22 November 2024, Friday
KSFE Galaxy Chits Banner 2

കാറ്റത്ത് തൂറ്റുന്ന മാര്‍ക്കറ്റിങ് തന്ത്രം

ദേവിക
വാതിൽപ്പഴുതിലൂടെ
January 15, 2024 4:30 am

മാര്‍ക്കറ്റിങ്ങിന് എന്തെല്ലാം തന്ത്രങ്ങളാണുള്ളത്. സിനിമാ ഷൂട്ടിങ്ങിനിടെ നായകന്‍ പൃഥ്വിരാജിനെ ഉഗാണ്ടയില്‍ അറസ്റ്റ് ചെയ്തു. ഇനി മാസങ്ങളോളം ജയിലില്‍ കിടക്കണം. വാര്‍ത്ത വന്ന് മൂന്നാംപക്കം നടനും പരിവാരങ്ങളും നെടുമ്പാശേരിയില്‍ പറന്നിറങ്ങി. പിന്നെയങ്ങോട്ട് സാഹസികമായി ഷൂട്ട് ചെയ്ത പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പ്രചണ്ഡമായ പ്രചാരണമായി. നായകന്‍ അറസ്റ്റ് വരിച്ചും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം അതോടെ ബോക്സോഫിസ് ഹിറ്റുമായി. ബസ് സ്റ്റാന്‍ഡുകളില്‍ സായാഹ്നപത്രം വിറ്റുനടന്ന പയ്യന്റെ മറ്റൊരു കഥ. ‘മാവോയിസ്റ്റ് കുപ്പുദേവരാജനെ പൊലീസ് വെടിവച്ചു കൊന്നു, പിണറായിയെ സതീശന്‍ അധിക്ഷേപിച്ചു, പിണറായി തിരിച്ചടിച്ചു. ഇന്നത്തെ ‘ഗുലേബക്കാവലി’ സായാഹ്നപത്രം. ചൂടുള്ള വാര്‍ത്തകള്‍…’ എന്നിങ്ങനെ പയ്യന്‍ തൊണ്ടകീറി വിളിച്ചു. ഒരൊറ്റ പത്രവും ചെലവാകുന്നില്ലെന്നായപ്പോള്‍ പയ്യനൊന്ന് മാറ്റിപ്പിടിച്ചു. ‘മഞ്ജു വാര്യര്‍ക്ക് വീണ്ടും വിവാഹം. 14ന് മുഹൂര്‍ത്തം, ഇന്നത്തെ ‘ഗുലേബക്കാവലി’ ചൂടുള്ള വാര്‍ത്ത.’ ഇതോടെ ജനം ചാടിവീണു. മിനിറ്റിനുള്ളില്‍ എല്ലാ ‘ഗുലേബക്കാവലി‘യും വിറ്റുതീര്‍ന്നു. പയ്യന്‍ ആസനത്തിലെ പൊടിയും തട്ടി സ്ഥലംകാലിയാക്കി. പത്രം വാങ്ങിയവരും വാങ്ങാന്‍ കിട്ടാത്തവരും ചേര്‍ന്ന് വായനയോട് വായന. പക്ഷെ ഒരൊറ്റ പേജിലും മഞ്ജുവാര്യരുടെ പുനര്‍വിവാഹ വാര്‍ത്തയില്ല. മഞ്ജുവിന്റെ ആരാധകര്‍ അണ്ടി വിഴുങ്ങിയ അണ്ണാനെപ്പോലെയായി. അതാണ് ജനമനഃശാസ്ത്രം നോക്കി കാറ്റത്ത് തൂറ്റുന്ന മാര്‍ക്കറ്റിങ് തന്ത്രം.


ഇതുകൂടി വായിക്കൂ:  പ്രതികരിച്ച് അളിപിളിയാക്കരുത്!


