12 September 2024, Thursday
KSFE Galaxy Chits Banner 2

അഡാനിയെ വെള്ളപൂശുന്ന കോടതി വിധി

Janayugom Webdesk
January 4, 2024 5:00 am

ഡാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തിവരുന്ന അന്വേഷണം ഒരു പ്രത്യേക അന്വേഷണ സംഘത്തെ ഏല്പിക്കണമെന്ന ആവശ്യം നിരാകരിച്ചുള്ള സുപ്രീം കോടതി വിധി ജനങ്ങൾക്ക് പരമോന്നത നീതിപീഠത്തിലുള്ള വിശ്വാസത്തെ ചോദ്യംചെയ്യുന്നു. ഓഹരിവിപണിയുടെ നിയന്താവ് എന്ന സെബിയുടെ അവകാശാധികാരങ്ങളിൽ ഇടപെടാനുള്ള കോടതിയുടെ അധികാരം ‘പരിമിതമാണെന്ന’ നിർണയം സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. മാസങ്ങൾ നീണ്ട സെബി അന്വേഷണം കോടതി നിർദേശമനുസരിച്ച് അടുത്ത മൂന്നുമാസങ്ങൾകൊണ്ട് പൂർത്തീകരിക്കണം. എന്നാല്‍ അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുമെന്നും നീതിപൂർവം ആയിരിക്കുമെന്നും കരുതാനും ന്യായമില്ല. രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റുകളിൽ ഒന്നിന്റെ കുപ്രസിദ്ധ ഓഹരി ഇടപാടുകൾക്ക് മറപിടിക്കുകയാണ് സെബി നാളിതുവരെയും ചെയ്തുപോന്നതെന്ന ആരോപണം നിലനിൽക്കെയാണ് അന്വേഷണത്തിന്റെ ചുമതല കോടതിവിധിയിലൂടെ അവരിൽത്തന്നെ നിക്ഷിപ്തമാക്കിയിരിക്കുന്നത്. കേന്ദ്രസർക്കാരിനെ അസ്വസ്ഥമാക്കുന്ന വ്യവഹാരങ്ങളെ സുപ്രീം കോടതി പക്ഷപാതപരമായാണ് സമീപിക്കുന്നതെന്ന ആരോപണം അടുത്തകാലത്തായി ശക്തമാണ്. കേന്ദ്രസർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഡാനി ഗ്രൂപ്പിന്റെ മേധാവി ഗൗതം അഡാനിയുമായുള്ള ചങ്ങാത്തം സുപ്രീം കോടതി വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന സംശയം സാമാന്യജനങ്ങളിൽ ശക്തമാണ്. നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റുന്നതിൽ ഗൗതം അഡാനി വഹിച്ച നിർണായകപങ്ക് ഇന്ത്യയുടെ കഴിഞ്ഞ ഒരുപതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ആഖ്യാനത്തിൽ മറച്ചുവയ്ക്കാവുന്ന രഹസ്യമല്ല. 2014 മുതൽ 22 വരെയുള്ള എട്ടുവര്‍ഷക്കാലംകൊണ്ട് അഡാനി ഗ്രൂപ്പിന്റെ ആസ്തിയിലുണ്ടായ 850 ശതമാനത്തിലധികം വളർച്ച പ്രധാനമന്ത്രിയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണെന്ന് ലോകം മുഴുവൻ കരുതുന്നു.


