മോഡി സര്‍ക്കാര്‍ മൂന്നാംവട്ടം കേന്ദ്രഭരണമേറ്റതിനു ശേഷം അവതരിപ്പിച്ച പ്രഥമ ബജറ്റിന്റെ ഊന്നല്‍ പ്രധാനമായും തൊഴിലില്ലായ്മാ പ്രശ്നത്തിലാണ്. പുതിയ തൊഴിലവസര സൃഷ്ടിക്കായി ഏതാനും പദ്ധതികളും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവ തൃപ്തികരമാണോ എന്നതില്‍ ധനശാസ്ത്രകാരന്മാര്‍ക്കും തൊഴില്‍ വിദഗ്ധന്മാര്‍ക്കും ഔദ്യോഗിക വക്താക്കളുടേതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഔപചാരിക മേഖലയില്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ക്ക് പ്രാമുഖ്യം ഇതിലൂടെ നല്‍കപ്പെട്ടിട്ടില്ലെന്നാണ് പൊതുനിഗമനം. മാസശമ്പളക്കാരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവുണ്ടായിട്ടുമില്ല. വേതനനിരക്കുകള്‍ ഒരുതരം മരവിപ്പിലുമാണ്.
ഒരുകാര്യത്തില്‍ തര്‍ക്കമില്ല, ബജറ്റിന്റെ ഊന്നല്‍ തൊഴില്‍ മേഖലാ കേന്ദ്രീകൃത വികസനം തന്നെയാണ്. ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ വിഷയത്തെ സംബന്ധിച്ച് ധനമന്ത്രി 23 വട്ടമെങ്കിലും ബജറ്റ് രേഖയില്‍ സൂചിപ്പിച്ചിരുന്നു എന്നാണ്. ഇതില്‍ അസ്വഭാവികതയൊന്നും കാണേണ്ടതില്ല. കാരണം, ജനങ്ങള്‍ മോഡി സര്‍ക്കാരിനെതിരെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ പരിശ്രമിക്കാത്തതില്‍ അവര്‍ക്കുള്ള നിരാശയും രോഷവും തെരഞ്ഞെടുപ്പ് വിധിയെഴുത്തിലൂടെ പ്രകടിപ്പിച്ചിരുന്നു.
സാമ്പത്തിക സര്‍വേയില്‍ കാണുന്നത് ഇന്ത്യയുടെ മൊത്തം തൊഴില്‍ശക്തി 56.5 കോടിയാണെന്നാണ്. 2022–23ലെ കണക്കാണിത്. ഇതില്‍ 45 ശതമാനത്തിലേറെ ആശ്രയിക്കുന്നത് കാര്‍ഷിക മേഖലയെയാണ്. ഉല്പാദന മേഖലയില്‍ 11.4 ശതമാനം, സേവന മേഖലകളില്‍ 28.9 ശതമാനം, നിര്‍മ്മാണ മേഖലയില്‍ 13 ശതമാനം എന്നിങ്ങനെയാണ് സ്ഥിതി. ഇതെല്ലാമാണെങ്കിലും ഔദ്യോഗിക കണക്കനുസരിച്ച് തൊഴില്‍രഹിതര്‍ 3.2 ശതമാനം മാത്രമായിരുന്നു അന്ന്. ധനശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത് ഇതൊന്നും യാഥാര്‍ത്ഥ്യത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്നാണ്. ഒരു വ്യക്തി തൊഴിലാളി എന്ന പരിഗണനയ്ക്ക് അര്‍ഹനാകണമെങ്കില്‍ അയാള്‍ കണക്കെടുപ്പിന്റെ അടിസ്ഥാന വര്‍ഷത്തിന് തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ തുടര്‍ച്ചയായി 30 ദിവസമെങ്കിലും പണിയെടുത്തിരിക്കണം എന്നതാണ് വ്യവസ്ഥ. ഇക്കാര്യം പരിഗണിക്കപ്പെടാറില്ല. മാത്രമല്ല, തൊഴില്‍ശക്തിയില്‍ 18.3 ശതമാനം പേര്‍ അതിലേറെയും സ്ത്രീകളുമായിരിക്കും, വേതനം എന്ന നിലയില്‍ ഒന്നും തന്നെ കെെപ്പറ്റുന്നവരല്ല. കാരണം, അവരെല്ലാം വീടുകളില്‍ പണിയെടുക്കുന്നവരായിരിക്കും.
