുകയാണ്. ഓവർ ദി ടോപ് (ഒടിടി) ഉൾപ്പടെയുള്ളവയുടെ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യംവച്ചുള്ള നിയമനിർമ്മാണം ഇന്റർനെറ്റുവഴിയുള്ള അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുമെന്ന ഭീതി മാധ്യമരംഗത്ത് വ്യാപകമാണ്. 1995ലെ കേബിൾ നിയമം എന്നറിയപ്പെടുന്ന ‘ദി കേബിൾ നെറ്റ്‌വര്‍ക്ക് (നിയന്ത്രണ) നിയമ’ത്തിനും, മേഖലയുടെ പരിപാലനത്തിനായി സർക്കാർ കാലാകാലങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മാർഗനിർദേശങ്ങൾക്കും പകരമായാണ് പുതിയ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. നിർദിഷ്ട നിയമമനുസരിച്ച് പ്രക്ഷേപണ സേവനമോ ശൃംഖലയോ ആരംഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. നിശ്ചിതഎണ്ണം പ്രേക്ഷകരുള്ള ഒടിടി പ്ലാറ്റ്ഫോമുകൾക്കും പ്രക്ഷേപണാനുമതി തേടേണ്ടതുണ്ട്. ഈ അനുമതികളാവട്ടെ കേന്ദ്ര സര്‍ക്കാര്‍ നിഷ്കർഷിക്കുംവിധമായിരിക്കും. കോടാനുകോടി ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ‘ഇന്റർനെറ്റ് സ്വാതന്ത്ര്യ’ത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമാണ് നിർദിഷ്ട നിയമനിർമ്മാണത്തിന്റെ ലക്ഷ്യമെന്ന് വ്യാപകമായ വിമർശനം ഈ നിബന്ധനകള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് രംഗത്ത് നാളിതുവരെ വന്നിട്ടുള്ളതും ഭാവിയിൽ വന്നേക്കാവുന്നതുമായ എല്ലാ സാങ്കേതിക വികാസപരിണാമങ്ങളെയും കേന്ദ്രസർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരികയാണ് നിയമത്തിന്റെ ലക്ഷ്യം. ഓൺലൈൻ പ്രസാധനം, ഒടിടി, ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ (ഐപിടിവി) തുടങ്ങി നിലവിലുള്ള എല്ലാത്തരം ഇന്റർനെറ്റ് സേവനങ്ങളും നിയമം നിലവിൽവരുന്നതോടെ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാവും.


