19 December 2024, Thursday
KSFE Galaxy Chits Banner 2

കാലംതെറ്റി പൂവിട്ട കണിക്കൊന്നകൾ

രമേശ് ബാബു
മാറ്റൊലി
January 11, 2024 4:30 am

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന വർഷം മുഴുവൻ പൂത്തുനിൽക്കുന്ന കാഴ്ചയാണ് 2023ൽ കണ്ടത്. മേടമാസത്തിലെ ചൂടിൽ മാത്രം മൊട്ടിട്ട് പൂവിട്ട് ദേഹമാസകലം പൊന്നണിഞ്ഞപോലെ നിൽക്കുന്ന കണിക്കൊന്ന ഒരു ഐശ്വര്യക്കാഴ്ച തന്നെയാണ്. എന്നാൽ മാസവും മുറയും തെറ്റി കണിക്കൊന്ന പൂവിട്ട് നിൽക്കുന്നത് ശുഭസൂചനയല്ല.
‘കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാവതില്ലേ’ എന്ന കവിയുടെ കാലഗണനയെല്ലാം തെറ്റിച്ചാണ് കണിക്കൊന്നകൾ ഇപ്പോൾ പൂക്കുന്നത്. മണ്ണിലെ ജലാംശം പരിധിവിട്ട് കുറഞ്ഞാൽ കണിക്കൊന്നകൾ പൂക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉളവാക്കുന്ന മാറ്റം 85–95 ദിവസങ്ങൾക്ക് മുമ്പുതന്നെ കണിക്കൊന്നകൾ മണത്തറിയും. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ജെെവ വിവേചന ഘ്രാണശക്തി കണിക്കൊന്നയ്ക്ക് സ്വന്തമാണ്. കൊന്ന പൂത്ത് 45 ദിവസങ്ങൾക്കുള്ളിലാണ് പണ്ടുള്ളവർ മഴ പ്രവചിച്ചിരുന്നത്. ഋതുഭേദങ്ങളുടെ ചാക്രികത നഷ്ടപ്പെട്ടതോടെ സംഭവിച്ച ജെെവ പരിണാമങ്ങളാണ് കണിക്കൊന്നയുടെ വർഷം മുഴുവൻ നീളുന്ന ഈ പൂവിടൽ എന്ന് പ്രകൃതിശാസ്ത്രജ്ഞർ പ്രവചിക്കുന്നു, കാരണം ആഗോളതാപനവും. അത് കേരളത്തിന്റെ സ്വാഭാവിക പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റമാണ് ഈ പൂവിടൽ പ്രതിഫലിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇന്ത്യയും കേരളവും


