ഒടുവിൽ ഉത്തർപ്രദേശിലെ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദും ഹിന്ദുത്വ ഭീകരർ പിടിച്ചടക്കാനുള്ള അരങ്ങൊരുക്കുന്നു. മസ്ജിദിന്റെ അടിഭാഗത്തെ നിലവറ ഹിന്ദുക്കൾക്ക് പൂജയ്ക്കായി തുറന്നുകൊടുക്കാനുള്ള വാരാണസി ജില്ലാകോടതിയുടെ വിധിയോടെ ഗ്യാൻവാപി മസ്ജിദ് തട്ടിയെടുക്കാനും വർഗീയത കളിച്ച് മതേതരത്വത്തിന് അവസാന ആണിയടിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമത്തിന് ആക്കം കൂടിയിരിക്കുകയാണ്. 1993ൽ അടച്ചുപൂട്ടി മുദ്രവച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചയ്ക്കകം തുറന്നുകൊടുത്ത് പൂജയ്ക്ക് സൗകര്യങ്ങളൊരുക്കാനാണ് കോടതി വിധിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസംതന്നെ പൂജ ആരംഭിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ വാരാണസിയില്‍ മുഗൾ ഭരണകാല നിർമ്മിതിയായ ഗ്യാൻവാപി മസ്ജിദ് പുരാതനക്ഷേത്രം പൊളിച്ച് പടുത്തുയർത്തിയതാണോ എന്ന് പരിശോധിക്കാൻ ഉത്ഖനനം അടക്കമുള്ള ശാസ്ത്രീയ സർവേ നടത്താൻ കഴിഞ്ഞ ജൂലൈയിൽ വാരാണസി ജില്ലാ കോടതി നിർദേശം നൽകിയതിനെ തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥർ സർവേ നടത്തുകയുണ്ടായി. ഈ സർവേയ്ക്ക് സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും നിലവിലെ ഇന്ത്യൻ സാഹചര്യവും ബാബറി മസ്ജിദിന്റെ ഭൂതവും വർത്തമാനവുമൊക്കെ അറിയുന്ന ഏതൊരു ഇന്ത്യൻ പൗരനും എന്തായിരിക്കും ഇതിന്റെയൊക്കെ പര്യവസാനം എന്ന് ഊഹിക്കാവുന്നതേയുള്ളു.
‘അയോധ്യ തോ ജങ്കി ഹായ്, കാശി, മഥുര ബാക്കി ഹായ്’ (അയോധ്യ ഒരു കാഴ്ച മാത്രമാണ്, കാശി, മഥുര അവശേഷിക്കുന്നു). ഇത് 90 കളിലെ സംഘ്പരിവാറിന്റെയും മറ്റ് തീവ്ര ഹിന്ദു സംഘടനകളുടെയും മുദ്രാവാക്യമായിരുന്നു. ബാബറി മസ്ജിദും സ്ഥലവും കോടതി ഏകപക്ഷീയവും നീതിരഹിതവുമായി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്തയുടനെ ഔട്ട് ലുക്ക് മാസികയുമായി നടത്തിയ അഭിമുഖത്തിൽ മുതിർന്ന ബിജെപി നേതാവ് വിനയ് കത്യാർ പ്രതികരിച്ചതിങ്ങനെ: “അയോധ്യ വിജയിച്ചു, അടുത്തത് കാശിയും മഥുരയും; മസ്ജിദുകൾ അവിടെ നിന്നും ഉടൻ നീക്കേണ്ടതുണ്ട്. അയോധ്യയിലെന്നപോലെ പള്ളി പൊളിച്ചുള്ള ക്ഷേത്രനിർമ്മാണം സാധ്യമാകുന്ന വഴികളെക്കുറിച്ച് ബിജെപി തകൃതിയായി ആലോചിക്കുന്നു”. അവിടെനിന്നും മുന്നോട്ട് പോയി