27 May 2024, Monday

ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും

ഇന്ദിര ജയ്സിങ്
April 5, 2024 4:15 am

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ അഭിഭാഷകർ വഹിച്ച പ്രധാന പങ്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എം കെ ഗാന്ധി, ജവഹർലാൽ നെഹ്രു, വല്ലഭഭായ് പട്ടേൽ എന്നിവരുള്‍പ്പെടെ നിരവധി പേർ ആ നിരയില്‍ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ മുഖ്യശില്പി ഡോ. ബി ആർ അംബേദ്കറും അഭിഭാഷകനായിരുന്നു. നിയമവാഴ്ചയുടെ സംരക്ഷണത്തിനായി ജീവിക്കുന്ന സമൂഹമെന്ന നിലയില്‍ അഭിഭാഷകർ ഭരണഘടനയുമായി സ്വാഭാവികമായ അടുപ്പം പങ്കിടുന്നു. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരിൽ നിന്ന് അഭിഭാഷകർ പൊതുപ്രവര്‍ത്തനത്തിന്റെ പൈതൃകം സ്വീകരിച്ചു. ഭരണഘടന അംഗീകരിച്ച അധികാര വിഭജനം ലിബറൽ ജനാധിപത്യത്തിലുള്ള വിശ്വാസത്തിന്റെ പരിച്ഛേദമാണ്. ജുഡീഷ്യൽ അവലോകനം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയുമാണ്. എക്സിക്യൂട്ടീവ്, പരിധിലംഘിക്കുകയും പൗരാവകാശങ്ങൾ വെല്ലുവിളിക്കപ്പെടുകയും ചെയ്യുമ്പോൾ ജുഡീഷ്യറി, പരിശോധനകളിലൂടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ സുപ്രീം കോടതിയിൽ നേരിട്ട് പ്രവേശനം അനുവദിക്കുന്ന ഇന്ത്യൻ ഭരണഘടന, ലോകത്തിലെ തന്നെ അതുല്യമായതാണ്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ഈയിടെ ചൂണ്ടിക്കാണിച്ചതുപോലെ, ‘സുപ്രീം കോടതിയിലേക്കുള്ള പ്രവേശനം എത്ര ചെറിയവര്‍ക്കും വലിയവര്‍ക്കും ഒരുപോലെ പ്രാപ്തമാണ്’. അതുകൊണ്ടുതന്നെ ഈ വാതിലുകൾ ചിലർക്ക് തുറന്ന് കൊടുക്കുന്നതും മറ്റുള്ളവർക്ക് അടയുന്നതും കാണുമ്പോൾ അഭിഭാഷകർ പ്രതിഷേധിക്കുന്നത് സാധാരണവും. അടുത്തകാലത്ത് 600 അഭിഭാഷകർ എഴുതിയ ഒരു കത്ത്, നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹത്തിൽ ജുഡീഷ്യറിയുടെയും അഭിഭാഷകവൃത്തിയുടെയും നിയമാനുസൃതമായ പങ്ക് ഉയർത്തിക്കാണിക്കുന്നു. ഈ വിഷയത്തിന്റെ അടിത്തട്ടിൽ ഒരു ചോദ്യമുണ്ട്: സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിലേറെയായെങ്കിലും യഥാർത്ഥത്തിൽ നമ്മൾ നിയമവാഴ്ചയ്ക്ക് കീഴിൽ ജീവിക്കുന്ന ഒരു സമൂഹമാണോ?


