വരാൻപോകുന്ന ദിവസങ്ങളിൽ കേരളത്തിലും രാജ്യത്താകെയും കടുത്ത ഉഷ്ണതരംഗ അവസ്ഥയായിരിക്കും തുടരുകയെന്ന് ഇന്ത്യയുടെ കാലാവസ്ഥാ പഠനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തെ പാലക്കാട് ജില്ലയിൽ നാലുദിവസങ്ങൾക്ക് മുമ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനകം സംസ്ഥാനത്ത് അഞ്ചുപേർ സൂര്യാഘാതമേറ്റ് മരിക്കുകയും നൂറിലധികംപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കുതിച്ചുയരുകയും ഉപയോഗം നിയന്ത്രിക്കുന്നതിനെപ്പറ്റി ഉന്നതതല ആലോചനകൾ നടക്കുകയുമുണ്ടായി. വേനൽച്ചൂട് കനത്തതോടെ ജലസംഭരണികൾ വറ്റുകയും പരക്കെ കുടിവെള്ള ക്ഷമം നേരിടുന്നുമുണ്ട്. കൃഷിക്ക് വെള്ളം ലഭിക്കാതെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും വെള്ളം നല്കാനാവാതെ അവയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗങ്ങൾ നട്ടംതിരിയുകയാണ്. വൈദ്യുതി ഉപഭോഗം ക്രമാതീതമായി ഉയർന്നതോടെ വിതരണ സംവിധാനം പരാജയപ്പെടുന്നത് ഇലക്ട്രിസിറ്റി ബോർഡ് വിതരണ വിഭാഗവും ഉപയോക്താക്കളും തമ്മിൽ അവിടവിടെ സംഘർഷം ഉടലെടുക്കുന്നതും പതിവായിരിക്കുന്നു. ജലലഭ്യതയുടെ പേരിലും അസ്വസ്ഥതകൾ ഉടലെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. യഥാസമയം കാലവർഷം ലഭിക്കുമെന്നും, അത് മുൻകാല വാർഷിക ശരാശരിക്ക് സമാനമായിരിക്കുമെന്ന പ്രവചനമാണ് അല്പമെങ്കിലും ആശ്വാസം പകരുന്നത്. എന്നാൽ, അതിനുവേണ്ടി ചുട്ടുപൊള്ളുന്ന 26 ദിവസങ്ങളുടെയെങ്കിലും നീണ്ട കാത്തിരുപ്പ് വേണ്ടിവരും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ള ഈ പ്രതിസന്ധിയെ തികഞ്ഞ ആത്മസംയമനത്തോടെയും കരുതലോടെയും നേരിടുകയേ മാർഗമുള്ളൂ. കടുത്ത കാലാവസ്ഥ പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഉൾക്കൊണ്ട് വൈദ്യുതി വിതരണത്തിൽ ലോഡ്ഷെഡിങ് ഉൾപ്പടെ കടുത്ത നിയന്ത്രണങ്ങൾ ഒന്നും കൊണ്ടുവരാതിരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഏറെ ആശ്വാസം പകരുന്നതാണ്.
കൊടുംചൂടിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനെപ്പറ്റി ആലോചിക്കാൻ വൈദ്യുതി മന്ത്രി വിളിച്ചുകൂട്ടിയ സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ യോഗത്തോട് പ്രതിസന്ധിയെ മറികടക്കാൻ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അടുത്ത പത്തുദിവസത്തേക്ക് വൈദ്യുതി ഉപയോഗം ഏറ്റവും കുറഞ്ഞ തോതിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ബോര്‍ഡിന്റെ നിർദേശങ്ങൾക്കായി കാത്തുനിൽക്കാതെ പൊതുജനങ്ങൾക്കും വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കും സ്വയം നടപ്പാക്കാവുന്ന നിയന്ത്രണങ്ങൾക്ക് അവർ സ്വമേധയാ മുന്നോട്ടുവരുന്നത് പ്രതിസന്ധിയെ മുറിച്ചുകടക്കാൻ ഏറെ സഹായകമാവും. വൈദ്യുതി ഉപയോഗം അതിന്റെ മൂർധന്യത്തിൽ എത്തുന്ന വൈകുന്നേരം ഏഴുമണി മുതൽ പ്രഭാതം വരെ വാണിജ്യ സ്ഥാപനങ്ങൾ അവരുടെ വൈദ്യുതി ഉപയോഗിച്ചുള്ള പരസ്യങ്ങൾ പരമാവധി നിയന്ത്രിക്കുകയും, വ്യവസായങ്ങൾ അനിവാര്യമല്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്യാവുന്നതാണ്. വീടുകളിൽ സമീപകാലത്തായി വ്യാപകമായി ഉപയോഗിക്കുന്ന അലങ്കാര വിളക്കുകൾ കത്തിക്കാതിരിക്കുകയും വാഷിങ് മെഷീൻ, മിക്സർ‑ഗ്രൈൻഡർ, തേപ്പുപെട്ടി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നത് പീക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവുവരുത്താൻ സഹായകമാവും. ആരാധനാലയങ്ങളിലും മതപരമായ ആഘോഷവേളകളിലും പതിവുള്ള വൈദ്യുത അലങ്കാരങ്ങൾക്കും സ്വയമേവ നിയന്ത്രണം കൊണ്ടുവരാൻ ബന്ധപ്പെട്ടവർക്ക് ആലോചിക്കാവുന്നതാണ്. മഹാപ്രളയംപോലെ നാടിനെയും ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന ദുരന്തസമാനമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഒരുമിച്ചുനിന്ന് അതിനെ മറികടന്ന കേരളജനതയ്ക്ക് ഈ പ്രതിസന്ധിയെയും മറികടക്കാനാവും. കാലാവസ്ഥാ വ്യതിയാനം മനുഷ്യ സംസ്കാരത്തിന്റെ വികല സംഭാവനകളിൽ ഒന്നുമാത്രമാണ്. ഒറ്റക്കെട്ടായി അതിനെ നേരിടുന്നതിന് പകരം വിഭാഗീയത വളർത്താനും രാഷ്ട്രീയ മുതലെടുപ്പിനും അതിനെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിച്ചുകൂട. കാലാവസ്ഥാ വ്യതിയാനം എന്ന ദുരന്തത്തെ നേരിടാൻ നാം ജീവിക്കുന്ന ഇടങ്ങളിൽ, നമ്മുടെ തലത്തിൽ എന്തൊക്കെ ചെയ്യാനാവുമെന്ന് ചിന്തിക്കാനും വ്യക്തമായ കാഴ്ചപ്പാടോടെ ഒരു പ്രവർത്തനപരിപാടിക്ക് രൂപം നൽകാനുമുള്ള അവസരം കൂടിയാണ് ഇത്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ അടിയന്തര പ്രാധാന്യം അർഹിക്കുന്ന മൂന്ന് മേഖലകളാണ് വൃക്ഷവൽക്കരണം, ജലസംരക്ഷണം, ജനപങ്കാളിത്തത്തോടെയുള്ള ഊർജോല്പാദനം എന്നിവ. വികസനത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പേരിൽ നടക്കുന്ന വനം, വൃക്ഷങ്ങൾ എന്നിവയുടെ നശീകരണത്തിനെതിരെ സംസാരിക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തുന്ന സംസ്കാരത്തിനും പകരം നശിപ്പിക്കപ്പെടുന്ന വൃക്ഷങ്ങളുടെ സ്ഥാനത്ത് പത്തിരട്ടിയായി പുതിയവ വച്ചുപിടിപ്പിച്ച് വളർത്തുക എന്ന ആശയത്തിന് യാതൊരു പുതുമയും ഇല്ല. വരാൻപോകുന്ന കാലവർഷത്തിൽ വൃക്ഷവൽക്കരണം ഒരു ജീവന്മരണ ദൗത്യമായി ഏറ്റെടുക്കാൻ നമുക്ക് കഴിയണം. അതും വിവിധ ജലസംരക്ഷണ, ഊർജോല്പാദന പദ്ധതികളും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും ട്രേഡ്‌യൂണിയനുകളും ബഹുജന പ്രസ്ഥാനങ്ങളും മത സാമുദായിക സംഘടനകളും വരും മാസങ്ങളിലെ തങ്ങളുടെ പ്രവർത്തന പരിപാടിയിലെ മുഖ്യ ഇനമാക്കി മാറ്റണം. നാടിനും ജനങ്ങൾക്കും ഭാവി തലമുറകൾക്കുംവേണ്ടി ഇതിലുപരി മറ്റൊന്നും നമുക്ക് സംഭാവന ചെയ്യാനില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.