22 November 2024, Friday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 30, 2024

നാം, നമ്മുടെ റിപ്പബ്ലിക്

ബിനോയ് വിശ്വം
January 26, 2024 4:30 am

1948 ജനുവരി 18ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തിലായിരുന്നു ഗാന്ധിജിയുടെ അവസാനത്തെ നിരാഹാര സമരം. അദ്ദേഹം സമരം അവസാനിപ്പിക്കുന്നത് മൗലാനാ അബ്ദുള്‍ കലാമിന്റെ കൈയ്യില്‍ നിന്ന് നാരങ്ങാനീര് വാങ്ങിക്കുടിച്ചുകൊണ്ടാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് പ്രസ്താവനയില്‍ ഒപ്പുവച്ച ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ വിഭജനത്തിന്റെ മുറിവുണക്കുന്നതിനായി ഒപ്പുവച്ച പ്രസ്താവനയില്‍ പ്രധാനപ്പെട്ട നാല് കാര്യങ്ങള്‍ പറയുന്നു. ഒന്ന്, ഹിന്ദുക്കള്‍ കയ്യേറിയ ഡല്‍ഹിയിലെ മുസ്ലിം ഭവനങ്ങള്‍ മുഴുവന്‍ വിട്ടു കൊടുക്കണം. രണ്ട്, ഡല്‍ഹിയില്‍ മുസ്ലിങ്ങളുടെ സ്വെെരജീവിതം ഹിന്ദുക്കളും സിക്കുകാരും ഉറപ്പുവരുത്തണം. മൂന്ന്, മെഹ്റോളി ക്വാജാ കുത്ത്ബുദീന്റെ ഖബറിലെ ഉറൂസ് എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുക. നാല്, പാകിസ്ഥാനില്‍ പോയ മുസ്ലിങ്ങളില്‍ ആരെങ്കിലും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം കൊടുക്കുക. ഇപ്പോള്‍ 76 വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച ഹിന്ദുത്വ തീവ്രവാദികള്‍ അവിടെ ക്ഷേത്രം പണിയുകയും ഇന്ത്യന്‍ ഭരണാധികാരികള്‍ അത് രാഷ്ട്രീയ നേട്ടമാക്കി ഉദ്ഘാടനം നടത്തുകയും ചെയ്തിരിക്കുന്നു. രാജ്യത്തിന്റെ മതേതരത്വത്തെയും ഭരണഘടനയെയും അപമാനിക്കുന്ന ഈ നടപടിയെ മാധ്യമങ്ങള്‍ പോലും ആഘോഷമാക്കി. പല ചാനലുകളും സ്റ്റുഡിയോ സെറ്റ് പോലും രാമക്ഷേത്ര മാതൃകയില്‍ അലങ്കരിച്ചു. ഒരു മലയാളം ചാനലിന്റെ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തത് വനവാസത്തിന് പോയ രാമന്‍ തിരിച്ച് വീട്ടിലേക്ക് വരുന്നുവെന്നാണ്.

