15 October 2024, Tuesday
KSFE Galaxy Chits Banner 2

ആനയ്ക്കറിയാമോ ഇത് സിനിമയാണെന്ന്!

ദേവിക
വാതിൽപ്പഴുതിലൂടെ
January 29, 2024 4:30 am

താനും വര്‍ഷം മുമ്പാണ്. തലസ്ഥാനത്ത് വിജെടി ഹാള്‍ എന്ന ഇന്നത്തെ അയ്യന്‍കാളി ഹാളില്‍ ഒരു സെമിനാര്‍ നടക്കുന്നു. ഇന്ത്യന്‍ സിനിമയുടെ അതുല്യ തേജസായിരുന്ന ജോണ്‍ എബ്രഹാമായിരുന്നു മുഖ്യാതിഥി. സിനിമയുടെ അനന്തസാധ്യതകളെക്കുറിച്ച് വാചാലനായ അദ്ദേഹം ആസ്വാദകരുടെ സംവേദനക്ഷമതയില്ലായ്മയെക്കുറിച്ച് വിശദീകരിക്കാന്‍ ഒരു കഥ പറഞ്ഞു. മണ്ടുഗുണ്ടോദരന്മാരായ മൂന്ന് ഹരിയാനക്കാര്‍ സിനിമ കാണുന്നു. സിനിമയുടെ മധ്യഭാഗമെത്തിയപ്പോള്‍ കുതറിയടുക്കുന്ന ആനക്കൂട്ടം. ഭയന്നരണ്ട് ഒരു ഹരിയാനക്കാരന്‍ ജീവനുംകൊണ്ട് പുറത്തേക്കോടി. രണ്ടാമന്‍ പുറത്തുചാടി പ്രാണനുംകൊണ്ട് രക്ഷപ്പെടാനുള്ള തിടുക്കത്തിലാണ്. മൂന്നാമന്‍ പറഞ്ഞു, എടാ ഇത് സിനിമയല്ലേ. രണ്ടാമന്‍ പുറത്തേക്ക് ചാടുന്നതിനിടയില്‍ വിളിച്ചുപറഞ്ഞു, എടാ ഇത് സിനിമയാണെന്ന് ആനയ്ക്കറിയാമോ! ശരിയാണല്ലോ ആനയ്ക്കറിയില്ലല്ലോ ഇത് സിനിമയാണെന്ന്, മൂന്നാമനും ശങ്കിച്ചു. പിന്നെ അയാളും പുറത്തേക്ക് പാഞ്ഞു! ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലമേലിലെ തെരുവുനാടകം കണ്ടപ്പോഴാണ് ജോണ്‍ എബ്രഹാമിന്റെ ഈ ആനക്കഥ ഓര്‍ത്തുപോയത്. കുറേ പിള്ളേര്‍ കരിങ്കൊടി കാട്ടുന്നതുകണ്ട് ഗവര്‍ണര്‍ പുറത്തേക്ക് ചാടി. ‘ദാരികവീരാ പോരിനു വാടാ’ എന്ന് വെല്ലുവിളിക്കുന്നു. പിള്ളേരെ പൊലീസ് തൂത്തുവാരിക്കൊണ്ടുപോയപ്പോള്‍ തെരുവില്‍ കസേരയിട്ടിരുന്ന് വാഹന ഗതാഗതം സ്തംഭിപ്പിക്കുന്നു. പാവം തട്ടുകടക്കാരന്റെ കച്ചവടം മുടക്കുന്നു. നഷ്ടപരിഹാരമായി തട്ടുകടയുടമയ്ക്ക് 1000 രൂപ നല്‍കുന്നു. കരിങ്കൊടി കാട്ടിയ ചെക്കന്മാരുടെ മൂക്കുനുള്ളി ഭക്ഷിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ കാണിക്കണമെന്ന് പൊലീസിനോടാവശ്യപ്പെടുന്നു. എന്നിട്ട് ഡിജിപിയോടും സ്ഥലത്തുണ്ടായിരുന്ന പൊലീസിനും അസഭ്യവര്‍ഷം. പ്രധാനമന്ത്രിയെ വിളിക്ക്, അമിത് ഷായെ വിളിക്ക് എന്ന് പേഴ്സണല്‍ സ്റ്റാഫിനോട് കല്പന. എഫ്ഐആര്‍ കണ്ടതോടെ നാടകത്തിന് തിരശീലയിട്ട് ഗവര്‍ണര്‍ തമ്പ്രാന്‍ അരങ്ങൊഴിയുന്നു. അതാണ് ആനയ്ക്കറിയാമോടാ ഇത് സിനിമയാണെന്ന് ജോണ്‍ എബ്രഹാം പറഞ്ഞപോലെ ഗവര്‍ണറും ഗവര്‍ണര്‍ക്കറിയാമോടാ താന്‍ ഗവര്‍ണറാണെന്ന് നാട്ടുകാരും വിളിച്ചുകൂവുന്നു.


