21 November 2024, Thursday
KSFE Galaxy Chits Banner 2

നീതിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളി

ടി കെ വിനോദൻ
June 9, 2024 3:45 am

വർഷങ്ങൾക്കുമുമ്പ് ബിആർപി ഭാസ്കറിനെക്കുറിച്ചുള്ള ഒരു ലേഖന സമാഹാരത്തിൽ ഞാൻ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ‘ഇടതുപക്ഷത്തിന്റെ കാവലാൾ’ എന്നായിരുന്നു. സമത്വത്തില്‍ അധിഷ്ഠിതമായ നീതി എന്ന ആശയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളി എന്ന നിലയിലാണ് ബിആര്‍പിയെ, ഇടതുപക്ഷത്തിന്റെ കാവലാള്‍ എന്നു വിശേഷിപ്പിച്ചത്. ഇടതുപക്ഷം എന്ന പ്രയോഗത്തിന്റെ യഥാർത്ഥ വിവക്ഷ അറിയാത്ത ചിലർ തലക്കെട്ടിനെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയുണ്ടായി. അവർക്ക് മനസിലാകുന്ന തരത്തിൽ അത് വിശദീകരിക്കാൻ ശ്രമിച്ചെന്നും അവർക്ക് എത്രത്തോളം മനസിലാക്കാൻ കഴിഞ്ഞുവെന്ന് അറിയില്ലെന്നും ഞാൻ ബിആർപി സാറിനോട് പറഞ്ഞു. വളരെ സങ്കുചിതമായ തലത്തിൽ പ്രശ്നങ്ങളെ മനസിലാക്കി ശീലിച്ചവർക്ക് ആ ശീലത്തിന്റെ തടവറയിൽ നിന്ന് മുക്തരാകുക അത്ര എളുപ്പമല്ലെന്നായിരുന്നു ബിആർപിയുടെ പ്രതികരണം. സത്യത്തോടും നീതിയോടും നിർബന്ധബുദ്ധിയോടെ കൂറു പുലർത്തുകയും തന്റേതായ തത്വങ്ങളിലും ആദർശങ്ങളിലും അടിയുറച്ചു നില്‍ക്കുകയും ചെയ്ത മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമായി അരനൂറ്റാണ്ടോളം നീണ്ട തന്റെ മാധ്യമപ്രവർത്തനജീവിതത്തെക്കുറിച്ച് ‘ന്യൂസ് റൂം’ എന്ന ഗ്രന്ഥത്തിൽ ബിആർപി വിശദമായി പറയുന്നുണ്ട്. അതൊന്നും ആവർത്തിക്കുന്നില്ല.

1990 കളിൽ കേരളത്തിൽ തിരിച്ചെത്തിയതിനുശേഷം ഇവിടെ അധികം ചർച്ച ചെരുപ്പെട്ടിട്ടില്ലാത്ത, ജാതിയുമായും മനുഷ്യാവകാശങ്ങളുമായും ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ മലയാളികൾക്ക് പുതിയ ഉൾക്കാഴ്ച നല്‍കുന്നവയായിരുന്നു. ജാതിയെ സാമൂഹ്യശാസ്ത്രപരമായും രാഷ്ട്രീയമായും സമീപിക്കുന്നവയായിരുന്നു അവ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി പി സിങ് സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും കെ ആർ ഗൗരിയമ്മ സിപിഐ(എം) വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചുമുള്ള ബിആർപിയുടെ നിരീക്ഷണങ്ങൾ, അധികാരവും ജാതിയും തമ്മിലുള്ള ബന്ധത്തിലെ പ്രായോഗികവും സൈദ്ധാന്തികവുമായ നിരവധി പ്രശ്നങ്ങൾ ചർച്ചാവിഷയമാക്കി.

ഏഷ്യാനെറ്റിലെ ‘പത്രവിശേഷം’ എന്ന മാധ്യമവിശകലന പരിപാടിയിലൂടെയാണ് ബിആര്‍പി ഭാസ്‌കര്‍ എന്ന പേര് സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിചിതമായത്. കാതലുള്ള മാധ്യമ വിമര്‍ശനമായിരുന്നു ബിആര്‍പിയുടേത്. തെറ്റ് കണ്ടുപിടിക്കാനും കുറ്റം പറയാനും കാത്തിരിക്കുന്ന ഒരു ദോഷൈകദൃക്ക് ആയിരുന്നില്ല മാധ്യമ വിമർശകനായ ബിആർപി. വീഴ്ചകളും പോരായ്മകളും കൃത്യമായി ചൂണ്ടിക്കാട്ടി അവ തിരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നമ്മുടെ മാധ്യമങ്ങൾക്ക് സ്വയംവിമർശനത്തിന് പ്രേരണ നല്‍കി. തെറ്റുകളെ വിമര്‍ശിക്കുമ്പോഴും നന്മകള്‍ കണ്ടെത്താനും അതുറക്കെ പറയാനും ബിആര്‍പി പ്രത്യേക താല്പര്യം കാണിച്ചു. പുതുമകളെ സ്വാഗതം ചെയ്യാന്‍ എപ്പോഴും അദ്ദേഹം സന്നദ്ധനായിരുന്നു.