ഇതുകൂടി വായിക്കൂ: ഭരണഘടന പരണത്ത് വയ്ക്കുമ്പോൾ


പല രാഷ്ട്രീയ നിരീക്ഷകരും രാജ്യത്തെ ജനാധിപത്യ ധ്വംസനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശക്തമായ തെളിവുകളാണ് അവർ ഹാജരാക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം, ആൾക്കൂട്ട കൊലപാതകങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതൽ. എന്നാൽ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ ക്രമാനുഗതവും വ്യവസ്ഥാപിതവുമായ രീതിയില്‍ പാർശ്വവൽക്കരിക്കുന്നതാണ് ഏറ്റവും വഞ്ചനാപരമായത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി തുടങ്ങിയ അന്വേഷണ ഏജൻസികളുടെയും 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, കള്ളപ്പണം തടയൽ, അഴിമതി നിരോധന നിയമം തുടങ്ങിയവയുടെയും ദുരുപയോഗം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും കടുത്തരീതിയില്‍ നടക്കുന്നുണ്ട്. ഒരു വിഭാഗം മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ സ്വമേധയാ പണയംവച്ച അധഃപതനവും, മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റും തടവും പൊതുപ്രവര്‍ത്തനത്തില്‍ വെല്ലുവിളിയാണ്.
പൊതുജീവിതത്തിൽ നാം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിപ്പോള്‍ ഭരണഘടനയുടെ സംരക്ഷണം. ലിബറൽ ഭരണഘടനയെ ഭരണകൂടം അവഗണിക്കുകയും ഭരണഘടനയെക്കാൾ ഉയർന്നതായി സാംസ്കാരിക ദേശീയതയെ രാജ്യത്തിന്റെ മാനദണ്ഡമായി മാറ്റുകയും ചെയ്യുന്നു. സ്വവർഗവിവാഹങ്ങൾ നിയമവിധേയമാക്കേണ്ടതില്ലെന്ന തീരുമാനത്തെ ന്യായീകരിക്കാൻ സുപ്രീം കോടതിയും ആചാരത്തെ ആശ്രയിച്ചു, സ്വവർഗം ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 377 എന്ന വസ്തുതയെ അവഗണിച്ചു. പീനൽ കോഡ് ഒരു കൊളോണിയൽ ഇറക്കുമതിയാണെന്നാണ് ഭരണകൂടത്തിന്റെ നയം. അതേസമയം അതേ കൊളോണിയൽ ഭരണഘടനയിലെ മനുഷ്യാവകാശങ്ങളെ അടിച്ചമർത്തുന്ന ക്രിമിനൽ നിയമങ്ങളുടെ പുനരാവിഷ്കരണമാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ എന്ന വിരോധാഭാസവുമുണ്ട്.
നിര്‍ഭാഗ്യവശാൽ, നിയമത്തോടുള്ള ഈ സമീപനം ജുഡീഷ്യറിയുടെ എല്ലാ കോണുകളിലും വ്യാപിക്കുകയാണ്. വിവാഹിതയായ ഒരു ഹിന്ദു സ്ത്രീ സിന്ദൂരം ധരിക്കേണ്ടത് കടമയാണെന്ന് അടുത്തിടെ ഒരു കുടുംബ കോടതി വിധിച്ചു. അക്രമത്തിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ദമ്പതികൾക്ക് ആശ്വാസം നൽകാത്ത മധ്യപ്രദേശ് ഹൈക്കോടതി, “ഭരണഘടന ചില അവകാശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അത് ആസ്വദിക്കേണ്ടതും നടപ്പിലാക്കേണ്ടതും അത്യാവശ്യമല്ല” എന്ന് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഇത് സത്യമാണെങ്കിൽ, ഭരണഘടനയുടെ ആത്മാവ് എന്ന് ഡോ. അംബേദ്കർ വിശേഷിപ്പിച്ച അനുച്ഛേദം 226, 32 എന്നിവയ്ക്ക് എന്തുപ്രസക്തി. നമ്മുടെ മൗലികാവകാശങ്ങൾ തങ്ങള്‍ക്കിഷ്ടമുള്ളപ്പോൾ നടപ്പാക്കുന്നതിന് കോടതിക്ക് വിവേചനാധികാരമുണ്ടോ? ഇതാണോ കത്തെഴുതിയവര്‍ ഇന്ത്യയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന പുതിയ ഭരണഘടനാവാദം?