അദ്ദേഹം. “ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ട് കഴിഞ്ഞാൽ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കും. പിന്നെ രാമക്ഷേത്രത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്ന് ഞാൻ കരുതുന്നില്ല. ‘ശിലാ പൂജ’യ്ക്കു ശേഷം കാശിയിലും മഥുരയിലും ക്ഷേത്ര നിർമ്മാണത്തിനായി സമാഹരണം ആരംഭിക്കും. കാശി, മഥുര, അയോധ്യ എന്നീ മൂന്ന് സ്ഥലങ്ങളും പിടിച്ചടക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ഇപ്പോൾ നമ്മുടെ അയോധ്യാ ദൗത്യം പൂർത്തിയായി. ഇനി കാശിയും മഥുരയും സംഭവിക്കും. ഈ ലക്ഷ്യം നേടാൻ മരിക്കാൻ വരെ ഞങ്ങൾ തയ്യാറാണ്. കൊല്ലപ്പെടുന്നവർക്ക് പിന്നാലെ കൂടുതൽപേർ ലക്ഷ്യം നേടിയെടുക്കാനായി മുന്നോട്ടുവരും” എന്ന് കൂടി ആണയിടുന്നുണ്ട്. ഈ ലക്ഷ്യം ഇവിടംകൊണ്ടും തീരുമെന്ന യാതൊരു തെറ്റിദ്ധാരണയും നമുക്കുണ്ടാകേണ്ടതില്ല. മുഴുവൻ പള്ളികളും തകർത്ത് അവസാന ന്യൂനപക്ഷങ്ങളെയും ഫാസിസ്റ്റ് വിരുദ്ധരെയും ബുൾഡോസറിനാൽ ഞെരിച്ചമർത്തി ഭാരതത്തിന്റെയും മതേതരത്വത്തിന്റെയും ശവപ്പെട്ടിയിൽ അവസാന ആണിയുമടിച്ച് മാത്രമേ ഈ സംഘ്പരിവാർ ഫാസിസ്റ്റ് തേരോട്ടം നിൽക്കുകയുള്ളൂ. അപ്പോഴേക്കും ഇന്ത്യ എന്ന സംജ്ഞ തന്നെ അപ്രത്യക്ഷമാകും.
1669ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് ഗ്യാൻവാപി മസ്ജിദ് പണിതത്. അന്നുമുതൽ ഇന്നുവരെ മുടക്കമില്ലാതെ അവിടെ ആരാധനകൾ നടക്കുന്നു. പിന്നെയും നൂറു വർഷം കഴിഞ്ഞ് 1750ലാണ് ഇൻഡോർ രാജ്ഞി അഹില്യ ഹോൽക്കർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രം ഉണ്ടാക്കുന്നത്. പള്ളി തകർത്ത് അതിന്റെ ഭൂമി കൈവശപ്പെടുത്താൻ കേവലം 86 വർഷം മുമ്പാണ് ശ്രമമാരംഭിച്ചത്. ബാബറി മസ്ജിദ് മാതൃകയിൽ ഈ പള്ളികളിലും വിഗ്രഹം കടത്താനുള്ള ശ്രമം പള്ളി കമ്മിറ്റിക്കാർ കയ്യോടെ പിടികൂടുകയായിരുന്നു. 2000ത്തിൽ ക്ഷേത്രത്തിൽനിന്ന് പിഴുതെടുത്ത് ശിവലിംഗം പള്ളിക്ക് അകത്തേക്ക് വലിച്ചെറിഞ്ഞ പ്രദേശത്ത് ഹിന്ദു മുസ്ലിം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമവും ജില്ലാ ഭരണകൂടം ഇടപെട്ട് തടയുകയായിരുന്നു. 2018 ഒക്ടോബറിൽ സർക്കാർ കോൺട്രാക്ടർ അർധരാത്രിയിൽ പള്ളിയുടെ വടക്കൻ മതിൽ ഒരു ഭാഗം പൊളിച്ചുമാറ്റി. എന്നാൽ പിറ്റേ ദിവസം തന്നെ മതിൽ വീണ്ടും പണിതെങ്കിലും ആ നിർമ്മാണത്തിൽ സംശയമുണ്ടെന്ന് അന്നു തന്നെ പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.