2023 പൊതുവേ ശോകം നിഴൽപരത്തിയ വർഷമാണെന്ന് പറയാം. ഒടുങ്ങാത്ത യുദ്ധങ്ങൾ, സ്വത്വരാഷ്ട്രീയം, രോഗങ്ങളുടെ പാർശ്വഫലങ്ങളും ഭീഷണികളും, ഭീകരവാദം, പലായനങ്ങൾ തുടങ്ങി ദുരിതങ്ങൾക്കായിരുന്നു മേൽക്കെെ. ശാസ്ത്ര സാങ്കേതിക മേഖലകളിൽ വികസനക്കുതിപ്പുകൾ കാണാൻ കഴിഞ്ഞെങ്കിലും അടിസ്ഥാനവർഗത്തിന്റെ ജീവിതത്തിൽ ആശാകിരണങ്ങൾ പതിയാത്ത വർഷം കൂടിയായിരുന്നു 2023. മനുഷ്യന്റെ അനഭലഷണീയമായ ഇടപെടലുകളും ചെയ്തികളും ഒരു ഭാഗത്തും അതിന്റെ പരിണതിയായ ആഗോളതാപനം മറുഭാഗത്തും നിന്ന്, നിലനിൽപ്പിനുമേൽ ഉയർത്തിയ ഭീഷണികൾ പ്രകടമായ വർഷം കൂടിയായിരുന്നു കടന്നുപോയത്. വരാൻപോകുന്ന ദുരന്തത്തെയും വെല്ലുവിളികളെയും കുറിച്ച് എല്ലാവർക്കും ധാരണയും ബോധവുമുണ്ടെങ്കിലും ആർക്കും നിർദേശമോ പോംവഴികളോ മുന്നോട്ടുവയ്ക്കാനില്ലാതെയാണ് ദുബായിൽ കാലാവസ്ഥാ ഉച്ചകോടി പോലും നടന്നത്. ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകളെല്ലാം ബധിരകർണങ്ങളിൽ പതിക്കുകയായിരുന്നു അവിടെ.
കഴിഞ്ഞവർഷം ലോകജനത നേരിട്ട അസുഖകരമായ യാഥാർത്ഥ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഗോളതാപനം തന്നെയാണ്. കേരളത്തിൽ 2023 ഡിസംബറിൽ അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം മാത്രം പരിശോധിച്ചാൽ മതി വ്യത്യാസമറിയാൻ. ക്രിസ്മസ് രാവുകളിലെ കുളിര് ഇത്തവണ കേരളത്തിന് അന്യമായിരുന്നു. കഠിനമായ ചൂടായിരുന്നു ഡിസംബറിൽ. ശാന്തസമുദ്രത്തിലെ എൽനിനോ പ്രതിഭാസമാണിതിന് കാരണം. മഴക്കുറവ്, വരൾച്ച, അതിതീവ്രമഴ എന്നീ അവസ്ഥകളാണ് കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.
കടലേറ്റവും തീരം ഇല്ലാതാകുന്നതും തീരത്തോടടുത്ത് കടലിന് ആഴം വർധിക്കുന്നതും കേരളത്തിൽ മറ്റൊരു പ്രതിഭാസവും ഭീഷണിയുമായിരിക്കുകയാണ്. കുട്ടനാട് സമുദ്രനിരപ്പിനെക്കാൾ താഴ്ന്ന പ്രദേശമായിരുന്നിട്ടും ആ പ്രദേശത്ത് ആയിരങ്ങളാണ് കഠിനമായി അധ്വാനിച്ച് കഴിഞ്ഞുപോന്നിരുന്നത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ പ്രകൃതി 2018ലെ പ്രളയത്തിനുശേഷം തകിടം മറിഞ്ഞിരിക്കുകയാണ്. വേലിയേറ്റവും പെരുമഴയും സൃഷ്ടിക്കുന്ന ജലപ്രവാഹം പിൻവാങ്ങാൻ മടികാട്ടുന്നതിനാൽ കുട്ടനാട്ടിൽ നിന്ന് തദ്ദേശവാസികൾ കുടിയിറങ്ങുന്ന കഥകളാണ് കേൾക്കുന്നത്.