2024 മാര്‍ച്ചിലെ കണക്കനുസരിച്ച് നഗരമേഖലയിലെ തൊഴില്‍രഹിതരുടെ ഏകദേശ തോത് 6.7 ശതമാനവും യുവാക്കളുടേത് മാത്രം 10 ശതമാനവുമായിരുന്നു. സ്ഥിരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന ശമ്പളക്കാരായവരുടെ വിഭാഗത്തില്‍പ്പെട്ടവരായിട്ടും 2017–18ല്‍ 22.8 ശതമാനം പേര്‍ക്കും ഔപചാരിക ജീവനക്കാരെന്ന പദവി ലഭ്യമായിരുന്നില്ല. തൊഴില്‍ സംബന്ധമായി എന്തെങ്കിലും രേഖാമൂലമുള്ള കരാറോ രേഖയോ ഇല്ലാതിരുന്നതിനാല്‍ സാമൂഹ്യ സുരക്ഷാ സൗകര്യങ്ങളോ മറ്റാനുകൂല്യങ്ങളോ അവര്‍ക്ക് കിട്ടുമായിരുന്നില്ല എന്നര്‍ത്ഥം. ഈ വിഭാഗത്തില്‍പ്പെടുന്നവരുടെ തോത്, അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം തെല്ലും മെച്ചപ്പെട്ടില്ല. ഔപചാരികപദവി നേടാനായതിന്റെ തെളിവാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനെെസേഷനിലെ (ഇപിഎഫ്ഒ) അംഗത്വം എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഈ ഫണ്ടിലേക്ക് തൊഴിലാളികളുടെ വക സംഭാവന 7.3 കോടി രൂപയോളമാണ്. ഈ തുകയ്ക്ക് പുറമെ, സജീവ പ്രവര്‍ത്തനമില്ലാത്ത അക്കൗണ്ടുകളിലും വ്യക്തികളുടെ വക ഒന്നിലേറെ അക്കൗണ്ടുകളിലുള്ള പണവും ചേര്‍ന്നാല്‍ മൊത്തം 30 കോടി രൂപയോളം വരും. ഇതുകൊണ്ട് തൊഴിലാളികള്‍ക്ക് അര്‍ഹമായ നേട്ടങ്ങളൊന്നും കിട്ടുന്നുമില്ല. ബജറ്റ് അവകാശപ്പെടുന്നത് തൊഴിലില്ലായ്മാ പരിഹാരത്തിന് വിവിധ പദ്ധതികളുടെ ഒരു പാക്കേജുണ്ടെന്നാണ്. ഇക്കൂട്ടത്തില്‍ മൂന്നെണ്ണം പ്രോത്സാഹനബന്ധിത പദ്ധതികളാണ്. ഇതിലൊന്നാണ് ആദ്യമായി നിയമനം കിട്ടുന്നൊരാള്‍ക്ക് വേതന സബ്സിഡി എന്ന ലേബലൊട്ടിച്ച് 15,000 രൂപ നിരക്കില്‍ സര്‍ക്കാര്‍ വക സൗജന്യം. ഒരു കോടി പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമത്രെ. രണ്ടാമത്തെ പദ്ധതി ആദ്യമായി ഉല്പാദന മേഖലയില്‍ പണികിട്ടുന്ന തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും വേതന സബ്സിഡി ലഭ്യമാക്കുന്നതിനുള്ളതാണ്. ഇതിലൂടെ ഇരുവിഭാഗക്കാര്‍ക്കും നാല് വര്‍ഷത്തേക്ക് പരമാവധി പ്രോത്സാഹനമായി 25,000 രൂപ പ്രതിമാസം ശമ്പളമെന്നത് കണക്കാക്കി, അതിന്റെ 24 ശതമാനം നാല് വര്‍ഷക്കാലത്തേക്ക് ലഭ്യമാക്കും എന്നതാണ് പറയുന്നത്. മൂന്നാമത്തെ പദ്ധതി ഇപിഎഫ്ഒ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന പ്രതിമാസ തുകയുടെ ഭാഗമെന്ന നിലയില്‍ 3,000 രൂപ വരെ തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനമായി നല്കുന്നതാണ്. ഈ മൂന്ന് പദ്ധതികള്‍ക്കും പൊതുവെയുള്ളൊരു പ്രത്യേകത പ്രോത്സാഹന തുകകള്‍ ലഭ്യമാകുന്നതിന്, ബന്ധപ്പെട്ട സ്ഥാപനത്തിലെ തൊഴിലാളികള്‍ ഇപിഎഫ്ഒയില്‍ അംഗത്വമെടുത്തിരിക്കണമെന്നതാണ്.
