1 January 2025, Wednesday
KSFE Galaxy Chits Banner 2

ടികെവി എന്ന ഇതിഹാസ പുരുഷന്‍

വി വി കുമാര്‍
April 7, 2024 4:58 am

1978ല്‍ ലയോള കോളജില്‍ എംഎസ്‌ഡബ്ല്യു കോഴ്‌സിന്‌ പഠിക്കുമ്പോഴാണ് ഞാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ പുത്തന്‍ചന്ത ശാഖയില്‍ ജോലിക്ക്‌ കയറുന്നത്‌. ഇന്ത്യയിലുടനീളമുള്ള ബാങ്കുജീവനക്കാര്‍ക്ക്‌ സുപരിചിതമായ ഒരു സ്റ്റേറ്റ്‌ ബാങ്ക്‌ ശാഖയായിരുന്നു പുത്തന്‍ചന്ത. അവിടെയാണ്‌ എസ്‌ബിടിയുടെ സംഘടനാ നേതാവ്‌ ടി കെ വേലായുധന്‍ നായര്‍ ജോലി ചെയ്തിരുന്നത്‌. സംഘടനയിലെ അംഗങ്ങളെല്ലാം പ്രായഭേദമെന്യേ ടികെവിയെ അണ്ണന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. ഇന്ത്യയിലെമ്പാടുമുള്ള യോഗങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹം പലപ്പോഴും യാത്രയിലായിരിക്കും. എന്നാല്‍ തിരുവനന്തപുരത്തുള്ള സമയങ്ങളില്‍ ബ്രാഞ്ചില്‍ത്തന്നെയുണ്ടാവും. ഇടപാടുകാരോടും ജീവനക്കാരോടും മാനേജരോടുമൊക്കെ ഇടപഴകാന്‍ അദ്ദേഹത്തിന്‌ താല്പര്യമേറെയായിരുന്നു. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ പരാതികള്‍ പലതും അപ്പപ്പോള്‍ത്തന്നെ പരിഹരിച്ചിരുന്നു. ഞാന്‍ നിയമന ഉത്തരവുമായി ബാങ്കിലെത്തിയ ഉടന്‍തന്നെ അന്നത്തെ ബ്രാഞ്ച് സെക്രട്ടറി എന്നെ മാനേജരുടെ ക്യാബിനില്‍ എത്തിച്ചു. കടലാസുകളൊക്കെ ഒപ്പിട്ടശേഷം അദ്ദേഹം എസ്‌ബിടി എംപ്ലോയീസ്‌ യൂണിയനില്‍ ചേരാനുള്ള അപേക്ഷ ഫോറത്തില്‍ ഒപ്പിടീപ്പിച്ചു. പിന്നെ എന്നെയും കൂട്ടി അകത്തെ മുറിയിലേക്ക്‌ നടന്നു. ഇടയ്ക്ക് നമുക്ക്‌ “അണ്ണനെകാണാം” എന്ന്‌ പറയുന്നുമുണ്ട്‌. അങ്ങനെ ഞാന്‍ അണ്ണന്‍ എന്ന ടി കെ വേലായുധന്‍ നായരുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു. നിറഞ്ഞ ഒരു ചിരിയോടെയാണ്‌ അദ്ദേഹം എന്നെ എതിരേറ്റത്‌. ലയോള കോളജില്‍ പഠിച്ചിരുന്നു എന്നറിഞ്ഞ ടികെവി കോളജില്‍ ഏത്‌ സംഘടനയിലാണ്‌ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ ചോദിച്ചു. ഞാന്‍ മലയിന്‍കീഴ്‌ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായിരുന്നു എന്നും ലയോളയില്‍ സംഘടനകളൊന്നും തന്നെ ഇല്ല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. പിന്നീട്‌ പഠിക്കുന്ന വിഷയങ്ങളെപ്പറ്റിയായി ചോദ്യം.

