19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

സർക്കാര്‍ വാക്കുപാലിച്ചു ; കുട്ടിക്കർഷകർക്ക് മന്ത്രി പശുക്കളെ കൈമാറി

Janayugom Webdesk
തൊടുപുഴ
January 16, 2024 9:05 pm

ഭക്ഷ്യവിഷബാധയെ തുടർന്ന് 13 പശുക്കളെ നഷ്ടപ്പെട്ട തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് ആശ്വാസമേകി സംസ്ഥാന ക്ഷീര വികസന വകുപ്പ്. കെഎൽഡിബിയുടെ മാട്ടുപ്പെട്ടി ഫാമിൽ നിന്നും എത്തിച്ച അത്യുല്പാദനശേഷിയുള്ള എച്ച്എഫ് ഇനത്തിൽപ്പെട്ട ചെനയുള്ള അഞ്ച് പശുക്കളെ മൃഗസംരക്ഷണ‑ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി കൈമാറി.

സംസ്ഥാന സർക്കാരിന്റെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയ മാത്യു ബെന്നിയുടെ പശുക്കളാണ് ഡിസംബർ 31 ന് രാത്രി ഭക്ഷ്യവിഷബാധയേറ്റ് ചത്തത്. തുടര്‍ന്ന് വീട് സന്ദർശിച്ചാണ് മന്ത്രി സഹായം വാഗ്ദാനം ചെയ്തത്. മാത്യു ബെന്നിക്ക് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, ഗോവർധിനി, ഗ്രാമപഞ്ചായത്ത് എസ്എൽബിപി, കറവപ്പശു വിതരണം, തീറ്റപ്പുൽ കൃഷി ധനസഹായം, കാലിത്തീറ്റ, ധാതുലവണ വിതരണം മുതലായ പദ്ധതികളിലൂടെ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും തുടർന്നും സർക്കാരിന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും മന്ത്രി ഉറപ്പു നൽകി.
പൂർണമായും ഇൻഷുർ ചെയ്ത പശുക്കളെയാണ് നൽകിയത്. ഇതിനോടൊപ്പം മിൽമ നൽകുന്ന 45,000 രൂപയുടെ ചെക്കും, കേരള ഫീഡ്സ് നൽകുന്ന ഒരു മാസത്തേക്കാവശ്യമായ കാലിത്തീറ്റയും മന്ത്രി കൈമാറി.

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സൗജന്യമായി കറവ യന്ത്രം നൽകുമെന്നറിയിച്ചതായും മന്ത്രി പറഞ്ഞു.
ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും പശു വളർത്തൽ കൂടുതൽ ഊർജിതമാക്കുമെന്നും മാത്യു ബെന്നി പറഞ്ഞു. അമ്മ ഷൈനിയും സഹോദരങ്ങളായ ജോർജും റോസ്‌മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗവുമായിരുന്നു പശുക്കൾ. സർക്കാർസഹായം ഏറെ ആശ്വാസമായെന്ന് ഷൈനി പറഞ്ഞു.

അത്യാഹിതത്തെ തുടർന്ന് അടിയന്തര ചികിത്സകളും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള സേവനങ്ങളും ദ്രുതഗതിയിൽ നൽകിയ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി സജികുമാർ, കെഎൽഡി ബോർഡ് എംഡി ഡോ. ആർ രാജീവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ഷീരകർഷകർ, ജനപ്രതിനിധികൾ, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ്, സുനിൽ സെബാസ്റ്റ്യൻ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Min­is­ter hand­ed over cows to child farmers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.