നാലാമതൊരു പദ്ധതി കൂടിയുണ്ട്. ഇതിന്റെ ലക്ഷ്യം ഐടിഐകളില്‍ നിന്നും മറ്റും സാങ്കേതിക ബിരുദങ്ങളോ, സര്‍ട്ടിഫിക്കറ്റുകളോ നേടിയവര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് അവര്‍ക്കാവശ്യമായ തൊഴില്‍ പരിശീലനം നല്‍കി നെെപുണ്യവല്‍ക്കരിക്കുക എന്നതാണ്. ഇതിലൂടെ 20 ലക്ഷം പേരെ ഗുണഭോക്താക്കളാക്കാനാണ് ഉദ്ദേശിക്കുന്നതത്രെ. നിര്‍മ്മലാ സീതാരാമന്റെ ബജറ്റിലെ ഈ പദ്ധതിയോട് ഒട്ടേറെ സമാനതകളുള്ളൊരു തൊഴില്‍ദാന പദ്ധതി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ‘സ്കില്‍ ഫോര്‍മേഷന്‍’ ആണെങ്കില്‍ കോണ്‍ഗ്രസിന്റേത് ‘ഓണ്‍-ദി-ജോബ് സ്കില്ലിങ്’ ആണെന്നത് മാത്രമാണ് വ്യത്യാസം. ബജറ്റില്‍ കാണുന്ന പദ്ധതി ഇന്റേണ്‍ഷിപ്പ് എന്ന കോര്‍പറേറ്റ് മേഖലാ സംവിധാനമാണ്. ഈ കാലയളവില്‍ നിയമനം കിട്ടിയവരെല്ലാം കൃത്യമായി പണിയെടുക്കണം; ചിലപ്പോള്‍ ജോലിസമയം ദീര്‍ഘിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ മുന്‍നിര കോര്‍പറേറ്റ് കമ്പനികളെല്ലാം, ഈ കാലയളവില്‍ ജീവനക്കാര്‍ക്ക് ചെറിയ തുക ഒരു വര്‍ഷത്തേക്ക് അലവന്‍സായി നല്‍കും. പരിശീലന ചെലവും കമ്പനികളായിരിക്കും വഹിക്കുക.
ചെറുകിട വ്യവസായമേഖലയിലുള്ളവരും, ധനശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത് ഇവയുടെ ഫലപ്രദവും സമയബന്ധിതവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാര്യം സംശയകരമാണെന്നാണ്. ഉദാഹരണത്തിന് സബ്സിഡി ബന്ധിത പ്രോത്സാഹനം പദ്ധതിയുടെ കാര്യമെടുക്കാം. ആദ്യമായി പണികിട്ടുന്നവര്‍ക്കുള്ള പദ്ധതിയനുസരിച്ച് തൊഴിലാളികള്‍ക്ക് 15,000 രൂപയാണ് സബ്സിഡി വിഹിതമായി ലഭ്യമാവുക. ഈ തുക മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് കിട്ടുക. ആദ്യത്തെ ഗഡു കൃത്യമായി ലഭ്യമായേക്കാം. രണ്ടാമത്തെ ഗഡു കിട്ടണമെന്നുണ്ടെങ്കില്‍ ഒരു ജീവനക്കാരന്‍ നിര്‍ബന്ധിത ഓണ്‍ലെെന്‍ ധനകാര്യ സാക്ഷരതാ കോഴ്സിന് വിധേയമായിരിക്കണം. ഇതിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം മേഖലയുമായി ബന്ധമില്ലാത്തൊരു കോഴ്സിന് ഒരു ജീവനക്കാരന്‍ എന്തിന് തയ്യാറാകണമെന്നതാണിത്. ഇതുകൊണ്ടുതന്നെ, പ്രസ്തുത ജീവനക്കാരന്‍ തനിക്കുള്ള ഈ ആനുകൂല്യത്തില്‍ രണ്ടാം ഗഡുവാകുമ്പോള്‍ എന്തിന് വിധേയമാക്കപ്പെടണം എന്നതും ഒരു പ്രശ്നമാണ്. ഇത്തരം സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തിയിരിക്കുന്നത് ഡല്‍ഹി ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിങ് വകുപ്പിലെ അധ്യാപകനായ ഡോ. ഹിമാമാന്‍ഷു ആണ്.
