നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 11 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതിൽ ഉൾപ്പെടുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് സാമ്പിൾ ശേഖരിച്ച തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പേരുടെ പരിശോധനാ ഫലവും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 194 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ടവരിൽ 139 പേർ ആരോഗ്യ പ്രവർത്തകരാണ്.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങൾ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാർജ് ചെയ്യും. ഇവർ പ്രോട്ടോകോൾ പ്രകാരമുള്ള ഐസൊലേഷനിൽ തുടരണം. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദർശനം നടത്തിയത്. മരിച്ച കുട്ടിയുടെ ക്ലാസ് പിടിഎ ചേർന്നിരുന്നു. കുട്ടികൾക്ക് കൗൺസലിങ് ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ നൽകും. അധ്യാപകർക്കും സംശയ നിവാരണം നൽകും. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് പോവുന്നതെന്നും മന്ത്രി പറഞ്ഞു.
അതിനിടെ വവ്വാലുകളിൽ നിന്നും സാമ്പിൾ ശേഖരിക്കുന്നതിനായി പൂനെ എൻഐവിയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്നലെ മലപ്പുറത്തെത്തി. നിപ ബാധിത മേഖലകൾ സന്ദർശിച്ച് ഇവർ വൈറസിന്റെ ജീനോമിക് സർവ്വേ നടത്തും. സാമ്പിൾ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവർ വവ്വാലുകൾക്കായി മാപ്പിങ് നടത്തും.
English Summary: Nipah: 11 people tested negative
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.