23 December 2024, Monday
KSFE Galaxy Chits Banner 2

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിക്ക് സിപിഐ നൽകിയ വിയോജനക്കുറിപ്പിന്റെ പൂർണരൂപം
January 11, 2024 4:45 am

മ്മുടെ ഭരണഘടന രൂപീകരിക്കപ്പെടുമ്പോൾ, അത് രൂപകല്പന നടത്തുന്നതിന് നിയോഗിക്കപ്പെട്ടവർക്ക് രാജ്യത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പൂർണമായ ധാരണകളുണ്ടായിരുന്നു. ആ വെല്ലുവിളികളെ പല നിലകളിലും അഭിമുഖീകരിക്കേണ്ടതുണ്ടെന്നും അവർക്ക് ബോധ്യമുണ്ടായിരുന്നു. വളരെയധികം വൈവിധ്യങ്ങൾ നിറഞ്ഞൊരു രാജ്യത്ത് അവയുടെ പ്രാതിനിധ്യത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള സർക്കാരിനെക്കുറിച്ചും സമഗ്രമായ ധാരണയുടെ അടിസ്ഥാനത്തിലാണ് ‌ജനാധിപത്യത്തിന് ഭരണഘടനാപരമായ തുടക്കം കുറിക്കപ്പെട്ടത്. ഭരണഘടനയില്‍ സമ്മതിദാനത്തിന്റെ വ്യാപ്തി വിശദമായി വിശകലനം ചെയ്തിട്ടുണ്ട്. 21 വയസിന് മുകളിലുള്ള പൗരന്മാർക്ക് (ഇപ്പോൾ അത് 18 വയസിൽ), ലിംഗഭേദം, മതം, ജാതി, ജനനസ്ഥലം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യത്യാസം എന്നിവ പരിഗണിക്കാതെ സമ്മതിദാനാവകാശം സാർവത്രികമാക്കുകയും ചെയ്തു.
ദേശീയവും പ്രാദേശികവുമായ അഭിലാഷങ്ങളുടെ വ്യക്തമായ ആവിഷ്കാരത്തിനായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകൾ തമ്മിലുള്ള വ്യക്തമായ വിഷയവിഭജനം നടത്തുകയും ചെയ്തിരിക്കുന്നു. ഈയൊരു സംവിധാനത്തിൽ, ജനാധിപത്യ പ്രക്രിയയെ തുടർച്ചയായി മുന്നോട്ടുനയിക്കുന്നതിന് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെ ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം നേരിട്ട് അധികാരം ലഭിക്കുന്ന സ്ഥിരവും സ്വതന്ത്രവുമായ ഒരു സംവിധാനമാക്കി മാറ്റിയത്.
നിലവിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് നിയമസഭയുടെ വിശ്വാസം നിലനിൽക്കുന്നതുവരെ, അല്ലെങ്കിൽ കാലാവധി അവസാനിക്കുന്നതുവരെ, അതായത് അഞ്ച് വർഷം വരെ അധികാരത്തിൽ തുടരാൻ അവകാശമുണ്ട്. നമ്മുടെ ഭരണഘടന രൂപീകരിക്കുമ്പോൾ, ഡോ. അംബേദ്കറും മറ്റ് നേതാക്കളും സുസ്ഥിരതയെക്കാൾ ഉത്തരവാദിത്തത്തിനാണ് മുൻഗണന നൽകിയത്.


ഇതുകൂടി വായിക്കൂ:  ജനാധിപത്യത്തെ പ്രഹസനമാക്കുന്ന ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്