ഇതിലേറെ ആശങ്ക ഉയര്‍ത്തുന്ന വ്യവസ്ഥ, ഒരാള്‍ ജോലിയില്‍ പ്രവേശിച്ച് 12 മാസത്തെ സേവനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പുറത്തുപോകേണ്ട സാഹചര്യം ഉടലെടുക്കുന്നപക്ഷം അവര്‍ കൈപ്പറ്റിയ സബ്സിഡി തുക മുഴുവന്‍ തിരികെ നല്‍കണമെന്നതാണ്. മറിച്ച്, ആ ജീവനക്കാരന്‍ 10 മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു തൊഴില്‍ തേടിപ്പോകുന്നതെങ്കില്‍, സബ്സിഡി അടക്കമുള്ള മുഴുവന്‍ ചെലവും തൊഴിലുടമ തന്നെ വഹിക്കണമെന്ന വ്യവസ്ഥയും വിചിത്രമായി തോന്നുന്നു. തൊഴില്‍ മേഖലാ വിദഗ്ധന്മാര്‍ ന്യായമായും ഭയപ്പെടുന്നത് ഈ വ്യവസ്ഥ മാനിക്കാന്‍ തുലോം പരിമിതമായ ചെറുകിട തൊഴിലുടമകള്‍ മാത്രമേ സന്നദ്ധരാകൂ എന്നാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ വേണം ബജറ്റില്‍ കാണുന്ന തൊഴില്‍ പദ്ധതികള്‍ സംബന്ധമായ നടപടി വിലയിരുത്താന്‍. തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം പുതുതായി നിയമിക്കപ്പെടുന്നവര്‍ക്കുള്ള ചെലവ് പരമാവധി കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജെഎന്‍യുവിലെ ലേബര്‍ ഇക്കണോമിക്സ് വകുപ്പിലെ പ്രൊഫ. അനനമിത്രാ റോയ് ചൗധരി ഈ വിഷയത്തില്‍ മറ്റൊരു ഘടകം കൂടി സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് അഭിപ്രായപ്പെടുന്നത്. ഇന്ത്യ ഇപ്പോള്‍തന്നെ താണ വേതനനിലവാരം പുലര്‍ത്തുന്നൊരു സമ്പദ്‌വ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ, ബഹുഭൂരിഭാഗം തൊഴിലാളികളുടെയും പ്രതിമാസ വരുമാനം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കുത്തനെ ഇടിഞ്ഞു വരികയാണ്. പണപ്പെരുപ്പവും വിലവര്‍ധനയും ജീവിതച്ചെലവ് ഉയര്‍ത്തിയതിന്റെ ഫലമാണിത്. സ്വാഭാവികമായും വേതനവര്‍ധന എന്നത് തൊഴിലുടമകളെ സംബന്ധിച്ച് അത്ര ഗൗരവമേറിയ ഒരു പ്രശ്നമേ അല്ല. മെച്ചപ്പെട്ട വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍ വേണമെന്നതില്‍ അവര്‍ക്കും സംശയമില്ല. എന്നാല്‍, കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രതിബന്ധം തന്നെയാകുമെന്ന് പ്രൊഫ. റോയ് ചൗധരി അഭിപ്രായപ്പെടുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതിന് സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ ബലഹീനതകളാണ് വഴിയൊരുക്കുന്നത്. ഡിമാന്റ് വര്‍ധിക്കുന്നില്ല. കാരണം ഉപഭോഗം ഉയരാത്തതുതന്നെ. കൂടാതെ, സ്വകാര്യ നിക്ഷേപത്തകര്‍ച്ചയുമുണ്ട്. ഈ ദുഃസ്ഥിതിയില്‍ മാറ്റം വന്നാല്‍ പുതിയ നിയമനങ്ങള്‍ക്കും നൈപുണ്യ വികസനത്തിനും പണം മുടക്കാന്‍ തൊഴിലുടമകള്‍ക്ക് പ്രയാസമുണ്ടാവില്ല എന്നാണ് അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അമിത് ബസോള്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.