 

 

വ്യക്തി, സംഘം, സമൂഹം എന്നിങ്ങനെയുള്ള അടിസ്ഥാനവിഷയങ്ങളാണ്‌ സോഷ്യല്‍വര്‍ക്കിന്റെ ഭാഗമായി പഠിക്കുന്നത്‌ എന്ന്‌ പറയുമ്പോള്‍ തന്നെ ടികെവിയുടെ കമന്റ്‌ വന്നു. “അപ്പോള്‍ നമ്മുടെ സംഘടനയ്ക്ക് പറ്റിയ കക്ഷിതന്നെ കുമാര്‍.” എസ്‌ബിടി എംപ്ലോയീസ്‌ യൂണിയന്റെ ആലപ്പുഴ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്ന സമയമായിരുന്നു അത്‌. ആകെ ജീവനക്കാരുടെ പത്തിലൊന്ന് പേരാണ്‌ ഡെലിഗേറ്റായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്നവിടെ നൂറിലധികം ജീവനക്കാരുണ്ടായിരുന്നു. അന്ന്‌ സ്ഥിരമായി ഡെലിഗേറ്റായി പോയിരുന്ന ഒരാളിനെ മാറ്റി ടികെവി എന്റെ പേര്‌ എഴുതിച്ചേര്‍ത്തു. മാറ്റിയ സഖാവ്‌ ഒരല്പം കെറുവോടെ പ്രതികരിച്ചപ്പോള്‍ ഉറച്ച ശബ്‌ദത്തില്‍ ടികെവി പറഞ്ഞത്‌ “ചെറുപ്പക്കാര്‍ കൂടുതല്‍ സംഘടനാ പ്രവര്‍ത്തകരാവണം” എന്നാണ്‌. ആലപ്പുഴ സമ്മേളനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചില വിഘടനവാദികള്‍ ശ്രമിച്ചിരുന്നു. പക്ഷേ സംഘടനാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചുകൊണ്ട്‌, യൂണിയന്റെ നേട്ടങ്ങള്‍ എടുത്തു കാണിച്ചുകൊണ്ടുള്ള എന്റെ ചെറിയ പ്രസംഗം കഴിഞ്ഞപ്പോള്‍ ചേര്‍ത്ത്‌ പിടിച്ച്‌ ടികെവി പറഞ്ഞു: “പ്രസംഗം ഗംഭീരമായി.” ആദ്യമായി ഡെലിഗേറ്റായി എത്തിയ എന്നെ സംബന്ധിച്ചിടത്തോളം അത്‌ വലിയൊരംഗീകാരമായി. അന്നൊക്കെ ജോലി കഴിഞ്ഞ്‌ നേരെ പോകുന്നത്‌ യൂണിയനോഫിസിലാണ്‌. അവിടെ വിവിധ ബാങ്കുകളിലെ പ്രവര്‍ത്തകരുടെ മേളമാണ്‌. അവര്‍ക്ക്‌ പലതരം പണികളുണ്ടാവും. യൂണിയന്‍ തീരുമാനങ്ങളുടെ സര്‍ക്കുലറുകള്‍ തയ്യാറാക്കല്‍, വിവിധ ബാങ്കുകളുടെ സമ്മേളനങ്ങളുടെ ആലോചനാ യോഗങ്ങള്‍. മാനേജ്‌മെന്റുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന്റെ തലേന്ന്‌ അവിടെ ഒത്തുകൂടുന്നവര്‍ ബാങ്കില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചര്‍ച്ചചെയ്യും. അത്തരം ചര്‍ച്ചകളെ ക്രോഡീകരിച്ചുകൊണ്ടാണ്‌ പിറ്റേന്നത്തെ മാനേജ്‌മെന്റ്‌ ചര്‍ച്ചയില്‍ ടികെവി കത്തിക്കയറുന്നത്‌. ’ ഓള്‍ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷനും അതിന്റെ എസ്‌ബിടി ഘടകമായ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ എംപ്ലോയീസ്‌ യൂണിയനും ദീര്‍ഘമായ ഒരു സമരചരിത്രമുണ്ട്‌.