 

 

 

മാധ്യമപ്രവർത്തനത്തെ സാമൂഹ്യ പ്രവർത്തനമായിത്തന്നെ കണ്ട ബിആർപി മാധ്യമ പ്രവർത്തനത്തിൽനിന്ന് വിരമിച്ചതിനുശേഷമുള്ള ജീവിതം പൂർണമായും മനുഷ്യാവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തിനായി നീക്കിവച്ചു. കേരളത്തിൽ ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ മുന്നേറ്റങ്ങളിലും ബിആർപിയുണ്ടായിരുന്നു. മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത, വ്യക്തവും സുചിന്തിതവും അചഞ്ചലവുമായ നിലപാടുകള്‍ പുലര്‍ത്തിയ ‘ബിആര്‍പി, ആ രംഗത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ എഴുത്തിലും പ്രഭാഷണത്തിലും ഒതുക്കിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്നു ദശകക്കാലത്തുണ്ടായ പ്രധാനപ്പെട്ട എല്ലാ മനുഷ്യാവകാശസമരങ്ങളിലും ബിആര്‍പിയുടെ നേതൃത്വവും സാന്നിധ്യവുമുണ്ടായിട്ടുണ്ട്. ഒരു പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ അതിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പഠിച്ച് സ്വന്തമായി നിലപാട് സ്വീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. താന്‍ ശരിയെന്ന് വിശ്വസിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അതില്‍ ഉറച്ചുനില്‍ക്കുകയും അതിനു വേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ഒരു മടിയുമില്ലാതെ നേരിടുകയും ചെയ്യും.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, ഭരണകൂടവും പൊലീസും ചേര്‍ന്ന്, ആയിടെ രൂപീകരിക്കപ്പെട്ട ഡിഎച്ച്ആര്‍എം എന്ന സംഘടനയ്‌ക്കെതിരേ ആക്രമണം നടത്തിയപ്പോള്‍ പോലീസ് അതിക്രമത്തിനെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ ശബ്ദം ബിആര്‍പിയുടേതായിരുന്നു. ഡിഎച്ച്ആര്‍എം എന്ന സംഘടനയുടെ ഭാഗമായിരുന്ന പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും സ്ത്രീകളും കുട്ടികളും കടുത്ത സമ്മര്‍ദ്ദത്തിന് വിധേയരാക്കപ്പെടുകയും ചെയ്തപ്പോള്‍ ബിആര്‍പി അവിടെ എത്തുകയും വിരലിലെണ്ണാവുന്ന ദളിത് സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പിന്തുണയോടെ പോലീസ് അതിക്രമത്തിനെതിരെ ചെറുത്തുനില്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. ബിആര്‍പി അധ്യക്ഷനായി രൂപീകരിച്ച ഐക്യദാര്‍ഢ്യസമിതിയുടെ ഫലപ്രദമായ ഇടപെടല്‍കൊണ്ടാണ് ഡിഎച്ച്ആര്‍എമ്മിനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും നിയമത്തിന്റെ മാര്‍ഗം സ്വീകരിക്കാനും ഭരണകൂടം നിര്‍ബ്ബന്ധിതമായത്.

കൊല്ലം ജില്ലയിലെ നാവായിക്കുളത്തിനടുത്ത് നൈനാന്‍കോണം എന്ന സ്ഥലത്ത് ദളിതരും പാവപ്പെട്ടവരുമായ കുറേ അധികം ആളുകളെ, ചെറിയ കുടില്‍ വെച്ച് അവര്‍ താമസിച്ചിരുന്ന ഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ പൊലീസിന്റെ സഹായത്തോടെ ഭൂമാഫിയ മുതിര്‍ന്നപ്പോള്‍ അതിനെതിരായ ചെറുത്തുനില്‍പ്പിനെ മാവോയിസ്റ്റ് മുദ്രകുത്തി അടിച്ചമര്‍ത്താനാണ് അന്ന് അധികാരത്തിലുണ്ടായിരുന്ന ആന്റണി സർക്കാർ ശ്രമിച്ചത്. കുടിലുകള്‍ വിട്ടുപോകേണ്ടിവന്നവര്‍ക്ക്, നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ തിരിച്ച് അവരുടെ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. നിയമത്തിന്റെ പിന്‍ബലത്തോടെ തിരിച്ചുകയറാന്‍ ആ പാവപ്പെട്ടവര്‍ നടത്തിയ സമരത്തില്‍ അവരോടൊപ്പം ബിആര്‍പിയുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം അവരുടെ കുടിലുകളില്‍ താമസമാക്കാന്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതുവരെ ബിആര്‍പി സമരക്കാരോടൊപ്പം നിന്നു.

