22 December 2024, Sunday
KSFE Galaxy Chits Banner 2

രാമലക്ഷ്മണന്മാരെ ജീവാത്മാ-പരമാത്മാക്കളും സീതയെ മായയുമാക്കുന്ന വിചിത്ര കല്പന

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 18
August 2, 2024 4:10 am

അധ്യാത്മ രാമായണത്തിലെ അരണ്യകാണ്ഡം ആരംഭിക്കുന്നത് ശ്രീരാമൻ സീതാലക്ഷ്മണ സമേതം അത്രിമുനിയുടെ ശിഷ്യരാൽ തുഴയുന്ന വഞ്ചിയിൽ കേറി ഘോരവനത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ്. ‘ചീവിടുകളുടെ ഝംകാരം മുഴങ്ങുന്നതും നാനാവിധത്തിലുള്ള മൃഗങ്ങളുടെ കൂട്ടങ്ങളുള്ളതും സിംഹ വ്യാഘ്രാദികളാൽ ഭീകരവും ഘോര രൂപികളായ രാക്ഷസർ’ നിറഞ്ഞതുമാണ് ഉൾവനം എന്നു വിവരണമുണ്ട്. ഘോരവനത്തിലേക്ക് കടന്നയുടനെ രാമൻ ലക്ഷ്മണന് ജാഗ്രതാ നിർദേശം നൽകുന്നു. തദനുബന്ധമായി പറയുന്ന ഒരു ശ്ലോകത്തിലാണ് രാമനെ പരമാത്മാവും ലക്ഷ്മണനെ ജീവാത്മാവും സീതയെ മായയുമായി ചിത്രീകരിക്കുന്ന വിചിത്ര കല്പന അവതരിപ്പിക്കുന്നത്.
”അഗ്രേയസ്യാമ്യഹം പശ്ചാത് ത്വമന്വേഹി ധനുർധരാ ആവയോർ മധ്യഗ സീതാ മായേവാത്മപരമാത്മനോ” (അരണ്യ കാണ്ഡം; സർഗം ഒന്ന്; ശ്ലോകം 13) ‘നീ പിന്നിലും ഞാൻ മുന്നിലും നടക്കാം; സീത നമ്മുടെ മധ്യത്തിൽ നടക്കട്ടെ, പരമാത്മാവിനും ജീവാത്മാവിനും ഇടയിൽ മായ എന്നതുപോലെ’ എന്നതാണ് ശ്ലോകതാല്പര്യം. ഈ ശ്ലോകത്തിലെ ഉപമാരൂപകത്തെ മുൻനിർത്തി വേദാന്തത്തിലെ തത്വചിന്തയെ കഥാരൂപത്തിൽ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് അധ്യാത്മരാമായണം എന്നു വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വേദാന്താചാര്യന്മാർ ഉണ്ട്. കൂടുതൽ പ്രചരിപ്പിക്കുന്നത് കൂടുതൽ സത്യമായി കൊണ്ടാടുന്ന ശീലം മനുഷ്യർക്കുണ്ടെന്നതിനാൽ മേല്പറഞ്ഞ പ്രചരണവും സത്യമായി കരുതുന്നവരുണ്ട്. പക്ഷേ, സൂക്ഷ്മമായി അപഗ്രഥനം ചെയ്താൽ രാമനെ പരമാത്മാവും സീതയെ മായയും ലക്ഷ്മണനെ ജീവാത്മാവുമാക്കുന്ന വിചിത്ര കല്പനയിൽ വിഗണിക്കാനാകാത്ത വികല്പങ്ങളുണ്ടെന്നു മനസിലാവും. 

മേല്പറഞ്ഞ വിധത്തില്‍ ചിത്രീകരിക്കുന്നത് ഉചിതമായ ഉപമയെങ്കിലും ആകണമെങ്കിൽ, സീത എന്ന മായയാൽ ബാധിതനായി സുഖദുഃഖാദികൾക്ക് വിധേയപ്പെടുന്നത് ലക്ഷ്മണനെന്ന ജീവാത്മാവ് മാത്രമാകണം. എന്തെന്നാൽ പരമാത്മാവിന് അഥവാ രാമന് മായാബാധ ലവലേശം ഏൽക്കില്ല എന്നതാണല്ലോ വേദാന്ത യുക്തി. അതിനാൽ സീതയാൽ സുഖദുഃഖബാധയുണ്ടായാൽ രാമൻ പരമാത്മാവല്ല ജീവാത്മാവാണെന്ന് പറയേണ്ടി വരും. സീതയാൽ സുഖദുഃഖാദി ദ്വന്ദാനുഭവങ്ങൾക്ക് രാമന് വിധേയനാകേണ്ടുന്ന നില ഉണ്ടാവുന്നുണ്ടെന്നതിനാൽ രാമനെ ജീവാത്മാവും ലക്ഷ്മണനെ പരമാത്മാവും ആക്കാൻ തുനിഞ്ഞാലും അപാകം തീരില്ല. കാരണം രാമനെക്കാൾ കൂടുതൽ ദുഃഖ ദുരിത ബാധകൾ സീതയാൽ ലക്ഷ്മണന് ഉണ്ടാവുന്നുണ്ട്. 

ചുരുക്കത്തിൽ സീത എന്ന മായയാൽ ബാധിതരായ ജീവാത്മാക്കളാണ് രാമ ലക്ഷ്മണന്മാർ എന്നേ വേദാന്ത ചിന്താ പദ്ധതി പ്രകാരം പറയാനാകൂ. രാമനും ലക്ഷ്മണനും ജീവാത്മാക്കളും സീത മായയും ആണെന്നു പറഞ്ഞാൽ പരമാത്മാവെവിടെ എന്ന ചിന്തവരും. പരമാത്മാവില്ലാതെ വേദാന്ത ചിന്ത ശരിയാവുകയും ഇല്ല. ഇങ്ങനെ വേദാന്ത ചിന്താപദ്ധതിയനുസരിച്ച് സാമാന്യമായി പരിശോധിച്ചാൽത്തന്നെ, ശരികേടുകൾ തോന്നാവുന്ന പരികല്പനയാണ് രാമനെ പരമാത്മാവും സീതയെ മായയും ലക്ഷ്മണനെ ജീവാത്മാവുമായി വരച്ചുകാണിക്കുന്ന കല്പന എന്നു കണ്ടെത്താനാകും. ഇത്തരം വിചിത്ര കല്പനകൾ കടൽ ചാടിക്കടക്കുന്ന കുരങ്ങൻ (ഹനുമാൻ), 10 തലയുള്ള രാവണൻ എന്നിങ്ങനെ രാമായണങ്ങളിൽ ധാരാളം കാണാം. പക്ഷേ അതിനെക്കാളെല്ലാം സൂക്ഷ്മമായ യുക്തി വിചാരത്താൽ വിചാരണ ചെയ്യുവാൻ ‘പരമാത്മാ ജീവാത്മാ മായ’ തത്വങ്ങളെ രാമലക്ഷ്മണ സീതമാരിൽ ആരോപിച്ചു ചർച്ച നടത്തുന്നതിനുണ്ടാകുന്നത് വേദാന്തം എന്ന തത്വചിന്താ പദ്ധതിയുടെ പ്രചരണസിദ്ധിയാലാണ്. മായാബാധ ഇല്ലാതാവുന്നതാണ് വേദാന്തത്തിൽ മോക്ഷം. സീതയില്ലാതായപ്പോൾ രാമനാണോ ലക്ഷ്മണനാണോ മോക്ഷം കിട്ടിയത്? ഈ ശ്ലോകം ഈ ചോദ്യം ഉയർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.