മതേതര ജനാധിപത്യ റിപ്പബ്ലിക് വെല്ലുവിളി നേരിടുകയും ഹിന്ദു ദേശീയത ശക്തി പ്രാപിക്കുകയും ചെയ്ത ഇരുണ്ടനാളുകളിലാണ് ഇത്തവണ ജനുവരി 26 കടന്നുവരുന്നത് എന്നതിന് ഇതില്‍പ്പരം തെളിവ് വേണ്ടതില്ല. 1950ൽ ഭരണഘടന നിലവിൽ വരികയും ഇന്ത്യ ഔപചാരികമായി ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാവുകയും ചെയ്തു. 75 വർഷം പൂർത്തിയാക്കുമ്പോള്‍ അന്ന് നാം സ്ഥാപിച്ച റിപ്പബ്ലിക് സുസ്ഥിരമായി നിലനിര്‍ത്തിയെന്ന് ഭംഗിവാക്കായെങ്കിലും പറയാന്‍ പറ്റുന്ന സാഹചര്യമില്ല. റിപ്പബ്ലിക്കിന്റെ അടിത്തറ തീര്‍ത്തും ദുർബലമായിരിക്കുന്നു. മതനിരപേക്ഷത ഭരണകൂടധിക്കാരം കൊണ്ടുതന്നെ ഇല്ലാതാക്കി. ഫെഡറലിസം എന്നതിന്റെ അര്‍ത്ഥമെന്ത് എന്ന ചോദ്യത്തിന് മോഡിയുടെയും അമിത് ഷായുടെയും ഇന്ത്യയിൽ ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല. റിപ്പബ്ലിക് ദിനാഘോഷം വെറുമൊരു അനുസ്മരണമല്ല; രാഷ്ട്രത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിലെ കൂട്ടായ ഉത്തരവാദിത്തത്തെയും ജനങ്ങളിൽ നിക്ഷിപ്തമായ അധികാരത്തെയും കുറിച്ചുള്ള ആവര്‍ത്തിച്ച ഓര്‍മ്മപ്പെടുത്തലാണെന്ന് നാം അടിവരയിടുകതന്നെ വേണം. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അധികാരം കയ്യാളുന്ന സംവിധാനമാണ് റിപ്പബ്ലിക്. പ്ലേറ്റോയുടെ കാലം മുതൽ വികാസം പ്രാപിച്ചു തുടങ്ങിയ ആശയമാണിത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകത്തിന്റെ പേരും അതുതന്നെയാണ്. ജനാധിപത്യത്തിന്റെ തൊട്ടില്‍ ഏതൻസാണെന്ന് ചരിത്രം പറയുന്നു. എന്നാല്‍ ജനാധിപത്യം പിറന്നത് ഇന്ത്യയിലാണെന്നാണ് നരേന്ദ്ര മോഡി പറയുന്നത്. പറച്ചിലുകളില്‍ ഒരിക്കലും യുക്തിയും ന്യായവും പാലിക്കാത്തയാളാണ് മോഡി എന്നതുകൊണ്ട് അതില്‍ പുതുമയില്ല. ചാതുർവർണ്യത്തിന്റെയും അടിച്ചമർത്തലിന്റെയും ചരിത്രം മാത്രം പറയാനുള്ള ഇന്ത്യയിൽ തീര്‍ത്തും അപരിചിതമായിരുന്നു ജനാധിപത്യം. റിപ്പബ്ലിക്കൻ മാതൃകയിലുള്ള ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ മാറ്റിയെടുക്കാനുള്ള തീരുമാനം ലോകത്തിനു മുന്നിൽ മഹാത്ഭുതമായിരുന്നു.


ഇതുകൂടി വായിക്കൂ: ഹിന്ദുമതത്തെ ഭിന്നിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ


‘ഭാരതത്തിലെ ജനങ്ങളായ നമ്മുടെ‘യാണ് ജനാധിപത്യവും മതനിരപേക്ഷവുമായ ഇന്ത്യ. ജനാധിപത്യത്തില്‍ പാർലമെന്റിന് വലിയ പ്രാധാന്യമുണ്ട്. മോഡിയുടെ കാലത്ത് ഇന്ത്യന്‍ പാർലമെന്റിനു വേണ്ടിയുണ്ടാക്കിയ പുതിയ മന്ദിരത്തില്‍ പാർലമെന്ററി സംവിധാനത്തിന്റെ അന്ത്യകൂദാശ നടക്കുന്ന അവസ്ഥയാണ്. പ്രതിപക്ഷത്തിന് അഥവാ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള ഇടം കൂടിയാണ് പാർലമെന്റ്. പ്രതിഷേധിച്ച പ്രതിപക്ഷത്തെ ഒന്നടങ്കം പുറത്താക്കിക്കൊണ്ട് പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങള്‍ പലത് നടന്നു. പാർലമെന്റ് അപ്രസക്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. ഇന്ത്യയെ മതരാഷ്ട്രമാകുന്നതിനൊപ്പം പ്രസിഡൻഷ്യൽ രീതിയിലേക്ക് രാജ്യത്തെ മാറ്റുകയെന്ന അജണ്ടയും സംഘ്പരിവാറിനുണ്ട്. ഫെഡറലിസത്തെ ആധാരശിലയാക്കുന്ന റിപ്പബ്ലിക്കൻ സംവിധാനം തകര്‍ക്കാന്‍ ആസൂത്രിതമായി ‌ആക്രമണങ്ങൾ നടക്കുകയാണ്. ലോകത്ത് പല റിപ്പബ്ലിക്കുകളുടെയും പതനത്തിന്റെ തുടക്കം ഇത്തരം അപചയങ്ങളാണെന്ന് ഹിന്ദുത്വ ഭരണകൂടം തിരിച്ചറിയണം. റിപ്പബ്ലിക് ആയതിനുശേഷമുള്ള മൂന്ന് ദശാബ്ദക്കാലം സാമൂഹിക പ്രശ്‌നങ്ങള്‍ക്കായിരുന്നു നമ്മുടെ ഭരണകൂടം പ്രാധാന്യം നല്‍കിയിരുന്നത്. വ്യാവസായികോല്പാദനം, ഹരിത വിപ്ലവം, ധവള വിപ്ലവം എന്നിവ രാജ്യത്തെ പിന്നാക്കാവസ്ഥയില്‍ നിന്ന് മുന്‍നിര സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തി. ജനാധിപത്യ മൂല്യങ്ങള്‍ക്കും എല്ലാവരുടെയും അന്തസിനും സമത്വത്തിനുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 1947ൽ ബ്രിട്ടിഷുകാരെ നാടുകടത്തിയെങ്കിലും ചെറുത്തുതോല്പിക്കാൻ പിന്നെയും വലിയ വെല്ലുവിളി മുന്നിലുണ്ടായിരുന്നു– ദാരിദ്ര്യത്തിൽനിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉയർച്ചയിലേക്കു നയിക്കുകയെന്ന പോരാട്ടം. സ്വതന്ത്രമാകുമ്പോള്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ജനസംഖ്യയും പ്രധാന വെല്ലുവിളിയായിരുന്നു. 34 കോടിയായിരുന്നു ജനസംഖ്യ. 16ശതമാനം മാത്രമായിരുന്നു സാക്ഷരത. 90 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയുമായിരുന്നു. 140 കോടിയാണ് ഇപ്പോൾ ഇന്ത്യയുടെ ജനസംഖ്യ. സാക്ഷരതാ നിരക്ക് 82 ശതമാനമായി ഉയർന്നു. ആയുർദൈർഘ്യം 27 ൽ നിന്ന് 70ലേക്കും. ഈ വളര്‍ച്ചയുടെ ഊര്‍ജം മതേതര ജനാധിപത്യത്തിലൂന്നിയ ഭരണവും ഫെഡറലിസത്തിന്റെ സ്വതന്ത്രനയങ്ങളുമായിരുന്നു.