ഇതുകൂടി വായിക്കൂ: കല്‍ക്കരിയില്‍ അഡാനി തട്ടിപ്പ്


സുപ്രീം കോടതി വിധി അഡാനി ഗ്രൂപ്പിനെതിരെ ഓഹരി തട്ടിപ്പ് ആരോപണം ഉന്നയിച്ച ഹിൻഡൻബെർഗ് റിപ്പോർട്ട് രാജ്യത്തിന്റെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നും അതുവഴി നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടോയെന്നും സെബി തങ്ങളുടെ അധികാരം ഉപയോഗിച്ച് അന്വേഷിക്കാൻ കോടതി നിർദേശിക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവന്ന ഹിൻഡൻബെർഗിനെ ഫലത്തിൽ പ്രതിക്കൂട്ടിലാക്കുകയാണ് സുപ്രീം കോടതി വിധി. ഓഹരിവിലയിൽ അഡാനി ഗ്രൂപ്പ് നടത്തിയ കൃത്രിമങ്ങൾ പുറത്തുകൊണ്ടുവന്ന ‘ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്’ ‘(ഒസിസിആർപി) കണ്ടെത്തലുകളെയും സുപ്രീം കോടതി തള്ളിക്കളഞ്ഞു. അത്തരം റിപ്പോർട്ടുകളും കണ്ടെത്തലുകളും മതിയായ തെളിവുകളായി കണക്കാക്കാനാവില്ലെന്ന് കോടതി പ്രസ്താവിക്കുന്നു. ഗവേഷണത്തിലൂടെയും അന്വേഷണത്തിലൂടെയും പുറത്തെത്തിച്ച മാധ്യമ റിപ്പോർട്ടുകളുടെയും വെളിപ്പെടുത്തലുകളുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യുകവഴി അത്തരം വസ്തുതകൾ നിരാകരിക്കുന്ന അധികൃത സ്ഥാപനങ്ങൾക്ക് കരുത്തുപകരുകയാണ് കോടതിവിധി ചെയ്യുന്നത്. കോടതിയുടെ ഈ നിരീക്ഷണം വസ്തുതകൾ മറച്ചുവയ്ക്കാന്‍ സെബിയടക്കം അന്വേഷകർക്ക് സൗകര്യപ്രദമായി മാറിയേക്കാം. സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയും തട്ടിപ്പുകളെപ്പറ്റിയുമുള്ള സ്വതന്ത്ര അന്വേഷണങ്ങൾക്കെതിരെയും റിപ്പോർട്ടുകൾക്കെതിരെയും നിക്ഷിപ്ത താല്പര്യങ്ങളും ഭരണകൂടംതന്നെയും ഭാവിയിൽ കോടതിയുടെ ഈ നിരീക്ഷണം ദുരുപയോഗംചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചുരുക്കത്തിൽ അഡാനി ഗ്രൂപ്പിന് അനുകൂലമായ സുപ്രീം കോടതി വിധി സെബിയടക്കം ഓഹരിവിപണി നിയന്ത്രകർക്കും കോർപറേറ്റ് താല്പര്യസംരക്ഷകരായ ഭരണകൂടത്തിനും തങ്ങളുടെ ചെയ്തികൾക്ക് നിയമപ്രാബല്യമുള്ള അംഗീകാരമായി മാറിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: അഡാനിക്ക് വീണ്ടും ആഘാതം


രാജ്യത്തെ പരമോന്നത നീതിപീഠമടക്കം നീതിന്യായ വ്യവസ്ഥയിൽ നീതിയിലും ഉപരിയായി ഭരണകൂടതാല്പര്യങ്ങൾ ആധിപത്യം സ്ഥാപിക്കുന്നു എന്ന ആശങ്കയ്ക്ക് ഏറെ പുതുമയില്ല. ബാബറി മസ്ജിദ് തകർക്കപ്പെട്ട അതേസ്ഥാനത്തുതന്നെ രാമക്ഷേത്ര നിർമ്മാണത്തിന് അനുമതി നൽകിയതും ഭരണഘടനയുടെ അനുച്ഛേദം 370 അസാധുവാക്കിയതുമായ സുപ്രീം കോടതി വിധികൾ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഭരണകൂട താല്പര്യങ്ങൾക്ക് അനുകൂലമായ നടപടികളായിരുന്നുവെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരടക്കം ഉന്നത നിയമവൃത്തങ്ങളുടെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ സംഘ്പരിവാർ വൃത്തങ്ങളും മുന്നോട്ടുവയ്ക്കുന്ന തീവ്രഹിന്ദുത്വ ആശയങ്ങൾക്കുമുന്നിൽ മതേതര ജനാധിപത്യത്തെയും ഫെഡറൽ സ്വാതന്ത്ര്യത്തെയും അടിയറവയ്ക്കുന്ന നടപടികളായിരുന്നു. അഡാനി ഗ്രൂപ്പിന് അനുകൂലമായ സുപ്രീം കോടതി വിധിയാകട്ടെ രാജ്യത്തെ ഒരു സമ്പൂർണ ചങ്ങാത്തമുതലാളിത്ത സമ്പദ്ഘടനയാക്കി പ്രഖ്യാപിക്കുന്ന നടപടിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.