പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ കെ ആന്റണിയുടെ പേര് പ്രഖ്യാപിച്ചതു മുതൽ ബിജെപി പാളയത്തിൽ ആരംഭിച്ച കലഹം മുർദ്ധന്യാവസ്ഥയിലേക്ക്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥി മോഹവുമായി നടന്ന പി സി ജോർജ്ജിന് സീറ്റ് നിഷേധിച്ചതാണ് പ്രതിഷേധവും കലഹവും മൂക്കാൻ ഇടയാക്കിയത്. അനിൽ കെ ആന്റണിയെ മണ്ഡലത്തിൽ ആർക്കും പരിചയമില്ലെന്നും പരിചയപ്പെടുത്തി എടുക്കാൻ ബിജെപി നന്നായി കഷായിക്കുമെന്നുമായിരുന്നു പി സി ജോർജ്ജിന്റെ ആദ്യ ഒളിയമ്പ്. ഇത് ഏറ്റുപിടിച്ച ജില്ലാ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ അൽപ്പം കൂടി കടന്ന പദ പ്രയോഗങ്ങളാണ് നടത്തിയത്.
അനിൽ കെ ആന്റണി ഒരു ലക്ഷം വോട്ടുപോലും പിടിക്കില്ലെന്ന് പറഞ്ഞ ശ്യാം തട്ടയിൽ ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.
അനിൽ കെ ആന്റണിയെയും ജില്ലാ നേതൃത്വത്തെയും വിമർശിച്ച ശ്യാം തട്ടയിലിനെ ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പുറത്താക്കുകയും ചെയ്തു. ഇതോടെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും പാളി. പി സി ജോർജ്ജും ശ്യാം തട്ടയിലും പറഞ്ഞതിൽ കാര്യമുണ്ടെന്നാണ് ഭൂരിഭാഗം ബിജെപി അനുഭാവികളും പറയുന്നത്.
മണ്ഡലത്തിൽ ഒരിക്കൽപ്പോലും എത്തിയിട്ടില്ലാത്ത അനിൽ കെ ആന്റണി കെട്ടിയിറക്കിയ സ്ഥാനാർത്ഥിയാണെന്നും പത്തനംതിട്ടയിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നുമാണ് പലരും പറയാതെ പറയുന്നത്. പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ ബിജെപിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും കുറവ് വോട്ടുകളായിരിക്കും ഇത്തവണ ലഭിക്കുകയെന്നും പറയുന്നവരുണ്ട്.
പി സി ജോർജ്ജിനെ അനുനയിപ്പിക്കാൻ അനിൽ കെ ആന്റണി ശ്രമം നടത്തിയെങ്കിലും അതൊന്നും ഏശിയതായി കാണുന്നില്ല.
ബിഷപ്പുമാരുടെയെല്ലാം പിന്തുണ ലഭിക്കുമെന്ന് കരുതുന്നില്ലെന്നും പി സി ജോർജ്ജ് തുറന്നടിച്ചു. പത്തനംതിട്ടയിൽ നിൽക്കാൻ ഞാൻ തന്നെയാണ് അനുയോജ്യൻ എന്ന അനിൽ കെ ആന്റണിയുടെ പ്രസ്താവന പി സി ജോർജ്ജിനുള്ള മറുപടിയുമായി. വരും ദിവസങ്ങളിൽ അനിൽ കെ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കൂടുതൽ പേർ വിമർശനവുമായി രംഗത്ത് എത്താനാണ് സാധ്യതയെന്നും പറയുന്നു.
English Summary: BJP camped in the district; Accusation and dismissal followed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.