28 April 2024, Sunday

റോസിക്ക് നൂറ് തികഞ്ഞു…

ദേവിക
വാതിൽപ്പഴുതിലൂടെ
February 12, 2024 4:30 am

റോസിക്ക് ശനിയാഴ്ച നൂറ് തികഞ്ഞുവെന്ന് പറയുമ്പോള്‍ ഏത് റോസിക്ക്, എവിടുത്തെ റോസിക്ക് എന്ന് നാം പരസ്പരം ചോദിക്കുന്നു. നന്ദികേടിലും മലയാളി ലോകോത്തരര്‍‍ എന്ന് വിളംബരം ചെയ്യുന്ന ചോദ്യങ്ങള്‍. സാംസ്കാരികരംഗത്ത് വിപ്ലവത്തിന്റെ കൊടുങ്കാറ്റൂതിയ റോസി ഒരു ദളിതയായിപ്പോയി. അതുകൊണ്ടുതന്നെ ജനിച്ച മണ്ണില്‍ നിന്ന് പലായനം ചെയ്ത് തമിഴകത്തെ വടപളനിയില്‍ സാംസ്കാരിക രക്തസാക്ഷിയാവുകയായിരുന്നു റോസി എന്ന രാജമ്മ. മലയാള സിനിമ നൂറ് കോടി ക്ലബ്ബില്‍, ആയിരം കോടി ക്ലബ്ബില്‍, കാക്കത്തൊള്ളായിരം കോടി മെഗാ ക്ലബ്ബില്‍ എന്നൊക്കെ ചങ്കൂറ്റംകൊള്ളുന്ന നാം റോസിയെ മറന്നു. മലയാളസിനിമയിലെ ആദ്യ നായിക. 1923 ഫെബ്രുവരി 10ന് തലസ്ഥാനത്ത് നന്തന്‍കോട് ആമത്തറയില്‍ ജനിച്ച രാജമ്മയാണ് പിന്നീട് റോസിയായത്. പുല്ലുചെത്തി വിറ്റ് അന്നം കണ്ടെത്തിയ ദളിത് കുടുംബത്തിലെ അംഗം. ആമത്തറ ഇന്ന് വരേണ്യരുടെ വാസകേന്ദ്രമായ കനകനഗറായി. അന്ന് ദളിതര്‍ മാത്രം പാര്‍ത്തിരുന്ന ആമത്തറയില്‍ ഇന്ന് ഒരു കീഴാളകുടുംബം പോലുമില്ല. അന്ന് ദളിത് കോളനിയില്‍ ചേരമര്‍ കലാസംഘം എന്ന ഒരു കലാകൂട്ടായ്മയുണ്ടായിരുന്നു. രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ രാജമ്മയും അതിലംഗമായി. ദളിതരുടെ കലാരൂപമായ കാക്കാരിശി നാടകം ശിവപാര്‍വതിമാരുടെ കഥയാണ് അവതരിപ്പിച്ചിരുന്നത്. ശിവനെന്ന കാക്കാലന്റെയും പാര്‍വതി എന്ന കാക്കാലത്തിയുടെയും വേഷങ്ങളണിഞ്ഞിരുന്നത് പുരുഷന്മാരായിരുന്നു. കാക്കാത്തിയായി അവതരിച്ച ആദ്യ പെണ്ണ് രാജമ്മയായിരുന്നു.


