കള്ളപ്പണ കേസുകളില്‍ ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ നിയമപരമായ നിലവാരത്തകര്‍ച്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടന്‍ കേസെടുക്കുന്ന ഇഡി നടപടിക്ക് എതിരെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പകപോക്കലിന് ഇഡിയെ ആയുധമാക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പരോക്ഷമായി ശരിവയ്ക്കുന്ന രീതിയിലായിരുന്നു കോടതിയുടെ വിമര്‍ശനം. ആരെങ്കിലും എന്തെങ്കിലും മൊഴിയായി പറഞ്ഞാല്‍ അതിന്റെ ചുവടുപിടിച്ച് കേസിലെ പ്രതിയെ അറസ്റ്റു ചെയ്യുന്ന ഇഡി നടപടിയെ കോടതി ചോദ്യം ചെയ്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 5,000 കള്ളപ്പണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 40 കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചത്. ആരോ പാര്‍ലമെന്റില്‍ പറഞ്ഞതാണിതെന്നായിരുന്നു ജസ്റ്റിസ് ഭുയാന്‍ കേസിന്റെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ചാെവ്വാഴ്ചയാണ് പാര്‍ലമെന്റിലെ ചോദ്യത്തിനുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ പേരു പരാമര്‍ശിക്കാതെയാണ് 2014 മുതലുള്ള കണക്ക് കോടതി ഉദ്ധരിച്ചത്. ‘രണ്ടോ മൂന്നോ പേരുടെ മൊഴികളും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിലാണ് പല കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത്. നാളെ സാക്ഷിക്കൂട്ടില്‍ കയറുമ്പോള്‍ അവര്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുമോ. എതിര്‍വിസ്താരം നേരിടാന്‍ അവര്‍ക്കാകുമോ ഇല്ലയോ എന്നത് ദൈവത്തിന് മാത്രമറിയാം. അത്തരത്തില്‍ കേസുകളെ സമീപിക്കാതെ ശാസ്ത്രീയമായ അന്വേഷണമാണ് വേണ്ടതെന്ന് ജസ്റ്റിസ് സൂര്യ കാന്ത് അഭിപ്രായപ്പെട്ടു.
കള്ളപ്പണ നിരോധന നിയമം 19-ാം വകുപ്പ് പ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് എന്തുകൊണ്ട് അറസ്റ്റിലായെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി നല്‍കണം. അറസ്റ്റിന് വിശ്വസനീയമായ കാരണങ്ങള്‍ അവരെ ബോധ്യപ്പെടുത്തണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഓര്‍മ്മിപ്പിച്ചു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള കേസിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ദീപാങ്കര്‍ ദത്ത.
കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസില്‍ ഛത്തീസ്ഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി അനില്‍ അഗര്‍വാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങളൊന്നും അഗര്‍വാള്‍ ചെയ്തില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മേയ് 17ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള പ്രത്യേകാനുമതി ഹര്‍ജി തള്ളിയ സുപ്രീം കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു.
English Summary: Supreme Court criticises ED in black money cases
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.