ഉയർന്ന രാഷ്ട്രീയ അവബോധമുള്ള ജനതയാണെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യാവകാശങ്ങള്‍, സ്ത്രീപുരുഷസമത്വം തുടങ്ങിയ വിഷയങ്ങളില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത്. മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ ബിആര്‍പി നടത്തിയ ഇടപെടലുകളെ വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ടാകും? സങ്കുചിതമായ കക്ഷിരാഷട്രീയ താല്പര്യങ്ങള്‍ക്കപ്പുറം സാമൂഹ്യപ്രശ്‌നങ്ങളെ വിശാലമായ തലത്തില്‍ നോക്കിക്കാണാന്‍ കഴിയാത്തവര്‍ ബിആര്‍പിയുടെ ഇടപെടലുകളെ തമസ്‌കരിക്കാനും ചെറുതാക്കിക്കാണിക്കാനും ഇകഴ്ത്താനും ശ്രമിച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള ആക്ഷേപങ്ങളെയോ വിമര്‍ശനങ്ങളെ ശത്രുതാപരമായ മനോഭാവത്തോടെ ബിആര്‍പി കണ്ടില്ല. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും സ്വന്തം നിലപാട് വിശദീകരിക്കാനും ലഭിക്കുന്ന ഒരുഅവസരവും അദ്ദേഹം ഒഴിവാക്കിയതുമില്ല. ആരോഗ്യപരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര എന്ന് വിശ്വസിക്കുന്നതു കൊണ്ടുതന്നെ അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നവരെ ആക്ഷേപിക്കാനോ ചെറുതാക്കാനോ ബിആര്‍പി ശ്രമിച്ചില്ല. എതിരഭിപ്രായം പറയുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന വ്യക്തിയെ, വ്യക്തിപരമായി നിന്ദിക്കുക എന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. പക്ഷേ, ആ മര്യാദ ബിആര്‍പിയുടെ വിമര്‍ശകര്‍ക്കുണ്ടായില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളോട് ബിആര്‍പി പുലര്‍ത്തിയ സഹിഷ്ണുതയെ അസാധാരണം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ. അദ്ദേഹം പറയുന്നതെന്താണെന്ന് മനസിലാക്കാന്‍ ശ്രമിക്കുകപോലും ചെയ്യാത, നിലവാരമില്ലാത്ത ഭാഷയില്‍ അധിക്ഷേപിക്കുന്നവരോട് പോലും ക്ഷുഭിതനാകാതെ, ക്ഷമയോടെ സ്വന്തം നിലപാട് വിശദീകരിക്കുന്നതായിരുന്നു ബിആര്‍പിയുടെ രീതി.

മാധ്യമപ്രവര്‍ത്തനത്തില്‍, മനുഷ്യാവകാശ സമരങ്ങളില്‍, ആശയ സംവാദങ്ങളില്‍, പരിഷ്‌കൃതമായ ജനാധിപത്യസംസ്‌കാരം പാലിക്കേണ്ടതിന്റെ ആവശ്യകത മലയാളിയെ നിരന്തരം ഓര്‍മ്മിപ്പിച്ച വഴികാട്ടിയായിരുന്നു ബിആര്‍പി ഭാസ്‌കര്‍. നാടുവാഴിത്തത്തിന്റെ സാംസ്‌കാരിക ശീലങ്ങള്‍ ഇന്നും പ്രബലമായ കേരളീയ സമൂഹം ആധുനിക ജനാധിപത്യത്തിന്റെ ശീലങ്ങള്‍ ഇനിയും സ്വായത്തമാക്കിയിട്ടില്ല എന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്നതില്‍ ബിആര്‍പിക്ക് മുഖ്യപങ്കുണ്ട്. നാടുവാഴിത്തത്തിന്റെ മേല്‍-കീഴ് വ്യത്യാസങ്ങള്‍ ഇടതുപക്ഷം പോലും സ്വാംശീകരിച്ചിരിക്കുന്നു എന്നതാണ് നാം അകപ്പെട്ടിരിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയെ രൂക്ഷമാക്കുന്നത്. വസ്തുതകളോട് സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുന്നവരെ ‘വിരുദ്ധര്‍’ എന്നു മുദ്ര കുത്തുന്ന കേരളീയ ഇടതുപക്ഷത്തിലെ ഒരു വിഭാഗമെങ്കിലും ബിആര്‍പി ഭാസ്‌കറെയും ശത്രുവായിട്ടാകും കാണുക. ബിആർപിയുടെ വാക്കുകൾ പിന്തുടരാനും അദ്ദേഹത്തെ മനസിലാക്കാനുമുള്ള ശ്രമങ്ങൾ കേരളീയസമൂഹം ഇന്ന് അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാർഗങ്ങളിൽ ഒന്നാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.