23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്നും മരിച്ചുകൊണ്ടിരിക്കുന്ന യേശുക്കുഞ്ഞുങ്ങൾ…

യൂഹാനോൻ മോർ മിലിത്തിയോസ്
ഉള്‍ക്കാഴ്ച
December 27, 2023 4:30 am

ലോക മനഃസാക്ഷിയെ വേദനിപ്പിച്ചുകൊണ്ട് ഇസ്രയേൽ വീണ്ടും പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ച് അനേകരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. 1948 മേയ് പതിനാലാം തീയതി ആരംഭിച്ച ഒരു ജനതതിയുടെ മേലുള്ള കടന്നുകയറ്റം പതിറ്റാണ്ടുകൾ പിന്നിട്ട് അനേകലക്ഷം ജനത്തിന്റെ ശവപ്പറമ്പ് സൃഷ്ടിച്ചുകൊണ്ട് ഇന്നും തുടരുകയാണ്. ആദ്യയുദ്ധത്തിൽ ഏഴര ലക്ഷം പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് മരണപ്പെട്ടത്. ഇപ്പോഴത്തെ യുദ്ധത്തിൽ 20,000ത്തിലേറെ പേർ കൊല്ലപ്പെടുകയും 54,000ത്തിൽ ശിഷ്ടം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കണക്കാക്കപ്പെടുന്നു. യഥാർത്ഥ സംഖ്യ ഇതിലും എത്രയോ വലുതായിരിക്കും. 2187 കുഞ്ഞുങ്ങൾ വധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഒരു സ്വതന്ത്ര കണക്കെടുപ്പ്. അതുകൊണ്ട് ഈ വർഷം യേശുവിന്റെ ജന്മയിടമായ ബത്‌ലഹേമിൽ ക്രിസ്മസ് ആഘോഷം ഒഴിവാക്കിയിരിക്കുകയാണ്. ഇക്കാര്യങ്ങൾ സ്മരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപ്പാപ്പ “ഈ രാത്രിയിൽ നമ്മുടെ ഹൃദയങ്ങൾ ബത്‌ലഹേമിലാണ്, അവിടെയാണ് സമാധാനത്തിന്റെ രാജകുമാരൻ, ഫലരഹിതമായ യുദ്ധത്തിന്റെ കാരണത്താൽ, അതേ ആയുധങ്ങളുടെ ഇടപെടലാൽ, ലോകത്തിൽ ഒരിടം കിട്ടാതെ അലയുന്നത്” എന്ന് ഉദ്ബോധിപ്പിച്ചത്. യേശു ജനിച്ച പട്ടണത്തിൽ പലസ്തീൻ ടൂറിസം മന്ത്രി റുളാ മായ, “ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന കാര്യങ്ങൾകൊണ്ട് പലസ്തീനിന്റെ ഭാഗമായ യേശുവിന്റെ ജന്മസ്ഥലമായ ബത്‌ലഹേമിൽ ക്രിസ്മസ് വിലാപത്തിലും ദുഃഖത്തിലുമാണ് ആചരിക്കപ്പെടുന്നത്” എന്ന് പറഞ്ഞു.
65,000 പേർ നേരിട്ടും അതിന്റെ പല മടങ്ങ് ടെലിവിഷനിലും ഓണ്‍ലെെനിലും സംബന്ധിച്ച ക്രിസ്മസ് ആരാധനയിൽ വികാരാധീനനായി സംസാരിച്ച പോപ്പ്, “മനുഷ്യനെ ഉപഭോഗ സംസ്കാരത്തിന്റെ അടിമത്തത്തിലാക്കുന്ന ഭൗതിക നേട്ടങ്ങളുടെ മായാവലയത്തിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം” എന്നോർമ്മപ്പെടുത്തി. പക്ഷെ, പോപ്പിന്റെ നിലവിളിയും ഇസ്രയേലിന്റെ അക്രമത്തിനെതിരെ ഉയരുന്ന മറ്റ് ലോകശബ്ദങ്ങളും നെതന്യാഹുവിന്റെ യുദ്ധക്കൊതിയെ ശമിപ്പിക്കുന്നില്ല. യേശുവിന്റെ ജനനത്തിൽ ഉയർന്ന ആദ്യ പ്രതികരണം ഒരു സന്ദേശവാഹകന്റെതായിരുന്നു എന്ന് ബൈബിൾ സാക്ഷിക്കുന്നു. “സർവ മനുഷ്യർക്കും ഉണ്ടാകാനുള്ള മഹാ സന്തോഷം” എന്നായിരുന്നു ആ അറിയിപ്പ്. രണ്ട് കാര്യങ്ങളാണിതിൽ ഉള്ളത്. ഒന്നാമത് രണ്ട് പാരമ്യങ്ങൾ- സർവ മനുഷ്യർക്കും എന്നതും, പിന്നെ മഹാസന്തോഷം എന്നതും. പരസ്പരപൂരകങ്ങളായ ഇവ, രണ്ടാമത്, നിരന്തരമായ മുന്നോട്ടുള്ള സഞ്ചാരത്തിൽ നേടേണ്ടതാണ് എന്നതും.
ഇന്നാകട്ടെ ലോകം പരസ്പരമുള്ള ശത്രുതയിലും, പാർശ്വവൽക്കരണത്തിലും ഉച്ചനീചത്വത്തിലും വിഭജിതമായിരിക്കുന്നു. ശക്തിരാഷ്ട്രങ്ങൾ തങ്ങളുടെ സാമ്പത്തികവും യുദ്ധോപകരണ വ്യാപനം മൂലവുമുള്ള വലിപ്പത്തിൽ ഇതര രാജ്യങ്ങളെ അടിമകളാക്കുന്നു. വെളുത്തവനും കറുത്തവനും തമ്മിലുള്ള അന്തരം ഉയർത്തിക്കാട്ടുന്ന പാശ്ചാത്യ സംസ്കാരം പലപ്പോഴും അകാരണമായി ആദരിക്കപ്പെടുന്നു. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യൻ പാർശ്വവൽക്കരിക്കപ്പെടുന്നു. സാർവലൗകികത്വവും സമഭാവനയും സംസ്കാരമായി ഘോഷിക്കപ്പെട്ടിരുന്ന ഭാരതത്തിലും മതം ഇന്ന് വിവേചനത്തിനുള്ള മാധ്യമമായിരിക്കുന്നു. ഇതല്ല മനുഷ്യസമൂഹത്തിൽ നിന്നും ആ പ്രഖ്യാപനത്തിലൂടെ ചരിത്രം പ്രതീക്ഷിക്കുന്നത്. പരസ്പര ആദരവും വിശ്വാസവും തുണയും അംഗീകാരവുമാണ് മനുഷ്യസമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്. ഇതാണ് ഇപ്പോൾ അതിക്രമം സംസ്കാരമാക്കാൻ ശ്രമിക്കുന്ന ഇസ്രയേലിന്റെ പ്രാഥമിക ലക്ഷ്യത്തിലുള്ളത് എന്നാണ് പക്ഷെ അവരുടെ വിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; കോപ് 28 ഉച്ചകോടി ചരിത്ര നേട്ടമോ?