ഇതുകൂടി വായിക്കൂ: പ്രസിദ്ധീകരണങ്ങള്‍ക്ക് കൂച്ചുവിലങ്ങ്


വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചരിത്രപരമായിത്തന്നെ അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും നിയന്ത്രിക്കാനും ഹനിക്കാനും ശ്രമിച്ചുപോന്നിട്ടുണ്ട്. പരമ്പരാഗത മാധ്യമങ്ങളായ റേഡിയോ, സിനിമ, ടെലിവിഷൻ തുടങ്ങിയവയുടെ പ്രവർത്തനത്തെയും പ്രക്ഷേപണത്തെയും നിയന്ത്രിക്കുന്ന സിനിമോട്ടോഗ്രാഫി ആക്ട്, കേബിൾ ആക്ട് തുടങ്ങിയവ നിലവിലുണ്ട്. 2020ലെ ഒരു വിജ്ഞാപനം വഴി ഡിജിറ്റൽ, ഓൺലൈൻ മാധ്യമങ്ങളെയും മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. പുതിയ നിയമംവഴി ഒടിടി പ്ലാറ്റുഫോമുകളെക്കൂടി തങ്ങളുടെ അധികാരപരിധിയിൽ കൊണ്ടുവരികയാണ് ല­ക്ഷ്യം. ഒടിടി പ്രക്ഷേപണം പരമ്പരാഗത ടെലിവിഷൻ, റേഡിയോ പ്രക്ഷേപണത്തിൽ നിന്നും വ്യത്യസ്തമാണെന്നത് കണക്കിലെടുക്കാതെയാണ് നിയമനിർമ്മാണ നീക്കം. ഒടിടി പ്രക്ഷേപണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പൂർണമായും പ്രേക്ഷകനിൽ നിക്ഷിപ്തമാണ്. കർക്കശ നിയമങ്ങൾവഴി ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള ശ്രമം പ്രേക്ഷകന്റെ അഥവാ ആസ്വാദകന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഹനിക്കുക മാത്രമല്ല സാമ്പത്തികബാധ്യത വർധിക്കാനും കാരണമാകും. നിയമങ്ങൾ പാലിക്കാനും നിഷ്കർഷിക്കുംവിധം ആഭ്യന്തര നിയന്ത്രണസംവിധാനങ്ങൾ ഒരുക്കാനും കൂടുതൽ നിക്ഷേപം നടത്താൻ പ്ലാറ്റ്ഫോമുകൾ നിർബന്ധിതമാകും. അത്തരം അധികച്ചെലവുകൾ വരിക്കാരായ ഉപഭോക്താക്കളിൽനിന്നും ഈടാക്കുക സ്വാഭാവികമാണ്. ശ്യാം ബെനഗള്‍ അധ്യക്ഷനായ ഫിലിം സർട്ടിഫിക്കേഷൻ സംബന്ധിച്ച വിദഗ്ധസമിതി മന്ത്രാലയത്തിന് നൽകിയ ശുപാർശകൾ ഇവിടെ ഏറെ പ്രസക്തമാണ്. സിനിമ കാണുക എന്നത് പ്രേക്ഷകൻ ബോധപൂർവം നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണ്. അതുകൊണ്ടുതന്നെ നിയന്ത്രണമെന്നത് ‘നിയമപരമായ മുന്നറിയിപ്പി‘ൽ ഒതുങ്ങണമെന്നതായിരുന്നു അത്.


ഇതുകൂടി വായിക്കൂ: മോഡിയുടെ കാലത്ത് വികസിച്ചത് ആത്മഹത്യ


ഓൺലൈൻ വാർത്താപത്രികകൾ, വാർത്താപോർട്ടലുകൾ, വെബ്സൈറ്റുകൾ, സമൂഹമാധ്യമ മധ്യവർത്തികൾ തുടങ്ങി വാർത്തകളും സമകാലിക വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ഇന്റർനെറ്റധിഷ്ഠിത മാധ്യമങ്ങളുടെയെല്ലാം നിയന്ത്രണവും നിർദിഷ്ട നിയമത്തിന്റെ പരിധിയിൽ വരും. അവവഴി സംപ്രേഷണം ചെയ്യുന്ന എല്ലാ ഉള്ളടക്കങ്ങളും മന്ത്രാലയം നിഷ്കർഷിക്കുന്ന പ്രോഗ്രാം കോഡ്, പരസ്യ കോഡ് എന്നിവയ്ക്ക് വിധേയമായിരിക്കണമെന്ന് നിർദിഷ്ട നിയമം അനുശാസിക്കുന്നു. എന്നാൽ ആ കോഡുകൾ ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ലെന്നത് മാധ്യമങ്ങളെ അവ സംബന്ധിച്ച് ഇരുട്ടിലും ആശങ്കയിലുമാക്കുന്നു. നിയമം നിര്‍ദേശിക്കുന്ന സ്വയംനിയന്ത്രണ സംവിധാനങ്ങൾ സാധാരണ, ചെറുകിട മാധ്യമങ്ങൾ ഏർപ്പെടുത്തുകയെന്നത് അസാധ്യമായിരിക്കും. ഫലത്തിൽ അത് മാധ്യമരംഗത്ത് നിലവിലുള്ള വൈവിധ്യത്തിനും വൈപുല്യത്തിനും അന്ത്യംകുറിക്കുകയും സര്‍ക്കാര്‍ നിയന്ത്രിത ഏകധ്രുവ മാധ്യമലോകത്തിന്റെ സൃഷ്ടിയിലേക്ക് നയിക്കുകയുംചെയ്യും. രാജ്യത്തെ മാധ്യമലോകത്തെ ഒന്നാകെ ‘മടിത്തട്ടുമാധ്യമ’ങ്ങളാക്കി മാറ്റാനുള്ള മോഡിസർക്കാരിന്റെ നീക്കമാണ് പ്രക്ഷേപണ ബില്ലിന്റെ രൂപത്തിൽ അവതരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.