ഈയൊരു പശ്ചാത്തലമുള്ളപ്പോഴാണ് ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശത്തിലൂടെ സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശമുണ്ടായിരിക്കുന്നത്. ഇത് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും വിവിധ ഘട്ടങ്ങളിൽ വോട്ടു ചെയ്തവരുടെ സമ്മതിദാനാവകാശത്തെയും അഭിപ്രായങ്ങളെയും ഏകീകരിക്കുവാനുള്ള ശ്രമമാണ്. അങ്ങനെ വരുമ്പോൾ അഞ്ച് വർഷത്തിലൊരിക്കൽ മാത്രമേ ജനങ്ങളെ കാണേണ്ടതുള്ളൂ എന്നതിനാൽ ഉത്തരവാദിത്തത്തെയും വിശ്വാസ്യതയെയും ബാധിക്കുന്ന സ്ഥിതിയുണ്ടാകും.
ഇത് പ്രയോഗതലത്തിൽ വരികയാണെങ്കിൽ അവിശ്വാസ പ്രമേയത്തിന് ശേഷം ലോക്‌സഭ ഇല്ലാതാവുകയോ, അല്ലെങ്കിൽ ഒരു സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും മന്ത്രിസഭ രൂപീകരിക്കുവാൻ സാധിക്കാതാവുകയും ചെയ്താൽ, സംസ്ഥാനങ്ങളിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിച്ചോ, ഇല്ലയോ എന്ന് പരിഗണിക്കാതെ സംസ്ഥാന നിയമസഭകളിലും തെരഞ്ഞെടുപ്പ് നടത്തേണ്ട അവസ്ഥയുണ്ടാകും. ഇത് അതാത് സംസ്ഥാനങ്ങളിലെ ജനങ്ങൾ നൽകിയ വിധിയെ അപഹസിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണ്.
നമ്മുടെ റിപ്പബ്ലിക്കിന്റെ ഉദ്ഘാടനത്തിനുശേഷം നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയിരുന്നുവെന്ന വാദമുണ്ട്. എന്തുകൊണ്ടാണ് ഒരേസമയം തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയുടെ തുടർച്ച പൊട്ടിപ്പോയതെന്ന് നാം ഓർക്കേണ്ടതുണ്ട്. 1957ലെ രണ്ടാം പൊതുതെരഞ്ഞെടുപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരളത്തിൽ രൂപീകരിച്ച സർക്കാർ ഇതിന് ഒരുദാഹരണമാണ്. ഭരണഘടനയുടെ അനുച്ഛേദം 356ന്റെ ആദ്യ ഇരകളിൽ ഒന്നായിരുന്നു കേരളത്തിലെ ആദ്യ സിപിഐ മന്ത്രിസഭ. അതുകൊണ്ട് 1960ൽ കേരള നിയമസഭയിലേക്ക് പൊതുതെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ട് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. 1965ൽ പൊതുതെരഞ്ഞെടുപ്പിൽ നിന്ന് വേറിട്ട് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല. 1967ൽ പൊതുതെരഞ്ഞെടുപ്പിനൊപ്പം കേരള നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന രീതിയും തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ സ്വഭാവവും കണക്കിലെടുക്കുമ്പോൾ ഈ പ്രക്രിയ സ്വാഭാവികമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബന്ധിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് അടിച്ചേല്പിക്കുകയോ നിഷേധിക്കുകയോ ചെയ്യാനാകില്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.


ഇതുകൂടി വായിക്കൂ: ജനാധിപത്യം നിഷ്ക്രിയമാക്കപ്പെട്ട കാമ്പസുകൾ


1967ന് ശേഷം, രാഷ്ട്രീയ ചക്രവാളത്തിൽ ഏകകക്ഷി ഭരണത്തെ വെല്ലുവിളിച്ചുള്ള ശക്തികൾ മിക്ക സംസ്ഥാനങ്ങളിലും ഉയർന്നുവന്നു. എട്ട് സംസ്ഥാനങ്ങളിൽ പ്രബല പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടു. 1967ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ജനാധിപത്യത്തിന്റെ പുതിയ മുന്നേറ്റത്തിന്റെ തെളിവായിരുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച് ഉയർന്നുവന്ന ഈ രാഷ്ട്രീയ പാർട്ടികൾ പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിൽ നിലവിലുണ്ടായിരുന്ന പ്രബല പാർട്ടിയെക്കാൾ മികച്ചതായിരുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഒരേസമയത്തുള്ള തെരഞ്ഞെടുപ്പു പ്രക്രിയയിൽ നിന്നുള്ള മാറ്റം ജനാധിപത്യപരവും ജനങ്ങളുടെ ഇച്ഛാശക്തിയുടെ നിയമാനുസൃത രൂപവുമാണ് എന്നർത്ഥം. ഒരു ഫെഡറൽ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ സമ്മതിദാനാവകാശത്തിന്മേലും ജനവിധിയിലും നിയന്ത്രിതമായ സ്വാധീനം ചെലുത്തുന്നതിന് ഇടയാക്കുമെന്ന് ഈ ഇടവേള തന്നെ വ്യക്തമാക്കുന്നുണ്ട്. കാരണം വിവിധ സംസ്ഥാനങ്ങൾ യൂണിയനുമായി പൊരുത്തപ്പെടാത്ത, വ്യത്യസ്ത ഫലങ്ങൾ നൽകിയേക്കാം.
ബാബറി മസ്ജിദ് തകർത്തതിന് ശേഷം, ഭരണഘടനാ സംവിധാനങ്ങളുടെ പരാജയം ചൂണ്ടിക്കാട്ടി നാല് സംസ്ഥാന സർക്കാരുകളെ രാഷ്ട്രപതി പിരിച്ചുവിട്ടു. തത്വാധിഷ്ഠിതമായി സിപിഐ രാഷ്ട്രപതി ഭരണത്തിനെതിരാണെങ്കിലും മണിപ്പൂരിൽ ഭരണം പൂർണമായി തകരുന്നത് കണ്ട് പലരും രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടിരുന്നു. പക്ഷേ നടപ്പായില്ല. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശം സംസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധത നിലനിര്‍ത്തുന്നതിനല്ലാതെ ആ സാഹചര്യങ്ങൾ അവസാനിക്കുന്നതിന് പരിഹാരമാകില്ല എന്ന് തെളിഞ്ഞു.

‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നതിന്റെ സ്വീകാര്യതയ്ക്ക് വാദിക്കപ്പെടുന്ന മറ്റൊരു പ്രധാന കാരണം സാമ്പത്തികമാണ്. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവിനത്തിലുള്ള ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാമെന്നത് വാദങ്ങളിൽപ്പെടുന്നു. പോളിങ് ബൂത്തുകൾ സ്ഥാപിക്കൽ, ഉദ്യോഗസ്ഥർക്ക് യാത്രാ, ക്ഷാമബത്തകൾ നൽകൽ, ഗതാഗത ക്രമീകരണം, തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവയാണ് സംസ്ഥാനങ്ങളിൽ വേണ്ടിവരുന്ന തെരഞ്ഞെടുപ്പ് ചെലവുകൾ. ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ ഈ ചെലവുകൾ ഗണ്യമായോ പകുതിയായോ കുറയ്ക്കാമെന്നാണ് വാദിക്കുന്നത്. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുള്ള വിവരങ്ങൾ വ്യത്യസ്തമായ ചിത്രമാണ് നമ്മോട് പറയുന്നത്.
തെരഞ്ഞെടുപ്പ് ചെലവുകൾ ലളിതമായ മാറ്റങ്ങളല്ലെന്നും പൊതുവായ പരാമർശങ്ങൾ നടത്തുന്നതിന് മുമ്പ് ശ്രദ്ധാപൂർവവും വ്യക്തമായും പഠിക്കേണ്ടതുണ്ടെന്നുമാണ് അത് വ്യക്തമാക്കുന്നത്. ഉദാഹരണത്തിന്, ആന്ധ്രാപ്രദേശിൽ, 2014ൽ ഒരേസമയം തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു അസംബ്ലി മണ്ഡലത്തിന്റെ ശരാശരി ചെലവ് 1.66 കോടിയായിരുന്നു. മറ്റൊരു വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും വെവ്വേറെ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ സംയോജിത ചെലവ് ഓരോ മണ്ഡലത്തിനും ശരാശരി 1.43 കോടി. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് ജനങ്ങളുടെ ജനാധിപത്യപരമായ വോട്ടവകാശത്തെ വെട്ടിക്കുറയ്ക്കുന്നു എന്നതൊഴിച്ചാൽ, തെരഞ്ഞെടുപ്പ് ചെലവുകൾക്കോ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനോ ഉള്ള പ്രതിവിധിയല്ലെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.