ഇതുകൂടി വായിക്കൂ;  വായനയും ചോദ്യങ്ങളും


ആയിടെയാണ് ജെ സി ഡാനിയലെന്ന കലാസ്നേഹിക്ക് ഒരു സിനിമ നിര്‍മ്മിക്കണമെന്ന മോഹം കലശലായത്. അദ്ദേഹം വിഗതകുമാരന്‍ എന്ന സിനിമ നിര്‍മ്മിച്ചു. നായിക രാജമ്മ. സിനിമയ്ക്കുവേണ്ടി അദ്ദേഹം ആ പേരുമാറ്റി റോസിയെന്നാക്കി. ആകെ 10 ദിവസത്തെ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയായി. പ്രതിദിനം അഞ്ച് രൂപ നിരക്കില്‍ 50 രൂപയും ഒപ്പം മുണ്ടും നേര്യതും റോസിക്ക് നല്‍കി. തലസ്ഥാനത്ത് പിന്നത്തെ സ്റ്റാച്യു കാപ്പിറ്റോള്‍ ലോഡ്ജ് നിലനിന്നിരുന്ന കാപ്പിറ്റോള്‍ തിയേറ്റര്‍ കൂടാരത്തിലായിരുന്നു ആദ്യ പ്രദര്‍ശനം. സവര്‍ണാക്രമണം ഭയന്ന് റോസിയെ അന്ന് ഡാനിയല്‍ സിനിമ കാണാന്‍ ക്ഷണിച്ചിരുന്നില്ല. സിനിമ തുടങ്ങി റോസിയുടെ രംഗപ്രവേശമായതോടെ സവര്‍ണറൗഡികള്‍ ഇളകിയാടി. സ്ക്രീന്‍ വലിച്ചുകീറി, തിയേറ്റര്‍ കൂടാരത്തിന് തീയിട്ടു. നടി റോസിയുടെ കുടുംബാംഗങ്ങള്‍ ചിതറിയോടി. അതുവഴിവന്ന ഒരു പാണ്ടിലോറിക്ക് റോസി പ്രാണരക്ഷാര്‍ത്ഥം കെെകാണിച്ചു. നാഗര്‍കോവില്‍ സ്വദേശിയായ കേശവപിള്ളയായിരുന്നു ലോറി ഡ്രെെവര്‍. അദ്ദേഹം റോസിക്ക് അഭയം നല്‍കി. കേശവപിള്ള റോസിയെ കല്യാണം കഴിച്ചു. പക്ഷെ അവിടെയും ജാതിക്കോമരങ്ങളുടെ വിളയാട്ടം. കേശവപിള്ളയും റോസിയും തമിഴ്‌നാട്ടിലെ വടപളനിയില്‍ അഭയം തേടി. അവിടെവച്ച് 60-ാം വയസില്‍ റോസി ജീവിതത്തോട് വിടചൊല്ലി. താന്‍ അഭിനയിച്ച സിനിമപോലും കാണാന്‍ അനുവദിക്കാത്ത സവര്‍ണാധിപത്യത്തെ ശപിച്ചുകൊണ്ട്. സമഗ്രസംഭാവനയ്ക്കുള്ള മലയാള സിനിമാനടിക്കുള്ള അവാര്‍ഡ് റോസിയുടെ പേരിലായിരിക്കുമെന്ന് മാറിമാറി വന്ന സര്‍ക്കാരുകളുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. മരണാനന്തരം കേരളപ്രഭ, കേരളശ്രീ പുരസ്കാരങ്ങളും റോസിക്ക് നിഷേധിക്കപ്പെട്ടു. കലയിലെ രക്തസാക്ഷിയെ നമ്മളോര്‍ത്തില്ല. ഈ നൂറാം പിറന്നാളില്‍ പോലും.


ഇതുകൂടി വായിക്കൂ;  മോഡിയും ഗോഡ്സെയും


തമിഴ്‌നാട്- കേരളാ വനം വകുപ്പുകളുടെ ‘ശവം കുത്തിക്കളി’ തുടര്‍ക്കഥയാവുന്നു. പണ്ടും ഇപ്പോഴും നദികളുടെ ഇരുകരകളിലുമുള്ള പൊലീസ് സ്റ്റേഷനുകള്‍ തമ്മില്‍ ശവംകുത്തിക്കളിയുണ്ട്. ഏതെങ്കിലും അജ്ഞാത ജഡം തങ്ങളുടെ കരയിലടുത്താല്‍ പൊലീസുകാര്‍ നീളമുള്ള മുളവടികള്‍കൊണ്ട് ശവശരീരം അക്കരയ്ക്ക് കുത്തിമാറ്റും. അവര്‍ അത് ഇക്കരയ്ക്ക് കുത്തിയകറ്റും. ആ കളി തുടരും. പിന്നെ സമവായത്തിലെത്തി മൃതദേഹം മറ്റൊരു പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലേക്ക് കുത്തിമാറ്റും. അന്വേഷണം, പോസ്റ്റ്മോര്‍ട്ടം, കേസ്, കുന്തം കൊടച്ചക്രം എന്നിവയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഈ ശവംകുത്തിക്കളിക്കിടെ മൃതദേഹം ഒരു പരുവത്തിലായിക്കാണും. ‘മാന്‍പേടയോട് മുനികന്യകയഭ്യര്‍ത്ഥിച്ചോ, മാന്‍പേട തന്നെ മുനികന്യകയോടഭ്യര്‍ത്ഥിച്ചോ’ എന്ന മട്ടിലാണ് കാര്യങ്ങള്‍. കര്‍ണാടകയിലെ തണ്ണീര്‍ എന്ന ആളെക്കൊല്ലിയാന കേരളത്തിലെത്തിയപ്പോള്‍ കേരളത്തിലെ വനംവകുപ്പ് ആ പാവം ആനയെ മയക്കുവെടിവച്ച് കൊന്ന് കര്‍ണാടകയില്‍ കൊണ്ടുചെന്നു തള്ളി. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള മോഴയാന വയനാട്ടിലെത്തി ഒരു സാധുകര്‍ഷകനെ ചവിട്ടിയരച്ചു കൊന്നപ്പോഴും ഈ ശവംകുത്തിക്കളിയുടെ തനിയാവര്‍ത്തനം. ഇന്നലെ വെെകിയിട്ടും ആനയെ വെടിവയ്ക്കുന്നതിന് പകരം കര്‍ണാടക വനാതിര്‍ത്തിക്കുള്ളിലേക്ക് ഓടിച്ച് കയറ്റാനുള്ള തത്രപ്പാടിലാണ് നമ്മുടെ വനംവകുപ്പ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 909 മനുഷ്യ ജീവനുകളാണ് വന്യമൃഗാക്രമണത്തില്‍ സംസ്ഥാനത്ത് പൊലിഞ്ഞതെന്നാണ് ഞെട്ടിപ്പിക്കുന്ന ഔദ്യോഗിക കണക്ക്. 7,492 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. കോടികളുടെ കൃഷിനാശം ഉണ്ടായി. നൂറുകണക്കിനാളുകള്‍ നഷ്ടപരിഹാരം ലഭിക്കാതെ വലയുന്നു. എന്നിട്ടും വന്യമൃഗശല്യത്തിന് മാത്രം പരിഹാര മാര്‍ഗമില്ല. ഈയിടെ ഒരു വാര്‍ത്ത കണ്ടു. നമ്മുടെ നാട്ടാനകള്‍ വംശനാശത്തിന്റെ വക്കിലാണെന്ന്. 10 വര്‍ഷത്തിനിടെ ആനയെഴുന്നള്ളിപ്പുകള്‍ തന്നെ അപ്രത്യക്ഷമാകുമെന്ന ആശങ്ക. ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മെരുക്കിയ നാട്ടാനകളെ വാങ്ങാനുള്ള അനുമതിയുമില്ല. ഈ സാഹചര്യത്തില്‍ കാട്ടില്‍ പെരുകുന്ന ആനസംഖ്യക്ക് പരിഹാരമായി കുറേ ആനകളെ മയക്കുവെടിവച്ച് പിടിച്ച് ചട്ടം പഠിപ്പിച്ച് നാട്ടാനകളാക്കി വിറ്റാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് തെല്ലെങ്കിലും ആശ്വാസമാകില്ലേ. കടുവയെയും കരടിയെയും പിടികൂടി വിദേശത്തേക്ക് കയറ്റുമതി ചെയ്താലോ. ഇതിനൊക്കെ ലേശം പ്രായോഗിക ബുദ്ധി വേണ്ടേ.