1990കളില്‍ ആഗോളതലത്തിലും രാജ്യത്തും നടന്ന സാമ്പത്തിക ആഗോളവല്‍ക്കരണം കോര്‍പറേറ്റ് മേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും സാധാരണക്കാരുടെ, പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്ഷയിപ്പിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു. രാജ്യത്തിനകത്തെ മാത്രമല്ല ആഗോളതലത്തിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ലോകവ്യാപകമായി രാഷ്ട്രനേതാക്കളില്‍ ഇടുങ്ങിയ ദേശീയത കടന്നുവന്നു. ഇന്ത്യയിലാകട്ടെ മതേതര ജനാധിപത്യ റിപ്പബ്ലിക്കിന് വെല്ലുവിളിയായി ഹിന്ദുദേശീയത ശക്തിപ്രാപിച്ചു. രാജ്യത്തെ സാമൂഹ്യക്ഷേമ പദ്ധതികളും അവശ വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളും ഹിന്ദു ദേശീയത പിന്നോട്ടടിപ്പിച്ചു. പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലെ വംശീയാധിപത്യമുണ്ടാക്കിയ തകര്‍ച്ച നമ്മുടെ മുമ്പിലുണ്ട്. നീതിയുടെ മൂല്യങ്ങള്‍ സ്വത്വത്തിന്റെ പേരില്‍ കളങ്കിതമാക്കപ്പെടുന്ന അതേ അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യവും നീങ്ങുന്നത്. മതം കൊണ്ടുള്ള രാഷ്ട്രീയ പ്രതിരോധമാണ് മതരാഷ്ട്രവാദം. വൈവിധ്യങ്ങളെയെല്ലാം ബഹിഷ്കരിച്ച്, ഏകാത്മകമായ മതനിർമ്മിതിവഴി രാഷ്ട്രീയമായി പുനഃക്രമീകരിക്കുന്ന പ്രക്രിയയാണത്. മതരാഷ്ട്രത്തിലേക്കുള്ള യാത്രയുടെ ഒന്നാമത്തെ അടയാളം പൊതുഇടപെടലുകളെല്ലാം മതപരമാക്കപ്പെടുന്നു എന്നതാണ്. പ്രത്യക്ഷമായി വികാരപരമായ ഭാഷയിൽ അധിനിവേശത്തെ എതിർത്തും ഗോപ്യമായി അധിനിവേശത്തിന് പിൻവാതിൽ തുറന്നിട്ടുമാണ് ലോകത്തെങ്ങും മതരാഷ്ട്രങ്ങൾ കാലക്ഷേപം നടത്തുന്നത്. ഇന്ത്യയിലെ മതരാഷ്ട്രവാദികള്‍ നെഹ്രുവിനെ മാത്രം ലക്ഷ്യമിടുന്നത് നോക്കുക. മതേതരത്വത്തിന്റെയും രാഷ്ട്രാന്തരീയമായ സാഹോദര്യത്തിന്റെയും ജനായത്തത്തിന്റെയും ചിന്തകളാണ് നെഹ്രുവിന്റെ വ്യതിരിക്തത. എന്നാൽ മതരാഷ്ട്രവാദികൾക്ക് നെഹ്രു പാശ്ചാത്യ അധിനിവേശത്തിന്റെ വാഹകനാണ്. മതേതരത്വത്തെയും ജനായത്തത്തെയും അധിനിവേശത്തില്‍ നിന്നുള്ള ഇറക്കുമതിച്ചരക്കായി അവർ ചിത്രീകരിക്കുന്നു. ബഹുസ്വരതകളെ ചരിത്രത്തിൽ നിന്നും ഇറക്കിവിട്ടുകൊണ്ട് തൽസ്ഥാനത്ത് ഏകാധിപത്യ പാരമ്പര്യത്തെ കുടിയിരുത്തുമവര്‍. മതാത്മകമായ ഈ ചരിത്രനിർമ്മാണ പാരമ്പര്യത്തിന്റെ യഥാർത്ഥ പിതാക്കാൾ സാമ്രാജ്യത്വമാണ്. അവരാണ് ഇന്ത്യാചരിത്രത്തിൽ ഹിന്ദുയുഗവും, ഇസ്ലാംയുഗവും, ബ്രിട്ടീഷ് യുഗവും (ക്രിസ്ത്യൻ അല്ല) കണ്ടുപിടിച്ചത്. അതോടെ മതേതരത്വവും ജനായത്തവും പാശ്ചാത്യമായ ഇറക്കുമതിയാണെന്ന തീർപ്പുണ്ടാക്കല്‍ എളുപ്പമായി. സമൂഹത്തിൽ നിലനിന്നിരുന്ന ബഹുസ്വരതയുടെ ജനകീയ പാരമ്പര്യത്തെ ഉയർത്തിയെടുക്കുകയാണ് ചരിത്രപരമായ നമ്മുടെ ആവശ്യം. പ്ലാനിങ് കമ്മിഷൻ മാറ്റി നിതി ആയോഗ് കൊണ്ടുവന്നത്, ‘ഇന്ത്യ’ക്കു പകരം ‘ഭാരതം’, അശോകസ്തംഭം ഒഴിവാക്കി ധന്വന്തരി തുടങ്ങിയവയെല്ലാം ജനതയില്‍ ഉറങ്ങിക്കിടക്കുന്ന സാമ്രാജ്യത്വ വിരുദ്ധതയെ ഉണർത്തുമെന്ന് അവര്‍ക്കറിയാം. സാംസ്കാരിക ബിംബങ്ങൾ കൊണ്ട് പ്രതിരോധവും അക്രമവും അഴിച്ചുവിട്ട്, ജനതയെ സാമൂഹ്യമായ ശൈശവത്തിൽ നിലനിർത്തി അരാഷ്ട്രീയവൽക്കരിച്ച് ജനാധിപത്യ വിരുദ്ധരാക്കുകയാണ് ലക്ഷ്യം. അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര ഗോപുരങ്ങള്‍ക്ക് വിള്ളല്‍വീണു. ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ അജണ്ടയായപ്പോള്‍ അത് പൂര്‍ണമായി.