ഇതുകൂടി വായിക്കൂ: ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും


1920ല്‍ അടിസ്ഥാന തൊഴിലാളിവര്‍ഗം എഐടിയുസി രൂപീകരിച്ചെങ്കിലും ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ ഒരു സംഘടന എന്ന ആശയം വിദൂരസ്വപ്‌നം തന്നെയായിരുന്നു. ടികെവിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സൂര്യോദയവും സൂര്യാസ്‌തമയവും കാണാന്‍ കഴിയാതിരുന്ന ഒരു വര്‍ഗമായിരുന്നു ബാങ്ക്‌ ജീവനക്കാര്‍. അതി നീചമായ അടിച്ചമര്‍ത്തലുകള്‍, സസ്‌പെന്‍ഷനുകള്‍, മുന്നറിയിപ്പില്ലാതെയുള്ള പിരിച്ചുവിടലുകള്‍. ഇഷ്‌ടമില്ലാത്ത ജീവനക്കാരെ കള്ളക്കേസില്‍ കുരുക്കി അറസ്റ്റു ചെയ്യാന്‍ പോലും മടിക്കാത്ത മാനേജ്‌മെന്റ്‌. സ്വകാര്യ മുതലാളിമാരുടെ ലാഭേച്ഛയില്‍ മാത്രം നിലനിന്നിരുന്ന രണ്ടു പതിറ്റാണ്ടുകാലം. അതാണ്‌ സംഘടനാ രൂപീകരണ സാധ്യതകളുടെ‍ നിര്‍ണായക കാലം എന്നുപറയാം. മാനേജ്‌മെന്റുകളുടെ ശിക്ഷണ നടപടികളിലൂടെയൊന്നും ഒതുക്കപ്പെടാന്‍ കഴിയാതെ രാജ്യത്തെ ബാങ്കുകള്‍ ഒന്നായി പ്രക്ഷോഭ പരിപാടികളിലേക്ക്‌ തിരിഞ്ഞു. അതിന്റെ ഫലമായി ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായി. അത്തരം നിരവധി ട്രിബ്യൂണല്‍ വിധികളിലൂടെയാണ്‌ ബാങ്ക്‌ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കപ്പെട്ടത്‌. 1950ല്‍ പുറത്തുവന്ന സെന്‍ അവാര്‍ഡ്‌, ദേശായി അവാര്‍ഡ്‌, സിങ്‌ ട്രിബ്യൂണല്‍, കെ സി സെന്‍ ട്രിബ്യൂണല്‍, ഗജേന്ദ്ര ഗോള്‍വര്‍ക്കര്‍ കമ്മിഷന്‍ തുടങ്ങി 1962ല്‍ നിലവില്‍ വന്ന ദേശായി ട്രിബ്യൂണല്‍ വരെയുള്ള കാലം. 1964ല്‍ സഖാവ്‌ ടികെവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചു നടന്ന എഐബിഇഎ സമ്മേളനം വളരെ നിര്‍ണായകമായ തീരുമാനങ്ങളുടേതായിരുന്നു. ട്രിബ്യൂണലുകള്‍ വേണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ മതി എന്നതായിരുന്നു അതിലൊന്ന്. സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുക എന്നതാണ്‌ മറ്റൊന്ന്‌. ആ പ്രമേയത്തെ തുടര്‍ന്ന്‌ ഗവണ്‍മെന്റിന്റെ കണ്ണുതുറക്കുകയും സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയും അത്‌ വിജയത്തില്‍ കലാശിക്കുകയും ചെയ്തു എന്നത്‌ ചരിത്രം. 1966ല്‍ ആദ്യത്തെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങുകയും കരാറില്‍ എത്തുകയും ചെയ്‌തു. 