കോട്ടയം സിജെഎം കോടതിയിൽ ജഡ്ജിയോട് അഭിഭാഷകർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ലെന്ന് ഹൈക്കോടതി.
അഭിഭാഷകരുടെ നിരുപാധികമുള്ള മാപ്പപേക്ഷക്കുള്ള മറുപടിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകർ ലീഗൽ സർവീസസ് അതോറിറ്റിയുമായി ചേർന്ന് ആറ് മാസത്തേക്ക് പാവങ്ങൾക്ക് സൗജന്യ സേവനം നൽകണമെന്നും ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി പ്രദീപ് കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സേവനം നൽകാമെന്ന് കേസിലെ ഒരാളൊഴികെയുള്ള 28 അഭിഭാഷകരും സമ്മതിച്ചു. ഇവരുടെ സേവനത്തെക്കുറിച്ച് ആറുമാസത്തിനുശേഷം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
കോട്ടയത്ത് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ടിനെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ബാറിലെ 29 അഭിഭാഷകർക്കെതിരായ കോടതിയലക്ഷ്യ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. കഴിഞ്ഞ ഡിസംബറിലുണ്ടായ സംഭവത്തെ തുടർന്ന് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ളവർക്കെതിരെ ഹൈകോടതി സ്വമേധാ സ്വീകരിച്ച ക്രിമിനൽ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഒരു കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തിൽ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കേസെടുക്കാൻ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകർ മജിസ്‌ട്രേട്ടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മജിസ്‌ട്രേറ്റിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്‌ട്രേട്ട് നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ഹൈക്കോടതി ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചത്.
English Summary: Slogan against Magistrate; Punishment for lawyers, six months free service
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.