26 December 2024, Thursday
KSFE Galaxy Chits Banner 2

കെന്നഡിയും മഹേശ്വരിയും കല്യാണം കഴിച്ചു!

ദേവിക
വാതിൽപ്പഴുതിലൂടെ
February 19, 2024 4:22 am

തിരുവനന്തപുരം മൃഗശാലയില്‍ പണ്ടൊരു പെണ്ണാനയുണ്ടായിരുന്നു. പേര് മഹേശ്വരി. ശ്രീപാര്‍വതി ദേവിയുടെ അപരനാമം. 90 വയസുവരെ ജീവിച്ചിരുന്ന മഹേശ്വരിയെ ഒന്ന് പ്രസവിപ്പിക്കാന്‍ മൃഗശാല ഡയറക്ടര്‍മാരായിരുന്ന ഡോ. ചന്ദ്രനും രാജേന്ദ്ര ബാബുവും പഠിച്ച പണി പതിനെട്ടും പയറ്റി. കോടനാട് ആനത്താവളത്തില്‍ പലകുറി അയച്ച് ഇണചേര്‍പ്പിച്ചു. കിം ഫലം. തിരികെ മൃഗശാലയില്‍ കൊണ്ടുവന്ന മഹേശ്വരിക്ക് കൂട്ടായി കെന്നഡി എന്ന ആനപ്പയ്യനെ കൊണ്ടുവന്നു. ലക്ഷണമൊത്ത ക്രിസ്ത്യാനിപ്പേരുമായെത്തിയ കെന്നഡിയെ മഹേശ്വരിക്ക് പെരുത്തിഷ്ടമായി. വയസുകാലത്ത് ഇനിയെന്ത് പേറും പ്രസവവും എന്ന് ബലംപിടിച്ചുനിന്ന മഹേശ്വരി ഒരു സന്ധ്യക്ക് കെന്നഡിയെ തനിച്ചാക്കി ചരിഞ്ഞു. വിടചൊല്ലിയപ്പോള്‍ മാധ്യമങ്ങളില്‍ എന്തൊരു വാര്‍ത്താപ്രപഞ്ചമായിരുന്നു. പക്ഷെ ആരും മഹേശ്വരിക്കും കെന്നഡിക്കും മതച്ചാപ്പ കുത്തിയില്ല. മൃഗത്തിന് ആണും പെണ്ണുമല്ലാതെ മറ്റെന്ത് ജാതി. പിന്നീട് മൃഗശാലയിലെ ഒരു കടുവ പെറ്റു. ഇരട്ടക്കുട്ടികള്‍. ആണും പെണ്ണും. മൃഗശാല ഉപദേശക സമിതി അംഗമായ ഒരു മാധ്യമപ്രവര്‍ത്തകന്‍ അവര്‍ക്ക് പേരുമിട്ടു. ആനിയെന്നും അഹമ്മദെന്നും. ആല്‍ബെെനിസം എന്ന ശാസ്ത്രീയ പ്രതിഭാസംമൂലം രണ്ട് കടുവക്കുട്ടികള്‍ക്കും വെള്ളനിറമായിരുന്നു. രണ്ട് മാസം തികയുന്നതിന് മുമ്പ് രണ്ടും ചത്തു. മുസ്ലിം കടുവ പയ്യനും ക്രിസ്ത്യന്‍ കടുവപ്പെണ്ണും വിടചൊല്ലിയെന്ന് ആരും വാര്‍ത്ത പടച്ചില്ല.


ഇതുകൂടി വായിക്കൂ: ആനയ്ക്കറിയാമോ ഇത് സിനിമയാണെന്ന്!


എന്നാലിതാ ഇപ്പോള്‍ രണ്ട് സിംഹങ്ങളുടെ പേരില്‍ ബംഗാളില്‍ വര്‍ഗീയ കോലാഹലത്തിലെ പുകിലും പുക്കാറും. ത്രിപുര മൃഗശാലയില്‍ നിന്നും ഒരു പെണ്‍സിംഹത്തെ ബംഗാളിലെ സിലിഗുരി മൃഗശാലയിലേക്ക് കൊണ്ടുവന്നു. അക്ബര്‍ എന്ന ആണ്‍സിംഹത്തിന് തുണയായി. അക്ബറിന് ഏഴ് വയസ്. പെണ്ണിന് ആറ് വയസ്. സിംഹ കല്യാണത്തിന് ഒത്ത പ്രായം. തിരിച്ചറിയാന്‍ വേണ്ടി സിംഹികയ്ക്ക് മൃഗശാലാധികൃതര്‍ ഒരു പേരിട്ടു സീത. സീതയുടെ നാമകരണ വാര്‍ത്ത പുറത്തറിഞ്ഞതോടെ സംഘ്പരിവാരങ്ങള്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പൊരിഞ്ഞ സമരമായി. ഇത് അക്ബറിന്റെ ലൗജിഹാദാണ്. സീതയെ മതം മാറ്റി ഇസ്ലാമാക്കി. ഇനി പെറ്റുപെരുകി സിംഹ സംഖ്യയില്‍ മുസ്ലിം സിംഹങ്ങള്‍ ഭൂരിപക്ഷമാകും. അക്ബറെയും സീതയെയും ഒന്നിച്ച് പാര്‍പ്പിക്കരുത്. കുറഞ്ഞപക്ഷം സീതയെന്ന പേരെങ്കിലും മാറ്റി ആമിനാ ഉമ്മാള്‍ എന്നാേ മറ്റോ ആക്കണം. സീതയുടെ പേരുമാറ്റത്തിനും അക്ബറില്‍ നിന്നും സീതയുടെ വിവാഹമോചനത്തിനുമായി സംഘ്പരിവാറുകാര്‍ കോടതിയെ സമീപിച്ചിരിക്കുന്നു. ഇതെല്ലാം കേട്ട് അക്ബര്‍ സീതയോട് ചോദിക്കുന്നു, പെണ്ണേ ഈ മനുഷ്യര്‍ക്ക് നമ്മുടെ ബുദ്ധിപോലുമില്ലേ. ഇല്ലണ്ണാ മനുഷ്യന്‍ സംഘിയാകുമ്പോഴുള്ള ബുദ്ധിനാശമാണ്.