1969ല്‍ ടാറ്റായുടെയും ബിര്‍ലയുടെയും ഗോയങ്കമാരുടെയും ഉടമസ്ഥതയില്‍ നിലനിന്നിരുന്ന 14 സ്വകാര്യ ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചുകൊണ്ട്‌ വിജ്ഞാപനമിറങ്ങി. ഇന്ത്യയുടെ സാമൂഹിക മാറ്റത്തിനും പുരോഗതിക്കും ദേശസാല്‍ക്കരണ തീരുമാനം എത്രത്തോളം ആക്കം കൂട്ടി എന്നതും ചരിത്രമാണ്. കേവലം മെട്രിക്കുലേഷനും ടൈപ്പ്‌റൈറ്റിങ്ങും വിദ്യാഭ്യാസം മാത്രമുള്ള ടികെവി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോ പണ്ഡിതനോ ആയിരുന്നില്ല. സംഘടനാ മേഖലയ്‌ക്ക്‌ പുറത്ത്‌ ആദ്യമൊക്കെ അദ്ദേഹം ചുരുക്കമായേ അറിയപ്പെട്ടിരുന്നുള്ളു. നാണുപിള്ളയുടെയും കാര്‍ത്യായണി അമ്മയുടെയും ആറാമത്തെ പുത്രനായ ടി കെ വേലായുധന്‍ നായര്‍ 1924 ഏപ്രില്‍ ഏഴിനാണ്‌ ജനിച്ചത്‌. എസ്‌ബിടിക്ക്‌ മുമ്പുള്ള തിരുവനന്തപുരം ഫോര്‍വേഡ്‌ ബാങ്കില്‍ 1945ല്‍ അദ്ദേഹം ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. അന്ന് സെക്രട്ടറി എന്നറിയപ്പെട്ടിരുന്ന മാനേജര്‍മാരുടെ മുന്നില്‍ ഓച്ഛാനിച്ച്‌ താണുതൊഴുതു മാത്രമേ ബാങ്കില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ശിപായിമാരെ അടിമകളെപ്പോലെയാണ്‌ മാനേജര്‍മാരും മാനേജ്‌മെന്റും പരിഗണിച്ചിരുന്നത്‌. എപ്പോള്‍ ബാങ്കില്‍ കയറണം എപ്പോള്‍ തിരിച്ചുപോകണം എന്ന്‌ മാനേജര്‍മാരാണ്‌ തീരുമാനിച്ചിരുന്നത്‌. അത്തരമൊരു ഭീകരമായ അവസ്ഥ നിലനിന്നിരുന്ന കാലത്താണ്‌ തോട്ടിത്തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന ജുബ്ബാരാമകൃഷ്ണ പിള്ളയുടെയും സിപിഐ നേതാവായ കെ വി സുരേന്ദ്രനാഥിന്റെയും പിന്തുണയോടെ അഖിലേന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ സ്ഥാപിതമായത്‌. ട്രാവന്‍കൂര്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന വി കെ ജോസഫ്‌ പ്രസിഡന്റും ടികെവി ജനറല്‍ സെക്രട്ടറിയും ജുബ്ബാരാമകൃഷ്ണ പിള്ള ഓര്‍ഗനൈസിങ്‌ സെക്രട്ടറിയുമായി. അതാണ്‌ പിന്നീട്‌ രാജ്യത്തൊട്ടാകെ പടര്‍ന്നു പന്തലിച്ച സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ എംപ്ലോയീസ്‌ യൂണിയന്‍. സംഘടനാ രൂപീകരണത്തില്‍ പ്രകോപിതനായ സി പി രാമസ്വാമി അയ്യര്‍ വി കെ ജോസഫിനെ തൃശിനാപ്പള്ളി ശാഖയിലേക്ക്‌ സ്ഥലം മാറ്റി. രജിസ്‌ട്രേഷന്‍ ഫോറത്തില്‍ ഒപ്പിട്ടവരെയൊക്കെ പൊലീസിനെ വിട്ട്‌ ഭയപ്പെടുത്തി. ടികെവിയെ പിരിച്ചുവിടും എന്നു തന്നെ സംസാരമുണ്ടായി. ഈ സമയത്താണ്‌ തിരുവനന്തപുരത്തെ ചാലക്കമ്പോളത്തില്‍ ഒരു തൊഴില്‍ സമരത്തെ തുടര്‍ന്ന്‌ ടികെവിയെയും ജുബ്ബാരാമകൃഷ്ണപിള്ളയെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്ത് ലോക്കപ്പില്‍ അടച്ചത്‌. എന്നാല്‍ അന്ന്‌ തിരുവനന്തപുരം മേയറായിരുന്ന ടികെവിയുടെ സഹോദരന്റെ ഇടപെടലിനെത്തുടര്‍ന്ന്‌ ഇരുവരും പുറത്തിറങ്ങി. ടികെവിക്ക്‌ പിരിച്ചുവിടല്‍ നോട്ടീസ്‌ നല്‍കി. അതേതുടര്‍ന്ന്‌ ഒരു ദിവസത്തെ സൂചനാ പണിമുടക്ക്‌ നടന്നു.

