6 October 2024, Sunday
KSFE Galaxy Chits Banner 2

ആഗോള തെരഞ്ഞെടുപ്പുകാലം

Janayugom Webdesk
July 8, 2024 5:00 am

ത് ആഗോള തെരഞ്ഞെടുപ്പ് വർഷമാണ്. ഇക്കൊല്ലം 27 രാഷ്ട്രങ്ങൾ ഉൾപ്പെട്ട യൂറോപ്യൻ പാർലമെന്റിലേക്കും ദേശീയ പാർലമെന്റുകളിലേക്കും പ്രസിഡന്റുമാരടക്കം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 64 രാഷ്ട്രങ്ങളില്‍പ്പെട്ട ലോക ജനസംഖ്യയുടെ 49 ശതമാനമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രക്രിയയിൽ പങ്കാളികളാവുന്നത്. ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഇതിനകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ തെരഞ്ഞെടുപ്പുകളുടെ ഫലം വരാൻ പോകുന്ന അനേകവർഷങ്ങളിലേക്ക് ലോക രാഷ്ട്രീയക്രമത്തെ നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ പൂർത്തിയായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പും വിവിധ ദേശീയ തെരഞ്ഞെടുപ്പുകളും ഡിസംബറിനുള്ളിൽ പൂർത്തിയാവുന്ന തെരഞ്ഞെടുപ്പുകളും മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ കനത്ത വെല്ലുവിളികളും ആശങ്കകളുമാണ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് നടന്ന ഓരോ രാജ്യത്തും ഭൂപ്രദേശത്തും മനുഷ്യ പുരോഗതിക്കും ഉന്നത മാനവിക മൂല്യങ്ങൾക്കും സമാധാനപൂർവവും സഹനീയവുമായ ജീവിതമെന്ന അഭിലാഷത്തിനും എതിരെ ഉയരുന്ന ഭീഷണികളാണ് ഈ തെരഞ്ഞെടുപ്പുകളെ സവിശേഷമാക്കുന്നത്. 144 കോടി ജനങ്ങളുടെ രാഷ്ട്രമായ ഇന്ത്യ വെറുപ്പും വിദ്വേഷവുംകൊണ്ട് കലുഷിതമായ തീവ്ര വലതുപക്ഷ ദേശീയതയെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കുന്നതിൽ വിജയിച്ചുവെന്ന് ആശ്വസിക്കാം. 44 കോടിയിലധികം ജനങ്ങളെ ഉൾക്കൊള്ളുന്ന യൂറോപ്യൻ പാർലമെന്റിൽ തീവ്ര വലതുപക്ഷ ദേശീയതയും നവ ഫാസിസവും പിടിമുറുക്കുമെന്ന ആശങ്ക വ്യാപകമായിരുന്നു. അത്തരം പ്രതിലോമ ശക്തികൾ അവിടെ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും മധ്യ വലതുപക്ഷ ശക്തികൾക്ക് തൽക്കാലത്തേക്കെങ്കിലും തങ്ങളുടെ കോട്ട സംരക്ഷിക്കാനായി. എങ്കിലും, ജർമ്മനിയിലും ഫ്രാൻസിലും ഇറ്റലിയിലും ഡെന്മാർക്കിലും ബെൽജിയത്തിലും ഹംഗറിയിലും ഫാസിസ്റ്റ് പശ്ചാത്തലമുള്ള തീവ്ര വലതുപക്ഷ ദേശീയത നേടിയ മുൻകൈ പുരോഗതിയുടെയും മാനവികതയുടെയും ശക്തികളെ ആശങ്കാകുലരാക്കുന്നു. യുകെയിൽ മധ്യ വലതുപക്ഷ ചായ്‌വുള്ള ലേബർ പാർട്ടി നേടിയ മിന്നുംവിജയത്തെ ആ രാജ്യത്തെ ജനങ്ങൾ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതികത്വത്തിനെതിരെ ഇറാനിലെ മിതവാദികൾ നേടിയ വിജയവും പ്രതീക്ഷയ്ക്ക് വകനൽകുന്നു. 

