രണ്ട് കിലോഗ്രാം വിത്തിറക്കി കൊയ്തെടുത്തത് രണ്ടായിരത്തി അഞ്ഞൂറിലധികം കിലോഗ്രാം നെല്ല്, മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരുന്തല്ലൂരിലെ നെല്‍പ്പാടത്തു വിജയം കണ്ടത് പുതിയ കാര്‍ഷിക പരീക്ഷണം. പരമ്പരാഗതമായി പൊന്മണി വിത്തില്‍ കൃഷി നടത്തിയിരുന്ന പാടത്ത് അക്ഷയവിത്തിന്റെ പ്രയോഗം വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍.
മികച്ചവിളവ് ലഭിച്ചതോടെ ഉത്സവാന്തരീക്ഷത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊയ്ത് നടന്നത്.
കേവലം രണ്ട് കിലോ വിത്തു കൊണ്ട് ഒരേക്കറോളം സ്ഥലത്താണ് നെല്‍കൃഷി നടത്തിയത്. ഭാരതപ്പുഴയോരത്തെ പ്രധാന നെല്‍കൃഷി മേഖലയായ പെരുന്തലൂര്‍ പാടശേഖരത്തില്‍ കൈവരിച്ച പുതിയ നേട്ടം സംസ്ഥാനത്തെ തന്നെ കര്‍ഷകര്‍ക്ക് മാതൃകയായി മാറുകയാണ്.
തവനൂരിലെ കാര്‍ഷിക സര്‍വകലാശാല ഇന്‍സ്ട്രക്ഷണല്‍ ഫാം മേധാവി ഡോ. പി കെ അബ്ദുള്‍ ജബ്ബാറിന്റെ സാങ്കേതിക സഹായത്തോടെ തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്കിന്റെ പിന്തുണയോടെയാണ് അക്ഷയ വിത്തിറക്കി കൃഷി ആരംഭിച്ചത്. വിത്തുമാറ്റിയുള്ള പരീക്ഷണത്തിന് പൊതുവെ കര്‍ഷകര്‍ വിമുഖത പ്രകടിപ്പിച്ചപ്പോള്‍ കര്‍ഷകനും തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കെ രതന്‍ ഒരു കൈനോക്കാന്‍ സന്നദ്ധനാവുകായായിരുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ അക്ഷയ എന്ന നെല്ലിനത്തെയാണ് പൊന്മണിക്കു പകരം മണ്ണിലിറക്കിയത്. ഒറ്റഞാര്‍ സമ്പ്രദായത്തില്‍ ഇരട്ട വരി രീതി ഉപയോഗിച്ചായിരുന്നു നടീല്‍. പ്ലാസ്റ്റിക് ഷീറ്റില്‍ വിത്ത് വിതച്ചു പത്താം ദിവസം ആയപ്പോള്‍ ഓരോ ഞാറു പറിച്ചു നട്ടു. ഓരോ ജോഡി വരികള്‍ക്കിടയിലും 35 സെന്റിമീറ്റര്‍ അകലം കൊടുത്തു. വിത്തിന്റെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ കുറഞ്ഞ വിത്ത് കൊണ്ട് കൂടുതല്‍ വിസ്തൃതി കൃഷി ചെയ്യാന്‍ ഈ രീതി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ഏതു നെല്ലും ഈ രീതിയില്‍ കൃഷി ചെയ്യാം.
മൂപ്പ് കൂടിയ പൊന്മണി കൃഷി ചെയ്യുന്ന പ്രദേശം ആയതിനാലാണ് കാലയളവ് കൂടിയ അക്ഷയ തിരഞ്ഞെടുത്തത്. ശക്തമായ വേനല്‍ ചൂടടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളതാണെന്ന് മാത്രമല്ല പാകമാകുമ്പോള്‍ വീഴാത്ത നെല്ലുകൂടിയാണ് അക്ഷയ. ഇരട്ട വരിയില്‍ നട്ടാല്‍ പുറം വരികളില്‍ കൂടുതല്‍ വെയില്‍ കിട്ടുന്നത് കൊണ്ട് കൂടുതല്‍ വിളവ് കിട്ടുന്ന അതിര്‍ത്തി പ്രഭാവം ഒഴിവായി ഉള്ളില്‍ ഉള്ള വരികളിലും ഒരു പോലെ വിളവ് ലഭിക്കും.
അക്ഷയ വിത്തുയോഗിച്ചുള്ള നെല്‍കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നതിന്നായി ഡോ അബ്ദുള്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്‌കൂളുകള്‍ സംഘടിപ്പിച്ചു വരികയാണ്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യൂ സൈനുദ്ധീന്‍ ഉത്ഘാടനം ചെയ്തു. തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് അധികാരികളായ കെടി ശിവദാസന്‍, കെടി വേലായുധന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു കെ,കൃഷി ഓഫീസര്‍ ഫസീല ടി കെ എന്നിവര്‍ നേതൃത്വം നല്‍കി. കൃഷിക്കാവശ്യമായ വായ്പ, വളങ്ങള്‍, കൊയ്തു യന്ത്രം എന്നിവ ലഭ്യമാക്കി തൃപ്രങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് കൈതാങ്ങായുണ്ട്.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.