6 January 2026, Tuesday

പുലിമുട്ടുകൾ

കുന്നത്തൂർ ശിവരാജൻ
July 14, 2024 3:00 am

പുലിമുട്ടുകൾ നീണ്ടുനീണ്ട്
കടലിലേക്ക് ആണ്ട് പോകുന്നു
കടലാഴങ്ങളെ അടുത്തുകാണാൻ
എന്ത് രസമാണ്!
മുട്ടുകളുടെ അവസാനം
തിര തഴുകുന്നയിടം
ഏതോ സ്വർലോകമാണ്! 

അവിടെ…
വേനൽച്ചൂട് തീർത്തും ഏശില്ല.
പുറം ലോകത്തെ കെട്ടുകൾ,
നൂലാമാലകൾ കൂടെയെത്തില്ല.
രണ്ടാൾക്കുമായി ഒറ്റക്കുട മതി! 

പുലിമുട്ടുകൾ തീർത്തത്
തീരത്തെ സംരക്ഷിക്കാനല്ല
പ്രണയദാഹികളുടെ
ആത്മമുട്ടുകൾ ശമിപ്പിക്കാനാണ്! 

പുലിമുട്ടുകൾ കപ്പലുകൾക്ക്
ഒരിക്കലും അടുക്കാനേയല്ല!
മനുഷ്യ വികാരങ്ങളുടെ
പായ്ക്കപ്പലുകൾക്ക്
നങ്കൂരമിടാനാണ്!
കടലിൽനിന്ന് ധാതുക്കൾ
ഖനനം ചെയ്യാനേ അല്ല! 

അവ…
ആത്മനൊമ്പരങ്ങൾ
ഉഴുതുമാറ്റി കിനാവ് കൊയ്യാനാണ്
തോളുരുമ്മി നമുക്ക് യഥേഷ്ടം
കാറ്റേറ്റ് നടക്കാനുള്ളതാണ്!
സൂര്യൻ…
അസ്തമിക്കാതിരുന്നാൽ മതി
അന്യർ…
ഒറ്റുകൊടുക്കാതിരുന്നാൽ മതി
ജാതി മതഭേദങ്ങൾ ഇല്ലാത്ത ഒരിടം
ഇവിടെ ചുംബനങ്ങൾക്ക്
ജിഎസ് ടി ചുമത്താതിരുന്നാൽമതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.