ഇതുകൂടി വായിക്കൂ: അപര്യാപ്തമായ പോഷകാഹാര പ്രോട്ടോക്കോൾ


സ്വാഭാവിക പ്രകൃതിയിൽ ഒട്ടേറെ ധർമ്മങ്ങൾ അനുഷ്ഠിക്കുന്ന ചിത്രശലഭങ്ങൾ, പലതരം കൂണുകൾ, പ്രാണികൾ, ഷഡ്പദങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, സസ്തനികൾ, മത്സ്യങ്ങൾ എല്ലാം അപ്രത്യക്ഷമാകുന്നതായി ഗവേഷകർ പറയുന്നു. അതേസമയം ചിലത് കണക്കറ്റ് പെരുകുകയും ചെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും നഗരങ്ങളിലെ മനുഷ്യർ മട്ടുപ്പാവുകളിലും മറ്റും നട്ടുവളർത്തുന്ന ഫലവർഗച്ചെടികൾ കാരണം തുന്നാരൻ പക്ഷികൾ, തേൻകിളികൾ എന്നിവയുടെ എണ്ണം കൂടിയിട്ടുണ്ടെന്നും എന്നാൽ ചില പക്ഷികൾ അപൂര്‍വമായതായും ചിലവയെ തീരെ കാണുന്നില്ലെന്നും പക്ഷി നിരീക്ഷകർ കണ്ടെത്തുന്നുണ്ട്. അതുപോലെ വന്യമൃഗങ്ങൾ വനമേഖലകൾ വിട്ട് നാട്ടിലേക്കിറങ്ങുന്നത് കേരളത്തിൽ നിത്യസംഭവമായി മാറിയിരിക്കുന്നു. വനാതിർത്തികളിലെ ഗ്രാമങ്ങളിലേക്ക് പണ്ട് ആനയും പന്നിയും കുരങ്ങും മാത്രമാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുള്ളിപ്പുലിയും കടുവയും കരടിയുമൊക്കെ നിത്യസന്ദർശകരായി. കാട് കയ്യേറ്റം, വനവിസ്തൃതിയുടെ ശോഷിപ്പ്, വറ്റിപ്പോകുന്ന നീരുറവകൾ, ഭക്ഷണ ദൗർലഭ്യം എന്നിവമൂലമാണ് കാനനജീവികൾ നാട്ടിലേക്കിറങ്ങുന്നത്. ജലക്ഷാമത്തിനും വരൾച്ചയ്ക്കും പേമാരിക്കും ഇടയിൽ വന്യജീവി ആക്രമണവും നേരിടേണ്ടി വരുന്ന വനയോര മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. കാടിന്റെയും നാടിന്റെയും ആവാസവ്യവസ്ഥ ഒരുപോലെ കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്.
ആവാസവ്യവസ്ഥയുടെ തകിടംമറിയൽ മനുഷ്യരുടെ ഭൗതികജീവിതത്തെ മാത്രമല്ല ആന്തരിക ജീവിതത്തെയും ബാധിക്കുന്നുണ്ട്. അന്തരീക്ഷ താപനില വർധന മാനസികപ്രശ്നങ്ങളെ ഇരട്ടിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ പാർശ്വഫലമായി കണക്കാക്കുന്ന ‘ലോങ് കോവിഡ്’ എന്ന ശാരീരികാവസ്ഥ മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ലോകത്തെ മിക്ക ഭരണാധികാരികളും സമനിലവിട്ട് പെരുമാറുന്നതും ദുരിതം വിതയ്ക്കുന്നതും ലോങ് കോവിഡ് സിൻഡ്രോം മൂലമാണെന്ന് ഈ ദിശയിൽ നടന്ന ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് രോഗം ഭേദമായാലും ലോങ് കോവിഡ് സിൻഡ്രോം ഒരു വർഷത്തിലേറെ കാലം നിലനിൽക്കുമെന്നാണ് കണ്ടെത്തൽ. ഇതിനുപുറമെ അന്തരീക്ഷ താപനിലയും (ഹീറ്റ് ഹെെപ്പോതിസിസ്) മാനസികപ്രശ്നങ്ങളെ രണ്ട് ശതമാനം വരെ വർധിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോങ് കോവിഡും അന്തരീക്ഷ താപനിലയും ചേർന്നാണ് 2023 വർഷത്തിൽ ഇത്രയും കുറ്റവാളികളുടെയും തലയ്ക്ക്‌ വെളിവില്ലാത്തവരുടെയും എണ്ണം കൂട്ടിയതെന്നാണ് ഹോപ്കിൻസ് സർവകലാശാലയിലെയും നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ(യുഎസ്എ)യും പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകരാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ സമചിത്തതയോടെയാണോ പെരുമാറുന്നതെന്ന സംശയത്തിന് ലഭിക്കുന്ന ഉത്തരം കൂടിയാണ് ഈ ഗവേഷണ പഠനങ്ങൾ. ഇനി ഇവർ ലഹരി കൂടി ഉപയോഗിക്കുന്നവരായാലോ?


ഇതുകൂടി വായിക്കൂ:  വേണ്ടത് വ്യക്തമായ നയതന്ത്രം


മനുഷ്യൻ മനുഷ്യോചിതമായി പെരുമാറണമെങ്കിൽപ്പോലും പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. പക്ഷേ അതിന് ആഗോളതലത്തിൽ പരിശ്രമവും കൂട്ടായ്മയും വേണം. കേരളത്തിനും അതിന്റേതായ സംഭാവനകൾ ഇക്കാര്യത്തിൽ നൽകാൻ കഴിയും. അമിതമായ ജനസാന്ദ്രത നിയന്ത്രിക്കുക, വികസന പ്രക്രിയകൾ യുക്തിപൂർവമാക്കുക, ഹരിതവൽക്കരണം (മട്ടുപ്പാവ് കൃഷി, തുള്ളി ജലസേചനം ഉൾപ്പെടെ) പ്രോത്സാഹിപ്പിക്കുക, നീരൊഴുക്കുകളെ മാലിന്യമുക്തമാക്കുക, ജലസംരക്ഷണം ശക്തമാക്കുക ഇങ്ങനെ ഒട്ടേറെ ചെറിയ കാര്യങ്ങളിലൂടെ ജീവിതാന്തരീക്ഷത്തെ കുറച്ചൊക്കെ നമുക്കും മെച്ചപ്പെടുത്താനാകും. ഇതിന് ആദ്യം ആർത്തിയെ അടക്കിയേ പറ്റൂ. അല്ലെങ്കിൽ അകവും പുറവും നിറയുന്ന ചൂടിൽ തലമുറകൾ പുഴുക്കളെപ്പോലെ ചത്തുവീഴും. പ്രകൃതിയിലെ മുഴുവൻ ചരാചരങ്ങളെയും സ്നേഹിക്കുകയും അവയുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്യുന്ന മനസുണ്ടാകുമ്പോൾ മാത്രമേ മനുഷ്യജീവിതവും അന്തരീക്ഷവും സൗന്ദര്യാത്മകമാവൂ.

മാറ്റൊലി

“മരവും മനുഷ്യരും കിളിയും മൃഗങ്ങളും
ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ?” — അയ്യപ്പപ്പണിക്കർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.