18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

സുപ്രീം കോടതി വിധിയും അഡാനിയുടെ ട്വീറ്റും

സുരേന്ദ്രന്‍ കുത്തനൂര്‍
January 6, 2024 4:45 am

2023 മാര്‍ച്ച്. ‘ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ അഡാനി ഗ്രൂപ്പ് സ്വാഗതം ചെയ്യുന്നു. ഇത് സമയബന്ധിതമായി സത്യം പുറത്തുകൊണ്ടുവരും. സത്യം വിജയിക്കും.’ അഡാനി ഗ്രൂപ്പ് മേധാവി ഗൗതം അഡാനി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. അതേ ഗൗതം അഡാനി 2024 ജനുവരി മൂന്നിന് എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതിങ്ങനെ-‘സത്യം ജയിച്ചു. സത്യമേവ ജയതേ. ഞങ്ങൾക്കൊപ്പം നിന്നവരോട് നന്ദി. ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ ഞങ്ങളുടെ എളിയ സംഭാവന തുടരും. ജയ് ഹിന്ദ്.’ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അഡാനി ഗ്രൂപ്പിന്റെ ഓഹരിയിലുണ്ടായ ഇടിവുമൂലം ഓഹരി ഉടമകള്‍ക്കുണ്ടായ നഷ്ടവും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ചും പരിശോധിക്കാന്‍ പ്രത്യേക സമിതിയെ സുപ്രീം കോടതി നിയോഗിച്ചപ്പോഴായിരുന്നു ആദ്യത്തെ പ്രതികരണം. രണ്ടാമത്തേതാകട്ടെ കേസിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയപ്പോഴും. ഈ രണ്ട് പ്രതികരണങ്ങളും കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകളും സുപ്രീം കോടതിയുടെ പുതിയ വിധിയും പരസ്പരം ബന്ധപ്പെട്ടതാണോ എന്ന് വിലയിരുത്തേണ്ടതുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് അറിയിച്ച കോടതി, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ അന്വേഷണത്തിന് മൂന്നു മാസം കൂടി സമയം നൽകുമെന്നും വ്യക്തമാക്കുന്നു.

സെബിയുടെ അധികാരത്തിൽ ഇടപെടാൻ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും 24 വിഷയങ്ങളിൽ 22 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കിയെന്നുമുള്ള സോളിസിറ്റർ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റു രണ്ട് കേസുകളുടെ അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സെബിയോട് നിർദേശിക്കുന്നുവെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം സെബിയിൽ നിന്ന് പുതിയ ഏജന്‍സിയിലേക്ക് മാറ്റണമെന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്നാണ് കോടതി ഉത്തരവ്. അഡാനി വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെബി അന്വേഷണത്തിലും അവിശ്വാസമറിയിച്ച് അനാമിക ജയ്സ്വാൾ നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. വിധി പറയുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ നിരീക്ഷണവും നിര്‍ണായകമാണ്. മതിയായ ഗവേഷണമില്ലാത്തതും അടിസ്ഥാനരഹിതവുമായ മാധ്യമറിപ്പോർട്ടുകളെ ആശ്രയിക്കുന്ന ഹർജികൾ അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. മാധ്യമങ്ങളുടെ കണ്ടെത്തലുകള്‍ തെളിവായി പരിഗണിക്കാനാവില്ലെന്ന കോടതിയുടെ നിലപാട് ഒരര്‍ത്ഥത്തില്‍ മലക്കം മറിച്ചിലാണ്. അത്തരം തെളിവുകളെ വിശ്വാസത്തിലെടുക്കാമെന്ന മുന്‍നിലപാട് പിന്തുടരാനുള്ള സ്വയം വിസമ്മതിക്കലാണ്. ഒരര്‍ത്ഥത്തില്‍ മാധ്യമങ്ങളെ വേട്ടയാടുന്ന ഭരണകൂടത്തിനുള്ള കവാടം തുറക്കലുമാ ണ്. തീര്‍ച്ചയായും ഹിൻഡൻബർഗ്‌ വെളിപ്പെടുത്തലുകളിൽ ‘ചട്ട ലംഘനം’ ഉണ്ടായിട്ടുണ്ടോ എന്ന്‌ അന്വേഷിക്കാനും അതിന്മേൽ നടപടി എടുക്കാനും മോഡി സർക്കാരിന്‌ അനുമതി നൽകുന്ന വിധിയാണിത്. ആ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയടക്കം ഉത്തരവ് അപകടത്തിലാക്കാനിടയുണ്ട്.