മലയാളത്തിന്റെ പ്രതിഭാതേജസായ എം ടി വാസുദേവന്‍ നായര്‍ക്ക് ഈ പയ്യന്റെ മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഒരാവശ്യവുമില്ല. എന്നാല്‍ മനസിന്റെ വികാരങ്ങള്‍ നോക്കി വായിക്കുന്നതില്‍ അഗ്രഗണ്യനാണ് എംടി എന്ന് അദ്ദേഹത്തിന്റെ അനശ്വരസൃഷ്ടികള്‍ വിളംബരം ചെയ്യുന്നു. എങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസംഗം സാഹിത്യകാരന്റേതായിരുന്നില്ല. പ്രത്യുത അദ്ദേഹത്തിലെ മാധ്യമപ്രവര്‍ത്തകനിലെ മനസിന്റെ ഇടയിളക്കമായിരുന്നു. മാസ്‌ സെെക്കോളജിയെ ഇളക്കിമറിച്ച പ്രസംഗം. ഏകാധിപത്യത്തെയും വ്യക്തിപൂജയെയും കശക്കിയെറിഞ്ഞ പ്രസംഗം. ലോകത്ത് ഒരു ഏകാധിപതിയും വ്യക്തിപൂജാവാദിയും കട്ടിലില്‍ കിടന്ന് ചത്തിട്ടില്ല. വ്യക്തിപൂജയെ എതിര്‍ത്ത ഇഎംഎസിന്റെ ആദരണീയ വ്യക്തിത്വത്തെയും വാഴ്ത്തിപ്പാടിയ എംടി, ജനാധിപത്യത്തെ കുഴിച്ചുമൂടരുതെന്നും ആള്‍ക്കൂട്ടത്തെ അക്രമിസംഘങ്ങളാക്കാതെ ലക്ഷ്യബോധമുള്ള സമൂഹമായി വളര്‍ത്തിയെടുക്കണമെന്നും ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി പിണറായിയും വേദിയില്‍ എംടിയോടൊപ്പമുണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞതോടെ പിണറായിയുടെ ഏകാധിപത്യത്തെക്കുറിച്ചായി എംടി പറഞ്ഞതെന്ന് ഒരുകൂട്ടര്‍. അതല്ല മോഡിയുടെ ഫാസിസ്റ്റ് ഏകാധിപത്യമാണ് എംടി ഉദ്ദേശിച്ചതെന്ന് മറ്റൊരു കൂട്ടര്‍. ഹിറ്റ്‌ലറെയും ഈദി അമീനെയും മുസോളിനിയെയും ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലാക്കാക്കിയായിരുന്നു എംടിയുടെ കാടടച്ചുള്ള വെടിയെന്ന് വേറൊരു കൂട്ടര്‍. കഷ്ടം ഇപ്പറയുന്നവരൊന്നും വര്‍ത്തമാന സമൂഹത്തിലെ പൊതു ദുരവസ്ഥയെക്കുറിച്ചാണ് എംടി ഓര്‍മ്മിപ്പിച്ചത് എന്നുമാത്രം കാണുന്നില്ല. ആത്മവിമര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം നമുക്കാവുന്നില്ല. ഒരാഴ്ചയോളമായി എംടിയുടെ പ്രസംഗം ഇളക്കിവിട്ട വിവാദച്ചുഴിയും മലരിയും. അതിനെ അതിന്റെ അര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യാതെ രാഷ്ട്രീയത്തിന്റെ പുതപ്പ് വാരിമൂടിയാല്‍ നാമെങ്ങനെയാണ് നന്നാവുക.


ഇതുകൂടി വായിക്കൂ:  പാമ്പാട്ടികള്‍ ജാഗ്രതൈ!