യേശുവിന് മുമ്പ് എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആമോസ് എന്ന പ്രവാചകൻ ദൈവ നിയോഗത്താൽ ആവശ്യപ്പെട്ടത്, “ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോടുപോലെയും ഒഴുകണം” എന്നാണ്. അനർഗളമായ ഈ ഒഴുക്കിനെ തടസപ്പെടുത്തുന്ന യാതൊന്നും ഇവർ പ്രവർത്തിച്ചുകൂടാത്തതാണ്. ഇവരുടെ ഗോത്രത്തലവൻ എന്നവകാശപ്പെടുന്ന എബ്രാഹാമിനെ മെസപ്പൊട്ടോമിയയിലെ നദീതടത്തിലെ പുൽമേടുകളിൽ തന്റെ ഗോത്രത്തിന്റെ ആടുകളെ മേച്ചിരുന്നതിൽ നിന്നും “കാണിപ്പാനിരിക്കുന്ന ദേശത്തേക്ക്” “സകല മനുഷ്യർക്കും അനുഗ്രഹമാകാനാണ്” ക്ഷണിച്ചത്. ആ പിതാവിന്റെ സന്തതിപരമ്പര ഇപ്പോൾ സകല ലോകത്തിനും ശാപമായി, വേദനയും മരണവും നൽകുന്നു. ഇത് ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. ഇതിന്റെ ഫലം ഇവര്‍ തന്നെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നതും ചരിത്രത്തിന്റെ സാക്ഷ്യമാണ്. ഒരിക്കൽ അടിമത്തവും ചിതറലും പ്രവാസവും അനുഭവിച്ചവർ അതിന്റെ വേദനയെ ഓർക്കാതെ തങ്ങൾക്ക് മേൽക്കൈ കിട്ടുമ്പോൾ അതാവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ശക്തിരാഷ്ട്രങ്ങളുടെ പിൻബലമുണ്ട് എന്ന ധാർഷ്ട്യത്തിൽ. പക്ഷെ, ചരിത്രത്തിന്റെ കാവ്യനീതിയിൽ ഇനി ഇവർക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഖേദകരമായ കാര്യം ഇവർ അനുഭവിച്ചാലും, ഇവർ നൽകിയാലും സാധാരണക്കാരായ അനേകായിരങ്ങളുടെ ജീവനാണ് രണ്ട് സന്ദർഭങ്ങളിലും ബലിയായി പൊലിയുന്നത്. ഈ സാഹചര്യത്തിൽ പരമമായ സന്തോഷം പോയിട്ട് കേവലാഹ്ലാദം പോലും ആർക്കും ഉണ്ടാകുന്നില്ല എന്നതാണ് സത്യം. തീർച്ചയായും മനുഷ്യസമൂഹം നിരന്തരമായ മുന്നേറ്റത്തിലാണ്. സാമ്പത്തികമായി, ശാസ്ത്രീയ മേഖലയില്‍, ആശയ വിനിമയത്തില്‍, യാത്രാസൗകര്യം വർധിച്ച് ദൂരപരിമിതി ഇല്ലാതാക്കുന്നതില്‍ ഒക്കെ നാം മുന്നേറിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾ മനുഷ്യരെ പരസ്പരം ഐക്യപ്പെടുത്തുന്നതിനും ആ പാരസ്പര്യം സന്തോഷത്തെ പാരമ്യത്തിൽ എത്തിക്കുന്നതിനും ഉതകേണ്ടതാണ്. എന്നാൽ അസ്വസ്ഥതയുടെ നെടുവീർപ്പുകളാണ് മുൻപറഞ്ഞ രണ്ട് പേരിൽ നിന്നും പ്രാതിനിധ്യ സ്വഭാവത്തിൽ നാം കേട്ടത്.


