19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 17, 2024
June 30, 2024
June 28, 2024
May 7, 2024
October 12, 2023
February 14, 2023
January 15, 2023
October 25, 2022
August 6, 2022
August 5, 2022

അമീബിക് മസ്തിഷ്ക ജ്വരം; കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

Janayugom Webdesk
കോഴിക്കോട്
June 30, 2024 10:19 pm

വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന അമീബിക് മസ്തിഷ്ക ജ്വരം രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നു കുട്ടികൾക്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക ശക്തമാകുന്നു. രോഗം ബാധിച്ച രണ്ട് കുട്ടികൾ ഇതിനകം മരണപ്പെട്ടു. ഫറോക്ക് സ്വദേശിയായ പന്ത്രണ്ടുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഏഴു വർഷത്തിനിടെ ആറു പേർക്ക് മാത്രമാണ് രോഗം ബാധിച്ചത്. എന്നാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നു കുട്ടികൾക്ക് രോഗം ബാധിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്. ഈ സാഹചര്യത്തിൽ രോഗത്തെക്കുറിച്ച് കൂടുതൽ പഠനം ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് അദ്ദേഹം കത്തയച്ചു.

മേയ് 21 ന് മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിയും ജൂൺ 16 ന് കണ്ണൂരിൽ 13 കാരിയുമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഫറോക്ക് സ്വദേശിയായ 12 ന് കാരൻ ചികിത്സയിൽ കഴിയുന്നുമുണ്ട്. മരണപ്പെട്ട അഞ്ചു വയസുകാരി കടലുണ്ടിപ്പുഴയിലും മറ്റു രണ്ടുപേരും കുളത്തിലും കുളിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചത്. ഇതേ സമയം ഒരാൾക്ക് രോഗം വന്ന അതേ കുളത്തിൽ കുളിച്ച എല്ലാവരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. വെള്ളം മൂക്കിൽ കയറുക വഴി അമീബ ശരീരത്തിലെത്തിയാലാണ് രോഗം ബാധിക്കുകയുള്ളതെന്നും ശരിയായി ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നും ഇവർ പറയുന്നു. ശുദ്ധജലത്തിൽ കാണപ്പെടുന്ന അമീബക്ക് 46 ഡിഗ്രി വരെ ചൂടിൽ ജീവിക്കാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2020 ല്‍ കോഴിക്കോട് 11 വയസ്സായ കുട്ടിയും 2023 ജൂലൈയിൽ ആലപ്പുഴയിൽ 15 വയസായ കുട്ടിയും രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. 2016ൽ 13 വയസ്സുകാരനായിരുന്നു കേരളത്തിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തത്. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുണ്ടാവും. കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക എന്നിവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക.

Eng­lish Sum­ma­ry: Amoe­bic encephali­tis; The child’s con­di­tion remains critical

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.