ഇന്നത്തെ പത്രം വായനക്കാരുടെ കൈകളിൽ എത്തുമ്പോഴേക്കും ഫ്രാൻസിന്റെ ദേശീയ അസംബ്ലിയിലേക്ക് ഇന്നലെ നടന്ന അവസാനവട്ട തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിട്ടുണ്ടാവും. ഇടതുപക്ഷവും തീവ്ര വലതുപക്ഷ ഫാസിസ്റ്റുകളും മുഖാമുഖം ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാണ് അവിടെ നടന്നത്. യൂറോപ്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം കൈവരിച്ച ഗണ്യമായ നേട്ടമാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്താൻ ഫ്രഞ്ച് പ്രസിഡന്റിനെ നിർബന്ധിതനാക്കിയത്. ജൂൺ 30ന് നടന്ന വോട്ടെടുപ്പിൽ തീവ്ര വലത് മുന്നണിയായ നാഷണൽ റാലി നേരിയ മുൻകൈ നേടിയിരുന്നു. പ്രസിഡന്റ് നേതൃത്വം നൽകുന്ന മധ്യ വലതുപക്ഷ മുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും പരിസ്ഥിതി പാർട്ടിയും ഉൾപ്പെട്ട നവ ദേശീയ മുന്നണി വൈകിയെങ്കിലും ശക്തമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. വലതുപക്ഷ ഫാസിസ്റ്റ് കടന്നുകയറ്റത്തെ തടയാൻ മൂന്നാം സ്ഥാനത്തുള്ള മധ്യ വലതുപക്ഷം ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ യൂറോപ്യൻ വൻകരയിൽ വീണ്ടും ഒരിക്കൽക്കൂടി ഫാസിസം തലയുയർത്തുന്നത് തടയാൻ കഴിഞ്ഞേക്കും. അത്തരത്തിലൊരു നീക്കത്തിന് അനുകൂലമായ സമീപനമാണ് ഫ്രഞ്ച് പ്രസിഡന്റിന്റെതെങ്കിലും മധ്യ വലതുപക്ഷ അണികളെ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടുചെയ്യാൻ എത്രത്തോളം സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന സംശയം നിരീക്ഷകർക്കുണ്ട്. രണ്ടാം ലോകയുദ്ധത്തിനും ഫാസിസത്തിന്റെ പരാജയത്തിനും ശേഷം ഫ്രാൻസ് ദർശിച്ച അസാമാന്യ രാഷ്ട്രീയ ഉണർവാണ് രണ്ടാംഘട്ട വോട്ടെടുപ്പിൽ ഉടനീളം കാണാനായത്. തൊഴിലാളികളും ട്രേഡ് യൂണിയനുകളും വിദ്യാർത്ഥികളും കര്‍ഷകരും കലാകാരന്മാരുമടക്കം ഫ്രഞ്ച് സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഫാസിസത്തിന്റെ കടന്നുകയറ്റത്തെ തടയാൻ മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷണൽ റാലിയാണ് ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നതെങ്കിൽ അത് യൂറോപ്യൻ രാഷ്ട്രീയത്തിലെ പ്രവചനാതീതമായ വഴിത്തിരിവായിരിക്കുമെന്നാണ് രാഷ്ട്രീയ ചിന്താകേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 

വർഷാവസാനത്തിൽ, നവംബറിലായിരിക്കും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ലോകത്തെ പ്രമുഖ സാമ്പത്തിക, സൈനിക, സാമ്രാജ്യത്വ ശക്തി എന്ന നിലയിൽ ആഗോള സാമ്പത്തിക സൈനിക രാഷ്ട്രീയ ബലതന്ത്രത്തെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നായിരിക്കും ആ തെരഞ്ഞെടുപ്പുഫലം. 2020ലെ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയം ഏറ്റുവാങ്ങിയ ഡൊണാൾഡ് ട്രംപ് ഇതുവരെയുള്ള പ്രചരണ പ്രവർത്തനങ്ങളിൽ മുൻകൈ നിലനിർത്തുന്നതായാണ് റിപ്പോർട്ട്. ഗുരുതര കുറ്റകൃത്യ പരമ്പരകൾക്ക് വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയെന്നത് ആ രാജ്യത്തിന് മാത്രമല്ല ലോകത്തിനുതന്നെയും ആശാസ്യകരമല്ല. പ്രായത്തിന്റെ സ്ഥെെരതാ പ്രശ്നങ്ങൾ നേരിടുന്ന ബൈഡന്റെ തെരഞ്ഞെടുപ്പുരംഗത്തെ ഇതുവരെയുള്ള പ്രകടനം പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നതാണ്. ട്രംപിനെ തടയണമെങ്കിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ പുതിയ സ്ഥാനാർത്ഥി ഉയർന്നുവരാമെന്ന ആവശ്യം ശക്തമാണ്. ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പേര് തൽസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ബൈഡൻ മത്സരത്തിൽനിന്നും പിന്മാറുമെന്ന സൂചനകൾ യാതൊന്നുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.