ഇതുകൂടി വായിക്കൂ: ഹരിദ്വാറിലെ മണിമുഴക്കങ്ങൾ


അയോധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഒരു മാമാങ്കമാക്കി മാറ്റിയ മോഡിയുടെ തന്ത്രത്തിന് പിന്നിലെ കോര്‍പറേറ്റ് പ്രാണപ്രതിഷ്ഠയുടെ കഥകളും പുറത്തുവരുന്നു. ശ്രീരാമനെ ഒരു വിഗ്രഹമാക്കിയല്ല പ്രത്യുത ഒരു വെറും പ്രതിമ മാത്രമാക്കി സ്ഥാപിച്ചത് മഹാകോടീശ്വരന്മാരുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് പൂക്കാലമൊരുക്കാനായിരുന്നു. പ്രതിഷ്ഠയ്ക്ക് മുമ്പുള്ള മോഡിയുടെ വ്രതവും മറ്റ് തരികിട നമ്പരുകളും കണ്ടപ്പോള്‍ ജനം കരുതി മോഡിയും ദെെവമായി ശ്രീരാമനില്‍ വിലയം പ്രാപിച്ചിരിക്കുന്നുവെന്ന്. അമിത ഭക്തിക്കാരെക്കുറിച്ച് അരിസ്റ്റോട്ടില്‍ പണ്ട് പറഞ്ഞിട്ടുണ്ട്. ‘സ്വേച്ഛാധിപതിയായ ഭരണാധികാരി അമിത ദെെവഭക്തിയുള്ളവനായിരിക്കും. ദെെവഭയമുള്ളവനായതിനാല്‍ അയാള്‍ ദെെവവിരുദ്ധമായി ഒന്നും ചെയ്യില്ല എന്ന് ജനം കരുതും. അയാളുടെ ദുഷ്ചെയ്തികളെ ചെറുക്കാനും ജനങ്ങള്‍ ഭയക്കും. കാരണം ദെെവഭക്തിയുള്ളയാളോട് കൂടെയായിരിക്കുമല്ലോ ദെെവം. അങ്ങനെയാണ് മതവും ദെെവവിശ്വാസവും ഒരു ഭരണാധികാരിയുടെ ആദായകരമായ നിക്ഷേപമായി മാറുന്നത് എന്നാണദ്ദേഹം പറഞ്ഞത്. മോഡിയുടെ കാര്യത്തില്‍ എന്ത് പ്രവചനഭംഗിയുള്ള വാക്കുകള്‍. പ്രൊഫ. എം എന്‍ വിജയന്‍ മതവും ഭക്തിയും ആയുധമാക്കി മതത്തെയും രാഷ്ട്രീയാധികാരത്തെയും പിടിച്ചെടുക്കുന്ന ഫാസിസ്റ്റ് ഭരണാധികാരികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: മലയോര ജനത എന്തുകൊണ്ട് രാജ്ഭവനിലേക്ക്