2021 ഓഗസ്റ്റിൽ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വവേദിക് സനാതൻ സംഘിന്റെ പ്രവർത്തകരായ അഞ്ച് സ്ത്രീകൾ മസ്ജിദ് സമുച്ചയത്തിൽ ദിവസവും വിഗ്രഹാരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ട് ഹര്‍ജി നൽകി. ഇതിനെത്തുടർന്ന് ആസൂത്രിതവും ദുരൂഹവുമായി പള്ളിയിൽ വീഡിയോ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിടുകയായിരുന്നു. ഈ സർവേ നടത്തിയ അഭിഭാഷക കമ്മിഷണർമാർ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് തന്നെ വുദു ഗാനയ്ക്കടുത്ത് ശിവലിംഗം കണ്ടെത്തിയെന്ന് ഉറപ്പിക്കുകയും ആ ഭാഗം മുദ്രവയ്ക്കാൻ ഉത്തരവിടുകയും ചെയ്ത കോടതി നടപടിയിൽ സുപ്രീം കോടതി തന്നെ അന്ന് അത്ഭുതം പ്രകടിപ്പിച്ചിരുന്നു.
അഭിഭാഷക കമ്മിഷണറായി നിയമിക്കപ്പെട്ടത് മുതൽ അജയ് മിശ്ര ഹർജിക്കാർക്കുവേണ്ടി പക്ഷപാതപരമായി പെരുമാറുകയാണ് എന്നാണ് അഞ്ജുമെൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ അഭയ് നാഥ് യാദവ് പറയുന്നത്. മാത്രമല്ല അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിക്കുകയും ചെയ്തില്ലത്രേ. ഹിന്ദുത്വ വാദികൾ വിവാദമാക്കിയ പള്ളിയിലെ അടച്ചിട്ട നാല് നിലവറകളെപ്പറ്റി പള്ളി പരിപാലനം നടത്തുന്ന അഞ്ജുമെൻ ഇൻതിസാമിയ കമ്മിറ്റിയുടെ വക്താവും ജോയിന്റ് സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് യാസീൻ പറയുന്നത് നോക്കൂ. ബേസ്‌മെന്റിലെ നാല് മുറികളിൽ മൂന്നെണ്ണത്തിൽ ഒരു മുസ്ലിം സ്ത്രീ നേരത്തെ വള നിർമ്മാണവും കച്ചവടവും നടത്തിയിരുന്നു. നാലാമത്തെ മുറി യാദവ യുവാവിന്റെ ചായക്കടയായിരുന്നു. ഈ കടകൾ പള്ളിയുടെ പ്രവർത്തനത്തിന് തടസമായപ്പോൾ 26 വർഷം മുമ്പ് ഒഴിപ്പിക്കുകയാണുണ്ടായത്.
അയോധ്യ കേസിലെ വിധി മറ്റു ആരാധനാലയങ്ങളുടെ കേസിൽ ഒരു കീഴ്‌വഴക്കമാകില്ല; ഇനിയൊരിക്കലും ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതത്തിന്റേതാക്കി മാറ്റാനും സാധിക്കില്ല എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും, ഏതൊരു ആരാധനാലയവും 1947 ഓഗസ്റ്റിന് മുമ്പ് ഏതുവിഭാഗത്തിന്റെ കയ്യിലാണോ, അത് തുടർന്നും അവർക്ക് അവകാശപ്പെട്ടതാണെന്ന 1991ൽ പാർലമെന്റ് പാസാക്കിയ ‘ദ പ്ലേസസ് ഓഫ് വേർഷിപ്പ് ആക്ടിന്റെ നഗ്നമായ ലംഘനവുമാണ് വാരാണസി ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത്.