ഇതുകൂടി വായിക്കൂ: ഭരണഘടന സംരക്ഷിക്കാന്‍ വിദ്യാഭ്യാസം


600 അഭിഭാഷകരുടെ കത്ത് രാജ്യത്തെ ഭരണഘടനാവാദത്തെക്കുറിച്ചുള്ള വിരുദ്ധ വീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ കാണണം. മനുഷ്യാവകാശങ്ങൾ ഒരു സാഹചര്യത്തിലും വിലപേശലല്ലെന്ന് വിശ്വസിക്കുന്നവരും ലിബറലിസം ഒരു കൊളോണിയൽ ഇറക്കുമതിയാണെന്ന് വിശ്വസിച്ചു തള്ളിക്കളയുന്നവരുമാണ് ഇരുപക്ഷങ്ങള്‍. മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ അഭിഭാഷകരുടെ പങ്ക് അവര്‍ ഏത് വീക്ഷണമാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഓരോ തവണയും ഈ സ്വാതന്ത്ര്യം ഭീഷണി നേരിടുമ്പോൾ, അവസരത്തിനൊത്തുയർന്ന് കക്ഷിരാഷ്ട്രീയത്തിൽ നിന്ന് ജുഡീഷ്യറി വിമുക്തമാണെന്ന് ഉറപ്പാക്കിയത് അഭിഭാഷകരാണ്.ജഡ്ജിമാരുടെ നിയമനത്തിൽ കെെകടത്താനുള്ള എൻഡിഎ സർക്കാരിന്റെ ശ്രമം അഭിഭാഷകലോകം വിജയകരമായി എതിർത്തു. അന്തരിച്ച ഫാലി എസ് നരിമാൻ ആയിരുന്നു, അഭിഭാഷകരെ പ്രതിനിധീകരിച്ച്, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിച്ചുകൊണ്ട് നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്മെന്റ് കമ്മിഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കാന്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കാൻ വേറെ വഴികളുണ്ടോയെന്നാണ് ഭരണഘടനാവിരുദ്ധരുടെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള 600 അഭിഭാഷകരുടെ കത്തിനെ കാണേണ്ടത്. നമ്മളുന്നയിക്കുന്ന പ്രധാന പ്രശ്നത്തെ — ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണ് എന്നത്- നിസാരവൽക്കരിക്കലാണീ നടപടി. പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചതോടെ കത്തിന് കൂടുതൽ പ്രാധാന്യവും ലഭിച്ചു. നീതിപീഠത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മൾ സംസാരിക്കുന്നത് സ്വന്തം പേരിലാണ്. അതേസമയം കത്തെഴുത്തുകാർ വിയോജനശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്ന ഭരണകക്ഷിക്ക് പകരക്കാരാകുന്നു എന്നതാണ് വസ്തുത. മനുഷ്യാവകാശ പ്രവര്‍ത്തകരെയും അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകരെയും ‘ദേശവിരുദ്ധർ’ എന്ന് മുദ്രകുത്തുന്ന ഇന്ത്യൻ ഉപരാഷ്ട്രപതിയും കത്തെഴുതിയവർക്ക് അംഗീകാരം നൽകിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: രാഷ്ട്രപതി ഉയർത്തിപ്പിടിക്കേണ്ടത് ഭരണഘടന


കോടതി വിധികൾ അവരുടെ രാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാതെ പൗരന്മാരുടെ ജീവിതത്തിലും സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്യുമ്പോൾ മനുഷ്യാവകാശ പ്രവര്‍ത്തകരായ അഭിഭാഷകർ എല്ലായ്പ്പോഴും അത് വിളിച്ചുപറഞ്ഞിട്ടുണ്ട്. ജുഡീഷ്യറിയും സ്വന്തം തെറ്റുകളെക്കുറിച്ച് ബോധമുള്ളതും സൃഷ്ടിപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതുമാണ്.പുട്ടസ്വാമി കേസിൽ ജബൽപൂര്‍ കോടതിയുടെ തീരുമാനം റദ്ദാക്കിയത് നിലവിലെ ചീഫ് ജസ്റ്റിസിന് കുറവായി തോന്നിയിട്ടില്ല. മനുഷ്യാവകാശ പ്രവർത്തകർ മാധ്യമങ്ങളെ ഉപയോഗിക്കുന്നതാണ് കത്തെഴുതിയവരെ ചൊടിപ്പിച്ച ഒരു കാര്യം. ജുഡീഷ്യറി ഉൾപ്പെടെ അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ് മാധ്യമങ്ങൾ എന്നതും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും മറക്കരുത്. ഒരു സ്വതന്ത്ര ബാർ എന്നത് സ്വതന്ത്ര ജുഡീഷ്യറിക്ക് അനിവാര്യമാണ്. ഭരണഘടനയുടെ പ്രാധാന്യവും അതിനെ പ്രതിരോധിക്കുന്നതിൽ അഭിഭാഷകവൃത്തിക്കുള്ള പങ്കും അഭിഭാഷകർക്ക് അറിയാം. ഇന്നത്തെ ബാർ നേതാക്കൾ കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് കാണുമ്പോൾ ബാറിന്റെ സ്വാതന്ത്ര്യം കൂടിയാണ് ഭീഷണിയിലാകുന്നത്. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കും സുപ്രീം കോടതി ബാർ അസോസിയേഷന്‍ നേതാവിന്റെ തെരഞ്ഞെടുപ്പിലേക്കും പോകുമ്പോൾ, അഭിഭാഷകർ തങ്ങളുടെ നേതാവായി ആരെയാണ് ആഗ്രഹിക്കുന്നതെന്ന് ശ്രദ്ധാപൂർവം ചിന്തിക്കണം. ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തിൽ, ഭരണഘടനയുടെ സംരക്ഷണം കോടതികളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ഭരണകക്ഷി നിയമരംഗത്ത് സഖ്യകക്ഷികളെ തേടുന്നത് സാധാരണമാണ്, അവർ കത്തെഴുതുന്നവരെ സഖ്യകക്ഷികളായി കണ്ടെത്തിയിരിക്കുന്നു.

(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.