അയോധ്യയില്‍ മോഡിയുടെ ശ്രീരാമന്‍ കച്ചവടത്തിനുള്ള ഒരു അടയാളം മാത്രമാണ്. അയോധ്യാ വികസനമെന്ന പേരില്‍ മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ ഭൂമി പിടിച്ചെടുക്കലില്‍ ഇതുവരെ അരലക്ഷത്തോളം കുടുംബങ്ങളുടെ വീടുകളും ഉപജീവനമാര്‍ഗമായ കടകളുമാണ് നഷ്ടപ്പെട്ടത്. നഷ്ടപരിഹാരമായി നല്കിയത് തുച്ഛമായ തുക മാത്രം. പതിനായിരക്കണക്കിനേക്കര്‍ വരുന്ന ഈ ഭൂമി ഇപ്പോള്‍ ഭൂമാഫിയകളുടെ പക്കലാണ്. വെറും മൂന്ന് ലക്ഷം രൂപ നല്കി ഏറ്റെടുത്ത 15 സെന്റ് ഭൂമിക്ക് ഇപ്പോള്‍ നല്കേണ്ടത് ഒന്നേകാല്‍ കോടി. ദരിദ്രരായ ആയിരങ്ങള്‍ കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ട് നിരാലംബരായി തെരുവില്‍ അലയുമ്പോള്‍ മോഡിയുടെ വത്സലശിഷ്യനായ അഡാനി അയോധ്യയിലെ ഒഴിപ്പിക്കപ്പെട്ട ഭൂമികള്‍ വാങ്ങിക്കൂട്ടുന്നു. സരയൂ തീരത്തെ ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്കിയ നഷ്ടപരിഹാരം വെറും ആറ് ലക്ഷം രൂപ. ആ ഭൂമി എത്തിപ്പെട്ടത് ഒരു ഭൂമാഫിയാത്തലവന്. സര്‍ക്കാരില്‍ നിന്നും 1.19 കോടി രൂപയ്ക്ക് വാങ്ങിയ ഈ ഭൂമി അഡാനി വാങ്ങിയത് 3.57 കോടി രൂപയ്ക്ക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അയോധ്യയില്‍ വിളങ്ങാന്‍ പോകുന്നത് രാമചെെതന്യമല്ല, നിരാലംബരായ ഒഴിപ്പിക്കപ്പെട്ടവരുടെ കണ്ണീരും ബഹു കോടീശ്വരന്മാരുടെ സന്തോഷാശ്രുക്കളുമായിരിക്കും. സ്വേച്ഛാധിപതിയായ, ദെെവഭക്തിയുള്ള മോഡിയെ ഈ പാവങ്ങള്‍ ഭയപ്പെടാതിരിക്കുന്നതെങ്ങനെ. ദെെവം ദെെവഭക്തനായ മോഡിയോടൊപ്പമല്ലേ. ദെെവം മോഡിക്കൊപ്പമായതുകൊണ്ടാണല്ലോ ആദിമഗോത്ര വര്‍ഗക്കാരിയായ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും ദളിതനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അയോധ്യയുടെ നാലയലത്ത് അടുപ്പിക്കാത്തത്. അയോധ്യയിലെ റിയല്‍ എസ്റ്റേറ്റ് ഭൂമി ഇവര്‍ അശുദ്ധമാക്കിക്കൂടല്ലൊ. മനുസ്മൃതിയാണല്ലോ മോഡിയുടെ ഭരണഘടന.


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെല്ലൊരു പരിഹാരം കണ്ടെത്താന്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ശുപാര്‍ശയ്ക്ക് സമ്പത്തിലുപരി സാമൂഹ്യ പ്രാധാന്യവുമാണുള്ളത്. ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്ന സ്വാഗതാര്‍ഹമായ ശുപാര്‍ശ. കുറേക്കാലം മുമ്പ് ഒരു മലയാളി പ്രവാസി വ്യവസായി തന്റെ ഡോക്ടറായ മകളുടെ വിവാഹത്തിന് ചെലവഴിച്ചത് 55 കോടി രൂപ. 18,200 കോടി സമ്പത്തുള്ള അദ്ദേഹം നടത്തിയ വിവാഹ മാമാങ്കത്തില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതിനായിരത്തില്‍പ്പരം അതിഥികളാണ് സംബന്ധിച്ചത്. പെണ്ണാണെങ്കില്‍ പൊന്നില്‍ കുളിച്ചായിരുന്നു കതിര്‍മണ്ഡപത്തിലെത്തിയത്. വിവാഹപ്പന്തലൊരുക്കിയത് കലാസംവിധായകന്‍ സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ഇരുന്നൂറംഗ സംഘം. സദ്യയ്ക്ക് തലയൊന്നിന് പതിനായിരങ്ങള്‍ വീതം ചെലവ്. ഇതെല്ലാം വെളിപ്പെടുത്തിയ കണക്കുകള്‍. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവുമധികം ആഡംബര വിവാഹങ്ങള്‍ നടക്കുന്നത്. ഇത്തരം വിവാഹങ്ങളുടെ സ്ലാബ് നിര്‍ണയിച്ച് വിവാഹ നികുതി ചുമത്തിയാല്‍ പ്രതിവര്‍ഷം 2,000 കോടി രൂപയെങ്കിലും ഖജനാവിലെത്തുമെന്നാണ് കണക്ക്. കേരളത്തിലെ മൂന്ന് ധനകാര്യ സ്ഥാപനങ്ങളിലായി പണയത്തിലും ലോക്കറിലുമായുള്ളത് 1.6 ലക്ഷം കോടി രൂപ മൂല്യമുള്ള 320 ടണ്‍ സ്വര്‍ണം, ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും സൂക്ഷിച്ചിട്ടുള്ളത് 21,000 ടണ്‍ സ്വര്‍ണം. ഇതില്‍ നല്ലൊരു പങ്കും കേരളത്തിലാണ്. ഇവയൊന്നും നികുതി ചുമത്തപ്പെടാതെ സൂക്ഷിക്കുന്നവ. ആഡംബര വിവാഹങ്ങള്‍ക്കും സ്വര്‍ണത്തിനും നികുതി ചുമത്തിയാല്‍ മാത്രം കേരളം രക്ഷപ്പെട്ട് പോകുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.