21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 25, 2024
November 16, 2024
November 10, 2024
October 13, 2024
September 20, 2024
September 5, 2024
July 19, 2024
July 10, 2024
July 3, 2024

മലയോരജനതയ്ക്ക് കാവലാണ് സര്‍ക്കാര്‍: മുഖ്യമന്ത്രി

Janayugom Webdesk
ഇടുക്കി
December 11, 2023 10:49 pm

നവകേരള സദസ് എട്ടു ജില്ലകൾ പിന്നിട്ട് ഇടുക്കിയിലെത്തുമ്പോൾ വലിയ ബഹുജനമുന്നേറ്റമാണുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി നൽകുന്ന സ്വീകരണത്തിന്റെ വൈപുല്യവും ആവേശവും നിറഞ്ഞു നിൽക്കുന്നതായിരുന്നു മലയാരത്തെ ജനസഞ്ചയമെന്ന് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 380-ാമത്തെ ഉറപ്പ് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് നവകേരള സദസ് ഇടുക്കിയിലെത്തിയത്. ആറു പതിറ്റാണ്ടിലേറെക്കാലമായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി, കഴിഞ്ഞ സെപ്റ്റംബർ 14നാണ് 1960 ലെ ഭൂപതിവ് നിയമം നിയമസഭ ഭേദഗതി ചെയ്തത്. സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീർണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂർവം അഭിസംബോധന ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്. 

നിയമസഭ ഏകകണ്ഠമായി പാസാക്കിയ 2023 ലെ കേരളാ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബിൽ നിയമമാവുന്നതോടെ പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കും വീടിനും പുറമെ സർക്കാർ അനുമതികളോടെ കാർഷിക മേഖലയിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടത്തിയ നിർമ്മാണപ്രവർത്തനങ്ങളിൽ ഒരളവുവരെയുള്ളവ ഇളവനുവദിച്ച് സാധൂകരിക്കപ്പെടും. എന്നാല്‍ ഈ ബിൽ ഇനിയും ഗവർണർ അംഗീകരിച്ചു നൽകിയിട്ടില്ല. 2016ല്‍ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ നിലയിലായിരുന്നു ഇടുക്കി മെഡിക്കൽ കോളജ്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് കണ്ട് മറ്റു മെഡിക്കൽ കോളജുകളിലേക്ക് ഇവരുടെ പഠനം മാറ്റി അംഗീകാരം നേടുകയായിരുന്നു. മെഡിക്കൽ കൗൺസിൽ ചൂണ്ടിക്കാട്ടിയ മതിയായ കിടക്കകളുള്ള ആശുപത്രി, കുട്ടികൾക്കുള്ള ഹോസ്റ്റൽ അക്കാദമിക്ക് ബ്ലോക്ക് ഇവയെല്ലാം തുടർന്ന് സജ്ജമാക്കി ഒപി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചു. 

2016–21 കാലയളവിൽ ഇടുക്കി ജില്ലയിൽ 37,815 പേർക്കാണ് പട്ടയം അനുവദിച്ചത്. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ 6459 പട്ടയങ്ങളും വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 368.94 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകി. മൂന്നാറിന്റെ വർഷങ്ങളായി നിലനിൽക്കുന്ന പരിസ്ഥിതി സന്തുലിത വികസന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യത്തിലുള്ള നിർണായക ചുവടുവയ്പാണ് മൂന്നാർ ഹിൽ ഏരിയ അതോറിട്ടിയുടെ രൂപീകരണം. ഈ മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനായി സംയുക്ത ആസൂത്രണ സമിതി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലാദ്യമായി തോട്ടം മേഖലയ്ക്ക് വേണ്ടി ഒരു പ്ലാന്റേഷൻ ഡയറക്ടറേറ്റും ഉദ്യോഗസ്ഥ സംവിധാനവും രൂപീകരിച്ച സംസ്ഥാനമായി കേരളം മാറി. വ്യവസായ വകുപ്പിന് കീഴിലാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ്. ഇതിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. പ്ലാന്റേഷൻ മേഖലയെ സംബന്ധിച്ച സമഗ്രമായ പഠനം നടത്തുന്നതിന് കോഴിക്കോട് ഐഐഎമ്മിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

Eng­lish Summary:Government is pro­tect­ing the hill peo­ple: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.