ഇതുകൂടി വായിക്കൂ;  ആനയ്ക്കറിയാമോ ഇത് സിനിമയാണെന്ന്!


വില്‍ക്കാനുണ്ട് ഭാരതരത്നം എന്ന ഗതികേടിലും നാം എത്തിയിരിക്കുന്നു. രത്നത്തിന് വില രാഷ്ട്രീയം. ഈ വര്‍ഷം അഞ്ചുപേര്‍ക്കാണ് ഭാരതരത്നം. ബാബറി മസ്ജിദ് പൊളിച്ചതിനും അതിന് കൂട്ടുനിന്നതിനുമായി എല്‍ കെ അഡ്വാനിക്കും പി വി നരസിംഹറാവുവിനും ഭാരതരത്നം. ബിഹാറില്‍ സ്വന്തം മന്ത്രിസഭയെത്തന്നെ മറിച്ചിട്ട് ബിജെപി പാളയത്തിലേക്ക് കാലുമാറാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുവേണ്ടി മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനും ഭാരതരത്നം. ഇന്ത്യ സഖ്യത്തില്‍ നിന്നും ആര്‍എല്‍ഡിയെ അടര്‍ത്തിയെടുക്കാന്‍വേണ്ടി മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിനുമിരിക്കട്ടെ ഒരു മരണാനന്തര ഭാരതരത്നം. ഇതെല്ലാം രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ള രത്നപുരസ്കാരങ്ങള്‍. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്നം നല്‍കിയതില്‍പോലും രാഷ്ട്രീയമുണ്ട്. തമിഴ്‌ ബ്രാഹ്മണരായ വിദേശകാര്യമന്ത്രി ജയശങ്കറോ ധനമന്ത്രി നിര്‍മ്മലാ സീതാരാമനോ തിരുവനന്തപുരത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നുവെന്നാണ് ശ്രുതി. അപ്പോള്‍ ബ്രാഹ്മണ വോട്ടുകള്‍ തടുത്തുകൂട്ടാന്‍ ‘മങ്കൊമ്പില്‍ സ്വാമി’ സ്വാമിനാഥനായാലോ. എപ്പടി ആനാലും എന്‍ പിള്ളയല്ലവാ എന്നു പറഞ്ഞ് ബ്രാഹ്മണ വോട്ടര്‍ കൂടോടെയിളകി വോട്ട് ചെയ്യുമെന്ന വിലയിരുത്തല്‍. എന്തായാലും പവിത്രമായ ഭാരതരത്ന അവാര്‍ഡുകളും രാഷ്ട്രീയ കച്ചവടച്ചരക്കാക്കിയതിന് മോഡിക്കുമിരിക്കട്ടെ ഒരു ഭാരതരത്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.