സമരദിവസം ജീവനക്കാര്‍ ഓരോരുത്തരായി ബാങ്കില്‍ വന്ന്‌ ഹാജര്‍ രേഖപ്പെടുത്തിയശേഷം പുറത്തിറങ്ങി. അന്ന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ ഹെഡോഫിസ്‌ പ്രവര്‍ത്തിച്ചിരുന്ന ആനക്കച്ചേരി പരിസരം സംഘര്‍ഷഭരിതമായി. അതാണ്‌ കേരള ചരിത്രത്തിലെ ആദ്യത്തെ ബാങ്ക്‌ സമരം.
ടികെവിയുടെ നേതൃത്വത്തില്‍ എസ്ബിടിയുടെ സമരത്തിനുപുറമെ മാനേജ്മെന്റുകളുടെ തെറ്റായ തൊഴിലാളി നയങ്ങള്‍ക്കെതിരെ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് കൊച്ചിന്‍, പറവൂര്‍ സെന്‍ട്രല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കനറാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവിടങ്ങളിലൊക്കെ വിജയം കണ്ട അനേകം സമര പരമ്പരകള്‍ തന്നെയുണ്ട്. എസ്ബിടിയില്‍ ഉള്‍പ്പെടെ ഇതര ബാങ്കുകളിലെയും അനേകം ചെറുപ്പക്കാരെ സംഘടനാ നേതൃത്വ നിരയിലേക്ക് കൊണ്ടുവരുവാന്‍ ടികെവി എന്നും ശ്രദ്ധിച്ചിരുന്നുവെന്നതും എടുത്തുപറയേണ്ടതുണ്ട്.
ടികെവിയോടൊത്ത്‌ തോളോടുതോള്‍ ചേര്‍ന്ന്‌ അന്ന്‌ പ്രവര്‍ത്തിച്ചിരുന്നവരില്‍ പി എം ജോസഫ്, ബാലന്‍, പി ബാലകൃഷ്ണന്‍ നായര്‍, ടി എം മാത്യൂസ്, ടി ജെ ഐസക്, ശ്രീനിവാസന്‍, വാസുദേവന്‍, രാമചന്ദ്രന്‍പിള്ള, പെരുങ്കുഴി ശ്രീധരന്‍, ആര്‍ വീരമണി, വിന്‍സന്റ് തോമസ്, പോള്‍ കാക്കശേരി, മണിക്കുട്ടന്‍ നായര്‍, ദാമോദരന്‍ നായര്‍, കെ ജെ ജോസഫ്, എം വി ഗോപിനാഥപിള്ള, ഷെറാഫുദ്ദീന്‍, സി തോമസ്, ബാലസുബ്രഹ്മണ്യം, കെ ചന്ദ്രശേഖരന്‍ നായര്‍, ഹരിപ്രസാദ്, രാമസ്വാമി എന്നിവരെയും ഓര്‍ക്കേണ്ടതുണ്ട്. ദേശീയതലത്തില്‍ പര്‍വാണ, പ്രഭാത്‌കര്‍, ഛദ്ദ, കെ ജെ ജോസഫ്‌, എന്‍ എസ്‌ പുരാവോ, പി കെ മേനോന്‍, സുന്ദരേശന്‍, എവിജി നായര്‍‍ എന്നിവര്‍ മാത്രമല്ല വിവിധ കാലങ്ങളില്‍ സംഘടനാ ഭാരവാഹികളായ നേതാക്കളൊക്കെത്തന്നെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ എംപ്ലോയീസ്‌ യൂണിയനെ ഒരു സമരസംഘടനയായി നിലനിര്‍ത്തുന്നതിനുള്ള ചാലകശക്തികളായി നിന്നു. ഇപ്പോഴത്തെ തിരുവനന്തപുരം എസ്‌ബിഐ ശാഖയ്ക്ക് മുകളിലെ ഒരു കുടുസുമുറിയിലെ എംപ്ലോയീസ്‌ യൂണിയന്‍ ഓഫിസില്‍ നിന്ന്‌ ഇന്നത്തെ ടികെവി സ്‌മാരക മന്ദിരത്തിലേക്കുള്ള യാത്രയും അനേകം ധീരസമര സഖാക്കളുടെ അര്‍പ്പണ ബോധത്തിന്റെ ഫലശ്രുതിയാണ്‌. സഖാവ്‌ ടികെവിയുടെ ജന്മശതാബ്‌ദി ദിനമായ ഇന്ന്‌ എറണാകുളം ടൗണ്‍ഹാളില്‍ വിവിധ ബാങ്ക് സംഘടനാ പ്രവര്‍ത്തകര്‍ ഒത്തുകൂടി പ്രിയപ്പെട്ട ടികെവിയെ സ്മരിക്കുകയാണ്‌. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടികെവി ഫൗണ്ടേഷന്‍ ഒരു വര്‍ഷം നീളുന്ന പ്രഭാഷണ പരമ്പരകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളും ശതാബ്‌ദിയും സമാപനത്തില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ള നിര്‍ധന വ്യക്തികള്‍ക്ക്‌ വീടുവച്ച്‌ നല്‍കാനുള്ള തീരുമാനവുമെടുത്തിട്ടുണ്ട്‌.

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.