ഇതുകൂടി വായിക്കൂ: അയോധ്യയില്‍ നടന്നത് മതരാഷ്ട്ര പ്രതിഷ്ഠ


ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ചെങ്കോലും സന്ന്യാസിമാരും കടന്നുവന്നു. മറിച്ച് പ്രധാനമന്ത്രി മതപുരോഹിതനും കാർമ്മികനുമായി. ആംഗ്ലിക്കൻ സഭ ഔദ്യോഗികമതമായ ഇംഗ്ലണ്ടിൽ പോലുമില്ലാത്ത കാഴ്ച ഇന്ത്യയിലുണ്ടായി. സോമനാഥ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്ന് രാഷ്ട്രപതിയെ തടഞ്ഞ പ്രഥമ പ്രധാനമന്ത്രി നെഹ്രുവില്‍ നിന്ന് രാജ്യം എത്തിയിരിക്കുന്നതിവിടെയാണ്. ഇതാണ് റിപ്പബ്ലിക്കിന്റെ ഇന്നത്തെ അവസ്ഥ. ഇന്ത്യ ഹിന്ദുരാഷ്ട്രമായിരിക്കുന്നു. മതവും രാഷ്ട്രീയവും ഭേദമില്ലാതായി എന്ന് രാമക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം നരേന്ദ്ര മോഡി പ്രഖ്യാപിക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയിലൂടെ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ പൗരത്വം മതാധിഷ്ഠിതമായി. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനുള്ള തീയതി കുറിക്കലായിരുന്നു അത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഹിന്ദു ഭരണഘടനയുടെ കരട് നാഗ്പൂരിൽ തയ്യാറാകുന്നു. മണിപ്പൂർ ഒരു സാമ്പിള്‍ മാത്രമാണ്. 2002ല്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു, ‘ഗുജറാത്ത് ഒരു മാതൃകയാണ്’. മതേതര റിപ്പബ്ലിക്കിന്റെ അപചയം ജനാധിപത്യത്തെ മാരകമായി ബാധിക്കും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അന്തസ് എന്നീ മൂല്യങ്ങൾ പൗരസമൂഹത്തിന് ഉറപ്പ് നൽകുന്നതിനുവേണ്ടിയാണ് റിപ്പബ്ലിക്കായി പരിണമിക്കാൻ നമ്മൾ അന്ന് തീരുമാനിച്ചത്. ഇവയിൽ ഏതെങ്കിലും ഒന്നിനു സംഭവിക്കുന്ന അപചയം റിപ്പബ്ലിക്കിനെ പൂര്‍ണമായും അപ്രസക്തമാക്കും.​ ​കരുതിയിരിക്കണം നമ്മള്‍, കരുതലോടെയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.