ഇതുകൂടി വായിക്കൂ: ജനാധിപത്യം പുറത്ത്


കൂടാതെ, ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് അധികമായ നിശ്ചിത ചെലവുകളും ഉണ്ടാക്കും. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ, അഭൂതപൂർവമായ തോതിൽ ഇവിഎമ്മുകൾ വാങ്ങുന്നതുതന്നെ വലിയ ചെലവായിരിക്കും. അവ അഞ്ച് വർഷത്തേക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ചെലവിന് പുറമേയായിരിക്കും ഇത്. വിവിധ സംസ്ഥാനങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കാവുന്ന ഇവിഎമ്മുകൾ അഞ്ച് വർഷത്തേക്ക് പൂട്ടിയിടുന്നത് യുക്തിരഹിതവുമായിരിക്കും.
നമ്മുടെ രാജ്യത്തിന് വേണ്ടത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളാണ്. ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി ശുപാർശ ചെയ്ത, തെരഞ്ഞെടുപ്പ് ചെലവിന് സംസ്ഥാന ഫണ്ടിങ് പോലുള്ള സാധ്യമായ വസ്തുതകൾ പരിഗണിക്കാതെ, രാഷ്ട്രീയ പാർട്ടികളുടെ ചെലവ് കുറയ്ക്കുകയാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പിന് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം. ഇലക്ട്രൽ ബോണ്ടുകളുടെ രൂപത്തിലുള്ള സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതി അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പുകളിൽ പണവും പേശീബലവും കുറയ്ക്കുന്നതിന് മെച്ചപ്പെട്ട നിയമങ്ങൾ രൂപീകരിക്കുകയും വേണം. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിദ്വേഷ പ്രസംഗത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്ന് ചിലർ വാദിക്കുന്നു. കുറച്ച് റാലികളേ നടക്കൂ എന്നതിനാൽ വിദ്വേഷ പ്രസംഗങ്ങൾക്കുള്ള കുറച്ച് സന്ദർഭങ്ങളെ ഉണ്ടാകുകയുള്ളൂ എന്നാണ് ഇതിലൂടെ അവർ അർത്ഥമാക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് കർശനമായ ശിക്ഷകൾ ശുപാർശ ചെയ്യുന്നതിനുപകരം, രാഷ്ട്രീയ നേതാക്കൾ ജനങ്ങളുമായി നടത്തുന്ന ഇടപഴകലിന്റെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവയ്ക്കുന്ന ഈ അവകാശവാദം പരിഹാസ്യമാണ്.

അതുപോലെതന്നെ മാധ്യമസ്ഥാപനങ്ങളുടെ പക്ഷപാതം വിവരങ്ങളുടെ സ്വതന്ത്രമായ പ്രവാഹത്തെ തടയുകയും ചെയ്യുന്നു. ഇതിനും തെരഞ്ഞെടുപ്പ് ഏകീകരണം പ്രതിവിധിയാകുന്നില്ല. നിയമ കമ്മിഷൻ ഈ വിഷയത്തിൽ സിപിഐയുടെ അഭിപ്രായം തേടിയപ്പോൾ ഒരേസമയം തെരഞ്ഞെടുപ്പ് എന്ന നിർദേശത്തെ എതിർത്തിരുന്നതാണ്. നിയമ കമ്മിഷന് മുന്നിൽ 26 പാർട്ടികൾ രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിച്ചതില്‍, 13 രാഷ്ട്രീയ പാർട്ടികൾ നീക്കത്തെ പൂർണമായി എതിർക്കുകയും മൂന്ന് കക്ഷികൾ നിർദേശത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സിപിഐ ഉൾപ്പെടെ നാല് ദേശീയ രാഷ്ട്രീയ പാർട്ടികൾ നിർദേശത്തെ എതിർത്തപ്പോൾ ഒരു ദേശീയ കക്ഷി മാത്രമാണ് നിർദേശത്തെ പിന്തുണച്ചത്. സമവായമുണ്ടാക്കുന്നതിനായി വീണ്ടും കൂടിയാലോചനകൾ നടത്തിയപ്പോൾ, 10 രാഷ്ട്രീയ പാർട്ടികൾ നീക്കത്തെ എതിർക്കുകയും അഭിപ്രായം രേഖപ്പെടുത്തിയ 21 പാർട്ടികളിൽ ഒരു കക്ഷി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വീണ്ടും, സിപിഐ ഉൾപ്പെടെ മൂന്ന് ദേശീയ രാഷ്ട്രീയ പാർട്ടികൾ ഈ നിർദേശത്തെ എതിർത്തു, ഒരു ദേശീയ രാഷ്ട്രീയ പാർട്ടി മാത്രമാണ് പിന്തുണച്ചത്. ഇതെല്ലാം ഈ വിഷയത്തിൽ അഭിപ്രായ സമന്വയമില്ലെന്ന് വ്യക്തമാക്കുന്നു.
‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശം ജനാധിപത്യത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതാണെന്ന നിലപാട് സിപിഐ ശക്തമായി ആവർത്തിക്കുന്നു. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തെ ഏകകക്ഷി ഭരണത്തിലേക്ക് തള്ളിവിടുന്നതും ഏകീകൃത തെരഞ്ഞെടുപ്പ് അടിച്ചേല്പിച്ച് അഭിപ്രായ വൈവിധ്യത്തെ ഇല്ലാക്കാനുള്ള ശ്രമവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ ജനാധിപത്യവിരുദ്ധവും ഉത്തരവാദിത്തമില്ലാത്തതുമായ രാജ്യമാക്കി മാറ്റാനുള്ള നീക്കം നിരാകരിക്കണമെന്നാണ് സിപിഐയുടെ ശക്തമായ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.