ഇതുകൂടി വായിക്കൂ:  കപ്പിത്താനില്ലാതെ ആടിയുലയുന്ന കപ്പൽ


നുഷ്യനെക്കാള്‍ മൃഗത്തിനാണ് ബുദ്ധിയെന്ന് ആദ്യമായി കണ്ടുപിടിച്ചത് നമ്മുടെ ആദരണീയനായ വനംമന്ത്രി ശശീന്ദ്രനാണ്. അരിക്കൊമ്പന്‍ എന്ന ആനയെ മയക്കുവെടി വയ്ക്കാന്‍ വനസേന ഒന്നടങ്കം കാടിനുള്ളില്‍. അരിക്കൊമ്പനാകട്ടെ വനത്തില്‍ ഒളിച്ചുകളി. ആനയും മനുഷ്യനും തമ്മിലുള്ള മരംചുറ്റിക്കളി മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു, കിട്ടിയോ. മന്ത്രിയുടെ മറുപടി. ‘കിട്ടിയില്ല. ആനകള്‍ക്ക് നമ്മളെക്കാള്‍ ബുദ്ധിയല്ലേ’. ഇപ്പോള്‍ വയനാടന്‍ കാടുകളിലെ ബേലൂര്‍ മഖ്നയെന്ന കാട്ടാനയുടെ പിന്നാലെ വനസെെന്യം പരക്കം പായുമ്പോള്‍ ആനയ്ക്കാണ് മനുഷ്യനെക്കാള്‍ ബുദ്ധിയെന്ന് വ്യക്തമായിരിക്കുന്നു. ഇന്ന് പത്താംദിനമാണ്, മഹത്തായ മഖ്ന വേട്ട തുടങ്ങിയിട്ട്. കാടടച്ച് വെടിവച്ചിട്ടും എന്തേ മഖ്ന വഴങ്ങാത്തതെന്ന് ചോദിച്ചാല്‍ വനപാലക മുഖ്യന്‍ പറയും, അതിന് വെടിവയ്ക്കാന്‍ ആന മുമ്പില്‍ വന്ന് നിന്നുതരേണ്ടേ. മുമ്പില്‍ വന്നപ്പോള്‍ വെടിവയ്ക്കാതെ പിന്തിരിഞ്ഞോടുന്നത് കണ്ടല്ലോ. അവന്‍ കൊല്ലാനാണ് വരുന്നതെന്ന് മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും നമുക്കുവേണ്ടേ എന്ന് വനസേന. മഖ്നയെന്ന മോഴയാനയെ മയക്കുവെടിവയ്ക്കാന്‍ സേന പുതിയ തന്ത്രം ആവിഷ്കരിച്ചിരിക്കുന്നുവെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. കാട്ടിനുള്ളില്‍ കയറി ആനയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞിട്ട് വെടിവയ്ക്കുക. ഡ്രോണുകള്‍ ഉപയോഗിച്ച് മുളകുപൊടി വിതറാനും സാധ്യത തേടുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ മന്ത്രി പറഞ്ഞത് പണ്ഡിതോചിത വചനങ്ങളെന്ന് തെളിയുന്നു; ആനയ്ക്ക് നമ്മളെക്കാള്‍ ബുദ്ധിയാണ്.


ഇതുകൂടി വായിക്കൂ: കാറ്റത്ത് തൂറ്റുന്ന മാര്‍ക്കറ്റിങ് തന്ത്രം


വികസിത ഇന്ത്യയാണല്ലോ മോഡിയുടെ പുതിയ മുദ്രാവാക്യം. വികസനം കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍പ്പോലും എന്ന അവസ്ഥ. മോഡിയുടെ വികസനക്കുതിപ്പിന് കൂട്ടായി അഡാനിയുമുണ്ട്. മോഡി ഭരണത്തിന്‍ കീഴില്‍ ഒന്നരലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അനൗദ്യോഗിക കണക്കുകളനുസരിച്ച് മൂന്നേകാല്‍ ലക്ഷം. ഈയടുത്ത കാലത്തായി വളം, കീടനാശിനി പ്രയോഗത്തിന് ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. അഡാനി മുതലാളിയുടെ ഹെെദരാബാദിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ച ഡ്രോണുകള്‍. ഇപ്പോഴിതാ അഡാനി ഡ്രോണുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷക ലക്ഷങ്ങളുടെ നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നു. ചെറുവെടിയുണ്ടകള്‍ പായിക്കുന്നു. ഇസ്രയേല്‍ പലസ്തീന്‍ നിഗ്രഹത്തിനുപയോഗിക്കുന്ന ബോംബ് വര്‍ഷം നടത്തുന്നതും അഡാനി ബ്രാന്‍ഡ് ഡ്രോണുകളില്‍ നിന്നും. ആരുപറഞ്ഞു വികസിത ഭാരതം കേറിയും കടന്നും ചെന്നന്യമാം ദേശങ്ങളില്‍ അല്ലെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.