പണ്ട് പത്രങ്ങളില്‍ ചരമക്കോളത്തോടൊപ്പം ഒരു പ്രത്യേക കോളം കൂടിയുണ്ടായിരുന്നു. ‘മഹദ് ചരമ’ കോളം. ബഡാപുള്ളി മരിക്കുമ്പോഴാണ് ആ വാര്‍ത്ത മഹദ് ചരമമാവുന്നത്. എന്നാല്‍ ഭൂമി മലയാളം ഉണ്ടായശേഷം ഇതുവരെ മഹദ് കല്യാണം എന്നൊന്ന് കേട്ടിട്ടില്ല. ഇപ്പോള്‍ അക്കാര്യത്തിലും ഒരു തീരുമാനമായി. നടനും ബിജെപി ഗുണാണ്ടറുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തെ മഹദ്സംബന്ധം, മഹദ്‌വേളി എന്നെല്ലാമാണ് മാലോകര്‍ വിശേഷിപ്പിക്കുന്നത്. വിവാഹത്തില്‍ മോഡി മഹാരാജാവാണ് മുഖ്യാതിഥി. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാജകീയമായി. കൊട്ടാരങ്ങളിലെ രാജകീയ വിവാഹങ്ങളെ പള്ളിക്കെട്ടെന്നേ വിളിക്കാവൂ. രാജകുമാരി പ്രസവിച്ചാല്‍ തിരുവയറൊഴിഞ്ഞെന്നേ പറയാറുള്ളു. നാട്ടാരും ഇനി സുരേഷ് ഗോപിയുടെ മകളുടെ തിരുവയറൊഴിഞ്ഞുവെന്നേ പറയാവു. അതെന്ത് കുന്തവുമായിക്കോട്ടെ, ഹിന്ദു വിശ്വാസികളുടെയെല്ലാം വിവാഹങ്ങള്‍ മുഹൂര്‍ത്തം കുറിച്ചാണ് നടത്തപ്പെടുന്നത്. വരന്‍ വധുവിനെ മംഗല്യസൂത്രമണിയിക്കുന്നത് ഈ കൃത്യമുഹൂര്‍ത്തത്തിലാണ്. വിവാഹം രാവിലെ എട്ട് മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്തുന്നതാണ് എന്ന് ക്ഷണക്കത്തടിച്ച് വിവാഹത്തിനെത്തിയ വധൂവരന്മാരോടും ബന്ധുക്കളോടും ഇപ്പോള്‍ അധികൃതര്‍ പറയുന്നത് രാവിലെ ആറ് മണിക്ക് മുമ്പ് വിവാഹം നടത്തി സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന്. കാരണം സുരേഷ് ഗോപിയുടെ മകളുടെ മഹദ്‌മംഗല്യം നടക്കുന്നതിനാല്‍ പാവങ്ങളുടെ മുഹൂര്‍ത്തം പോലും മോഡിക്കും സുരേഷ് ഗോപിക്കും വേണ്ടി തിരുത്തിയെഴുതിക്കൊടുക്കുന്ന ദുരന്തകാലം. തിരക്കുമൂലം ശബരിമലയില്‍ കുറേ അയ്യപ്പന്മാര്‍ ദര്‍ശനം നടത്താനാകാതെ തിരിച്ചുപോയപ്പോള്‍ ശബരിമലയില്‍ ആചാരലംഘനം നടത്തിയെന്ന് വിളിച്ചുകൂവിയ സുരേഷ്‌ ഗോപിയാണിപ്പോള്‍ മകള്‍ക്കുവേണ്ടി മുഹൂര്‍ത്തം മുടക്കുന്നത് ആചാരലംഘനമല്ലെന്ന് പറയുന്നത്. ഗോപി, ഗുരുവായൂരപ്പന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തൃശൂര്‍ തെരഞ്ഞെടുപ്പില്‍ കച്ചയോ കൗപീനമോ മുറുക്കട്ടെ!
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ രാജപദവി ഉപേക്ഷിക്കുന്നു. മോഡി ദെെവമായിക്കഴിഞ്ഞു. ഇനി കാര്യങ്ങളൊക്കെ പറയുന്നത് ഡയറക്ടായി ദെെവത്തോടുമാത്രം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നിര്‍വഹിക്കാന്‍ ദെെവം തന്നോട് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നുവെന്നാണ് മോഡി ദെെവം അരുളിചെയ്തിരിക്കുന്നത്. ഇതനുസരിച്ച് താന്‍ 11 ദിവസത്തെ വ്രതത്തിലാണെന്നും ഈ ആള്‍ദെെവം അറിയിച്ചിട്ടുണ്ട്. ഇതെല്ലാം കേട്ടപ്പോള്‍ കാര്യങ്ങള്‍ കെെവിട്ടുപോയെന്ന് ഭക്തര്‍ക്ക് ആശങ്ക. മരുന്നും ഗുളികയും കൊടുത്താല്‍ തീരുമായിരുന്ന അസുഖം ഏറിയാല്‍ ഊളമ്പാറയിലെ ചികിത്സകൊണ്ട് മാറുമായിരുന്നു. ഇനിയിപ്പോള്‍ ഇടുക്കിയില്‍ നിന്ന് നേരിട്ട് രണ്ടുനേരം ഷോക്ക് നല്‍കിയാല്‍ ചിലപ്പോള്‍ രക്ഷപ്പെടുമായിരിക്കും. ഇതൊക്കെയാണെങ്കിലും കുളിക്കുകയും നനയ്ക്കുകയും ചെയ്യാതെ പണിതീരാത്ത അമ്പലത്തില്‍ മോഡി പ്രതിഷ്ഠാകര്‍മ്മം നടത്തുന്നത് ആചാരലംഘനമാണെന്ന് വിവിധ ആശ്രമങ്ങളിലെ ശങ്കരാചാര്യന്മാര്‍ ഒറ്റക്കെട്ടായി പറയുന്നു. ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്കായ ശങ്കരാചാര്യന്മാരെ പോകാന്‍ പറ. മോഡിദെെവം എവിടെ, ചീള് ശങ്കരാചാര്യനെവിടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.