മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ സംവിധാനത്തിന് ഇനി മുതല്‍ മാര്‍ക്കിടും. സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണസംവിധാനങ്ങള്‍ പരിശോധിച്ചായിരിക്കും മാര്‍ക്കിടുക. കോര്‍പറേഷനുകള്‍, മിഷനുകള്‍, അതോറിട്ടികള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ-ധനകാര്യ‑സ്വകാര്യഓഫിസുകള്‍ എന്നിവിടങ്ങളിലെ പരിശോധനയും ഗ്രേഡിങ്ങും നടത്തുന്നതിന് തദ്ദേശവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുളള മാര്‍ഗനിര്‍ദേശങ്ങളിലാണ് ഓരോ ഘടകങ്ങളും പരിശോധിച്ച് മാര്‍ക്കിടണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.
തദേശ സ്ഥാപന തല വിജിലന്‍സ് സ്ക്വാഡുകളായിരിക്കും പരിശോധന നടത്തുക. ഓഫിസിലെ മാലിന്യസംസ്കരണം, പൊതുശുചിത്വം എന്നിവ നടപ്പാക്കുന്നതിന് നോഡല്‍ ഓഫിസറെ നിയോഗിക്കല്‍, ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ മാലിന്യശേഖരണബിന്നുകള്‍ (നിശ്ചിത നിറത്തില്‍) സ്ഥാപിച്ചിട്ടുണ്ടോ, യഥാസമയം സ്ഥാപനത്തിലെ ബിന്നുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ജീവനക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ടോ, സ്വന്തം നിലയില്‍ ജൈവ മാലിന്യസംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുക, ജൈവ മാലിന്യം തദ്ദേശ സ്വയംഭരണ സ്ഥാപനം അംഗീകരിച്ചിട്ടുള്ള ഏജന്‍സിക്ക് കൈമാറുക, അജൈവ മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള സംവിധാനം, പേപ്പര്‍ മാലിന്യം ശേഖരിച്ച് സൂക്ഷിക്കുന്നതിന് സംവിധാനം തുടങ്ങി 28 ഘടകങ്ങള്‍ പരിശോധിച്ചായിരിക്കും മാര്‍ക്ക് നല്‍കുക.
ഓരോ ഘടകത്തിനുമുള്ള ആകെ 10 മാര്‍ക്ക്, അഞ്ച് മാര്‍ക്ക് എന്നിവയില്‍ ഓരോ സ്ഥാപനത്തിനും പ്രവര്‍ത്തനത്തിനനുസരിച്ച് അനുവദിക്കാവുന്ന മാര്‍ക്കായിരിക്കും നല്‍കുക. പരിശോധനയില്‍ പൂര്‍ണമായും ശരിയെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും മാര്‍ക്ക് നല്‍കുക. ഒരു തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലെ എല്ലാ ഓഫിസുകളും സ്ഥാപനങ്ങളും പരിശോധിച്ച് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്ഥാപനത്തെയും ഗ്രേഡ് ചെയ്യണം. ആകെ ലഭിച്ച മാര്‍ക്കിന്റെ 50 ശതമാനത്തിന് താഴെ നില്‍ക്കുന്ന ഓഫിസുകളെ അപാകതകള്‍ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്റേണല്‍ വിജിലന്‍സ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ യുവജനക്ഷേമ ബോര്‍ഡിന്റെ വോളണ്ടിയര്‍മാരെയും ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരെയും യങ് പ്രൊഫഷണല്‍മാരെയും കിലയുടെ തീമാറ്റിക് എക്സ്പേര്‍ട്ട് എന്നിവരെയും ഉള്‍പ്പെടുത്തിയുള്ള സ്ക്വാഡുകള്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ രൂപീകരിക്കണം. 15ന് മുമ്പ് ടീമുകള്‍ രൂപീകരിച്ച് മുന്നൊരുക്കപ്രവര്‍ത്തനം നടത്താനും 31നകം പരിശോധന പൂര്‍ത്തിയാക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
English Summary: pollution free new kerala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.