ഇതുകൂടി വായിക്കൂ:അഡാനിയെ വെള്ളപൂശുന്ന കോടതി വിധി


സ്വതന്ത്ര മാധ്യമങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടുകള്‍ ന്യൂസ്‌ക്ലി ക്ക്, ബിബിസി റെയ്ഡ് തുടങ്ങിയവയിലൂടെ വെളിപ്പെട്ടതുമാണ്. കഴിഞ്ഞ നവംബറില്‍ അഡാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്റെ നീക്കം പോലും സുപ്രീം കോടതിയാണ് തടഞ്ഞത്. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണമാണ് അന്ന് കോടതി നൽകിയത്. ഒസിസിആർപി (ഓ‍ർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്) പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മലയാളിയായ രവി നായര്‍, ആനന്ദ് മഗ്നലെ എന്നിവര്‍ക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നത്. ഓഹരി ഇടപാടുകള്‍ സംബന്ധിച്ച് നടപടിയെടുക്കാന്‍ നിയമപരമായി അധികാരമുള്ള സെബി അഡാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് നേരത്തേ ഉയര്‍ന്ന പരാതിയാണ്. മാസങ്ങൾ നീണ്ട അന്വേഷണം നടത്തിയിട്ടും പൂർത്തിയാക്കാൻ കഴിയാത്തത് മൂന്ന് മാസത്തിനുള്ളിൽ അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സാമാന്യമായി വിശ്വസിക്കാനാവില്ല. എന്നിട്ടും ആ ഏജന്‍സിയുടെ സത്യവാങ്മൂലം മുഖവിലയ്ക്കെടുത്തുകൊണ്ട് മൂന്നുമാസം കൂടി അനുവദിക്കുകയാണ് കോടതി ചെയ്തത്. അഡാനിയുടെ നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ച് 2014ൽ തന്നെ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് സെബിയെ അറിയിച്ചതാണെന്നും മുമ്പ് വെളിപ്പെട്ടതാണ്.

അഡാനിക്കെതിരായ ആരോപണങ്ങൾ സെബി അന്വേഷിക്കുകയാണെന്ന് 2021ൽ പാർലമെന്റിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, കോടതിയിൽ സെബി ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പരാതികളിൽ നടപടിയെടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കുകപോലും ചെയ്യാതെ സെബിയുടെ നിഷേധം മുഖവിലയ്ക്കെടുക്കുകയായിരുന്നു പരമോന്നത കോടതി. സെബിക്ക് വീഴ്ച വന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ കഴിഞ്ഞവര്‍ഷം മാർച്ചില്‍ ജസ്റ്റിസ് എ എം സാപ്രെയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതും സുപ്രീം കോടതി തന്നെയാണെന്നതും ശ്രദ്ധേയമാണ്. സമിതിയംഗങ്ങളില്‍ അഡാനിയുമായി ബന്ധപ്പെട്ടവരാണുള്ളതെന്ന പരാതിയുമുണ്ടായി. എസ്ബിഐ മുന്‍ ചെയര്‍മാനായിരുന്ന ഒ പി ഭട്ടായിരുന്നു സമിതിയിലെ ഒരംഗം. 2018 മുതല്‍ ഗ്രീന്‍കോ പവറിന്റെ ചെയര്‍മാനാണ് അദ്ദേഹം. ഈ സ്ഥാപനത്തിന് അഡാനി പവറുമായി കരാര്‍ ബന്ധമുണ്ട്. വന്‍കിട നിയമസ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ മാനേജിങ് പാര്‍ട്ണറായ സിറില്‍ ഷ്രോഫാണ് മറ്റൊരാള്‍.


ഇതുകൂടി വായിക്കൂ:സമ്പൂർണാധികാരം ജനാധിപത്യ വിരുദ്ധം


അഡാനിയുടെ മകന്റെ ഭാര്യാപിതാവ് കൂടിയാണ് ഇദ്ദേഹം. ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ നടന്ന അന്വേഷണത്തില്‍ അഡാനി ഗ്രൂപ്പ് നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാവുന്നതെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സെബിയുടെ രേഖകളാണ് ആധാരമായി വിദഗ്ധസമിതി പരിശോധിച്ചത് എന്നതും അത്ഭുതകരം. സുപ്രീം കോടതി വിധി വന്നതോടെ അഡാനി ഗ്രൂപ്പിന്റെ ആസ്തിയില്‍ ദൃശ്യമായത് വന്‍ മുന്നേറ്റം. മുകേഷ് അംബാനിയുടെ കുടുംബത്തെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമെന്ന നേട്ടം അഡാനി സ്വന്തമാക്കിയിരിക്കുന്നു. കമ്പനിയുടെ മൊത്തത്തിലുള്ള വിപണി മൂല്യം 15 ലക്ഷം കോടിയിലധികമാണ് ഉയർന്നത്. അഡാനി എന്റര്‍പ്രൈസസ്, അഡാനി പോര്‍ട്‌സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവ വലിയ നേട്ടമുണ്ടാക്കി. ‘സത്യം ജയിച്ചു. ഞങ്ങൾക്കൊപ്പം നിന്നവരോട് നന്ദി.’ എന്ന ഗൗതം അഡാനിയുടെ ട്വീറ്റിന് സുപ്രീം കോടതിയോട് കടപ്പാടുണ്ടാേ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. മോഡി സർക്കാരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ പരിഗണനയ്ക്ക് വരുമ്പോൾ പലപ്പോഴും പിന്‍വലിയാനാണ് സുപ്രീം കോടതി താല്പര്യപ്പെടുന്നതെന്ന് നിരന്തരമായ വിമർശനം ഉയരാറുണ്ട്. അഡാനി കേസ് വിധിയും അപവാദമാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.