16 June 2024, Sunday

Related news

June 16, 2024
June 14, 2024
June 12, 2024
June 12, 2024
June 12, 2024
June 11, 2024
June 11, 2024
June 11, 2024
June 11, 2024
June 10, 2024

തർക്കങ്ങൾ തിരിച്ചടിയായി മണ്ഡലങ്ങൾ ‘കൈ’ വിടും

സ്വന്തം ലേഖിക
തിരുവനന്തപുരം
May 4, 2024 10:44 pm

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തുടങ്ങിയ പടലപ്പിണക്കങ്ങളുടെ അലകളൊഴിയാതെ കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലും മറനീക്കി പുറത്ത് വന്ന ഗ്രൂപ്പ് തർക്കങ്ങളിൽ ‘കൈ‘വിട്ടുപോകുക പല മണ്ഡലങ്ങളുമായിരിക്കുമെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി നേതൃത്വം. പാർട്ടിയിലെ പുനഃസംഘടനാ തർക്കങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് ഇന്ന് ചേർന്ന കെപിസിസി അവലോകനയോഗത്തിന്റെയും വിലയിരുത്തൽ. അവസാന മണിക്കൂറിലെ പുനഃസംഘടന തെരഞ്ഞെടുപ്പ് വേളയിൽ പലയിടത്തും പ്രതിഫലിച്ചതിനെ സ്ഥാനാർത്ഥികൾ അതിരൂക്ഷമായാണ് യോഗത്തില്‍ വിമർശിച്ചത്. മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു. പല മണ്ഡലങ്ങളിലും പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഈ തർക്കം പരിഹരിക്കാനാണ് സമയം പോയതെന്നും സ്ഥാനാർത്ഥികൾ തുറന്നടിച്ചു. 

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രചാരണം മന്ദഗതിയിലായിരുന്നുവെന്നും അത് ജയസാധ്യത ഇല്ലാതാക്കുന്ന സ്ഥിതിയാക്കിയെന്നും യോഗത്തിൽ വിമർശനമുയർന്നു. ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ, തൃശൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നേരിട്ടതെന്നും അഭിപ്രായമുയർന്നു. ഗ്രൂപ്പുകൾ തമ്മിലുള്ള പടലപ്പിണക്കം പല സ്ഥലത്തും പ്രചാരണത്തിലും പ്രകടമായെന്ന് കെപിസിസി നേതൃത്വം വിലയിരുത്തി. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തിൽ ഈ തർക്കങ്ങൾ പരസ്യമായി പ്രവർത്തകർ പ്രകടിപ്പിച്ചത് കൂക്കുവിളികളോടെ സ്ഥാനാർത്ഥിയെ സ്വീകരിച്ചുകൊണ്ടായിരുന്നു. പലയിടത്തും പ്രചാരണത്തിനിടെ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുകയും ചെയ്തിരുന്നു. തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻ അതിരൂക്ഷ വിമർശനമുന്നയിച്ചു. ടി എൻ പ്രതാപനെയും ജോസ് വള്ളൂരിനെയും പേരെടുത്ത് പറഞ്ഞാണ് പ്രചാരണത്തിൽ കെടുകാര്യസ്ഥതയുണ്ടായെന്ന് മുരളീധരൻ വിമർശിച്ചത്. പുറത്ത് കാണുന്നത് പോലെയായിരുന്നില്ല തൃശൂരിലെ സ്ഥിതി. പ്രചാരണത്തിന് തനിക്ക് തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായെന്നും മുരളീധരൻ യോഗത്തിൽ കുറ്റപ്പെടുത്തി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയുണ്ടെന്ന പരോക്ഷ വിമർശനവും മുരളീധരൻ ഉന്നയിച്ചു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സഹകരിച്ചില്ലെന്നായിരുന്നു കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ ആരോപണം. പേര് പറഞ്ഞില്ലെങ്കിലും ടി സിദ്ധിഖിനും അദേഹത്തിന്റെ അനുയായികൾക്കും നേരെയായിരുന്നു രാഘവന്റെ വിമർശനം. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ണൂരിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് കെ സുധാകരനും യോഗത്തിൽ വ്യക്തമാക്കി. അതേ സമയം കെ സുധാകരന്‍ ഇന്നലെ വീണ്ടും കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ നേരത്തെ തന്നെ സന്നദ്ധനായിരുന്നെങ്കിലും ഹൈക്കമാന്‍ഡ് അതിന് തടയിട്ടു. എം എം ഹസന്‍ ആക്ടിങ് പ്രസിഡന്റായി തുടരട്ടെയെന്ന ഹൈക്കമാന്‍ഡ് നിലപാടാണ് സുധാകരന് തിരിച്ചടിയായത്. 

Eng­lish Summary:The dis­putes will back­fire and the con­stituen­cies will ‘hand over’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.