ഇതുകൂടി വായിക്കൂ;യുഎന്‍ സംഘടനകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു


ലോകം മുഴുവൻ ആഹ്ലാദത്തോടെ കൊണ്ടാടുന്ന ഒരുത്സവത്തെ അതിന്റെ ഉത്ഭവസ്ഥലത്ത് നഷ്ടമാക്കിയ രാഷ്ട്രീയ നേതൃത്വം മാപ്പർഹിക്കുന്നില്ല. ഈ വിധ്വംസകത്വമല്ല മാനവജാതിയുടെ ചരിത്രപരമായ ലക്ഷ്യം എന്ന് ഉറക്കെ വിളിച്ചുപറയുന്നവരുടെ കൂട്ടായ്മ വളരേണ്ടിയിരിക്കുന്നു. ലോക മനഃസാക്ഷി ഉണരട്ടെ. അതിന് ഈ ക്രിസ്മസ് കാലവും അത് നൽകുന്ന സന്ദേശവും സാഹചര്യമൊരുക്കട്ടെ, പ്രതികരിക്കാൻ നമുക്കാകട്ടെ. എല്ലാ വായനക്കാർക്കും, അല്ല സർവമനുഷ്യർക്കും മാനവികതയുടെ മുന്നേറ്റത്തിന്റെ പുതുവർഷം നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.