ബാബറി മസ്ജിദ് ധ്വ൦സനത്തിനും തുടർന്ന് മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമയുദ്ധത്തിനും ശേഷം അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർണമാകാനിരിക്കെ നേരത്തെതന്നെ സംഘ്പരിവാർ അജണ്ടയിലുള്ള മഥുര, കാശി മസ്ജിദുകൾക്കുമേലുള്ള അവകാശവാദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നാടകങ്ങൾ.
യഥാർത്ഥത്തിൽ ബാബറി മസ്ജിദിന്റെ തകർക്കൽകൊണ്ട് എന്തൊക്കെയാണോ ഹിന്ദുത്വവാദികള്‍ ലക്ഷ്യം വച്ചിരുന്നത്, അതൊക്കെ ഇപ്പോൾ നേടിക്കഴിഞ്ഞിരിക്കുന്നു. ഭൂരിപക്ഷ സംസ്ഥാനങ്ങളുൾപ്പെടെ കേന്ദ്രഭരണമടക്കം അവരുടെ കൈകളിലമർന്നു. ഇനി അത് നിലനിർത്തിക്കൊണ്ടുപോകലാണ് ലക്ഷ്യം. ഹിന്ദു മതത്തോടുള്ള പ്രതിപത്തിയോ ശിവഭഗവാനോടുള്ള ഭക്തിയോ ഒന്നുമല്ല, അവരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. മതത്തിന്റെയും ഭഗവാന്റെയും പേരിൽ ബഹളമുണ്ടാക്കി ആൾക്കൂട്ടത്തിന്റെ രക്തം തിളപ്പിച്ച് വോട്ടാക്കി മാറ്റുകയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നത് മാത്രമാണ് അവരുടെ അജണ്ട. ഭരണ പരാജയങ്ങളും അടിക്കടിയുണ്ടാകുന്ന മണിപ്പൂരടക്കമുള്ള ഗുരുതര പ്രശ്നങ്ങളും മറച്ചുപിടിക്കാനും രാഷ്ട്രീയ, ഭരണ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിലൊക്കെയും കുത്തുപാളയെടുത്ത് ലോകത്തിന് മുന്നിൽ നാണം കെട്ടിരിക്കുകയും ചെയ്യുന്ന സംഘ ശക്തികൾക്ക് ഇത്തരം വിവാദങ്ങളും ഭീകരാക്രമണങ്ങളും പയറ്റാതെ തരമില്ല. അതിനവർ തല്ലിക്കൊല്ലലും അയൽ രാജ്യാക്രമണവും ബുൾഡോസർ രാജു൦ വംശീയാക്രമണവുമടക്കം എന്ത് ഹീനമാർഗവും പ്രയോഗിക്കും. ഇങ്ങനെയൊക്കെയാണ് ഫാസിസത്തിന്റെ കാട്ടുനീതിയും കാട്ടുരീതിയും. അതിനവർ കാശിയിലെയും മഥുരയിലെയും പള്ളികൾ മാത്രമല്ല, ഇന്ത്യയിലെ അവസാനത്തെ പള്ളി വരെ തകർക്കുകയും അവസാന ന്യൂനപക്ഷങ്ങളെ വരെ വേട്ടയാടുകയും ചെയ്യും. എങ്കിൽ മാത്രമേ അവർക്ക് തങ്ങളുടെ ഹീനതന്ത്രങ്ങൾ നടപ്പാക്കാനും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനും കഴിയൂ. ഫാസിസത്തിന്റെ ഈ കുതന്ത്രങ്ങൾ മനസിലാക്കി മതേതര ജനാധിപത്യ സമൂഹം ഒന്നിച്ചു നിന്നില്ലെങ്കിൽ ഇന്ത്യ എന്ന രാജ്യം തന്നെ നാമാവശേഷമാകാൻ അധികകാലം വേണ്ട.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.